മതവും ശാസ്ത്രവും
None

മതവും ശാസ്ത്രവും

By rationaleclub | December 8, 2021

ചോദ്യം : സയന്റിസം എന്തുകൊണ്ട് സൈന്റിഫിക്കല്ല ?

ഉത്തരം : സയന്‍സിനെ സയിന്റിസത്തിന്റെ ഭാഗമായും, യുക്തിവാദം നാസ്തികതയുടെ ഭാഗമായും വിശദീകരിച്ചു കൊണ്ടുള്ള പ്രചാരം നടക്കുന്നുണ്ട്. നാസ്തികരാണ് ഇതിനു പിന്നില്‍. യഥാര്‍ത്ഥത്തില്‍ യുക്തിവാദം ഭൗതികവാദത്തിന്റെ ഒരു പ്രാഗ്രൂപ മായ എമ്പെരിസിസത്തിന്റെ എതിര്‍ചേരിയില്‍ രൂപം കൊണ്ട ഒരു ചിന്താ പ്രസ്ഥാനമാണ് യുക്തിവാദം. അതിനു രൂപം കൊടുത്ത ദെക്കാര്‍ത്തയും , വളര്‍ത്തി എടുത്ത സ്പിനോസായും ലെയ്ബിനിസും ഒക്കെയും വിശ്വാസികളും നാസ്തികതയെ നിരാകരിച്ചവരുമായിരുന്നു. മതത്തെ സയന്‍സില്‍ നിന്നും നിന്ന് വിടര്‍ത്തി എടുക്കാന്‍ ഉള്ള ഒരു ശ്രമം പലഭാഗത്ത് നിന്നും ബോധപൂര്‍വമായും ഉണ്ട്. മതം ശാസ്ത്രത്തിന്റെ വിരുദ്ധ ചേരിയില്‍ നിലര്‍ത്താന്‍ എല്ലാ കളിയും കളിച്ച് പരാജയപ്പെട്ടവരുടെ ഇച്ഛാഭംഗത്തില്‍ നിന്നാണു ഇങ്ങനെ ഒരു വാദം ഉടലെടുക്കുന്നത്. പ്രപഞ്ചത്തിന്റെയും പ്രപഞ്ചത്തിലെ ജീവഅജീവ വസ്തുക്കളെയും രൂപപ്പെടുത്തിയ വ്യവസ്ഥാപിത സങ്കീര്ണതയെ മനുഷ്യ ബുദ്ധിയെ തൃപ്തിപ്പെടുത്താന്‍ കഴിയും വിധം ഭൗതികവാദത്തിനും നിരീശ്വരവാദത്തിനും കഴിയാത്തത് കൊണ്ട് ഫിസിക്‌സിന്റെ നിയമങ്ങളെയും പരിണാമ വാദത്തെയും ആസ്ഥാനത്തു പ്രയോഗിക്കേണ്ടി വരുന്ന ഗതികേടിനെയാണ് സയിന്റിസം എന്ന് പറയുന്നത്. പരിണാമവാദം അല്ല ബയോളജി പ്രതിനിധീകരിക്കുന്ന ജീവ പരിണാമം. ജീവ പരിണാമത്തിന്റെ ഘടക വിശദീകരണങ്ങളിലൂടെ പരിണാമവാദത്തെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സായിന്റിസത്തിന്റെ ഒരു ദുര്യോഗമാണ്. ഇവിടെ യുക്തിവാദവും ശാസ്ത്രവും തമ്മിലുള്ള ബന്ധം രണ്ടിന്റെയും ജ്ഞാനരീതി ഒന്നാണെന്നതാണു പക്ഷെ രണ്ടും അടിസ്ഥാനപരമായി നിരീശ്വരവാദപരമോ, മതവിരുദ്ധമോ അല്ല എന്നതാണു വിശകലനങ്ങളില്‍ നിന്നും ബോധ്യപ്പെടുക. ജ്ഞാന ശാസ്ത്രപരമായി ഭൗതികവാദത്തിനും നിരീശ്വരവാദത്തിനും ശാസ്ത്രത്തോട് ഒരു ബന്ധവുമില്ലെങ്കിലും ശാസ്ത്രമാണ് അവരുടെ വേദപുസ്തകം എന്ന മട്ടില്‍ അതിനെ ഏറ്റെടുക്കാന്‍ ശ്രമിക്കാറുണ്ട്. നാസ്തികതയുടെ ജ്ഞാനരീതിയില്‍ സഞ്ചരിച്ചാല്‍ ശാസ്ത്ര വിരുദ്ധതയിലാണു എത്തിപ്പെടുക. അറിവന്വേഷണത്തിനു മുന്നില്‍ എല്ലാ വാതായനങ്ങളും കൊട്ടി അടക്കുമ്പോഴാണ് തത്വചിന്താപരമായി ഒരാള്‍ നാസ്തിക ഭൗതികവാദിയാവുന്നത്. മറിച്ച് ശാസ്ത്രത്തിന്റെ ജ്ഞാനരീതി മതം മുന്നോട്ടു വെക്കുന്ന ജ്ഞാന രീതിയുടെ ഒരു ഭാഗം മാത്രമാണ്. അഥവാ ശാസ്ത്രത്തെയും അതിഭൗതിക അറിവിനെയും ഒന്നിപ്പിക്കാന്‍ പോന്ന ജ്ഞാശാസ്ത്രമാണ് മതം മുന്നോട്ടു വെക്കുന്നത്. ശാസ്ത്രം ഭൗതികപ്രപഞ്ചത്തെ വിശകലനം നടത്താന്‍ വേണ്ടി മാത്രം രൂപ കല്‍പ്പന ചെയ്ത ഒരു തത്വ ശാസ്ത്ര പദ്ധതിയാണ്. ഭൗതിക വസ്തുക്കള്‍ക്ക് ഉപരിയായ കാര്യങ്ങളുടെ സാന്നിദ്ധ്യവും യാഥാര്‍ഥ്യവും അറിയാന്‍ മനുഷ്യ ബുദ്ധിയില്‍ തെളിയുന്ന അനിഷേധ്യമായ ജ്ഞാന വഴികള്‍ ഉണ്ട്. ജ്ഞാനവഴികള്‍ സ്വന്തമായും കൂട്ടമായും മനുഷ്യര്‍ക്ക് വേണ്ട അറിവ് ഉത്പാദിപ്പിക്കുന്നുണ്ട്. വസ്തുനിഷ്ഠമായ അറിവ് പകരാന്‍ അന്യൂനമായ ജ്ഞാനേന്ദ്രിയങ്ങളും, ബുദ്ധിയും, സത്യ സന്തതയുള്ള വൃത്താന്തങ്ങളും ഉറപ്പും പൂര്‍ണ്ണ ബോധ്യവും ഉള്ള അറിവ് നല്‍കുന്നുണ്ട്. പക്ഷെ ശാസ്ത്രത്തിനു ഭൗതിക വസ്തുക്കളിലെ ആന്തരികവും ബാഹ്യവുമായ സ്വഭാവങ്ങള്‍ വിശകലനം നടത്താന്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ രൂപപ്പെടുന്ന അന്യൂനമായ ജ്ഞാനേന്ദ്രിയങ്ങളുടെ അറിവ് മാത്രം മതി. ഓരോ ശാസ്ത്ര ശാഖയെയും മുന്നോട്ടു നയിക്കുന്നത് അതാത് ശാസ്ത്ര ശാഖയുടെ ഫിലോസഫിയാണ്.

