ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിമിന്റെ നികുതി
None

ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിമിന്റെ നികുതി

By rationaleclub | July 27, 2023

ഇസ്ലാമിക രാഷ്ട്രത്തിൻറെ കീഴിൽ താമസിക്കുന്ന അന്യമതസ്ഥർ നൽകേണ്ട നികുതി ആണ് ജിസ് യ. ഇസ്ലാമിലെ മറ്റേതൊരു സംജ്ഞയെയും പോലെ ഇതിനെയും ശരിയായ രൂപത്തിൽ മനസ്സിലാക്കാത്തത് കാരണമായി പലരിലും തെറ്റിദ്ധാരണകൾ ഉണ്ടാകാറുണ്ട്.

യഥാർത്ഥത്തിൽ എന്താണ് ഇസ്ലാം സംവിധാനിച്ച ജിസ് യ? അതൊരു മതനികുതി ആണോ? അതിൻറെ സാമൂഹിക പ്രസക്തി എന്ത് ? എന്നൊക്കെ നമുക്ക് പരിശോധിക്കാം.

ഇസ്ലാമിൻറെ കാഴ്ചപ്പാടിൽ മുസ്‌ലിംകൾ അവരുടെ സമ്പത്തിന്റെ നിശ്ചിത ശതമാനം പ്രതിവർഷം സകാത്ത് എന്നപേരിൽ ദാനം ചെയ്യൽ നിർബന്ധമാണ്. സകാത്ത് തടഞ്ഞുവെച്ച പലരോടും യുദ്ധത്തിനിറങ്ങിയ ചരിത്രങ്ങൾ വരെ ഖലീഫമാരുടെ ഭരണകാല ചരിത്രങ്ങളിൽ നിന്ന് നമുക്ക് വായിക്കാൻ സാധിക്കും. എന്നാൽ ജിസ് യ എന്ന പദം പ്രതിഫലം എന്നർത്ഥം വരുന്ന جزاء -ൽ നിന്നാണ് രൂപം കൊണ്ടത്. ഇവിടെ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു വിഷയം, മുസ്‌ലിംകൾ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ അമുസ്‌ലിംകൾ നൽകേണ്ട ഒന്നല്ല ഈ പറയപ്പെടുന്ന ജിസ് യ. ഇസ്ലാമികരാഷ്ട്രം നിലനിൽക്കുന്നിടത്ത് ഭരണകൂടത്തിന്റെ നയങ്ങളുടെ ഭാഗമായുള്ള ഒരു നികുതി മാത്രമാണിത്. ആധുനികകാലത്ത് ഏതു രാഷ്ട്രത്തിലും താമസിക്കുന്ന പൗരൻ അവൻറെ നിത്യജീവിതത്തിൽ പ്രത്യക്ഷമായും പരോക്ഷമായും വിവിധ നികുതികളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഓരോ രാജ്യത്തിൻറെയും സാമ്പത്തികഭദ്രത സംരക്ഷിക്കുന്നതിൽ അവിടെയുള്ള ഓരോ പൗരനും പങ്കാളിയാവുകയാണിതിലൂടെ .ഇത്തരം നികുതി സമ്പ്രദായത്തെ ഏതെങ്കിലും പരിഷ്കരണവാദികൾ എതിർക്കുമോ; ഒരിക്കലുമില്ല. ഇത് പോലെ തന്നെ ഇസ്ലാമിക രാഷ്ട്രത്തിൻറെ പൊതുസമ്പത്തിലേക്കുള്ള പ്രധാന വരുമാന മാർഗങ്ങളിലൊന്ന് ഓരോ മുസ്ലിമും നിർബന്ധമായി നൽകേണ്ട സകാത്താണ്. മറ്റൊന്നാണ് അവിടുത്തെ താമസക്കാരായ അമുസ്‌ലിംകൾ നൽകി വരുന്ന ജിസ് യ . മുസ്ലിമിനെ പോലെ തന്നെ ആ രാജ്യത്തിൻറെ പൗരൻ എന്ന നിലക്ക് അവരവരുടെ മത നിയമങ്ങൾ അനുസരിച്ച് ജീവിക്കാനും ആരാധന നടത്താനുമുള്ള അവകാശം ഭരണകൂടം അനുവദിച്ച് നൽകുന്നതിന് പ്രതിഫലമായി അവരും രാജ്യത്തിന്റെ മോണിറ്ററി സിസ്റ്റത്തിൽ പങ്കാളികളാവുകയാണ്.

