വിധി വിശ്വാസം : ഒരു യുക്തി വിചാരം
ഇസ്ലാമിലെ മർമ്മപ്രധാനമായ ആറ് അടിസ്ഥാന വിശ്വാസങ്ങളിൽ പെട്ടതാണ് വിധിവിശ്വാസം. അഥവാ പ്രപഞ്ചത്തിൽ ഇന്നുവരെ കഴിഞ്ഞതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതുമായ സകലകാര്യങ്ങളും അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള നിശ്ചയപ്രകാരമാണ് നടക്കുന്നത് എന്ന വിശ്വാസം.
ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ, അനുഷ്ഠാന കാര്യങ്ങളെ സംബന്ധിച്ച് സദസ്യർക്ക് ഗ്രാഹ്യമാകും വിധം സുവ്യക്തമാക്കാൻ ജിബ്‌രീൽ മാലാഖ തിരുനബിക്ക് സമീപം ഇരുന്ന് ചോദിച്ചപ്പോൾ തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച പ്രശസ്ത ഹദീസാണല്ലോ.
സർവലോക സ്രഷ്ടാവും പരിപാലകനുമായ ഒരു രക്ഷിതാവ് തനിക്കുണ്ടെന്നും അവൻ കാരുണ്യവാനും നീതിമാനുമാണെന്നും അവന്റെ മുൻ നിശ്ചയം അനുസരിച്ചാണ് ഇവിടെ ഒരു ഇല പോലും അനങ്ങുക യുള്ളൂ എന്നുമുള്ള വിശ്വാസം ഒരു അടിമയുടെ ജീവിതത്തിൽ പകരുന്ന കരുത്ത് അപാരമാണ്.
തുടർ ഗമനത്തിനുള്ള കവാടങ്ങളഖിലവും കൊട്ടിയടക്കപ്പെട്ട്, ജീവിതം വഴിമുട്ടിയ വന് പ്രതീക്ഷയുടെ പുതിയ പുലരി യാണ് വിധി. അപ്രതീക്ഷിത ആഘാതങ്ങൾ ഏറ്റ് അസഹനീയമായ വേദനയാൽ വിങ്ങുന്ന മനസ്സുകൾക്കത് സാന്ത്വനത്തിന്റെ പൊൻതൂവലാണ്. നഷ്ടബോധവും നിർഭാഗ്യ ചിന്തയും വരിഞ്ഞുമുറുക്കി നിരാശയോടെ ജീവിതത്തോട് പുറംതിരിഞ്ഞവന് മുന്നോട്ടു കുതിക്കുവാനുള്ള ഊർജ്ജമാണ്. ഇങ്ങനെ ഒരടിമയിൽ വിധിവിശ്വാസം ചെലുത്തുന്ന സ്വാധീനങ്ങൾ അനവധിയാണ്.
അതേ സമയം സ്വന്തം ഉത്തരവാദിത്വം മറന്ന്, കടപ്പാടുകളിൽ നിന്നകന്ന് നിഷ്ക്രിയനായി അടങ്ങിയിരിക്കാനും ഇസ്ലാം അനുവദിക്കുന്നില്ല. സ്വന്തം കർമ്മ ഭാരം അപരനിൽ അടിച്ചേൽപ്പിച് വിധിയെ പഴിച്ചിരിക്കാനും അവസരമില്ല. മറിച്ച് സ്വന്തം കർമ്മങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ജീവിത വിജയത്തിനായി കർമ്മനിരതനാവാനും ഒപ്പം തന്നിൽ വന്നു ഭവിക്കുന്ന ആഘാതങ്ങളിൽ ക്ഷമ കൈകൊണ്ട് പ്രതീക്ഷയോടെ മുന്നേറാനും പ്രാപ്തമാക്കുക യാണ് ഇസ്ലാമിലെ വിധി വിശ്വാസം.
വിവിധ ആശയധാരകൾ
പ്രകൃതി നിയമങ്ങളും പ്രപഞ്ച പ്രതിഭാസങ്ങളുമെല്ലാം അല്ലാഹുവിന്റെ അലംഘനീയമായ വിധി അനുസരിച്ചാണ് സംഭവിക്കുന്നത് എന്നതിൽ കൂടുതൽ തർക്കങ്ങൾക്ക് പ്രസക്തിയില്ല. എന്നാൽ മനുഷ്യന്റെ കർമ്മങ്ങളും അപ്രകാരം സൃഷ്ടാവിന്റെ മുൻവിധി അനുസരിച്ചാണോ,അതോ മനുഷ്യന് പ്രവർത്തി സ്വാതന്ത്ര്യമുണ്ടോ? തുടങ്ങിയ വിഷയങ്ങളിൽ അനേകം ചർച്ചകളും സംവാദങ്ങളും പൂർവ കാലം മുതലേ അരങ്ങേറിയിട്ടുണ്ട്. നാലാം ഖലീഫ അലി (റ), റഈസുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ് (റ) തുടങ്ങിയ ശ്രേഷ്ഠ സ്വഹാബികൾ അക്കാലത്തു തന്നെ പ്രകടമായ തെറ്റിദ്ധാരണകൾ തിരുത്തി, കൃത്യമായ വിശ്വാസം അവതരിപ്പിച്ചത് ചരിത്രത്തിൽ കാണാം.