ഈ കാണുന്ന പ്രപഞ്ചവും അതിലുള്ള സകല വസ്തുക്കളും സംഭവങ്ങളും ദൈവം എന്ന ഒരു അതീന്ദ്രിയവും സര്‍വജ്ഞനും സര്‍വശക്തനുമായ അസ്തിത്വത്തിന്റെ സൃഷ്ടിയാണെന്ന് ജ്ഞാന മാര്‍ഗ്ഗങ്ങളുടെ അനിഷേധ്യ രീതി ശാസ്ത്രത്തിലൂടെ രൂഢമൂലമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന അടിയുറച്ച വിശ്വാസമാണ് തിയോളജിയിലെ ദൈവ വിശ്വാസം. ജ്ഞാന ശാസ്ത്രം കൊണ്ട് ബോധ്യപ്പെട്ട ദൈവത്തെ ചോദ്യം ചെയ്യേണ്ടി വരുന്നില്ല. അതനുസരിച്ച് ആ അദൃശ്യ ശക്തിയെ അനുസരിക്കാനല്ലാതെ ചോദ്യം ചെയ്യാന്‍ മനുഷ്യന് അവകാശമില്ല എന്ന ബോധ്യം ഒരിക്കലും ശാസ്ത്ര വിരുദ്ധമല്ല. കാരണം ശാസ്ത്രം എന്നാല്‍ സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചത്തിലെ ദ്രവ്യങ്ങളെ കുറിച്ചുള്ള പഠനമാണ്. അതിന്റെ സ്വഭാവങ്ങളെ തിരിച്ചറിയലും കണ്ടെടുക്കപ്പെട്ട പ്രാപഞ്ചിക ഗുണങ്ങളെ ഉപയോഗപ്പെടുത്തലുമാണ് പ്രാപഞ്ചിക നിയമങ്ങളെ നിയന്ത്രിക്കുന്ന ഒരു നിയന്താവുണ്ടെന്നുള്ള ബോധ്യം മനുഷ്യര്‍ക്കുണ്ടാവുന്നത് പ്രപഞ്ചത്തിന്റെ ഗുണങ്ങളെയും കാര്യകാരണ ബന്ധങ്ങളെയും പഠനവിധേയമാക്കുന്നതിനെ തടഞ്ഞു നിര്‍ത്തുന്നില്ല. എന്ന് മാത്രമല്ല ദൈവ സന്ദേശങ്ങളില്‍ മുഴുവന്‍ ഈ പ്രപഞ്ചിക ഗുണഗണങ്ങളെ പഠന വിധേയമാക്കി അമേയമായ ദൈവ ശക്തിയെ തിരിച്ചറിയാനുള്ള പ്രേരണയാണുള്ളത്. പൂര്‍ണവും തൃപ്തികരവുമായ ഒരു വിശ്വാസം സകല പ്രശ്‌നങ്ങള്‍ക്കും ഉത്തരമായുണ്ടെങ്കില്‍ പിന്നെ മനുഷ്യന്റെ അന്വേഷണബുദ്ധികൊണ്ട് ഒരു കാര്യവുമില്ല എന്ന വിശ്വാസികള്‍ക്കെതിരെയുള്ള അപവാദ പ്രചാരണം യഥാര്‍ഥത്തില്‍ ഭൗതികവാദികളുടെ മോഹഭംഗത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണ്. ദൈവ സന്ദേശങ്ങളില്‍ എവിടെയും പ്രപഞ്ച നിയമങ്ങളെ ഖണ്ഡിക്കും വിധം പ്രസ്താവനകള്‍ ഇല്ലെന്നിരിക്കെ ശാസ്ത്ര നിഗമനങ്ങള്‍ വിശ്വാസങ്ങള്‍ക്കെതിരെയാണ് എത്തുന്നതെങ്കില്‍ ദൈവവിശ്വാസസമൂഹം അത് അംഗീകരിക്കുകയില്ല എന്ന നാസ്തികരുടെ വിലാപത്തിനു പ്രസക്തിയില്ല. കാരണം നിഗമനങ്ങള്‍ സത്യങ്ങളായി സമ്പൂര്‍ണ്ണമായി തെളിയിക്കപ്പെടാത്തപ്പോള്‍ മുഴുവനും അസത്യവല്‍ക്കരണ ക്ഷമയാണ്. ഈ ക്ഷമതയുള്ള നിഗമനങ്ങളെ മാത്രമാണ് ശാസ്ത്രമായി അംഗീകരിക്കുകയുള്ളു. ഇതാണ് ശാസ്ത്രത്തിന്റെ തത്വം. ജ്ഞാനോദയാ കാലഘട്ടത്തിന്റെ തുടക്കത്തില്‍ ക്രിസ്ത്യന്‍ തിയോക്രസി ശാസ്ത്രീയ അന്വേഷകര്‍ക്ക് സമാധാനപൂര്‍ണമായി ആ സമൂഹത്തില്‍ നിലനില്‍ക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്തത് അധികാര രാഷ്ട്രീയത്തിന് അത് വിള്ളല്‍ വീഴ്ത്തും എന്നത് കൊണ്ടായിരുന്നു. ഗലീലിയോയെ കൊണ്ട് തന്റെ നിഗമനങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ എഴുതിപ്പിച്ചു സഭ എന്നത് പ്രസിദ്ധമാണ്. യഥാര്‍ത്ഥത്തില്‍ മതത്തില്‍ ശാസ്ത്രീയ അന്വേഷണങ്ങളെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രപഞ്ച നിയമങ്ങള്‍ നാസ്തികരോ ,ശാസ്ത്രമോ ഉണ്ടാക്കിയതല്ല. പ്രപഞ്ചത്തിന്റെ നാഥനിലേക്ക് വിരല്‍ ചൂണ്ടുന്ന വ്യവസ്ഥാപിത സങ്കീര്‍ണ്ണതയുടെ ഭാഗമാണ് പ്രപഞ്ച നിയമങ്ങള്‍ പക്ഷെ നാസ്തികര്‍ ഈ നിയമങ്ങളെ ദൈവതുല്യമായി കാണുന്നു.ഐസക്ക് ന്യൂടണ്‍ ജനിച്ചില്ലായിരുന്നെങ്കിലും ആപ്പിളുകള്‍ താഴോട്ട് തന്നെ വീഴും. ഇന്ന് ന്യൂടണ്‍ എഴുന്നേറ്റ് വന്നു ഗുരുത്വാകരഷണം തെറ്റാണെന്നു പറഞ്ഞാലും ആപ്പിളുകള്‍ താഴോട്ടു വീഴുകയും ജനം ന്യൂടണെ കൂക്കി വിളിക്കുകയും ചെയ്യും. ഇത് മനസ്സിലാക്കാതെ പോയതാണ് സെയിന്റ്റിസത്തിന്റെ വക്താക്കള്‍ക്ക് പറ്റിയ അബദ്ധം.