എന്നുമാത്രമല്ല, ഇതൊരു മതനികുതി ആയിരുന്നുവെങ്കിൽ ആദ്യം നിർബന്ധമാകേണ്ടിയിരുന്നത് മതപുരോഹിതർക്കായിരിക്കണമല്ലോ..! പക്ഷേ മതപുരോഹിതർ, സ്ത്രീകൾ, കുട്ടികൾ, വെള്ളപ്പാണ്ട്-കുഷ്ഠാദി രോഗികൾ, ദരിദ്രർ എന്നിവർക്കൊന്നും ജിസ് യ നിർബന്ധമില്ല. വിശ്വാസത്തിൻറെ പേരിൽ അടിച്ചേൽപ്പിക്കപ്പെട്ട ഒന്നാണെങ്കിൽ ഇവർക്കൊക്കെയും ഇത് നിർബന്ധമാകേണ്ടിയിരുന്നു.

രാജ്യത്തെ മുസ്‌ലിംകൾ രാഷ്ട്ര സമ്പദ്ഘടനക്ക് വേണ്ടി ചിലവഴിക്കുന്നത് പോലെ അവരും ഒരു പൗരൻ എന്ന നിലക്ക് അവരുടെ വിഹിതം നൽകുകയാണ്. മറ്റൊരു വിഭാഗത്തിൻറെ ഔദാര്യം പറ്റി ജീവിക്കുമ്പോൾ ഉണ്ടാവുന്ന അധഃസ്ഥിത ബോധത്തിൽ നിന്നും രാജ്യത്തിൻറെ സാമ്പത്തിക സിസ്റ്റത്തിൽ ഞാനും പങ്കാളിയാണെന്ന ആത്മവിശ്വാസത്തിലേക്ക് എത്താനുള്ള ഒരു മാർഗം കൂടിയാണിത്

ഇനി മുസ്‌ലിമിനും അമുസ്‌ലിമിനും വെവ്വേറെ നികുതി സംവിധാനിക്കുന്നതിലൂടെ അമുസ്ലിമിനെ കൂടുതൽ സാമ്പത്തികബാധ്യതയിലേക്ക് തള്ളിവിട്ട് ബുദ്ധിമുട്ടിക്കുകയാണോ ഇസ്ലാം? എന്ന് പരിശോധിക്കാം. ഒരു മുസ്‌ലിം തൻറെ സമ്പത്തിൻറെ രണ്ടര ശതമാനമാണ് സകാത്ത് നൽകേണ്ടത്. അവന്റെ സമ്പത്ത് വർധിക്കുന്നതിനനുസരിച്ച് അവൻ കൊടുക്കേണ്ട നിർബന്ധ ദാനത്തിന്റെ അളവും കൂടിക്കൂടി വരും. എന്നാൽ എങ്ങനെയാണ് ജിസ് യയുടെ സംവിധാനം ?

ഇമാം അബു യൂസഫ് തൻറെ കിതാബുൽ ഖറാജിൽ കൃത്യമായി രേഖപ്പെടുത്തിയത് കാണാം.ഒരു സാധാരണക്കാരനായ അമുസ്ലിം ഒരു വർഷത്തിൽ നൽകേണ്ട ജിസ് യ കേവലം 12 ദിർഹമാണ്. ആനുപാതികമായി നോക്കുകയാണെങ്കിൽ മാസത്തിൽ ഒരു ദിർഹം മാത്രം.ഒരു മധ്യനിലയിലുള്ള സാമ്പത്തികസ്ഥിതി ഉള്ളവനാണെങ്കിൽ 24 ദിർഹമാണ് കൊടുക്കേണ്ടത്.ഇനി ഇനി അവൻ സമ്പന്നനാണെങ്കിൽ അവൻറെ സമ്പത്ത് എത്ര തന്നെ ഉണ്ടാകട്ടെ ഒരു വർഷത്തിൽ 48 ദിർഹത്തിലധികം നൽകേണ്ടതില്ല. അതേസമയം ഒരു മുസ്ലിമിനെ സംബന്ധിച്ച് അവൻറെ സമ്പത്ത് വർദ്ധിക്കുന്നതിനാനുപാതികമായി കൊടുക്കേണ്ട അളവ് രണ്ടര ശതമാനം എന്ന തോതിൽ വർദ്ധിച്ചുവരും.

