സ്രഷ്ടാവിന് വചനങ്ങളോ? ഖുർആൻ

സ്രഷ്ടാവിന് വചനങ്ങളോ?

By rationaleclub | 12/2/2021

ചോദ്യം : ലോകത്തിന് ഒരു സ്രഷ്ടാവ് വേണമെന്ന് സമ്മതിക്കുന്നു. എന്നാല്‍ ആ സ്രഷ്ടാവ് മുഹമ്മദ് നബി പരിചയപ്പെടുത്തിയ അല്ലാഹു തന്നെയാകണം എന്ന് എന്താണിത്ര വാശി..?

ഉത്തരം : പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് പ്രപഞ്ചാതീതനായിരിക്കണം എന്നുറപ്പാണല്ലോ. അതായത് പ്രാപഞ്ചികമായ ഒരു ഗുണവും അവന് ഉണ്ടാകരുത്. അവന്‍ ഖരമോ ദ്രാവകമോ പ്ലാസ്മയോ അല്ല. അവന്‍ കയറുന്നവനോ ഇറങ്ങുന്നനോ അല്ല. അവന്‍ ജനകനോ ജാതനോ അല്ല. അവന്‍ ഒന്നിനേയും ആശ്രയിക്കേണ്ടതില്ല.

പൂര്‍ണ്ണതയുടെ മുഴുവന്‍ ഗുണവിശേഷണമുള്ള ന്യൂനതയൊന്നുമില്ലാത്ത സര്‍വ്വശക്തനും സര്‍വ്വജ്ഞനും.. സ്ഥലകാല സങ്കല്‍പ്പങ്ങള്‍ക്കതീതന്‍. അങ്ങനെയുള്ള ഒരേ ഒരു ശക്തിക്കു മാത്രമേ പ്രപഞ്ചാതീതന്‍ എന്ന വിശേഷണം ചേരുകയുള്ളൂ. ഇന്ന് അറിയപ്പെടുന മതങ്ങളുടെ കൂട്ടത്തില്‍ ഇസ്‌ലാം മാത്രമാണ് അങ്ങനെ ഒരു ദൈവത്തെ പരിചയപ്പെടുത്തുന്നത്. അവന് മുസ്ലിംകള്‍ വിളിക്കുന്ന പേരാണ് അല്ലാഹു.

ചോദ്യം : മേല്‍ പറഞ്ഞ ഗുണങ്ങളെല്ലാം ഉള്ള ഒരു ശക്തിയില്‍ വിശ്വസിച്ചത് കൊണ്ട് മാത്രം ദൈവ വിശ്വാസം സമ്പൂര്‍ണ്ണമാവുമോ?

ഉത്തരം : ഇല്ല. ദൈവം അവനെക്കുറിച്ച് നമ്മോട് പറഞ്ഞതെല്ലാം വിശ്വസിക്കണം. മാത്രവുമല്ല അവന്‍ വിശ്വസിക്കാന്‍ കല്‍പ്പിച്ചതെല്ലാം വിശ്വസിക്കണം. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ ദൈവ വിശ്വാസി ആവുകയുള്ളൂ.

ചോദ്യം : ദൈവം അവനെക്കുറിച്ച് നമ്മോട് പറഞ്ഞതെല്ലാം വിശ്വസിക്കണം എന്ന് പറഞ്ഞല്ലോ. അതിന് ദൈവം മനുഷ്യരോട് സംസാരിക്കുന്നുണ്ടോ? ഏതാണ് അവന്റെ വചനങ്ങള്‍?

ഉത്തരം : അതെ, മുഹമ്മദ് നബിയിലൂടെ ദൈവം മനുഷ്യര്‍ക്ക് അവതരിപ്പിച്ച അവന്റെ വചനങ്ങളാണ് ഖുര്‍ആന്‍.

ചോദ്യം : ഒരു ദൈവത്തിന് വചനങ്ങളുണ്ടാവണം എന്ന് എന്താണിത്ര നിര്‍ബന്ധം?