കാരണം അറിയാനുള്ള ത്വര മനുഷ്യന്റെ നൈസര്‍ഗ്ഗിക വാസനയാകുന്നു. ഇതിനെ തടഞ്ഞു നിര്‍ത്തുന്നതല്ല പ്രചോദിപ്പിക്കുന്നതാണ് ഖുര്‍ആന്റെ ആഹ്വാനങ്ങള്‍ മുഴുവന്‍. ജ്ഞാനേന്ദ്രിയങ്ങള്‍ക്കു വിധേയമാകുന്നത് മാത്രമേ ലോകത്തുണ്ടാവുകയുള്ളൂ എന്ന് ചിന്തിക്കുന്നത് യഥാത്ഥത്തില്‍ ശാസ്ത്ര വിരുദ്ധമാണ് ജഞാന ശാസ്ത്രത്തിന്റെ സാധ്യമായ എല്ലാ വഴികളിലൂടെ സഞ്ചരിച്ചപ്പോഴാണ് ഇന്നത്തെ ശാസ്ത്രം ഉടലെടുത്തത്. ഇന്ദ്രിയ ഗോചരങ്ങളില്‍ പരിമിതപ്പെടുന്ന ഭൗതിക നാസ്തിക തത്വങ്ങളില്‍ കുടുങ്ങികിടക്കുകയായിരുന്നു ലോകമെങ്കില്‍ ശാസ്ത്രം ഒരടി മുന്നോട്ടു പോവില്ലായിരുന്നു. ശാസ്ത്രം മാറിയപ്പോള്‍ നാസ്തിക പക്ഷം ഭൗതിക വാദത്തെ ഫിസിക്കലിസമാക്കിയും പിന്നെ ഇനി മാറേണ്ടി വന്നാലോ എന്ന് കരുതി സയിന്റിസത്തെ ജ്ഞാന ശാസ്ത്രവുമായി കണ്ടു. എന്നാല്‍ ശാസ്ത്രത്തിന്റെ സ്‌കോപ്പ് ഭൗതിക വസ്തുക്കളില്‍ പരിമിതമാണ് എന്ന ബോധം നാസ്തികര്‍ക്കില്ലാതെ പോയി.

ചോദ്യം : മതവും ശാസ്ത്രവും സംഘട്ടനത്തിലാവുന്നുണ്ടോ ?

