വെളിപാടിന് സാക്ഷികളുണ്ടോ? പ്രവാചകത്വം

വെളിപാടിന് സാക്ഷികളുണ്ടോ?

By rationaleclub | 12/2/2021

ചോദ്യം : മുഹമ്മദ് നബി തനിക്ക് വെളിപാടുകള്‍ (വഹ്‌യ്) കിട്ടി എന്നു പറയുന്നു. അങ്ങനെ വെളിപാട് കിട്ടുന്നതിന് സാക്ഷികള്‍ ആരെങ്കിലുമുണ്ടോ?

ഉത്തരം : മുഹമ്മദ് നബി പറഞ്ഞു എന്നല്ലാതെ അതിനു വേറെ മറ്റു തെളിവുകള്‍ ഒന്നുമില്ല എന്നാണ് ചോദ്യത്തിന്റെ സത്ത. ജിബിരീല്‍ വന്നു ഞാന്‍ ജിബ്രീലാണ് എന്ന് പറയുകയായിരുന്നോ എന്ന് പരിഹാസച്ചുവയോടെ ചോദിക്കുന്നവരുമുണ്ട്. യഥാര്‍ത്ഥത്തില്‍ വെളിപാടിന് ഒരു സാക്ഷിയെ കൊണ്ടെന്താണ് കാര്യം?

ഒരു സാക്ഷിക്ക് താന്‍ കാണുന്നത് വെളിപാട് അവതരണമാണെന്ന് എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കും? വെളിപാട് സ്വയം ഒരു തെളിവാണന്നല്ല വിശ്വാസികള്‍ പറയുന്നത്. അങ്ങനെ ആണെങ്കില്‍ മാത്രമേ ആ തെളിവിന് സാക്ഷികള്‍ ഉണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നുള്ളൂ. വഹിയ് ലഭിക്കുന്നു എന്നത് ഒരു വാദമാണ്. അതിന് വേറെ തന്നെ തെളിവ് വേണം. ആ തെളിവിന് സാക്ഷിയും വേണം. തെളിവ് തെളിവായി ആളുകള്‍ക്ക് ബോധ്യപ്പെടുകയും വേണം. അത് ഉണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാനം. അത് ഉണ്ടായിട്ടുണ്ടെങ്കില്‍ തനിക്ക് വെളിപ്പാട് ലഭിക്കുന്നു എന്ന വാദം സ്ഥിരപ്പെട്ടു. തന്റെ അടുക്കല്‍ ദൈവദൂതന്‍ വന്നു ഇങ്ങനെ പറഞ്ഞു എന്ന് മുഹമ്മദ് നബി വാദിക്കുമ്പോള്‍ പ്രേക്ഷകര്‍ സ്വാഭാവികമായും അതിന് തെളിവ് ചോദിക്കും. അപ്പോള്‍ അതിന്റെ തെളിവ് കൊടുക്കേണ്ട ബാധ്യത വാദിക്കാണ്. അത് നിര്‍വഹിച്ചിട്ടുണ്ടോ എന്നതാണ് പ്രശ്‌നത്തിന്റെ കാതലായ വശം. വഹിയ് അവതരിക്കുന്നത് എപ്പോഴും കാണാന്‍ സാധിച്ചു കൊള്ളണമെന്നില്ല. അതീന്ദ്രിയമായ ലോകത്തുനിന്ന് ഇന്ദ്രിയ ലോകത്തേക്കുള്ള ഒരു സന്ദേശ പ്രവാഹം ആണല്ലോ അത്. അത് കൊണ്ടുതന്നെ ഭൗതിക ലോകത്ത് ഉള്ളവര്‍ക്കെല്ലാം അത് അനുഭവിക്കാന്‍ സാധിക്കുന്നില്ല എന്നത് അവരുടെ ഒരു പോരായ്മയാണ് എന്നതാണ് ശരി.

ചോദ്യം : ഇത് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാമോ?

ഉത്തരം : അതെ. ഭൂമിയിലുള്ള ഒരാള്‍ ഭൗമേതര ലോകത്ത് നിന്നുള്ള ഒരു വസ്തുവുമായി വരുന്നു. ഇത് എനിക്ക് ഭൂമിക്ക് പുറത്ത് നിന്ന് കിട്ടിയതാണ് വാദം. അപ്പോള്‍ അതിന് സാക്ഷിയാര് എന്ന ചോദ്യം പോലെ അപ്രസക്തമാണിത്.

ചോദ്യം : അപ്പോള്‍ വഹ്‌യിന് ആര്‍ക്കും സാക്ഷിയാകാന്‍ കഴിയുകയില്ല എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്?

