പ്രവാചകത്വ സ്ഥിരീകരണവും സംശയ ദൂരീകരണവും ആമുഖം

പ്രവാചകത്വ സ്ഥിരീകരണവും സംശയ ദൂരീകരണവും

By rationaleclub | 6/3/2025

അല്ലാഹു ലക്ഷത്തിൽപരം പ്രവാചകന്മാരെ മനുഷ്യ ഭൂത വിഭാഗങ്ങളിലേക്ക് നിയോഗിച്ചു. അവരിൽ ചിലർക്കവൻ വേദങ്ങൾ നൽകി. നാലു വലിയ വേദങ്ങളും ചെറുവിവരണങ്ങൾ അടങ്ങിയ നൂറ് ഏടുകളുമാണ് അവർക്ക് നൽകിയത്. പ്രവാചക ശൃംഖലയുടെ അവസാന കണ്ണി മുഹമ്മദ് നബിﷺയും തങ്ങൾക്ക് അവതീർണമായ വേദം വിശുദ്ധ ഖുർആനുമാണ്. ഇതുമായി ബന്ധപ്പെട്ട് ഏതാനും സന്ദേഹങ്ങൾ നിവാരണ സഹിതം ഇവിടെ കുറിക്കാം.

സന്ദേഹം 1 :

പ്രവാചകൻമാരെ സമൂഹം എങ്ങനെ തിരിച്ചറിയും ?

നിവാരണം :

ആദ്യം ഒരു കഥ പറയാം. ഒരു ചക്രവർത്തി തനിക്കേറെ ഇഷ്ടപ്പെട്ട ഒരാളെ ദൂരദേശത്തെ പ്രജകളിലേക്ക് വിശിഷ്ട ദൂതനായി നിയോഗിക്കാൻ തീരുമാനിച്ചു. മഹാരാജാവിന്റെ നിർദ്ദേശമനുസരിച്ച് പ്രസ്തുത ദേശത്ത് ദൂതൻ എത്തിപ്പെട്ടു.

അവിടെവച്ച്, അദ്ദേഹം പ്രഖ്യാപിച്ചു: വിനീതൻ മഹാരാജാവിന്റെ സന്ദേശവാഹകനായി എത്തിച്ചേർന്നതാണ്. മഹാരാജാവ് അദ്ദേഹത്തിന്റെ ചില നിർദ്ദേശങ്ങൾ നിങ്ങളെ അറിയിക്കാൻ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു.

പ്രഖ്യാപനം കാതോർത്ത തദ്ദേശീയരിൽ ചിലർ പറഞ്ഞു: കണ്ടിട്ട് ശരിക്കും രാജദൂതനാണെന്നാണ് മനസ്സിലാകുന്നത്. വേഷഭൂഷാദികൾ അതിനു തെളിവാണ്.

മറ്റു ചിലർ, കൂടുതൽ സുവ്യക്തമായ തെളിവ് ലഭിച്ചാൽ കൊള്ളാമെന്ന ഭാവത്തിൽ നിൽക്കുന്നു. അദ്ദേഹമത് മനസ്സിലാക്കിയെന്ന് തോന്നുന്നു. ഉടനെ അദ്ദേഹം തിളങ്ങുന്ന ഒരു സാധനം പുറത്തെടുത്തു. രാജകീയ മുദ്ര പതിഞ്ഞ അതി വിശിഷ്ടമായ ഒരു രത്നമായിരുന്നു അത്. ഇതോടെ സംശയങ്ങൾ പമ്പ കടന്നു.

  1. കഥ മറ്റൊരു രീതിയിൽ ആഖ്യാനിക്കാം: പ്രവിശാലമായ ഒരു രാജ്യം. പ്രതാപശാലിയും വീരശൂരനുമായ അബ്ദുല്ലാഹ് രാജാവ് അവിടെ ഭരണം നടത്തിക്കൊണ്ടിരിക്കുന്നു. രാജ്യ തലസ്ഥാനത്ത് താൻ പണികഴിപ്പിച്ച വലിയൊരു കൊട്ടാരത്തിലാണ് മഹാരാജാവും കുടുംബവും വസിക്കുന്നത്. കൊട്ടാരത്തിനകത്ത് വലിയൊരു ഹാളും അതിനോട് ചേർന്ന് രാജാവിന്റെ സ്വകാര്യ റൂമും കാണാം. ഹാൾ ലൈറ്റുകളാൽ അലങ്കരിച്ചിരിക്കുന്നു. മെയിൻ കൺട്രോൾ രാജാവിന്റെ റൂമിലാണെങ്കിലും ലൈറ്റുകൾ ആർക്കും ഓൺ ചെയ്യാൻ പറ്റും.