ഉത്തരം : മതം എന്നാല്‍ സാങ്കേതികമായി പറഞ്ഞാല്‍ വിശേഷ ബുദ്ധിയുള്ളവര്‍ക്ക് പ്രപഞ്ചസ്രഷ്ടാവ് നല്‍കിയ ജീവിത രേഖയും പദ്ധതിയുമാണ്. എങ്ങിനെയാണ് ജീവിതം വിജയപ്രദമായി മുന്നോട്ടു കൊണ്ട് പോവേണ്ടതെന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരണവും ഭരണഘടനയുമാണത്. എന്നാല്‍ മനുഷ്യരുടെ കൈകടത്തലുകള്‍ക്ക് വിധേയമായി പല കൈ വഴികളും ഉള്‍പ്പിരിവുകളും അതില്‍ വന്നു ചേരുകയും തെറ്റിദ്ധാരണകള്‍ പെരുകുകയും ചെയ്തിട്ടുണ്ട്. അത്തരം തെറ്റിദ്ധാരണകള്‍ വിശകലനത്തിന് വിധേയമാക്കാം. അത്തരം ഒരു തെറ്റിദ്ധാരണയാണ് മതങ്ങള്‍ എല്ലാംതന്നെ ഐതിഹ്യകാല (mythological era) സൃഷ്ടികളാണ് എന്നത്. സത്യത്തില്‍ ഇവിടെ മതങ്ങള്‍ തന്നെയില്ല, ഒരേ ഒരു മതമേ ഉള്ളൂ. വഴി പിഴച്ച കൈ വഴികള്‍ മുഴുവനും മനുഷ്യ സൃഷ്ടിയാണ്. അത്തരം പിഴച്ച വഴികള്‍ ഉപയോഗിക്കുന്ന ഭാഷയില്‍ ഐതിഹ്യഭാഷയുണ്ടാവാം. ഐതിഹ്യഭാഷ വ്യഖ്യാനത്തില്‍ മാത്രം സന്ദേശം വെളിവാകുന്ന കഥാപരമായ ഭാഷയാണ്. അതില്‍ മനുഷ്യഭാവനയുണ്ട്, ചില നല്ല കാര്യങ്ങളെ കുറിച്ചുള്ള സന്ദേശവുമുണ്ട്, സമൂഹത്തിന്റെ സാംസ്‌കാരികമനസ്സുണ്ട്, അതിലേറെ യുക്തിഭദ്രമല്ലാത്ത അതീന്ദ്രിയതയുണ്ട്. ഏന്നാല്‍ എല്ലാ മതങ്ങളും ഇതേ പടി ഐതിഹ്യമാണെന്ന് മുദ്ര കുത്തുന്നത് ജ്ഞാനശാസ്ത്രപരമായ ഉള്‍കാഴ്ച്ച ഇല്ലാത്തത് കൊണ്ടാണ്.

വഴി പിഴച്ച മതത്തിന്റെ കൈവഴികളില്‍ ശാസ്ത്ര വിരുദ്ധത ദര്‍ശിക്കുന്നത് കൊണ്ട് മാത്രം മതം ശാസ്ത്ര വിരുദ്ധമാണ് എന്ന് വിധി എഴുതിക്കൂടാ . മദ്ധ്യ കാലഘട്ടത്തിലുള്ള ക്രിസ്ത്യന്‍ തിയോക്രസിയുടെ ശാസ്ത്രീയ അന്വേഷണങ്ങളോടുള്ള സമീപനം മതത്തിന്റെ ശാസ്ത്ര സമീപനവുമായി സമീകരിച്ചു കൂടാ.

ശാസ്ത്രവും ക്രൈസ്തവതയും:-

മതവും ശാസ്ത്രവും തമ്മിലുള്ള ശത്രുത പില്‍ക്കാല ക്രൈസ്തവതയുടെ സൃഷ്ടിയാണ്. നാസ്തികതയും ആസ്തികതയും കൂടിക്കുഴഞ്ഞു കിടന്നിരുന്ന ഗ്രീക്ക് ചിന്താധാരകളുമായുള്ള മിശ്രണമാണ് ഈ വികല ധാരണക്കാധാരം. പ്രാചീന ഗ്രീക്കുകാര്ക്കിടയില് ഒരു ഐതിഹ്യമുണ്ടായിരുന്നു. മനുഷ്യപൂര്വ്വികരിലൊരാളായ പ്രോമിത്യൂസ് ദൈവത്തെയും മാലാഖമാരെയും മറികടന്ന് സ്വര്ഗ്ഗലോകത്തു നിന്ന് ആവാഹിച്ചെടുത്ത പ്രകാശമാണ് മനുഷ്യ ഹൃദയങ്ങളില് വെളിച്ചവും ജ്ഞാന പ്രചോദകവുമായി വര്ത്തിച്ചത് എന്ന് അവരിലൊരു വിഭാഗം വിശ്വസിച്ചുവരുന്നു. ദൈവത്തെ പ്രതിനിധീകരിക്കുന്ന മതവും ഭൗതിക വിജ്ഞാനത്തെ പ്രതിനിധാനം ചെയ്യുന്ന ശാസ്ത്രവും തമ്മിലുള്ള അകലം വര്ദ്ധിപ്പിക്കുന്നതില് കഴമ്പില്ലാത്ത ഈ കെട്ടുകഥക്ക് വളരെ വലിയ സ്വാധീനമുണ്ടെന്നു പറയപ്പെടുന്നു. സമാനമായ അന്ധവിശ്വാസ ധാരണകള്‍ മതത്തിന്റെ പേരില്‍ പ്രവത്തിക്കുന്ന പല സമൂഹങ്ങള്‍ക്കും ഉണ്ടെന്നതും അവിതര്‍ക്കിതമാണ്.

അത്തരം വിശ്വാസ സമൂഹങ്ങളുടെ നിലാപാട് നുസരിച്ച് മനുഷ്യന്റെ ശാസ്ത്രപുരോഗതിയെ ദൈവം നീരസത്തോടെയാണ്‌നോക്കിക്കാണുന്നത്എ ന്നാണ് . കാരണം അവര്‍ കരുതിയത് ദൈവകരങ്ങളില് നിന്ന് മനുഷ്യന് മോചനം നേടാനുള്ള മാര്ഗമാണ് ശാസ്ത്രം. ശാസ്ത്ര രംഗത്ത്, മനുഷ്യന് ഓരോ അടി മുമ്പോട്ട് വെക്കുമ്പോഴും ദൈവം ഒരിഞ്ച് പിന്‍വലിയാന്‍ നിര്ബന്ധിതനാവുന്നുവെന്നര്‍ത്ഥം. 'പ്രപഞ്ചത്തെ കീഴടക്കുക' 'ചന്ദ്രനില് ആധിപത്യമുറപ്പിക്കുക' തുടങ്ങിയ, നാം സാധാരണ ഉപയോഗിക്കാറുള്ള ഭാഷാ ശൈലികള് പോലും ഇത്തരമൊരു വീക്ഷണത്തിന്റെ ശേഷിപ്പുകളാണ്.