ഉത്തരം : പല സന്ദര്‍ഭങ്ങളിലും വെളിപാടുകള്‍ (വഹ്‌യ്) അവതരിപ്പിക്കപ്പെട്ടപ്പോള്‍ ജനങ്ങള്‍ അതിന് സാക്ഷിയായിട്ടുണ്ട്. മാഇദ സൂറത്ത് അവതരിച്ചത് ഒരു യാത്രയിലായിരുന്നു. അസ്മ ബിന്‍ത് യസീദ് അതിന് സാക്ഷിയായിട്ടുണ്ട്. മഹതി സംഭവം ഇങ്ങനെ വിവരിക്കുന്നു.

وأخرج أحمد، وعبد بن حميد ، وابن جرير ، ومحمد بن نصر في (كتاب الصلاة)، والطبراني ، وأبو نعيم في (الدلائل)، والبيهقي في (شعب الإيمان)، عن أسماء بنت يزيد قالت : إني آخذة بزمام العضباء، ناقة رسول الله صلى الله عليه وسلم إذ نزلت المائدة" كلها، وكادت من ثقلها تدق عضد الناقة.

തിരുനബിയുടെ അള്ബാഅ ഒട്ടകത്തിന്റെ കയര്‍ ഞാനായിരുന്നു പിടിച്ചിരുന്നത്. ഒട്ടകപ്പുറത്ത് ഇരിക്കുന്ന നബിക്ക് വഹിയ് അവതരിച്ചു. അപ്പോള്‍ നബിയുടെ ഭാരം കൊണ്ട് ഒട്ടകം പ്രയാസം അനുഭവിച്ചു. നബി (സ) ഒട്ടകത്തില്‍ നിന്ന് ഇറങ്ങി. ഈ സംഭവം അഹ്മദ്, ത്വബ്‌റാനി ബൈഹഖി അങ്ങനെ പലരും ഉദ്ധരിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം അവര്‍ അതിന് സാക്ഷികളാണ് എന്നാണല്ലോ.

സൈദ് ബിന്‍ സാബിത് (റ) പറയുന്ന ഒരു അനുഭവം ഇങ്ങനെ.

عَنِ ابْنِ شِهَابٍ، قَالَ: حَدَّثَنِي سَهْلُ بْنُ سَعْدٍ السَّاعِدِيُّ، أَنَّهُ رَأَى مَرْوَانَ بْنَ الحَكَمِ فِي المَسْجِدِ، فَأَقْبَلْتُ حَتَّى جَلَسْتُ إِلَى جَنْبِهِ، فَأَخْبَرَنَا أَنَّ زَيْدَ بْنَ ثَابِتٍ أَخْبَرَهُ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَمْلَى عَلَيْهِ: {لاَ يَسْتَوِي القَاعِدُونَ مِنَ المُؤْمِنِينَ} [النساء: 95] {وَالمُجَاهِدُونَ فِي سَبِيلِ اللَّهِ} [النساء: 95]، فَجَاءَهُ ابْنُ أُمِّ مَكْتُومٍ وَهْوَ [ص:48] يُمِلُّهَا عَلَيَّ، قَالَ: يَا رَسُولَ اللَّهِ، وَاللَّهِ لَوْ أَسْتَطِيعُ الجِهَادَ لَجَاهَدْتُ، وَكَانَ أَعْمَى، «فَأَنْزَلَ اللَّهُ عَلَى رَسُولِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَفَخِذُهُ عَلَى فَخِذِي، فَثَقُلَتْ عَلَيَّ حَتَّى خِفْتُ أَنْ تَرُضَّ فَخِذِي، ثُمَّ سُرِّيَ عَنْهُ»، فَأَنْزَلَ اللَّهُ: (غَيْرَ أُولِي الضَّرَرِ

ജിഹാദിന് പ്രേരിപ്പിക്കുന്ന സൂക്തം അവതരിച്ചപ്പോള്‍ അന്ധനായ അബ്ദുല്ല ബിന്‍ ഉമ്മു മക്തൂം(റ) തിരുനബി (സ) യോട് തന്റെ സങ്കടം അറിയിച്ചു. ഉടന്‍ നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് വഹിയ് അവതരിച്ചു. എന്റെ തുട അവിടുത്തെ തുടയുടെ മേലെയായിരുന്നു. അവിടുത്തെ തുടയുടെ ഭാരം കാരണമായി തന്റെ തുടയെല്ല് പൊട്ടി പോകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. ശേഷം അവിടുന്നു പറഞ്ഞു. പ്രയാസമുള്ളവര്‍ക്ക് ഇളവ് ഉണ്ട്.( 4:95) ലെ ഈ ആശയം വരുന്ന ഭാഗം അങ്ങെനെയാണ് അവതരിക്കുന്നത്.