ഈ രൂപത്തിലൊക്കെ അമുസ്‌ലിംകളോട് ഇസ്ലാം പരമാവധി മാന്യമായ രൂപത്തിലാണ് പെരുമാറുന്നത് എന്നുമാത്രമല്ല, ഓരോ പൗരന്റെ മേലിലും ബാധ്യതയായ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഇസ്ലാം അവർക്ക് ഇളവു നൽകുകയും ചെയ്യുന്നു. മറ്റേതൊരു രാജ്യത്തെയും പോലെ തന്നെ രാഷ്ട്രത്തെയും പൗരന്മാരെയും സംരക്ഷിക്കാനാവശ്യമായ സൈനികവിഭവശേഷി ഇസ്ലാമിക രാജ്യത്തിനുമുണ്ട്. ഈ സൈനികസേവനം മുസ്‌ലിമിന് മാത്രമാണ് ബാധ്യത. മാത്രമല്ല, ഖലീഫമാരുടെ ചരിത്രം പഠിച്ചാൽ നമുക്ക് ; ഏതെങ്കിലും ഇതരമതസ്ഥൻ സൈനിക സേവനത്തിന് തയ്യാറാവുകയാണെങ്കിൽ അവരുടെ ജിസ് യ നിർത്തലാക്കുകയും ചെയ്യും. ഇതിലൂടെ ജിസ് യക്ക് പകരമായി അവർക്ക് നൽകുന്ന സംരക്ഷണത്തോട് ഇസ്ലാം 100% നീതി പുലർത്തുന്നു .അവരിൽ നിന്ന് ജിസ് യ സ്വീകരിക്കുന്നതോടെ അവരുടെ സ്വത്തിനും ജീവനും മേൽ വരുന്ന മുഴുവൻ ഭീഷണികൾക്കുമെതിരിൽ മുസ്ലിം ഭടന്മാർ കാവൽ നിൽക്കുകയും അതിനു വേണ്ടി പോരാടുകയും ചെയ്യുന്ന എത്ര ഉദാത്തമായ സഹകരണ മാതൃകയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.

ചരിത്രത്തിൽ ഒരു സംഭവം കാണാം അബൂഉബൈദ (റ) യുടെ ശാമിലേക്കുള്ള പര്യവേക്ഷണം നടക്കുന്ന കാലഘട്ടം, ആ സമയത്ത് മുസ്ലിം പക്ഷത്തുള്ളതിനേക്കാൾ വലിയൊരു സൈന്യവുമായി ബൈസാന്റിയൻ ചക്രവർത്തി മുസ്ലിം രാഷ്ട്രത്തിനെതിരെ യുദ്ധസന്നാഹവുമായി വരുന്നുണ്ടെന്ന വാർത്ത അദ്ദേഹത്തിൻറെ അടുക്കലെത്തി. വിജയസാധ്യത നന്നേ കുറവാണെന്ന് അബൂഉബൈദ (റ) മനസ്സിലാക്കി. ആ സമയത്ത് ഒരുപാട് ക്രിസ്ത്യൻ കുടുംബങ്ങൾ ജിസ് യ നൽകി ഇസ്ലാമിക രാഷ്ട്രത്തിൻറെ സംരക്ഷണത്തിൽ അതിവസിച്ചു പോന്നിരുന്നു. അവരെയൊക്കെയും വിളിച്ചുചേർത്ത് അദ്ദേഹം അവരോട് പറഞ്ഞു: ഞങ്ങൾക്ക് പ്രതിരോധിക്കാൻ സാധിക്കാത്തവിധം വലിയൊരു സൈന്യം ഇങ്ങോട്ട് വരുന്നുണ്ടെന്ന വിവരം കിട്ടിയിട്ടുണ്ട്. ഒരുപക്ഷെ, ഞങ്ങൾക്ക് നിങ്ങളെ സംരക്ഷിക്കാനും പറ്റിയെന്ന് വരില്ല. അതുകൊണ്ട് നിങ്ങളിൽ നിന്ന് കൈപ്പറ്റിയ ജിസ് യ നിങ്ങൾക്ക് തന്നെ തിരിച്ചു നൽകാൻ ഉദ്ദേശിക്കുന്നു. തുടർന്ന് ഓരോ വ്യക്തികൾക്കും അവർ നൽകിയ ജിസ് യ അദ്ദേഹം തിരിച്ചു നൽകി. ഇസ്ലാമിൻറെ ഭാഗത്തുനിന്നുണ്ടായ ഈ മാതൃക കണ്ട അവർ അബൂഉബൈദ (റ) യുടെ മുമ്പിൽ അവരുടെ പുരോഹിതന്മാരോടൊപ്പം ഒരുമിച്ചു കൂടുകയും യുദ്ധത്തിൽ മുസ്‌ലിംകൾ ജയിക്കാൻ വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്ത സംഭവവും നമുക്ക് തുടർന്ന് വായിക്കാൻ കഴിയും. ഇതൊക്കെയും വ്യക്തമാക്കുന്നത് ജിസ് യ എന്ന നികുതിസംവിധാനത്തിലൂടെ ഒരു അമുസ്ലിമിനെ പോലും ഇസ്ലാം പ്രയാസപ്പെടുത്തിയിട്ടില്ല. മാത്രമല്ല, അവർക്ക് ഇസ്‌ലാമിനോടുള്ള സാഹോദര്യവും സ്നേഹവും വർദ്ധിക്കാൻ ഇതൊരു ഹേതുവായി മാറിയിരുന്നു.