പെൺ ചേലാകർമം:വിമർശനങ്ങൾ യുക്തിരഹിതം
ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സ്വത്ത് ആരോഗ്യമുള്ള മനസ്സും ശരീരവുമാണ്. ശുദ്ധമായ മനസ്സും രോഗങ്ങളില്ലാത്ത ശരീരവും കൈവരികുന്നതിൽ വ്യക്തിശുചിത്വത്തിന് വലിയ പങ്കുണ്ട്. വ്യക്തിശുചിത്വത്തിനും ആരോഗ്യത്തിനും പ്രാധാന്യം കൽപ്പിക്കുന്ന മതമാണ് ഇസ്‌ലാം. ശുദ്ധി വിശ്വാസത്തിന്റെ പകുതിയാകുന്നു എന്നാണ് പ്രവാചകർ തിരുനബി (സ്വ) പഠിപ്പിച്ചത്. അതുകൊണ്ടാണ് ചേലാകർമ്മത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നതും. മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്ന പുരുഷ ലിംഗത്തിന് മേലുള്ള അയഞ്ഞ ചർമ്മം(foreskin) പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് ചേലാകർമ്മം എന്ന് പറയുന്നത്. ഈ പരിഛേദന കർമ്മത്തെ ക്രൂരവും പ്രാകൃതവുമായി ചിത്രീകരിക്കാനുള്ള ശ്രമം കാലങ്ങളായി ഇസ്ലാം വിമർശകർ നടത്തികൊണ്ടിരിക്കുന്നുണ്ട്. ചേലാകർമ്മത്തിലെ (circumeision) ആരോഗ്യ ഗുണങ്ങളെ കുറിച്ചുള്ള വിശധമായ പഠനങ്ങൾ പുറത്ത് വന്നിട്ടും നമ്മുടെ നാട്ടിലെ യുക്തിയില്ലാ യുക്തിവാദികൾ ശാസ്ത്രാ വബോധം നേടാതെ പോയത് ഏറെ അത്ഭുതകരമാണ്. ചേലാകർമ്മത്തിന്റെ ഇസ്ലാമിക വീക്ഷണം ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞിന് ലിംഗാഗ്ര ചർമ്മം അനിവാര്യമാണ്. ഗർഭപാത്രത്തിൽ കിടക്കുമ്പോൾ പലതരം അണുബാധകളിൽ നിന്നും ലിംഗമുഖത്തെ സംരക്ഷിക്കുന്നത് പുറത്തുള്ള അയഞ്ഞ ചർമമാണ്. ഗർഭസ്ഥശിശു പോഷകങ്ങളും ഓക്സിജനും വലിച്ചെടുക്കുന്ന പ്ലാസന്റയുടെ ആവശ്യം പ്രസവശേഷം ഇല്ലാത്തത് കൊണ്ട് അത് ഒഴിവാക്കലാണ് പതിവ്. ജനനം മുതൽ കുഞ്ഞ് വായ കൊണ്ട് ഭക്ഷിക്കാനും ശ്വാസകോശം കൊണ്ട് ശ്വസിക്കാനും തുടങ്ങുമല്ലോ. അതുപോലെ തന്നെയാണ് ലിംഗാഗ്രചർമവും. വിസർജനവും പ്രജനനവുമടക്കമുള്ള കാര്യങ്ങൾ നിർവഹിക്കാനുളളതു കൊണ്ടു തന്നെ ആവശ്യമില്ലത്തതും ദോഷം ചെയ്യുന്നതുമായ ലിംഗാഗ്രചർമത്തെ നീക്കം ചെയ്യുന്നത് കൂടുതൽ സുരക്ഷ നൽകും. വിശുദ്ധ ഖുർആനിലും തിരുനബിയുടെ ഹദീസുകളിലും ചേലാകർമ്മം ചെയ്യുന്നതിനെ കുറിച്ചുളള പരാമർശങ്ങളുണ്ട്. സൂറത്തു നഹ് ലിലെ 123 ആം സൂക്തത്തിലെ ഇബ്റാഹീം നബിയുടെ പാത പിന്തുടരാനുള്ള കൽപ്പനയുടെയും, സൂറത്തു ബഖറയിലെ 124 ആം സൂക്തത്തിലെ ഇബ്റാഹീം നബിയെ അല്ലാഹു പരീക്ഷിച്ചെന്ന പരാമർശത്തിന്റെയും വിവക്ഷ ചേലാകർമ്മം ചെയ്യലാണെന്ന് പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കളായ ഇമാം ത്വബരിയും , റാസിയും അഭിപ്രായപ്പെടുന്നു(1). ചേലാകർമ്മം പ്രവാചകരുടെ പ്രകൃതിയിൽ പെട്ടതാണ്. അബുഹുറൈറ (റ) ൽ നിന്നു നിവേദനം നബി (സ്വ) പറയുന്നു: അഞ്ചു കാര്യങ്ങൾ പ്രവാചക ചര്യയിൽ പെട്ടതാണ്. ചേലാകർമ്മം നടത്തുക, ഗുഹ്യരോമം നീക്കുക, നഖം മുറിക്കുക, കക്ഷരോമം പറിക്കുക, മീശവെട്ടുക എന്നിവയാണവ (സ്വഹീഹുൽ ബുഖാരി). ഖത്വീബുശ്ശിർബീനി (റ) എഴുതുന്നു: പുരുഷന്മാരിൽ നിന്നും ആദ്യമായി ചേലാകർമ്മം നടത്തിയത് ഇബ്റാഹീം നബിയും സ്ത്രീകളിൽ നിന്ന് ഹാജറ ബീവിയുമാണ്. ആദം (അ), നൂഹ് (അ), ഹൂദ് (അ), സ്വാലിഹ് (അ), ലൂത്വ് (അ), യൂസുഫ് (അ), മൂസ (അ), സുലൈമാൻ (അ), ഈസ (അ), മുഹമ്മദ് നബി (സ്വ) തുടങ്ങിയവരെല്ലാം ചേലാകർമ്മം കഴിഞ്ഞവരായാണ് ജനിച്ചത് (മുഗ്നിൽ മുഹ്താജ് 4 /203 ) . ചേലാകർമ്മത്തിന്റെ വിധി പരിച്ഛേദനം, മാർഗം കഴിക്കൽ, സുന്നത്ത് കല്യാണം എന്നീ പേരുകളിലറിയപ്പെടുന്ന ചേലാകർമ്മം പ്രായപൂർത്തിയാകുന്നതിനു