ഉത്തരം : കൃത്യമായ ആസൂത്രണം ഈ വിസ്മയകരമായ പ്രപഞ്ചത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടന്ന് സാമാന്യ ബുദ്ധി പറയുന്നില്ലേ? അങ്ങനെയുള്ള ഒരു ശക്തി കഴിവും അറിവും ഉദ്ദേശ്യവും ഉള്ളവനായിരിക്കണ്ടേ? കേള്‍വിയും കാഴ്ചയുമുള്ള അവന്‍ സംസാരിക്കാന്‍ മാത്രം കഴിയാത്തവനാണന്ന് പറയുന്നത് ബുദ്ധിശൂന്യതയല്ലേ? അന്ധനും ബധിരനും മൂകനുമായ കഴിവ് കെട്ട, വിവരമില്ലാത്ത പൊട്ടനാണ് സംസാരവും കാഴ്ചയും കേള്‍വിയുള്ള ബുദ്ധിയും അറിവുമുള്ള മനുഷ്യരാശി ഉള്‍കൊള്ളുന്ന ഈ പ്രപഞ്ചത്തയാകമാനം സൃഷിടിച്ചതെന്ന് വിശ്വസിക്കാന്‍ ബുദ്ധിയുള്ളവര്‍ക്കാകുമോ?

ചോദ്യം : സംസാരം എന്നാല്‍ നാവിന്റെയും മറ്റും ചലനങ്ങള്‍ മുഖേനയുണ്ടാകുന്ന ശബ്ദങ്ങളല്ലേ? ദൈവം പദാര്‍ത്ഥാതീതനല്ലേ? അവന് നാവുണ്ടോ? പിന്നെ എങ്ങനെ അവന് വചനങ്ങളുണ്ടാവും?

ഉത്തരം : നല്ല ചോദ്യം. ശരിയാണ്; അവന് നാവില്ല; അവന് കണ്ണോ കാതോ ഇല്ല. എങ്കിലും കാണുകയും അറിയുകയും സംസാരിക്കുകയും ചെയ്യും. കാരണം അതെല്ലാം സമ്പൂര്‍ണ്ണതയുടെ ഗുണങ്ങളാണ്. ആദിയില്‍ തന്നെ ഉള്ളതും അനന്തയില്‍ നിലനില്‍ക്കുന്നതുമാണ് അവന്റെ ഗുണങ്ങള്‍. അവക്ക് അവയവങ്ങളുടെ അവശ്യമില്ല. സംസാരിക്കാന്‍/ അറിയാന്‍ അവയവങ്ങള്‍ ആവശ്യമാവുക എന്നത് ന്യൂനതയാണ്. അവയവങ്ങള്‍ പദാര്‍ത്ഥങ്ങളാണ്. അവന്‍ പദാര്‍ത്ഥാതീതനാണല്ലോ.

ചോദ്യം : സംസാരത്തില്‍ ഒരു പദത്തിന്റെ ശേഷമല്ലേ മറ്റൊരു പദമുണ്ടാകുന്നത്. അപ്പോള്‍ ഒരോ പദങ്ങളും പുതിയതല്ലേ? അനാദിയില്‍ എങ്ങനെയാണ് ഈ പുതിയ പ്രതിഭാസങ്ങള്‍ ഉണ്ടാവുക? വായുവും ശബ്ദവും സംസാരത്തിന് ആവശ്യമല്ലേ?

ഉത്തരം : 'എന്റെ മനസ്സില്‍ നിന്നോട് ഒരു വര്‍ത്തമാനം ഉണ്ട' എന്ന് നാം പറയാറില്ലേ? ആ വര്‍ത്തമാനത്തിന് ക്രമമില്ലല്ലോ. ശബ്ദവും വായുവും ആവശ്യമില്ലല്ലോ. ഖുര്‍ആന്‍ മനഃപാഠമാക്കിയ ഒരാളുടെ മനസ്സില്‍ ഖുര്‍ആനുണ്ട്. മനസ്സില്‍ അതിന് ഒരു ക്രമമില്ല; ശബ്ദമില്ല. എന്നാല്‍ പുറത്തേക്ക് വരുമ്പോള്‍ അതിന് ക്രമവും ശബ്ദവുമുണ്ടാകും.