അടിയന്തിര സാഹചര്യങ്ങളിൽ മാത്രം പ്രദീപ്തമാകുന്ന ഏതാനും വലിയ ബൾബുകൾ അങ്ങിങ്ങായി കാണാം. ബട്ടൺ രാജാവിന്റെ സ്വകാര്യ റൂമിൽ സ്ഥാപിച്ചിരിക്കുകയാൽ അദ്ദേഹത്തിനു മാത്രമാണ് അത് ഓൺചെയ്യാൻ സാധിക്കുക.

കൊട്ടാരത്തിലെ നിത്യസന്ദർശകനും, രാജാവിന്റെ ഇഷ്ടക്കാരിൽ ഒരാളുമാണ് അബ്ബാസ്. അബ്ബാസ് ഒരിക്കൽ ഹാളിൽ രാജാവിന്റെ റൂമിനു സമീപം വന്നുനിന്നിട്ട് ഉറക്കെയൊരു പ്രസ്താവന പുറപ്പെടുവിച്ചു. മഹാരാജാവിന്റെ വിശിഷ്ട സന്ദേശവാഹകനായി ഞാനിതാ നിയമിതനായിരിക്കുന്നു. അബ്ബാസിനെ അടുത്തറിയാവുന്ന ഒത്തിരിപേർ അതു ശരിയായിരിക്കുമെന്ന് കരുതി. മറ്റു ചിലർ സംശയത്തോടെ നോക്കുകയും, വേറെ ചിലർ നിഷേധഭാവം പ്രകടിപ്പിക്കുകയും ചെയ്തു.

യവനികക്കു പിന്നിൽനിന്ന് ഇതെല്ലാം അബ്ദുല്ലാഹ് രാജാവ് കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടിരുന്നു.

അബ്ബാസ്‌, സംശയങ്ങൾക്ക് അറുതി വരുത്താൻ തന്നെ തീരുമാനിച്ചു. എല്ലാവരോടുമായി അദ്ദേഹം പറഞ്ഞു: മഹാരാജാവിന്റെ സന്ദേശവാഹകനായി നിയമിതനായിരിക്കുന്നുവെന്ന പ്രസ്താവന സത്യമാണെന്നു തെളിയിക്കാം. പീന്നീടവൻ, രാജാവ് വിശ്രമിക്കുന്ന റൂമിനു നേരെ തിരിഞ്ഞു നിന്നിട്ട് പറഞ്ഞു: ഞാനീ പ്രസ്താവിച്ചത് സത്യമാണെങ്കിൽ ഈകാണുന്ന ബൾബുകൾ ഓൺചെയ്യാൻ മഹാരാജാവിനോട് ഞാനാവശ്യപ്പെടുന്നു.

പറഞ്ഞുതീർന്നില്ല അപ്പോഴേക്കും പതിവിനു വിപരീതമായി ബൾബുകൾ പ്രകാശം പരത്താൻ തുടങ്ങി. ഇതോടെ, അബ്ബാസിന്റെ പ്രസ്താവന മഹാരാജാവ് ശരിവെക്കുന്നുവെന്നും അദ്ദേഹം ശരിക്കും രാജാവിന്റെ വിശിഷ്ട സന്ദേശവാഹകൻ തന്നെയാണെന്നും പ്രേക്ഷകർക്ക് ബോധ്യമായി. വാർത്ത അനിഷേധ്യ രൂപേണ ലഭിച്ചവർക്കും അതു ബോധ്യമായി.

കഥയിലേതിനു സമാനമായി, വിശ്വരാജാവായ ദൈവം തൻ്റെ സന്ദേശങ്ങൾ പ്രജകൾക്ക് കൈമാറുവാൻ ചില മഹാമനീഷികളെ തെരഞ്ഞെടുത്തിരിക്കുകയാണ്. വ്യാജൻമാർക്കാർക്കും സമാനമായതിനു കഴിയില്ലെന്ന് സർവഥാ വ്യക്തമായ സമുജ്വല രാജകീയ പ്രമാണങ്ങളുമായാണ് അവരെ ദൈവം നിയോഗിച്ചത്.

സത്യവാന്മാർ ആയിരുന്നില്ലെങ്കിൽ സൃഷ്ടി കഴിവുകൾക്കതീതവും മാന്ത്രിക വിദ്യകൾക്കപ്രാപ്യവുമെന്ന് സുവ്യക്തമായ [മൃതരെ ജീവിപ്പിക്കൽ, വിശുദ്ധ ഖുർആൻ പോലുളള] ദീപ്ത ദൃഷ്ടാന്തങ്ങൾ കൊണ്ട് അവരെ ദൈവം ശാക്തീകരിക്കുകയും സത്യവത്കരിക്കുകയും ചെയ്യുമായിരുന്നില്ല. വിശിഷ്യാ, പ്രവാചകത്വത്തിന്റെ തെളിവുകളായി അവർ അവയെ ഉയർത്തി കാണിക്കുമ്പോൾ.

സന്ദേഹം 2 :

പ്രവാചകന്മാരുടെ കൈക്ക് പ്രകടമാകുന്ന അത്ഭുതങ്ങൾ സാത്താനോ മറ്റു അദൃശ്യ ജീവികളോ ചെയ്തതാകാൻ സാധ്യതയില്ലേ?

നിവാരണം :

മുകളിലെ കഥയിൽ ബൾബുകളുടെ ബട്ടൺ ഓൺ ചെയ്യുന്നത് രാജാവ് നേരിട്ടായിരുന്നു. ഇനി ബട്ടൺ ഓൺചെയ്യാൻ രാജാവ് പ്രജകളിൽ ചിലർക്ക് അനുമതി നൽകിയെന്നും, എന്നാൽ അതു വർക്ക് ചെയ്യാൻ മെയിൻബട്ടൺ ഓൺചെയ്യണമെന്നും കരുതുക. മെയിൻബട്ടൻ ഓൺചെയ്ത് സാധാ ബട്ടൻ പ്രവർത്തിപ്പിക്കുന്നത് രാജാവാണു താനും. കഥാനായകനായ അബ്ബാസ് രാജാവിന്റെ സന്ദേശവാഹകനാണെന്ന് വാദമുയർത്തുകയും തന്റെ വാദം ശരിവെച്ച് ബൾബുകളുടെ ബട്ടൺ ഓൺചെയ്യാൻ മഹാരാജാവിനോട് ആവശ്യപ്പെടുകയും ചെയ്തപ്പോൾ ബട്ടൺ ഓൺചെയ്യാൻ അനുമതി ലഭിച്ചവരിൽ ഒരാൾ രംഗത്തു വന്ന് അത് ഓൺചെയ്യുകയും ബൾബുകൾ പ്രകാശം പരത്തുകയും ചെയ്താൽ യഥാർത്ഥത്തിൽ അത് ഓൺചെയ്തത് രാജാവു തന്നെയാണെന്നും, അതൊരു അസാധാരണ ചെയ്തിയാണെങ്കിൽ രാജാവ് അബ്ബാസിന്റെ വാദം ശരിവെക്കുന്നുവെന്നും മനസ്സിലാകില്ലേ.

തഥൈവ, ലോകം സൃഷ്ടിക്കാനും ലോകക്രമം സംവിധാനിക്കാനും ലോകത്തെ ചെറുതോ വലുതോ ആയ ഏതു ചലനവും സൃഷ്ടിക്കാനും അവയ്ക്കു പിന്നിലെ പ്രത്യക്ഷവും പരോക്ഷവുമായ കാരണങ്ങളെ ആത്യന്തികമായി പ്രവർത്തിപ്പിക്കാനും കഴിയുന്നവൻ ദൈവമാണ്. ദൈവം ഏകനുമാണ്.

എങ്കിൽ, പ്രവാചകന്മാർ മുഖേന വെളിപ്പെടുന്ന അത്ഭുതങ്ങൾക്കു പുറകിൽ ആരു പ്രവർത്തിച്ചാലും അന്തിമ വിശകലനത്തിൽ അവ വെളിപ്പെടുത്തുന്നവൻ ദൈവമാണ്.

അപ്പോൾ ദൈവം, പ്രവാചകത്വവാദിയുടെ കൈക്ക് മാത്രമാണ് പ്രസ്തുത മഹാത്ഭുതം വെളിപ്പെടുത്തുന്നതെങ്കിൽ അത് അദ്ദേഹത്തിൻ്റെ വാദം ശരിവെക്കലാണ്, അല്ലെങ്കിൽ അല്ല.