മുമ്പ് നടത്തലാണ് സുന്നത്ത്. പ്രായപൂർത്തിയും ബുദ്ധിയും ഉള്ളവർക്ക് പെട്ടെന്ന് തന്നെ ചെയ്യൽ നിർബന്ധമാണ് (തുഹ്ഫ 9/199 ). പുരുഷന്മാർക്ക് നിർബന്ധവും സ്ത്രീകൾക്ക് സുന്നത്തുമാണെന്ന അഭിപ്രായവുമുണ്ട്. അതാണ് അധിക പണ്ഡിതന്മാരിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും (ഫത്ഹുൽ മുഈൻ 459 ). പ്രസവം കഴിഞ്ഞ ഏഴാമത്തെ ദിവസത്തിൽ ചേലാകർമ്മം നടത്തലാണ് സുന്നത്ത്. അതിനു മുമ്പ് നടത്തൽ കറാഹത്താണ്. ഏഴാമത്തെ ദിവസം സാധിക്കില്ലെങ്കിൽ നാല്പതാം ദിവസവും അതിനും സൗകര്യപ്പെട്ടില്ലെങ്കിൽ ഏഴാമത്തെ വയസ്സിലും നിർവ്വഹിക്കൽ സുന്നത്താണ് (മുഗ്നിൽ മുഹ്താജ് 4 /203). വല്ല അപകടസാധ്യതയും ഉണ്ടെങ്കിൽ ചെറിയ പ്രായത്തിൽ തന്നെ ചേലാകർമ്മം നടത്തൽ നിഷിദ്ധമാണ്. മാത്രമല്ല അത്തരം സാഹചര്യങ്ങളിൽ മനപ്പൂർവ്വം ചേലാകർമ്മം നടത്തുകയും അതിനെ തുടർന്ന് കുഞ്ഞു മരിച്ചു പോവുകയും ചെയ്താൽ ഒരു മുസ്ലിമിനെ ബോധപൂർവം കൊല ചെയ്യുന്ന ഗണത്തിലാണ് പെടുക ( തുഹ്ഫ 9/ 200-2001). ചേലാകർമ്മം കഴിഞ്ഞ തൊലി ഭാഗം കുഴിച്ചുമൂടൽ സുന്നത്താണ്. ചേലാകർമ്മം നടത്തപ്പെട്ട നിലയിൽ പ്രസവിച്ച കുട്ടിയെ ചേലകർമ്മം ചെയ്യൽ നിർബന്ധമില്ല( നിഹായ). ചേലാകർമം നടത്താതെ മരണപ്പെട്ട വ്യക്തിയെയും ചേലാകർമ്മം ചെയ്യാൻ പാടില്ല (തുഹ്ഫ 3/113). ഇങ്ങനെ മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് കുളിപ്പിക്കുമ്പോൾ ലിംഗാഗ്ര ഭാഗത്ത് അയഞ്ഞ ചർമ്മം മൂടി കിടക്കുന്നതുകൊണ്ട് വെള്ളം പ്രവേശിക്കാത്തത് കാരണം കുളിക്ക് പുറമെ തയമ്മും ചെയ്യൽ നിർബന്ധമാണ്. കാരണം കുളിയിൽ ശരീരത്തിന്റെ ബാഹ്യഭാഗങ്ങൾ മുഴുവനും വെള്ളമെത്തൽ നിർബന്ധമാണല്ലോ ലിംഗാഗ്രവും ശരീരത്തിന്റെ ബാഹ്യഭാഗമായാണ് ഗണിക്കപ്പെടുന്നത് (ഫത്ഹുൽ മുഈൻ 151). *പെൺ ചേലാകർമ്മം* ഇസ്ലാമിക ശരീഅത്തിൽ സ്ത്രീകൾക്ക് ചേലാകർമ്മം ചെയ്യൽ നിർബന്ധമാണെന്നും സുന്നത്താണെന്നുമുള്ള രണ്ട് അഭിപ്രായമാണ് പണ്ഡിത ലോകത്തുള്ളത്. സ്ത്രീകൾക്ക് സുന്നത്താണെന്നാണ് അധിക പണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഇമാം നവവി(റ) എഴുതുന്നു: സ്ത്രീകളുടെ ജനനേന്ദ്രിയത്തിലെ മൂത്രനാളിയുടെ മുകളിൽ പൂവൻകോഴിപ്പു പോലെയുള്ള തൊലിയിൽ നിന്ന് അല്പം നീക്കലാണ് പെൺ ചേലാകർമ്മം. മുറിക്കുന്നത് വളരെ ചെറിയ ഭാഗമാകണം. അധികമാക്കരുത്. പ്രവാചകർ നബി(സ്വ) മദീനയിൽ ചേലാകർമ്മം ചെയ്തിരുന്ന ഉമ്മു അത്വിയ്യ(റ) യോട് നീ അധികമാകരുത്. അതാണ് പെണ്ണിന് കൂടുതൽ സന്തോഷകരവും ഭർത്താവിന് ഇഷ്ടകരവും എന്ന് കൽപ്പിച്ചിരുന്നു (മജ്മൂഅ്). ഇമാം മാവർദി(റ) വിശദീകരിക്കുന്നു : പെൺ ചേലാകർമ്മം എന്നാൽ സ്ത്രീയുടെ ജനനേന്ദ്രിയത്തിലെ ഒരു ചർമഭാഗം ഛേദനം നടത്തലാണ്. മൂത്രനാളിയുടെയും ലിംഗപ്രവേശന ദ്വാരത്തിന്റെയും മുകളിലെ ചർമത്തിൽ നിന്നാണ് എടുക്കുന്നത്. അതിന്റെ താഴ്ഭാഗമോ അടിസ്ഥാനമോ അല്ല(അൽ ഹാവിൽ കബീർ). അഥവാ ഭഗശിശ്നിക യാതൊരു കാരണവശാലും ഛേദനത്തിന് വിധേയമാക്കുന്നില്ല. അതിനു മുകളിലുള്ളതാണ് ഛേദിക്കുന്നത്. അതുതന്നെ വളരെ ചെറിയൊരു അംശം മാത്രം. സ്ത്രീകളുടെ ചേലാകർമ്മം നടത്തുന്നതു മൂലം അവർക്ക് കൂടുതൽ മുഖപ്രസന്നതയുണ്ടാവുകയും ഭർത്താവിനടുക്കൽ കൂടുതൽ വിഹിതം ലഭിക്കുകയും ചെയ്യുമെന്ന് പ്രവാചകർ നബി(സ്വ) പറഞ്ഞതായി ഹാക്കിം മുസ്തദറക് എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഹദീസിൽ കാണാം. അധിക പണ്ഡിതരുടെയും അഭിപ്രായപ്രകാരം സ്ത്രീകൾക്ക് ചേലാകർമ്മം ചെയ്യൽ സുന്നത്താണ്. അതുകൊണ്ടുതന്നെ നവകാലത്ത് സ്ത്രീചേലകർമ്മം വളരെ കുറവാണ്. ഇസ്ലാംമത വിശ്വാസിയുടെ കാര്യത്തിൽ പരിച്ഛേദന കർമ്മത്തിൽ അടങ്ങിയ ആരോഗ്യ ഗുണഫലങ്ങൾ കരസ്ഥമാക്കുന്നതിനപ്പുറം ദൈവകല്പനക്ക് കീഴ്പ്പെടുക എന്ന വികാരമാണ് പ്രധാനം. അല്ലാഹുവിന്റെ വിധിവിലക്കുകൾ എല്ലാം മനുഷ്യന് ഗുണം ചെയ്യുന്നതും ദുഷ്ഫലങ്ങളെ ദൂരീകരിക്കുന്നതുമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണവർ. മുസ്ലീങ്ങൾക്ക് മറ്റെല്ലാ ലൗകിക നിയമങ്ങളെക്കാളും വലുത് ശരീഅയത്ത് നിയമങ്ങളാണ്. അല്ലാഹുവിന്റെ നിയമങ്ങളല്ലാത്ത മറ്റെല്ലാനിയമങ്ങളും കണ്ടെത്തലുകളും സൃഷ്ടിയുടെതാണ് . അതിന് ഒരുപാട് കുറ്റങ്ങളും കുറവുകളും പരിധികളും പരിമിതികളുമുണ്ട്. മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിൽ പന്നിയുടെ ഹൃദയം മനുഷ്യനിൽ മാറ്റിവെച്ച് ശാസ്ത്രക്രിയ നടത്തുന്നതിന് കാൽനൂറ്റാണ്ട് മുമ്പ് തന്നെ ഇതേ ശാസ്ത്രക്രിയ അസമിലെ ഡോ: ധാനി റാം ബറുവ 1997ൽ 32 വയസ്സുകാരനായ പൂർണോ സൈക്കിയ എന്ന രോഗിയിൽ പരീക്ഷിച്ചതാണ്. ഹൃദയത്തിൽ വലിയ ദ്വാരം ഉണ്ടായിരുന്ന ആ യുവാവ് ഒരാഴ്ചയോളം ജീവിച്ചു. പക്ഷേ നിയമവിരുദ്ധമായ ശാസ്ത്രക്രിയ എന്നപേരിൽ ഡോക്ടർ ധാനി റാം ബറുവയെ അറസ്റ്റ് ചെയ്തു. നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഗവേഷണകേന്ദ്രം ആളുകൾ അടിച്ചുതകർത്തു. കിറുക്കൻ എന്ന ചീത്തപ്പേരും ലഭിച്ചു. പക്ഷേ ഇപ്പോൾ അദ്ദേഹം ജനപ്രിയനായിരിക്കുകയാണ്(2). ഇതാണ് ശാസ്ത്രം. ഇന്ന് തെറ്റായത് നാളെ ശരിയാവും. ഇന്ന് ശരിയായത് നാളെ തെറ്റുമാകും. കൂടുതൽ കണ്ടെത്തുന്തോറും നിഗമനങ്ങളും നീരീക്ഷണങ്ങളും മാറിക്കൊണ്ടിരിക്കും. പക്ഷേ ദൈവിക കല്പനയും നിയമവും വിധിയും എല്ലാകാലത്തും ശരിയാണ്. കാലങ്ങൾക്കനുസരിച്ച് നിയമങ്ങൾ മാറ്റപ്പെടുന്നില്ല എന്നതാണ് ഇസ്ലാമിനെ മറ്റു മതങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇസ്ലാമിക കൽപ്പനകൾ ശാസ്ത്രീയമായി പരിശോധിച്ചാൽ ശരിയേ ആകു. തെറ്റായി ലഭിക്കുന്നുവെങ്കിൽ സൃഷ്ടി എന്ന നിലയിലുള്ള പരിമിതിയായിട്ട് വേണം മനസ്സിലാക്കാൻ. ആഴത്തിലിറങ്ങി പഠിച്ചു നോക്കു. ഒരുപാട് സത്യങ്ങൾ കണ്ടെത്താനാകും. ശാസ്ത്രമല്ലേ എപ്പോ വേണമെങ്കിലും മാറ്റം സംഭവിക്കാം. ചേലാകർമ്മം ശാസ്ത്രീയ വീക്ഷണത്തിൽ വാഷിംഗ്ടണിലെ മിലിട്ടറി ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം മേധാവിയായ ഡോ: വേസ് വെൽ ചേലാകർമ്മത്തെ കുറിച്ച് തന്റെ പഠനത്തിൽ എഴുതുന്നു: "ചേലാകർമ്മത്തിന്റെ കടുത്ത വിരോധികളിൽ ഒരാളായിരുന്നു ഞാൻ. ചേലാകർമ്മം നിരോധിക്കുന്നതിനു വേണ്ടിയുള്ള സമരങ്ങളിൽ ഞാൻ സജീവമായിരുന്നു. എന്നാൽ 1980കളിൽ പുറത്തുവന്ന പഠനങ്ങളിൽ ചേലാകർമ്മം ചെയ്യാത്ത കുട്ടികളിലെ മൂത്രാശയ നാളത്തിലെ അണുബാധ (Urinary Tract Infection ) അധികമാണെന്ന് തെളിയിക്കുകയുണ്ടായി. അത് ഭാവിയിൽ വൃക്കയുടെ തകരാറുകൾക്ക് കാരണമാവുകയും ചെയ്യുന്നു. ഞാൻ ഈ വിഷയത്തിൽ നിരവധി പഠനങ്ങൾ നടത്തി. അവസാനം എൻ്റെ മുൻ ചിന്തകൾക്കെല്ലാം വിരുദ്ധമായി തീർത്തും ശരിയായ നിരീക്ഷണത്തിലേക്കാണ് പുതിയകാല പഠനങ്ങൾ എന്നെ നയിച്ചത്. ഇന്ന് എല്ലാ കുട്ടികളിലും നിർബന്ധപൂർവ്വം ചേലാകർമം നടപ്പിലാക്കണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നു " (3). അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക് ചേലാകർമ്മം ചെയ്തവരും ചെയ്യാത്തവരുമായ ലക്ഷക്കണക്കിന് കുട്ടികളിൽ നടത്തിയ പഠനത്തിൽ ചേലാകർമ്മം ചെയ്യാത്ത കുട്ടികളിലാണ് മൂത്രസംബന്ധിയായ രോഗങ്ങൾ കൂടുതലും കണ്ടെത്തിയത്. ചേലാകർമ്മം വൈകുന്തോറും യൂറിനറി അണുബാധ കൂടി വരുന്നതായും ഗവേഷകർ പറയുന്നു. ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച് ചേലാകർമ്മം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ പ്രാധാനമായും താഴെ പറയുന്നവയാണ്. ഒന്ന് : ലിംഗത്തിന് ബാധിക്കുന്ന അണുബാധയിൽ നിന്ന് ചേലാകർമ്മം സംരക്ഷണം നൽകും. ചേലാകർമ്മം ചെയ്യാത്തവരുടെ ലിംഗത്തിന്റെ അഗ്രഭാഗം(glans ) തൊലി (foreskin) കൊണ്ട് മൂടിയ നിലയിലായിരിക്കും. ശരിയായ നിലയിൽ ശുദ്ധീകരിക്കാൻ സാധിക്കാത്തത് മൂലം glansന്റെ വിടവുകളിൽ Smegma, യൂറിൻ, ബീജം(Sperm) തുടങ്ങിയ വേസ്റ്റുകൾ അടിഞ്ഞ് കൂടും. ഇത് balanitis, balano prostatic എന്നീ രോഗങ്ങൾക്ക് കാരണമാകും. ഇത് പിന്നീട് ലിംഗ കാൻസർ പോലുള്ള മാരക അസുഖങ്ങളിലേക്കെത്തിക്കും. മാത്രമല്ല Meatal Stenosis അഥവാ foreskin തുറക്കാൻ സാധിക്കാത്ത നിലയിൽ glansന്റെ മുകളിൽ ടൈറ്റ് ആവുകയും അത് മൂലം മൂത്രദ്വാരം അടഞ്ഞ് പോകാനും സുഖമമായ മൂത്രവിസർജനം നടത്താൻ സാധിക്കാതെ വരികയും ചെയ്യുന്ന രോഗത്തിന് കാരണമാകും. ചേലാകർമ്മം ആണ് ഇത്തരം അസുഖങ്ങളിൽ നിന്ന് രക്ഷനേടാനുള്ള മാർഗ്ഗം. 1990ൽ ഇറങ്ങിയ New England of journal of medicineൽ ഡോക്ടർ ഷാൻ എഴുതുന്നു: ശിശുക്കളിൽ ചെറുപ്രായത്തിൽ നടത്തുന്ന ചേലാകർമ്മം ലിംഗത്തിന്റെ ശുദ്ധീകരണം എളുപ്പമാക്കുകയും foreskinന്റെ ഇടയിൽ അണുക്കൾ ഒരുമിച്ചു കൂടുന്നത് തടയുകയും ചെയ്യുന്നു(4). ഡോക്ടർ ഫർഗൂസൻ പറയുന്നു: ചേലാകർമ്മം ചെയ്യാത്ത കുട്ടികളിലാണ് ചെയ്തവരെക്കാൾ balanitis,para phimosis( ലിംഗാഗ്രഭാഗം ടൈറ്റ് ആകുന്ന രോഗം) അസുഖങ്ങൾ ബാധിക്കാറുള്ളത്(5). രണ്ട് : മൂത്രനാളത്തിലെ അണുബാധയിൽ നിന്ന് ചേലാകർമ്മം സുരക്ഷയൊരുക്കും. ചേലാകർമ്മം ചെയ്യാത്തവരിൽ മാലിന്യം അടിഞ്ഞുകൂടുന്നത് മൂലം Escherichia coli, protes mirabliis, serratia, kleb siella തുടങ്ങിയ ബാക്ടീരിയകളുടെ വളർച്ചക്ക് കാരണമാവുകയും അത് മൂത്രനാളത്തിലും മൂത്രസഞ്ചിയിലും കിഡ്നിയിലും അണുബാധക്ക് കാരണമാകും. ലൈംഗിക ബന്ധത്തിലൂടെ ഈ ബാക്ടീരിയകൾ തന്റെ പെങ്കാളിയിൽ എത്താനും കാരണമാകും (6). യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ സൗത്ത് വെസ്റ്റേൺ മെഡിക്കൽ സ്കൂളിൽ അസോസിയേറ്റ് പ്രൊഫസർ മാരായ MC craken, CM Ginsburg 1982ൽ UTI (urinary tract infection) ബാധിച്ച 5 ദിവസത്തിനും 8 മാസത്തിനും ഇടയിൽ പ്രായമുള്ള 109 കുട്ടികളിൽ നടത്തിയ പഠനത്തിൽ 95 ശതമാനം കുട്ടികളും ചേലാകർമ്മം ചെയ്യാത്തവരായിരുന്നു(7). അമേരിക്കൻ മിലിട്ടറി ഹോസ്പിറ്റലുകളിൽ ജനിച്ച 400000 കുട്ടികളുടെ ടെസ്റ്റ് ഫയലുകൾ ഡോക്ടർ വേസ് വെല്ലിന്റെ നേതൃത്വത്തിൽ പഠനവിധേയമാക്കിയപ്പോൾ ചേലാകർമം ചെയ്ത കുട്ടികളെക്കാൾ പത്തുമടങ്ങ് ചേലാകർമ്മം ചെയ്യാത്ത കുട്ടികളിലാണ് UTI ബാധിച്ചിട്ടുണ്ടെന്ന് സ്ഥീകരിചത്. UTI രൂക്ഷമാകുന്നത് മാരകമായ അസുഖങ്ങൾക്ക് കാരണമാകും (8). മൂന്ന് : ലൈംഗിക അസുഖങ്ങളിൽ നിന്ന് സുരക്ഷയൊരുക്കും. 1990ൽ ഇറങ്ങിയ New English journal of medicineൽ വന്ന പഠനമനുസരിച്ച് രണ്ടാം ലോക മഹായുദ്ധകാലത്തും, വിയറ്റ്നാം കൊറിയ യുദ്ധ കാലഘട്ടത്തിലും അമേരിക്കൻ സൈന്യത്തിന് ലൈംഗിക അസുഖങ്ങളിൽ നിന്ന് സുരക്ഷയായത് ചേലാകർമമാണ്(5). 