പെട്ടന്ന് മനസ്സിലാകുന്ന ഒരു ഉദാഹരണം കൂടി പറയാം. എത്രയോ ജിബി വിവരങ്ങള്‍ ഉള്‍ക്കാള്ളുന്ന ഒരു ചിപ്പിനെ സങ്കല്‍പ്പിച്ച് നോക്കൂ. എല്ലാ വിവരങ്ങളും അതിലുണ്ട്. പക്ഷേ അതില്‍ ക്രമമുണ്ടോ? ഇല്ല പക്ഷേ, പുറത്തേക്ക് വരുമ്പോള്‍ തീര്‍ച്ചയായും ക്രമമുണ്ട്. ചുരുക്കത്തില്‍ അനാദിയായ ദൈവത്തിന്റെ സത്തയില്‍ നില്‍ക്കുന്ന അനാദിയായ വര്‍ത്തമാനമാണ് അവന്റെ വചനം. അത് സൃഷ്ടിയല്ല.

ചോദ്യം : അപ്പോള്‍ ഈ വചനങ്ങള്‍ സൃഷ്ടികളായ നമ്മളിലേക്ക് എങ്ങനെയാണ് എത്തുന്നത്?

ഉത്തരം : അവന്റെ സത്തയില്‍ നിലനില്‍ക്കുന്ന ഈ ആശയത്തിന്റെ ഭാഷാപരമായ ആവിഷ്‌കാരം ജിബ്‌രീല്‍ എന്ന മാലാഖയുടെ മുമ്പില്‍ തെളിയുകയാണ്. ആ പദങ്ങളാണ് നിശ്ചിത സമയങ്ങളില്‍ അവന്‍ തെരെഞ്ഞെടുത്ത ദാസനായ മുഹമ്മദ് നബിക്ക് അവതരിപ്പിച്ച് കൊടുക്കുന്നത്.

ചോദ്യം : ശരി. അവന്ന് വചനങ്ങളുണ്ടന്ന് ഏറെക്കുറെ മനസ്സിലായി. ഇനി വചനങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ നാം അത് ശ്രദ്ധിക്കണം എന്ന് എന്താണിത്ര നിര്‍ബന്ധം?

ഉത്തരം : ഒരു കഥ പറയാം. നിങ്ങള്‍ നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ട്. വിശന്ന് വലഞ്ഞ് നടക്കുന്നതിനിടെ നിങ്ങള്‍ ഒരിടത്ത് തളര്‍ന്ന് വീണു. വീണിടത്ത് കിടന്ന് നിങ്ങളുറങ്ങിപ്പോയി. നിങ്ങളുടെ അവശത കണ്ട് ഒരാള്‍ നിങ്ങളെ തന്റെ കൊട്ടാരത്തിലേക്ക് കൊണ്ട് പോയി കിടത്തി. ശീതീകരിച്ച മുറിയിലെ പട്ടുമെത്തയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ക്കാവശ്യമായതെല്ലാം അവിടെ ഉണ്ടായിരുന്നു. ശുദ്ധജലം, ശുചീകരണ സൗകര്യങ്ങള്‍. രുചികരമായ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍, ആനന്ദകരമായ കാഴ്ചകള്‍ അങ്ങനെ എല്ലാം. നിങ്ങള്‍ ഉറങ്ങി എണീറ്റ്, പല്ല് തേച്ച്, മൂത്രമൊഴിച്ച്, ദാഹം തീര്‍ത്ത്, വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങള്‍ മൂക്കറ്റം തട്ടി മുന്നും പിന്നും നോക്കാക്കെ അവിടെ നിന്നും സ്ഥലം കാലിയാകുമോ? ആരാണ് ഇതൊക്കെ ചെയ്ത് തന്നതെന്ന് അന്വേഷിക്കേണ്ടത് അയാളുടെ ധാര്‍മ്മികമായ ബാധ്യതയല്ലേ? ആരാണ് ഇതൊക്കെ ഒരുക്കിയതെന്നും അയാള്‍ നിങ്ങളില്‍ നിന്നും എന്തൊക്കെയാണന്ന് ആവശ്യപ്പെടുന്നതെന്നും ആ വീട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ വിശേഷിച്ചും?