ശാസ്ത്ര വിരോധത്തിന്റെ ചരിത്രകാരണം:-

രണ്ടാം നൂറ്റാണ്ടില്‍ ഗ്രീസിലും റോമിലും ലക്ഷക്കണക്കിനാളുകള്ക്ക് കൂട്ടത്തോടെ ക്രൈസ്തവതയിലേക്ക് ചേക്കേറേണ്ടി വന്നു. തങ്ങളുടെ പരമ്പരാഗത ഐതിഹ്യ വിശ്വാസങ്ങളൊന്നും അവര് കൈവെടിഞ്ഞിരുന്നില്ല. ക്രിസ്തുമതത്തിനങ്ങനെ ഒരു നിര്‍ബന്ധ ബുദ്ധിയുമുണ്ടായിരുന്നില്ല.. തത്ഫലമായി പ്രപഞ്ചം, സൂര്യന്‍, ഭൂമി എന്നിവയെക്കുറിച്ച് അരിസ്റ്റോട്ടിലും സോക്രട്ടീസും പറഞ്ഞുവെച്ച കാഴ്ചപ്പാടുകളത്രയും ചര്‍ച്ച് അംഗീകരിക്കുകയും ബൈബിളില്‍ പോലും അവക്കിടം നല്കുകയും ചെയ്തു. അതിന്റെ ഭാഗമെന്നോണം പ്രോമിത്യൂസിനെക്കുറിച്ചുള്ള ഐതിഹ്യം ആദമിന്റെ സ്വര്‍ഗാരോഹണക്കഥയുമായി കൂടിക്കലര്‍ന്നു. പ്രോമിത്യൂസ് ആദമും, അകത്താക്കിയ ഫലം അറിവിന്റേതുമായി ചിത്രീകരിക്കപ്പെട്ടു. അറിവും ശാസ്ത്രബോധവുമൊക്കെ ദൈവ വിശ്വാസത്തില് നിന്ന് മനുഷ്യനെ പിന്തരിപ്പിക്കുന്ന ഘടകങ്ങളാണെന്ന ധാരണ വളര്ന്നുവന്നു.

ബൈബിള്‍ നേരത്തെ അംഗീകാരം നല്‍കിയ നിഗമനങ്ങള്‍ക്കെതിരെയുള്ള ആശയങ്ങള്‍, അവക്ക് എത്ര തന്നെ ബൗദ്ധിക പ്രമാണങ്ങളുടെപിന്‍ബലമുണ്ടെങ്കിലും, ദൈവനിരാസമായി മുദ്രകുത്തപ്പെട്ടു. ക്രിസ്ത്യന്‍ തിയോക്രസിയുടെ ഈത്തരം നിലപാടുകളോട് അവജ്ഞ കാണിക്കുന്ന ശാസ്ത്രഗവേഷകരെ കൈകാര്യം ചെയ്യാന് ഇന്‍ക്യൂസിഷന്‍ കോര്‍ട്ട് എന്ന കുറ്റാന്വേഷണ വിഭാഗം നിലവില് വന്നു. തുടര്ന്ന്, ഗലീലിയോ, ബ്രൂണെ, കെപ്ലര് തുടങ്ങി നിരവധി ശാസ്ത്രജ്ഞര് ചര്ച്ചിന്റെ കൊലക്കോ ക്രൂര പീഡനങ്ങള്‌ക്കോ വിധേയരായി. നവോത്ഥാന യുഗം പുലര്‍ന്നതോടെ ശാസ്ത്രം ചര്‍ച്ചിന്റെ ഉരുക്കു മുഷ്ടികളില് നിന്നു കുതറിമാറി അതിവിദൂരം മുന്നോട്ട് സഞ്ചരിച്ചു കഴിഞ്ഞിരുന്നു. മുന്നിലെത്തിയ ശാസ്ത്രം പിന്നിലുള്ള ക്രിസ്തു മതത്തെ നോക്കിപഴഞ്ചന്‍, പിന്തിരിപ്പന്‍ എന്നൊക്കെ പരിഹസിച്ചു.

ശാസ്ത്രവും ഇസ്ലാമും:-

ഇസ്ലാമിന് ഒരുകാലത്തും ശാസ്ത്രവുമായി സംഘട്ടനത്തിലേര്‍പ്പെടേണ്ട ഗതികേടുണ്ടായിട്ടില്ല. മുസ്ലിം ലോകത്ത് ഒരു കാലത്തും ഒരു 'ഇന്‍ക്യൂസിഷന്‍ കോടതി' ഉണ്ടായിട്ടില്ല. കാലോചിതമായ ശാസ്ത്ര നിഗമനങ്ങള്‍ക്കനുസരിച്ച് മതത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചവരെത്തന്നെ പില്‍ക്കാലത്ത് തിരുത്തിയിട്ടുമുണ്ട്. മുസ്ലിംകളെ ശാസ്ത്രരംഗത്ത് മുന്നേറാന് സഹായിച്ചത് പണ്ഡിതസഭയുടെ പ്രചോദനവും ഭരണകൂടത്തിന്റെ നിര്‍ലോഭ പിന്തുണയുമായിരുന്നു. ഒട്ടുമിക്ക മുസ്ലിം ശാസ്ത്രജ്ഞരും ഇസ്ലാമിക വിജ്ഞാനീയങ്ങളില് അഗാധജ്ഞാനം നേടിയവര് കൂടിയായിരുന്നു. അത് കൊണ്ട് തന്നെ പ്രാചീന ഗ്രീക്കിലും റോമിലുംപേര്‍ഷ്യയിലുമുണ്ടായിരുന്ന വിജ്ഞാനങ്ങള് അവര് അഭ്യസിച്ചിരുന്നെങ്കിലും ഇസ്ലാമേതര ഐതിഹ്യങ്ങളും വിശ്വാസ ദര്‍ശനങ്ങളും നുഴഞ്ഞുകയറി. അതിനെ കൃത്യതപ്പെടുത്തി ശരിയാക്കി എടുക്കുന്ന ധൈഷണിക സംവാദങ്ങളും ഇസ്ലാമിക ലോകത്ത് നടന്നു. ശാസ്ത്രത്തിനും തത്വ ശാസ്ത്രത്തിനും ദൈവ ശാസ്ത്രത്തിനും ശരിയായ ഇടങ്ങളുണ്ടായിരുന്നു ഇസ്ലാമിക ലോകത്ത്. എന്നാല്‍ നിരന്തര യുദ്ധങ്ങളും രാഷ്ട്രീയയ സംഘര്ഷങ്ങളും നിമിത്തം ഇസ്ലാമിക ലോകത്ത്, വിപുലമായ സങ്കേതിക സൗകര്യങ്ങളോടെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമായി വളര്‍ന്നു വരേണ്ട ശാസ്ത്രത്തെ പുഷ്ടിപ്പെടുത്താന്‍ മുസ്ലിം ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ജ്ഞാനോദയ കാലഘത്തില്‍ അറിവിന് ദാഹിക്കുന്ന യൂറോപ്പിനെ ശമിപ്പിക്കാന്‍ മുസ്ലിം ലോകത്ത് ശാസ്ത്രീയ ഗ്രന്ഥങ്ങള്‍ ധാരാളമുണ്ടായിരുന്നു. അഥവാ ആധുനിക ശാസ്ത്രത്തിന്റെ അടിത്തറ പാകിയത് മുസ്ലിംകളായിരുന്നു. ഖുര്‍ആനായിരുന്നു അവരുടെ ജ്ഞാന തല്‍പരതയ്ക്കും അന്വേഷണ പഠനത്തിനും പ്രചോദനമായത്.

ചോദ്യം : മതവും ശാസ്ത്രവും എങ്ങിനെ ജീവിതത്തിന്റെ പൂരണമാവുന്നു ?

ഉത്തരം : മനുഷ്യ ജീവിതം മുന്നോട്ട് പോവുന്നത് സമ്പന്നമായ സംസ്‌കാരത്തോടെയും, നാഗരികതയോടെയുമാണ്. സംസ്‌കാരം വളര്‍ന്നു വരുന്നത് മതം മുന്നോട്ടുവെക്കുന്ന ധര്‍മ്മ ശാസ്ത്രത്തിലൂടെയും നാഗരികത വളരുന്നതും മനുഷ്യന്‍ സുഗമമായി മുന്നോട്ട്‌പോവുന്നതും പ്രകൃതി ശാസ്ത്രം വഴിയുമാണ്. നിരുപാധികം ശാസ്ത്രമെന്നു പറഞ്ഞാല്‍ പ്രകൃതി ശാസ്ത്രം (natural science ) ആണ് ആധുനിക പാരികല്പനയില്‍ .ശാസ്ത്രം അതിജീവനത്തെ സാധ്യമാക്കുമ്പോള്‍ മതം മനുഷ്യന്റെ സംസ്‌കൃതിയെ ഉന്നം വെക്കുന്നു. രണ്ടും ജീവിതത്തിനു പൂരണം നല്‍കുന്നു.

ശാസ്ത്രത്തെ മൊത്തമായി ഏറ്റെടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇത്തിക്കണ്ണികളുടെ ഒരു കൂട്ടായ്മയാണ് ഇപ്പോള്‍ സ്വതന്ത്ര ചിന്തകരും നാസ്തിക യുക്തിവാദികളും.മതം പ്രത്യേകിച്ചു ആധുനിക കാലത്തിലേക്ക് ശാസ്ത്രത്തെ പരിചയപ്പെടുത്തിയ ഇസ്ലാം, ശാസ്ത്രത്തിനു ഒരു സംഭാവനയും ചെയ്തില്ല എന്ന് ഗീര്‍വാണം മുഴക്കുന്നവര്‍ ശാസ്ത്ര ചരിത്രത്തെ കുറിച്ച് അജ്ഞരാണ്. ഇസ്ലാമിന്റെ ആധികാരിക ഗ്രന്‍ഥം - ഖുര്‍ആന്‍ - തൊടുത്തു വിട്ട ബൗദ്ധിക ഊര്‍ജ്ജം കൊണ്ടാണ് മുസ്ലിംകള്‍ മധ്യകാലത്ത് ശാസ്ത്രത്തില്‍ മുന്നേറിയതും അതിനെ വികസിപ്പിച്ചതും. യുദ്ധത്തിന്റെ കെടുതികളും മറ്റു ചരിത്ര പരമായ അനിവാര്യ കാരണങ്ങളെ കൊണ്ടും മുസ്ലിംകളുടെ ശാസ്ത്ര സംഭാവന ആധുനിക കാലത്തില്‍ കുറഞ്ഞെന്നത് ശരിയായിരിക്കാം. ശാസ്ത്ര ചരിത്രം പരിശോധിച്ചാല്‍ ശാസ്ത്രത്തെ ലോകത്തിന് മൊത്തമായി മുസ്ലിംകള്‍ സമര്‍പ്പിച്ചു എന്നതാണ് ശരി. ഇന്നിത് മനുഷ്യ സഞ്ചയത്തിന്റെ പൊതു സ്വത്തായി വളര്‍ന്നിരിക്കുകയാണ്.

ദൈവവിശ്വാസത്തിന്റെ പ്രമാണങ്ങളിലൊന്നായാണ് ഇസ്ലാം ശാസ്ത്രത്തെ വീക്ഷിക്കുന്നത്. പ്രപഞ്ചത്തിന്റെ ശാസ്ത്രീയ പഠനത്തിലൂടെ ദൈവത്തിന്റെ ശക്തി വൈഭവം തിരിച്ചറിയാന്‍ ഖുര്‍ആനില്‍ പലയിടങ്ങളില്‍ ആഹ്വാനം നടത്തുന്നു. ദൈവിക ശാസനകള്‍ നിറവേറ്റുന്നതിന്റെ ഭാഗമായി ശാസ്ത്രീയ അന്വേഷണങ്ങള്‍ അനിവാര്യമായ ഒരു വിഭാഗമാണ് മുസ്ലിംകള്‍ . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഖിബ്ല തിരിച്ചറിയാനും, നിസ്‌കാര സമയം കൃത്യതപ്പെടുത്താനും ശാസ്ത്രീയ അന്വേഷണങ്ങളെ മതപരമായി തന്നെ ത്വരിതപ്പെടുത്തിയവരാണ് ആദ്യകാല മുസ്ലിം പണ്ഡിതര്‍. മതവും ശാസ്ത്രവും ഇസ്ലാമില്‍ ശത്രുക്കളല്ല; പരസ്പരപോഷകങ്ങളാണ്. മതം ശാസ്ത്രത്തിനും ശാസ്ത്രം മതവിശ്വാസത്തിനും പരസ്പരം ഊര്ജ്ജവും ദിശാബോധവും പകരുന്നുണ്ട്. ശരിയായ മതബോധമില്ലാത്ത ശാസ്ത്രം അപൂര്‍ണ്ണമാണ്. ശാസ്ത്രവളര്ച്ചക്ക് തുരങ്കം വെക്കുന്ന മതം സങ്കുചിതവുമാണ്.