മനുഷ്യന്റെ കർമ്മങ്ങൾ എങ്ങിനെയാവണം എന്ന വിഷയത്തിൽ അല്ലാഹുവിന് യാതൊരു അറിവും നിശ്ചയവും ഇല്ലെന്നായിരുന്നു ഖദരികൾ വാദിച്ചത്. കാരണം അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണ് മനുഷ്യന്റെ പ്രവർത്തികളെങ്കിൽ അവന്റെ സൽ കർമ്മങ്ങൾക്കും ദുഷ്കർമ്മങ്ങൾക്കുമെല്ലാം ഉത്തരവാദി അള്ളാഹു തന്നെയായിരിക്കും. അപ്പോൾ മനുഷ്യന് പ്രതിഫലവും ശിക്ഷയും നൽകുന്നത് നിരർത്‌ഥകമാകും എന്നതായിരുന്നു അവരുടെ ന്യായം. പക്ഷേ അല്ലാഹുവിന്റെ അറിവിനെയും വിധിയേയും പരിമിതപ്പെടുത്തുകയെന്ന ഗുരുതരമായ വീഴ്ച അവരിൽ സംഭവിച്ചു. ഹിജ്റ 72 ൽ മരണപ്പെട്ട മഅബദു ബിനു ഖാലിദിനിൽ ജുഹനി ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവ്.
ഖദരികളോട് കൂടുതൽ സമാനത പുലർത്തുന്നവരായിരുന്നു മുഅതസിലത്. മനുഷ്യന്റെ ചെയ്തികൾ രൂപപ്പെടുന്നതിന്റെ നിദാനം സ്വന്തം തീരുമാനത്തിൽ പരിമിതമാണെന്ന് മാത്രമല്ല കർമ്മങ്ങൾ സൃഷ്ടിക്കുന്നതു കൂടി മനുഷ്യൻ തന്നെയാണ് എന്നാണ് അവരുടെ വാദം. കർമ്മങ്ങളെ സൃഷ്ടിക്കാൻ കൂടി മനുഷ്യന് കഴിവുണ്ടെങ്കിലേ അവനോടുള്ള കൽപനകൾക്ക് പ്രസക്തിയുണ്ടാവൂ എന്നതാണ് അവരുടെ ന്യായം. വാസിലുബ്നു അതാഅ ആണ് അവരുടെ സ്ഥാപക നേതാവ്.
എന്നാൽ ഖദരിയ്യത്തിനെതിരെ രൂപപ്പെട്ട മറ്റൊരു അതിവാദമായിരുന്നു ജബ്രിയ്യത്. സർവ്വ കാര്യങ്ങളും അല്ലാഹുവിന്റെ തീരുമാനം ആകയാൽ മനുഷ്യന്റെ കർമ്മങ്ങളും അല്ലാഹു അടിച്ചേല്പിക്കുന്ന താണ്, അവയിൽ മനുഷ്യന് യാതൊരു സ്വാതന്ത്ര്യവും ഇല്ലെന്നവർ വാദിച്ചു. മറ്റൊരാളുടെ റിമോട്ട് കൺട്രോളിന്ന് വിധേയമാകുന്ന റോബോട്ട് കണക്കെ മനുഷ്യർ അല്ലാഹുവിന്റെ കളിപ്പാവകളാണെന്നാണ് അവരുടെ പക്ഷം. മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം കൈവന്നാൽ അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള വിധിയെ നിഷേധിക്കലായിരിക്കും എന്നതാണ് അവരുടെ ന്യായം. ജഹ്മുബ്നു സഫ്‌വാന്റെ നേതൃത്വത്തിലാണ് അവർ സംഘടിതമായത് .
ഇത്തരം വികല വാദങ്ങൾക്കെതിരെ സമൂഹത്തിൽ ഇസ്ലാമിന്റെ ഋജുവായ വിശ്വാസം പകർന്നു കൊടുത്തവരായിരുന്നു അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പൂർവസൂരികൾ. മഹാനായ ഇമാം അബൂ ഹസനിൽ അശ്അരി (റ), അബു മൻസൂരിനിൽ മാതുരീതി (റ) യും അവരിൽ പ്രധാനികളായിരുന്നു. മനുഷ്യന്റെ ചെയ്തികളടക്കം ലോകത്തുള്ള സർവ്വവും അല്ലാഹുവിന്റെ മുൻ നിശ്ചയം അനുസരിച്ചാണ് നടക്കുന്നതെന്ന് അംഗീകരിക്കുന്നതോടൊപ്പം മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നൽകിയിട്ടുമുണ്ടെന്നാണ് അവർ പഠിപ്പിച്ചത്. അഥവാ മനുഷ്യന്റെ കർമ്മത്തിനുള്ള സ്വാതന്ത്ര്യം അല്ലാഹുവിന്റെ നിശ്ചയത്തിനതീതമല്ല. മറിച്ച് അങ്ങനെ സ്വാതന്ത്ര്യം അനുഭവിക്കണം എന്നു തന്നെയാണ് അല്ലാഹുവിന്റെ നേരത്തെയുള്ള നിശ്ചയം.
- അബ്ദുന്നാസർ സുറൈജി മണ്ടാട്
തുടർന്ന് വായിക്കാം: സ്വാതന്ത്ര്യവും അറിവും ഏറ്റു മുട്ടുന്നുവോ!