ചോദ്യം : വീട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അന്വഷിക്കാം എന്നത് ശരി. എന്നാല്‍ ദൈവ വചനങ്ങള്‍ എവിടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നറിയാത്തയാള്‍ എന്ത് ചെയ്യണം?

ഉത്തരം : അന്വേഷിക്കണം.

നോക്കൂ! നമ്മുടെ വീടിന്റെ ഉമ്മറത്ത് ഒരു കാല്‍ പെരുമാറ്റം കേള്‍ക്കുന്നു. നാം ഒരു പക്ഷേ, അപ്പോള്‍ തന്നെ വാതില്‍ തുറന്ന് അതാരാണെന്ന് ഉറപ്പു വരുത്തും. ഇല്ലെങ്കില്‍ പിറ്റേന്ന് അയല്‍വാസികളോട് അതേ കുറിച്ച് അന്വേഷിക്കും. രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി ഉണ്ടായാലോ? പ്രതിയെ പിടിക്കാന്‍ വേണ്ടി ഉറക്കമൊഴിച്ച് കാവല്‍ നില്‍ക്കാന്‍ വരെ നമ്മള്‍ തയാറാകും. ചിലപ്പോള്‍ നിങ്ങളുടെ ജീവിതവുമായി അതിന് ഒരു ബന്ധവുമുണ്ടാവില്ല. ഒരു പക്ഷേ, അത് പട്ടികളായിരിക്കും. ചിലപ്പോള്‍ അതൊന്നുമായിരിക്കില്ല. കാറ്റടിച്ചത്, കമ്പ് വീണത്, ഇലപൊഴിഞത്, പൂച്ച ഓടിയത്… കേവലം തോന്നിയത് ! എങ്കിലും നാം ഇടപെടുന്നു. അന്വേഷിക്കാനിറങ്ങുന്നു. നമ്മുടെ ജീവിതത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമോ എന്ന് ഭയന്നതിനാല്‍ !

പലപ്പോഴും നിങ്ങളുടെ ജീവിതവുമായി അതിന് വിദൂര ബന്ധമുണ്ടാകൂ. ചിലപ്പോള്‍ ഒരു ബന്ധവുമുണ്ടാവില്ല. എന്നിട്ടും നിങ്ങളത് അന്വേഷിക്കുന്നു. എന്തുകൊണ്ടാണത്?

നിങ്ങള്‍ ദിവസവും പത്രം വായിക്കുന്നു. ന്യുസ് കേള്‍ക്കുന്നു. ലോകത്ത് സംഭവിക്കുന്ന വിവരങ്ങള്‍ അറിയുന്നു. രാഷ്ട്രീയ മാറ്റങ്ങള്‍, യുദ്ധങ്ങള്‍, പൊട്ടിത്തെറികള്‍ ഓരോരുത്തരെ കുറിച്ച് വീണ്ടും വീണ്ടും വായിച്ചും കേട്ടും ചര്‍ച്ച ചെയ്തും പഠിക്കുന്നു. വിലയിരുത്തുന്നു. പലപ്പോഴും അയാള്‍ നിങ്ങളുടെ ആരുമല്ല. അയാള്‍ വഴി നിങ്ങള്‍ക്കൊന്നും കിട്ടാനില്ല. ഒരു വിപത്തും വരാനില്ല. എന്നിട്ടും!

എന്തുകൊണ്ടാണത്? അന്വേഷണം മനുഷ്യന്റെ ജന്മവാസനയാണ്. മൗലികാവകാശവും. അവന്റെ ജീവിതത്തിന്റെ വിജയ - പരാജയങ്ങളുമായി ബന്ധമുള്ളതാണെങ്കില്‍ അഥവാ ബന്ധമുണ്ടാകാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ നിര്‍ബന്ധ ബാധ്യതയുമാണ്.

ചുരുക്കത്തില്‍ തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു ദൈവമുണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ അവന്‍ തന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടത് മനുഷ്യന്റെ മൗലികമായ ബാധ്യതയാണ്.