1989ൽ പുറത്തിറക്കിയ അമേരിക്കൻ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ഡോക്ടർ മാർക്ക്സിന്റെ ഗവേഷണ പ്രബന്ധത്തിൽ glansന്റെ മുകളിൽ foreskin അവശേഷിക്കുന്നത് എച്ച് ഐ വി പകരാൻ കാരണമാകുന്നുവെന്ന് അഭിപ്രായപ്പെടുന്നുണ്ട്. എയ്ഡ്സിന്റെ സാധ്യത കുറയ്ക്കാൻ ചേലാകർമ്മം സഹായകമാണെന്ന് പഠനത്തിൽ സമർത്ഥിക്കുന്നു. Aj Fink തന്റെ New borne circumcision: A long tern strategy for AIDS prevention എന്ന ലേഖനത്തിൽ ചേലാകർമ്മം ചെയ്യാത്തവരിൽ ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിനെക്കുറിച്ച് നടന്ന അറുപതോളം മെഡിക്കൽ പഠനങ്ങളെ സമർത്ഥിക്കുന്നുണ്ട്(9). നാല് : ലിംഗാർബുദം(penis cancer) ബാധിക്കുന്നതിൽ നിന്ന് ചേലാകർമ്മം സുരക്ഷ നൽകും. 1947ൽ plant, khons peyer എന്നീ ജീവശാസ്ത്രജ്ഞർ ലിംഗാർബുദത്തെ കുറിച്ച് പഠനം നടത്തുകയുണ്ടായി. foreskinന്റെ താഴെ glansന്റെ വിടവുകളിൽ അടിഞ്ഞുകൂടുന്ന Smegma എന്ന വെളുത്ത പാടകൾ എലികളിൽ കുത്തി വെച്ചായിരുന്നു പരീക്ഷണം നടത്തിയത്. ആ പരീക്ഷണത്തിലൂടെ Smegma ലിംഗാർബുദത്തിന് കാരണമാകുന്ന human papilloma virus ന് കാരണമാകുന്നുവെന്ന് തെളിയിക്കുകയുണ്ടായി. ചേലാകർമ്മം ചെയ്യാത്തവരിൽ മൂത്രവിസർജ്ജനത്തിനുശേഷം ശുദ്ധീകരിക്കുമ്പോൾ glans ശരിയായ രീതിയിൽ ശുദ്ധീകരിക്കാത്തതിനാൽ Smegma വലിയ തോതിൽ ഉത്പാദിപ്പിക്കപ്പെടുകയും അത് ലിംഗാർബുർദത്തിന് കാരണമാവുകയും ചെയ്യുന്നു. ലൈംഗികബന്ധത്തിലേർപ്പെടുന്നതോടെ ഭാര്യയിൽ എത്താനും സ്ത്രീകളിൽ കാൻസർ പടരാനും കാരണമാകുന്നു. പ്രശസ്ത മെഡിക്കൽ ജേണലായ ബ്രിട്ടീഷ് മെഡിക്കലിൽ 1987ൽ ലിംഗാർബുദവുമായി ബന്ധപ്പെട്ട് നടന്ന പഠനത്തിൽ ചെറുപ്രായത്തിലെ ചേലാകർമ്മം നടത്തുന്നത് കാരണമായി മുസ്ലിംകളും ജൂതരും കൂടുതലുളള രാജ്യങ്ങളിൽ ലിംഗാർബുദം കുറവാണെന്ന് തെളിയിച്ചിട്ടുണ്ട്(5). അമേരിക്കൻ ഐക്യനാടുകളിൽ ചേലാകർമ്മം ചെയ്തവരിൽ ലിംഗാർബുദം ബാധിക്കുന്നതിന്റെ തോത് പൂജ്യവും ചെയ്യാത്തവരിൽ ഒരു ലക്ഷത്തിൽ രണ്ടര ശതമാനവുമാണ് (10.) അമേരിക്കയിലും ഐക്യരാഷ്ട്രങ്ങളിലും യൂറോപ്പിലും 1932 മുതൽ 1973 വരെയുള്ള കാലയളവിൽ ലിംഗ കാൻസറിനെക്കുറിച്ച് അഞ്ച് പഠനങ്ങൾ നടക്കുകയുണ്ടായി. ഈ പഠനങ്ങളിലെല്ലാം ഗവേഷകർ ചൂണ്ടിക്കാണിച്ച പ്രധാന വസ്തുത അവരിൽ ഒരാളും ചേലാകർമ്മം ചെയ്തിട്ടില്ല എന്നതാണ് (11). ചേലാകർമ്മം ചെയ്യുന്നതിന്റെ പരമമായ ഗുണം ലൈംഗികാവയവങ്ങളുടെ ശുദ്ധിയാണ്. ഇമാം ഇബ്നു ഖുദാമ തൻ്റെ അൽ മുഗ്നിയിൽ പറയുന്നു: ലൈംഗിക അവയവങ്ങളെ മൂത്രത്തിൽ നിന്ന് ശുദ്ധിയായി സൂക്ഷിക്കാൻ ചേലാകർമത്തിലൂടെ അല്ലാതെ സാധിക്കുകയില്ല. കാരണം ചേലാകർമ്മം ചെയ്യാത്തവരുടെ glans ഉം foreskin ഉം ശരിയായി ശുദ്ധീകരിക്കാൻ സാധിക്കാത്തതിനാൽ മൂത്രം അവശേഷിക്കാനും അത് വസ്ത്രത്തിൽ ആവാനും സാധ്യതയുണ്ട് (അൽമുഗ്നി, വാള്യം 1, പേ115). ലോക പ്രശസ്ത ശിശുരോഗ വിഭാഗം വിദഗ്ധനായ ഡോക്ടർ ഷാൻ ലൈംഗിക അവയവങ്ങളുടെ ശുദ്ധിയെയും ലിംഗ കാൻസറിനെയും കുറിച്ച് എഴുതിയത് ഇപ്രകാരമാണ്: ലൈംഗിക അവയവങ്ങൾ ശുദ്ധിയായി സൂക്ഷിക്കുക പ്രയാസകരമാണ്. വളരെ പുരോഗമിച്ച രാഷ്ട്രങ്ങളിലെ അവസ്ഥയും ഇതുതന്നെ. ബ്രിട്ടണിലെ സ്കൂളിൽ ചേലാകർമ്മം ചെയ്യാത്ത കുട്ടികളിൽ നടത്തിയ പഠനമനുസരിച്ച് 70% കുട്ടികളുടെയും ലൈംഗികാവയവങ്ങൾ ശുദ്ധിയില്ലാത്ത അവസ്ഥയിലാണ്. ഡെൻമാർക്കിൽ നടന്ന പഠനത്തിൽ ശരിയായ ശുദ്ധീകരണം ഇല്ലാത്തതിനാൽ 63% വിദ്യാർഥികളിലും ആറാം വയസ്സിൽ തന്നെ glansഉം foreskinഉം ഒട്ടിച്ചേർന്ന അവസ്ഥയിലാണ്. മാലിന്യങ്ങൾ അടിഞ്ഞു കൂടി ഒട്ടിച്ചേരുന്നത് മുമ്പ് വിശദീകരിച്ച മാരകമായ രോഗങ്ങൾക്ക് വഴിയൊരുക്കും. ലോകാരോഗ്യ സംഘടന 2007ൽ നടത്തിയ സർവ്വേയനുസരിച്ച് 664,500,000 പേരും ചേലകർമ്മം നടത്തിയവരാണ്. അതിൽ 70 ശതമാനത്തോളമാണ് മുസ്ലീങ്ങൾ ഉള്ളത്. മതപരമായ കൽപ്പന എന്നതിനപ്പുറം ചേലാകർമ്മത്തിന്റ ഗുണങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് മതവിശ്വാസികൾ അല്ലാത്തവർ പോലും ചേലാകർമം ചെയ്യുന്നത്. രോഗം വരുമ്പോൾ ചികിത്സിക്കുന്നതിലല്ല രോഗം വരാതെ സൂക്ഷിക്കുന്നതിലാണ് യുക്തിയുള്ളതെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. വിമർശകരുടെ യുക്തിയും ശാസ്ത്രവും കേരളത്തിലെ പ്രശസ്തനായ വക്കീലും ഇടതു സഹയാത്രികനുമായ അഡ്വ ഹരീഷ് വാസുദേവൻ ചേലാകർമ്മം ബാലപീഡനം ആണെന്നും അത് നിരോധിക്കണമെന്നും പറഞ്ഞുകൊണ്ട് തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിനീതനെ ഈ പഠനത്തിലേക്ക് വഴിതെളിയിച്ചത്. ഡോക്ടർ വേസ് വെൽ(wiswell te) ഡോക്ടർ ഷേൻ(schoen ej) ഡോക്ടർ സിമൻസിസ്(simonses) തുടങ്ങിയ നിരവധി പ്രമുഖരുടെ നേതൃത്വത്തിൽ കഴിഞ്ഞ ശതകത്തിൽ ചേലാകർമ്മത്തിന്റെ ആരോഗ്യ ഗുണഫലങ്ങളെ കുറിച്ച് ധാരാളം പഠനങ്ങൾ പുറത്തുവന്നിട്ടും നമ്മുടെ നാട്ടിലെ യുക്തിവാദികൾ ശാസ്ത്രാവബോധം നേടാതെ പോയത് ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. ശാസ്ത്രമാണ് അവരുടെ ഗുരുവെങ്കിലും മതകൽപ്പനകൾ ശാസ്ത്രീയമായി തെളിയിക്കപ്പെടുമ്പോൾ അംഗീകരിക്കാൻ കഴിയാതെ പോകുന്നത് കടുത്ത മതവിരോധവും യുക്തിയില്ലാ ചിന്തയും കൂടെപിറപ്പായതു കൊണ്ട് മാത്രമാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ജനനസമയത്ത് കുട്ടികളുടെ ലിംഗാഗ്രവും ലിംഗാഗ്ര ചർമ്മവും ഒട്ടിച്ചേർന്ന അവസ്ഥയിലായിരിക്കും. സാധാരണയായി മൂന്നു മുതൽ അഞ്ച് വയസ്സ് ആകുന്നതോടെ ചർമം ലിംഗാഗ്രത്തിൽ നിന്നും വേർപെടുകയും തെന്നിമാറുന്ന ആവരണമായി ലിംഗാഗ്രത്തിൽ ഒരു രക്ഷാകവചമെന്നോണം നിലനിൽക്കുകയും ചെയ്യും. എന്നാൽ ചില കുട്ടികൾക്ക് 17- 18 വയസ്സ് വരെയൊക്കെ ലിംഗാഗ്രചർമ്മം ലിംഗാഗ്രത്തിൽ നിന്നും വേർപെടാതെ പോകാറുണ്ട്. അതൊരു ചെറിയ ശസ്ത്രക്രിയയിലൂടെ നേരെയാക്കാവുന്നതേയൊള്ളു. പകരം ചേലാകർമം ചെയ്യുന്നത് ഒരു പ്രാകൃത ഗോത്രചാരമാണ്. അസുഖം വരും എന്ന് കരുതി നേരത്തെതന്നെ മുറിച്ചുമാറ്റുന്നത് വിഡ്ഢിത്തമാണ്. ഇത്തരത്തിലുള്ള യുക്തിരഹിതമായ ന്യായങ്ങളാണ് ഇസ്ലാം വിമർശകർ ഉന്നയിക്കുന്നത്. അസുഖം വരുമ്പോൾ ചികിത്സിക്കുന്നതിലല്ല അസുഖം വരാതെ സൂക്ഷിക്കുന്നതാണ് പുരോഗമനമെന്ന് ഇവർ എന്ന് മനസ്സിലാകും. ചേലാകർമ്മം മുഖേന നേരെയാക്കാവുന്ന ലിംഗാഗ്ര ചർമ്മത്തിന് വരാൻ സാധ്യതയുള്ള എല്ലാ രോഗങ്ങളും(മൂത്രതടസ്സം, phymosis, UTI) ചേലാകർമ്മം ചെയ്യാതെ തന്നെ ശരിയാക്കാൻ കഴിയും. പിന്നെ എന്തിന് അശാസ്ത്രീയമായ ചേലാകർമ്മം ചെയ്യണമെന്നാണ് മറ്റൊരു വിമർശകന്റെ ചോദ്യം. ചില പ്രമേഹരോഗികളിലും വൃദ്ധരിലും കാണപ്പെടുന്ന Lichen Sclerosis എന്ന രോഗത്തിന്റെ ഭാഗമായി കാണപ്പെടുന്ന Balanitis Xerotica Obliterans (BXO) എന്ന രോഗാവസ്ഥയിൽ പരിഹാരമായി നിർദ്ദേശിക്കുന്ന ചേലകർമ്മം എങ്ങനെയാണ് അശാസ്ത്രീയമായി മാറുക. ലൈംഗിക അവയവങ്ങളുടെ ശുദ്ധിക്കായി പാശ്ചാത്യനാടുകളിലെ ചില ഡോക്ടർമാർ ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശുദ്ധീകരണത്തിന് അവ ഉപയോഗിച്ചാൽ പോരെ എന്നാണ് മറ്റൊരു വീക്ഷണം. ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ശുദ്ധീകരണം അപ്രായോഗികമാണ്. ഡോക്ടർ വേസ് വെൽ എഴുതുന്നു: ശരിയായ രീതിയിൽ glans നെ ശുദ്ധീകരിക്കൽ പ്രയാസകരമാണെന്ന് അമേരക്കയിലേയും യൂറോപ്പിലെയും നിരവധി പഠനങ്ങൾ തെളിയിച്ചതാണ്. ചേലാകർമ്മം ചെയ്യുന്നതിലൂടെ ഇല്ലാതാവാൻ സാധ്യതയുള്ള ലിിംഗാർബുദം അടക്കമുള്ള അസുഖങ്ങളെ ഇല്ലാതാക്കാൻ ഈ ക്ലീനിങ്ങിലൂടെ കഴിയില്ല. അതിനാൽ തന്നെ ഏക പരിഹാരം ചേലാകർമ്മം ചെയ്യലാണ്(12). ജീവിതവും മതവും ദൈവവും എന്തെന്നറിയാത്ത നിസ്സഹായനും നിഷ്കളങ്കനുമായ ഒരു കുട്ടിയുടെ ശരീരത്തിലെ ഏറ്റവും ഉൽകൃഷ്ട അവയവമായ ലിംഗത്തിലെ ഒരുഭാഗം അവൻ മതവും ദൈവവും എന്താണെന്ന് അറിയുന്നതിനു മുമ്പ് തന്നെ അറുത്തുമാറ്റുന്നത് കുട്ടികളുടെ ജന്മാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്ന് വാദിക്കുന്നവരുമുണ്ട്. പോളിയോ കുത്തിവെപ്പും മറ്റു ശസ്ത്രക്രിയകളും മരുന്നുകളും കുഞ്ഞുങ്ങളോട് സമ്മതം ചോദിച്ചിട്ടാണോ നൽകുന്നത്. രോഗപ്രതിരോധത്തിന് വേണ്ടിയാണ് ഈ കുത്തിവെപ്പല്ലാം എടുക്കുന്നത്. ചേലകർമ്മവും മാരകരോഗങ്ങളിൽ നിന്ന് രക്ഷനേടാനാണെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചതാണ്. സ്ത്രീ ചേലാകർമ്മത്തെ ക്രൂരമായി ചിത്രീകരിക്കുന്നവരുമുണ്ട്. ലോകാരോഗ്യസംഘടന പെൺ ചേലാകർമ്മം നാലു ടൈപ്പുകളിലായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഒന്ന് : ക്ളിറ്റോറിസ് ഭാഗികമോ പൂർണമോ ആയി നീക്കംചെയ്യുക രണ്ട്: ഒന്നാം ടൈപ്പിംന്റെ കൂടെ ലാബിയ മിനോറ ലാബിയ മാജറയും നീക്കം ചെയ്യുക . മൂന്ന് : മൂത്രനാളി കുടുസ്സാക്കുക. ഭഗശിശ്നിക പൂർണ്ണമായും നീക്കം ചെയ്യുക. നാല് : കള്ളകടത്തിനോ മറ്റോ സ്ത്രീ ജനനേന്ദ്രിയം ഉപയോകപ്പെടുത്തുക. 2017 ഫെബ്രുവരിയിൽ അപ്ഡേറ്റ് ചെയ്ത ഫാക്ട് ഷീറ്റിൽ അക്കമിട്ടു നിരത്തിയ ഈ നാല് കുറ്റകൃത്യങ്ങളും ഇസ്ലാമിക കൽപ്പനയിൽ വരുന്നതല്ല. അനാവശ്യവും അരുതാത്തതുമായ ക്രൂരകൃത്യങ്ങളാണിവ. ഇതിനെ ഉയർത്തിക്കാട്ടി ഇസ്ലാമിനെ വിമർശിക്കുന്നത് കടുത്ത മതവിരോധം കൊണ്ട് മാത്രമാണ്. സ്ത്രീകളുടെ ജനനേന്ദ്രിയത്തിലെ മൂത്രനാളിയുടെ മുകളിൽ പൂവൻകോഴിപ്പൂ പോലെയുള്ള തൊലിയിൽ നിന്ന് അല്പം മാത്രം നീക്കലാണ് ഇസ്ലാമിൽ സ്ത്രീ ചേലാകർമ്മം. മദീനയിൽ ചേലാകർമ്മം ചെയ്തിരുന്ന ഉമ്മു അത്വിയ്യ(റ)യോട് നബി (സ്വ) നീ അധികമാക്കരുത്. അതാണ് പെണ്ണിന് കൂടുതൽ സന്തോഷകരമെന്ന് കല്പിച്ചിരുന്നു(13). സ്ത്രീകൾക്ക് ചേലാകർമ്മം സുന്നത്താണെന്ന് അധിക പണ്ഡിതരും അഭിപ്രായപ്പെടുന്നതിനാൽ സ്ത്രീ ചേലാകർമം വളരെ ചുരുക്കമാണ്. ഏതെങ്കിലും പരമ്പരാഗത ജനവിഭാഗങ്ങളോ കുടുംബങ്ങളോ പ്രാകൃതം എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ ഭഗശിശ്നികഛേദമോ അതിലധികമോ നടത്തുന്നുവെങ്കിൽ അവരെയാണ് തിരുത്തേണ്ടത്. പ്രവാചകർ തിരുനബി (സ്വ) പഠിപ്പിച്ച ജീവിതരീതിയുമായി ബന്ധപ്പെട്ട് കൊണ്ടാണ് മുസ്ലീങ്ങൾ ഇസ്ലാമികമായി ചേലാകർമ്മം നിർവഹിക്കുന്നത്. വിശ്വാസത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട ജീവിതരീതി ആയതുകൊണ്ട് തന്നെ അതംഗീകരിക്കൽ വിശ്വാസികളുടെ ബാധ്യതയാണ്. അതിൽ യുക്തിയുടെയോ ശാസ്ത്രീയതയുടെയോ തെളിവുകളൊന്നും വിശ്വാസികൾക്കാവശ്യമില്ല. പ്രവാചകർ നബി (സ്വ) പഠിപ്പിച്ച ജീവിതരീതിയും നിയമങ്ങളും നിയന്ത്രണങ്ങളും നിസ്കാരം, നോമ്പ് അടക്കമുള്ള ആരാധനകളും മനുഷ്യകുലത്തിന് ഗുണകരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് കൊണ്ട് തന്നെ വിശ്വാസത്തിന്റെ ദൃഢത വർദ്ധിക്കുകയും പുതുവിശ്വാസികൾ അധികരിക്കുകയും ചെയ്യുന്നു. വിശ്വാസമില്ലാത്തവർക്ക് അതിനെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. പക്ഷേ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതകൾ അന്ധമായ മത വിരോധം കൊണ്ട് യുക്തിരഹിതമായ ന്യായങ്ങൾ നിരത്തി അശാസ്ത്രീയമെന്ന് പറയുന്നത് പുരോഗമന ചിന്തക്ക് നിരക്കുന്നതല്ല. ശാസ്ത്രത്തിന്റെ പൊതുവായ പ്രത്യേകതയാണ് മാറ്റങ്ങളും അഭിപ്രായവ്യത്യാസങ്ങളും. ശാസ്ത്ര ഗവേഷകന് സർവ്വാംഗീകാരം ലഭിക്കുക താരതമ്യേനെ കുറവാണ്. കാലങ്ങൾക്കനുസരിച്ച് ഗവേഷണങ്ങളും ഗവേഷണ രീതിയും നിഗമനങ്ങളും നിരീക്ഷണങ്ങളും മാറിക്കൊണ്ടിരിക്കും. എന്നാൽ ഇസ്ലാമിക നിയമങ്ങളും ആചാരങ്ങളും പ്രവാചകർ തിരുനബി(സ്വ)യുടെ കാലത്തും 1400 വർഷങ്ങൾക്കിപ്പുറവും ഒന്നുതന്നെയാണ്. കാലങ്ങൾക്കനുസരിച്ച് മാറ്റങ്ങളോ പരിണാമങ്ങളോ സംഭവിക്കുന്നില്ല. എല്ലാകാലത്തും ഈ ആചാരങ്ങളെ ശാസ്ത്രീയമായി സമീപിക്കുമ്പോൾ സത്യമാകുന്നു എന്ന വസ്തുത കൊണ്ട് തന്നെയാണ് ഇക്കാലമത്രയും ഈ വിശ്വാസ രീതി ഇവിടെ നിലനിന്നതും നിലനിന്നു പോകുന്നതും. ചേലാകർമവുമായി ബന്ധപ്പെട്ട് ഇത്രയേറെ പഠനങ്ങൾ പുറത്തു വന്നിട്ടും ആറാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്രാചാരമായി യുക്തിവാദികൾ ചിത്രീകരിക്കുന്നത് അന്ധമായ മത വിരോധം കൊണ്ട് മാത്രമാണെന്ന് വിശ്വാസിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടും ശാസ്ത്രാവബോധം ലഭിക്കാതെ പോയതിൽ സഹതപിക്കാനെ നമുക്ക് നിവൃത്തിയൊള്ളൂ. റഫറൻസ് 1) ഇമാം ഫഖ്റുദ്ധീൻ റാസി. അത്തഫ്സീറുൽ കബീർ. പേജ് 87 2) Malayala Manorama 13/1/2022 page:9 3) wiswell te: routine neontal circumcision a reappraisal American family physician 4) Schoen :new England journal of medicine 1990-322 5) http://midad.com/article/197824 അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ് 6) A) Bhagava rk,thin rnt:subpreputil carriage of aerobic icroorganisms and balanitis, venereal dis 1983,sa:131-133 B) wiswell te ,Miller gm ,gelston hm et al:effect of circumcision status on periurethral bacterial flora during the first of life /j,pediatrics 1988/113/442-446 7) Ginsburg cm ,mc craken ch: urinary tract infection in young infact pediatrics,1982,69,409-412 8) A) wiswell te enzenauer rw,holton me meetal : declining frequency of circumcision implications for changes in the absolute incidence and male B)wiswell te ,gesenke dw: risks from circumcision during the first mount of life compared with those for uncirirum cisied boys,pediatric 1989,83,1011-1015 9) Fink aj circumcision, mountain view , California 1998 10) wiswell te :routine neontal circumcision a reappraisal American family physician 1990/41/859-862 Schoen :the status of circumcision of new born/Mew engl j,med 1990/32/18:1308-1312 11) A) owolberg d:penile cancer bmj/1987,295/1306-1308 B)Dean al :epithelioma of penis urol/1953/33;252-283 12) wiswell te : American family medicine 1991 13) ഇമാം നവവി (മജ്മൂഅ് ) ✍️ സയ്യിദ് അനസ് ബുഖാരി കൂരിയാട് tsabukhari@gemail.com