ചോദ്യം : ശാസ്ത്രത്തിന്റെ വിവിധ തരം പരികല്പനകള്‍ എന്തൊക്കെയാണ് ?

ഉത്തരം : ശാസ്ത്രം എന്നാല്‍ അറിവ് എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് പദം Science ന് സമാനമാണ്. ശാസിക്കപ്പെട്ടത് എന്ന നിലയ്ക്ക് ഒരര്‍ത്ഥ കല്പന പഴയ കാലത്ത് ഇതിനുണ്ടെങ്കിലും, ഈ ഒരര്‍ത്ഥത്തിനല്ല ആധുനിക കാലത്ത് ഇത് ഉപയോഗിച്ച് വരുന്നത്. പ്രപഞ്ചത്തിന്റെ അറിവ് നേടാന്‍ വേണ്ടി പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപെടുത്തുന്ന അറിവുകളുടെ സമാഹാരവും അതിന്റെ മാര്‍ഗ്ഗത്തെയും ഒന്നിച്ചു ചേര്‍ത്തതാണ് ആധുനിക കാലഘട്ടത്തില്‍ ശാസ്ത്രം.

ലളിതമായി പറഞ്ഞാല്‍ ശാസ്ത്രമെന്നാല്‍ വ്യവസ്ഥാപിതമായ പഠനവും അതിന്റെ മാര്‍ഗ്ഗവുമാണ് ശാസ്ത്രം. ശാസ്ത്രം പല ശാഖകളായി തിരിയുന്നുണ്ട്. ഓരോ ശാസ്ത്രത്തിനും വ്യവസ്ഥാപിതമായ പഠനത്തിന് അതിന്റേതായ രീതിശാസ്ത്രം അഥവാ മെത്തഡോളജി ഉണ്ടാവും. പ്രകൃതിയെ കുറിച്ചുള്ള ശാസ്ത്ര ശാഖയാണ് പ്രകൃതി ശാസ്ത്രം.

പതിനേഴാം നൂറ്റാണ്ടില്‍ തത്ത്വശാസ്ത്രത്തിന്റെ ഒരു ശാഖയായിപ്രകൃതി ശാസ്ത്രത്തെ പരിഗണിച്ചു തുടങ്ങി. പൗരാണിക കാലത്തെ ഇത് നിലവില്‍ വന്നിരുന്നെങ്കിലും പ്രകൃതിയുടെ തത്ത്വശാസ്ത്രമായി ഇതിനെ ഗണിക്കപ്പെട്ടുപോന്നു. ഇന്നിതിനെ നാച്ചുറല്‍ സയന്‍സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രകൃതി ശാസ്ത്രം വീണ്ടും ശാഖകളായി തരംതിരിയുന്നു. ജീവ ശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം, ഗേള ശാസ്ത്രം,ഭൂമി ശാസ്ത്രം എന്നിങ്ങനെയാണ് ഈ വിഭാഗങ്ങള്‍ . ഫിലോസോഫിയുടെ ഭാഗമായി ഉരുത്തിരിഞ്ഞു വന്നതാണ് ശാസ്ത്രമെങ്കിലും പരിഷ്‌കൃത ഉപകരണങ്ങളുടെ സാന്നിദ്ധ്യത്തില്‍ , പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്ന ഭൗതിക പ്രപഞ്ചത്തിന്റെ സ്വഭാവ സവിശേഷതകളെ കുറിച്ചുള്ള അറിവാണ് ഇന്ന് പ്രകൃതി ശാസ്ത്രം അഥവാ നാച്ചുറല്‍ സയന്‍സ്.

എല്ലാ സയന്‍സിലും ഫോര്‍മല്‍ സയന്‍സായ ഗണിതവും ലോജിക്കും അത്യന്താപേക്ഷിതമാണ്. ഫിലോസഫിയും ലോജിക്കും ഗണിതവും വളരെ പ്രധാനപ്പെട്ട ടൂളുകളായി പരിഗണിക്കുന്നു.

ശാസ്ത്രത്തിനു അറിവിന്റെ എല്ലാ മേഖലകളിലും ശാഖകള്‍ ഉണ്ട്. ചുരുക്കത്തില്‍ സ്വാഭാവികലോകത്തെ ചിട്ടയോടെ പഠിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം എന്ന അര്‍ത്ഥത്തിലാണ് ശാസ്ത്രത്തെ മനസ്സിലാക്കിപ്പോരുന്നത്.

അറിവ് എന്നതാണ് മൂല അര്‍ത്ഥം എന്നത് കൊണ്ട് 'ശാസ്ത്രീയമായ' എന്ന പ്രയോഗത്തിന് അറിവ് നല്കാന്‍ പര്യാപ്തമായ, ബുദ്ധിപരമായ, വ്യവസ്ഥാപിതമായ, യുക്തിഭദ്രമായ എന്നല്ലാ അര്‍ത്ഥകല്പനകളും ഉണ്ട്.

ചോദ്യം : ശാസ്ത്രം നാസ്തികയെ പിന്തുണക്കുന്നുവോ?/ ശാസ്ത്രം ദൈവത്തെ നിരാകരിക്കുന്നുവോ?