ഒരിക്കല്‍ തിരുനബി ജിഅറാനയില്‍ ആയിരിക്കെ വഹ്യ് അവതരിച്ച സംഭവം യഅ്‌ല ഉദ്ധരിക്കുന്നു.

عَنْ صَفْوَانَ بْنِ يَعْلَى بْنِ أُمَيَّةَ، عَنْ أَبِيهِ رَضِيَ اللهُ عَنْهُ، قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَهُوَ بِالْجِعْرَانَةِ، عَلَيْهِ جُبَّةٌ وَعَلَيْهَا خَلُوقٌ - أَوْ قَالَ أَثَرُ صُفْرَةٍ - فَقَالَ: كَيْفَ تَأْمُرُنِي أَنْ أَصْنَعَ فِي عُمْرَتِي؟ قَالَ: وَأُنْزِلَ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ الْوَحْيُ، فَسُتِرَ بِثَوْبٍ، وَكَانَ يَعْلَى يَقُولُ: وَدِدْتُ أَنِّي أَرَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَقَدْ نَزَلَ عَلَيْهِ الْوَحْيُ، قَالَ فَقَالَ: أَيَسُرُّكَ أَنْ تَنْظُرَ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَقَدْ أُنْزِلَ عَلَيْهِ الْوَحْيُ؟ قَالَ: فَرَفَعَ عُمَرُ طَرَفَ الثَّوْبِ، فَنَظَرْتُ إِلَيْهِ لَهُ غَطِيطٌ، - قَالَ وَأَحْسَبُهُ قَالَ - كَغَطِيطِ الْبَكْرِ، قَالَ فَلَمَّا سُرِّيَ عَنْهُ قَالَ: «أَيْنَ السَّائِلُ عَنِ الْعُمْرَةِ؟ اغْسِلْ عَنْكَ أَثَرَ الصُّفْرَةِ - أَوْ قَالَ أَثَرَ الْخَلُوقِ - وَاخْلَعْ عَنْكَ جُبَّتَكَ، وَاصْنَعْ فِي عُمْرَتِكَ مَا أَنْتَ صَانِعٌ فِي حَجِّكَ»

ഒരാള്‍ നബി (സ്വ) യുടെ അടുക്കല്‍ വന്നു ഉംറയെ കുറിച്ച് ചോദിച്ചു. അപ്പോള്‍ നബിക്ക് വഹ്‌യ് ഇറങ്ങി. അവിടുന്ന് ഒരു വസ്ത്രം കൊണ്ട് പുതച്ചു. തിരുനബിക്ക് വഹ്‌യ് ഇറങ്ങുന്നത് കാണാന്‍ എനിക്ക് വലിയ ആഗ്രഹമായിരുന്നു. നബിക്ക് വഹ്‌യ് അവതരിക്കുന്നത് കാണാന്‍ നിനക്ക് താല്‍പര്യമുണ്ടോ? എന്ന് എന്നോട് ചോദിച്ചു. അങ്ങനെ തിരുനബിയുടെ മുഖത്തുണ്ടായിരുന്ന തുണിക്കഷ്ണം ഉമര്‍ നീക്കി തന്നു. മുഖം ചുവന്ന് തുടുത്തിരിക്കുന്നു. ഒട്ടകത്തിന്റെ കൂര്‍ക്കംവലി പോലുള്ള ശബ്ദം പുറപ്പെടീക്കുന്നുമുണ്ട്. ശേഷം ചോദ്യകര്‍ത്താവിനോട് പ്രതികരിച്ചു.

ഇങ്ങനെ ഒട്ടനവധി സംഭവങ്ങള്‍ കാണാം.

വഹയ് ഇറങ്ങന്ന സന്ദര്‍ഭത്തില്‍ തിരു നബിയില്‍ ചില പ്രത്യേക അനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. ചിലപ്പോള്‍ തേനീച്ചയുടെ ശബ്ദം പോലെയുള്ള മുഴക്കം കേള്‍ക്കാം. ചിലപ്പോള്‍ അവിടുത്തെ ഭാരം വര്‍ദ്ധിക്കും. നെറ്റിത്തടം വിയര്‍ക്കും. കൂര്‍ക്കം വലിക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാകും. മണി മുഴങ്ങുന്നത് പോലെയുള്ള ശബ്ദം കേള്‍ക്കും. നേരിട്ട് ജിബ്രീല്‍ വന്നു വഹിയ് നല്‍കുന്ന സംഭവങ്ങളുമുണ്ട്. ഇതെല്ലാം ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്ളതാണ്. രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ് എന്നര്‍ത്ഥം.