ഉത്തരം : ശാസത്രം പ്രപഞ്ചത്തിന്റെ സ്വാഭാവിക വ്യവസ്ഥയെ പഠിക്കാനുള്ള മാര്‍ഗ്ഗമാണ്. ശാസ്ത്രം പ്രപഞ്ച നിയമങ്ങളെ ഉണ്ടാക്കുന്നില്ല. പ്രപഞ്ച നിയമങ്ങളെ അനുകരിച്ചും പ്രയോഗിച്ചും പുതിയ സങ്കേതിക വിദ്യകളെ വികസിപ്പിക്കുകയുമാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം. അപ്പോഴും ബാക്കി നില്‍ക്കുന്ന ചോദ്യം ഈ പ്രപഞ്ചത്തിന് ഇത്രയും വ്യവസ്ഥാപിത സങ്കീര്‍ണ്ണത പ്രദാനം ചെയ്തതും ഇതിന്റെ സ്ഥിതി സാധ്യമാക്കുന്നതും അരാണ് എന്നാണ്.

ശാസ്ത്രം പ്രകൃതി നിയമങ്ങളെ പഠിക്കുകയാണ്. നിയാകനെ കുറിച്ച് അന്വേഷിക്കുന്നില്ല. അത്തരമൊരു അന്വേഷണം ശാസ്ത്രത്തിന്റെ സ്‌കോപ്പില്‍ പെടില്ല. അതിന് തത്ത്വശാസ്ത്രം നിശ്ചയിച്ച പഠനശാഖ ദൈവശാസ്ത്രം അഥവാ തിയോളജിയാണ്. തിയോളജി പ്രകാരം ഈ പ്രപഞ്ചത്തിന്റെ വ്യവസ്ഥാപിത സങ്കീര്‍ണ്ണതയുടെ സൃഷ്ടിക്കു പിന്നിലെ അനിവാര്യ അസ്തിത്വമാണ് ദൈവം. അഥവാ ശാസ്ത്രം ദൈവത്തെ നിരാകരിക്കുന്നില്ല എന്നു മാത്രമല്ല ശാസ്ത്രീയ അന്വേഷണഞളിലൂടെ മനുഷ്യര്‍ക്ക് ബോധ്യം വന്ന വ്യവസ്ഥാപിത സങ്കീര്‍ണ്ണതകള്‍ ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കുകയാണ് ചെയ്യുന്നത്.

ചോദ്യം : ശാസ്ത്രത്തിന്റെ സ്‌കോപ്പ് എവിടെയാണ് ?

ഉത്തരം : ശാസ്ത്രം നാച്ചുറല്‍ സയന്‍സ് എന്ന ആധുനിക പാരികല്പനയിലേക്കു ഒതുങ്ങുകയാണ് എങ്കില്‍ ഭൗതിക വസ്തുക്കളില്‍ , അതിന്റെ ആന്തരിക ഘടനയില്‍, ബാഹ്യ സ്വഭാവങ്ങളില്‍ ഒക്കെയുള്ള വ്യവസ്ഥാപിതമായ പഠനത്തില്‍ ഒതുങ്ങിയതാണ് ശാസ്ത്രത്തിന്റെ സ്‌കോപ്പ്. അറിവന്വേഷണത്തിന്റെ എല്ലാ വിധാനങ്ങളെയും ഉള്‌കൊള്ളിക്കുന്ന ക്ലാസ്സിക് അര്‍ത്ഥമാണ് ശാസ്ത്രത്തിനുള്ളത് എങ്കില്‍ ഫിലോസഫിയുടെ എല്ലാ മേഖലയും ശാസ്ത്രത്തിനുള്ളതാണ്.

ചോദ്യം : ശാസ്ത്രവും തത്ത്വശാസ്ത്രവും എങ്ങിനെയാണ് ബന്ധപ്പെട്ടു കിടക്കുന്നത് ?

ഉത്തരം : ഭൗതിക വസ്തുക്കളെ കുറിച്ചുള്ള വ്യവസ്ഥാപിത പഠനമാണ് ശാസ്ത്രം. എല്ലാ പ്രാപഞ്ചിക വസ്തുക്കളെ കുറിച്ചും , പ്രപഞ്ചേതര അസ്തിത്വങ്ങളെ കുറിച്ചുമുള്ള അടിസ്ഥാന പഠനമാണ് തത്ത്വശാസ്ത്രം. ശാസ്ത്രീയമായോ നിരീക്ഷണത്തിലൂടെയോ കണിശമായി വിശദീകരിക്കാന്‍ സാധിക്കാത്ത പൊതുവിഷയങ്ങളെക്കുറിച്ചുള്ള യുക്തിപൂര്‍വ്വകമായ പഠനമാണ് തത്ത്വചിന്ത അഥവ തത്ത്വശാസ്ത്രം. ശാസ്ത്രം തന്നെയും തത്ത്വശാസ്ത്രത്തിന്റെ ഒരു ഭാഗമായിരുന്നുപതിനേഴാം നൂറ്റാണ്ട് വരെ. ശാസ്ത്രവും തത്ത്വശാസ്ത്രവും രണ്ടായിട്ടുള്ള വിഭജനം പില്‍ക്കാല പാരികല്പനയാണ്. തത്ത്വ ശാസ്ത്രമില്ലാതെ ശാസ്ത്രത്തിനു മുന്നോട്ടു പോവാന്‍ കഴിയില്ല. നാച്ചുറല്‍ സയന്‍സിനു ആധാരമാക്കേണ്ടി വരുന്ന ലോജിക്കും ഗണിതവും അടങ്ങുന്ന ഫോര്‍മല്‍ സയന്‍സ് ഫിലോസോഫിയുടെ സംഭാനവയാണ്. എക്കാലത്തും അറിവിന്റെ സത്യത അളക്കുന്നത് ലോജിക്ക് കൊണ്ടാണ്. അത് ശാസ്ത്രമായാലും തത്ത്വശാസ്ത്രമായാലും.