സന്ദേഹം 3 :

മാന്ത്രികൻ പ്രവാചകത്വം വാദിച്ചു വന്നാൽ എന്ത് ചെയ്യും ?

നിവാരണം :

  1. പ്രവാചകന്മാർ മുഖേന അല്ലാഹു വെളിപ്പെടുത്തുന്ന അൽഭുതങ്ങൾ അവൻ സംവിധാനിച്ച ലോകക്രമങ്ങളിൽ (പ്രാപഞ്ചിക നിയമങ്ങളിൽ), അവൻ തന്നെ നടപ്പിൽ വരുത്തുന്ന ഭാഗികവും താൽക്കാലികവുമായ മാറ്റമാണ്. മാന്ത്രികവിദ്യ നിലവിലെ ലോകക്രമങ്ങളുടെ തന്നെ ഭാഗവും ആർക്കും അഭ്യസിക്കാവുന്ന കാര്യവുമാണ്. അറിയാത്തവർക്ക് അതൊരു വിസ്മയമായി തോന്നുമെന്നു മാത്രം.
  2. മാന്ത്രികവിദ്യയും നിലവിലെ ലോകക്രമങ്ങളുടെ മാറ്റമാണ് എന്നുവന്നാലും പ്രശ്നമില്ല. കാരണം; പ്രവാചകനാണെന്ന് വാദിച്ച് മാന്ത്രികൻ രംഗത്തു വന്നാൽ അവനിൽ നിന്ന് അത്തരമൊരു അൽഭുതം ദൈവം വെളിപ്പെടുത്തൽ സാധ്യമല്ല. കാരണം; അവന്റെ പ്രസ്താവന ദൈവം ശരിവെക്കുന്നുവെന്നാണ് അതിന്റെ അർത്ഥം.

ഒരു പ്രസ്താവന ദൈവം ശരിവെച്ചാൽ അതു ശരിയും പ്രസ്താവകൻ സത്യവാനുമായിരിക്കും. എങ്കിൽ, വ്യാജപ്രസ്താവന ദൈവം ശരിവെച്ചാൽ വ്യാജം വ്യാജമല്ല, വ്യാജൻ വ്യാജനല്ല, എന്നിത്യാദി വൈരുധ്യങ്ങളിൽ അതു കലാശിക്കും.

സന്ദേഹം 4 :

അസത്യപ്രസ്താവന ദൈവത്തിൽ നിന്ന് അസംഭവ്യമാണെന്നു തെളിയിക്കാതെ ദൈവം ശരിവെച്ചതെല്ലാം ശരിയായിരിക്കുമെന്ന് എങ്ങനെ പറയും?

നിവാരണം:

അതൊരു അവിതർക്കിത കാര്യമായതുകൊണ്ട് തെളിവ് പറയാതിരുന്നതാണ്. വേണമെങ്കിൽ ഒന്നുരണ്ട് തെളിവുകൾ ഇവിടെ പങ്കുവെക്കാം.

  1. വാദം ശരിവെക്കുക എന്നത് ദൈവത്തിൽ നിലകൊള്ളുന്ന ഒരു പ്രസ്താവനയാണ്. ഉപര്യുക്ത അത്ഭുതങ്ങൾ അതിന്റെ വ്യക്തമായ ആവിഷ്കാരവും ധൈഷണിക നിദർശനവും മാത്രമാണ്. പ്രസ്താവന അസത്യമാവൽ ന്യൂനതയും, ന്യൂനത ദൈവത്തിൽ നിലകൊള്ളൽ അസാധ്യവുമാണ്.
  2. ഒരാൾ അസത്യം പറയുന്നത് ഒന്നെങ്കിൽ അവന് വസ്തുത അറിയാത്തത് കൊണ്ടായിരിക്കും. അല്ലെങ്കിൽ വസ്തുത അറിയാമെങ്കിലും കാര്യം നേടാൻ അതല്ലാതെ നിവൃത്തിയില്ലാത്തത് കൊണ്ടായിരിക്കും. വസ്തുത അറിയുകയും സത്യവും അസത്യവും സമാസമമായി വരുകയും ചെയ്യുമ്പോൾ (കാര്യം നേടിയെടുക്കാൻ അസത്യം പറയുന്നതിൽ പ്രത്യേകം കാര്യമില്ലാത്തപ്പോൾ / സത്യം പറഞ്ഞോ അസത്യം പറഞ്ഞോ ഒരു കാര്യവും നേടിയെടുക്കേണ്ട ആവശ്യമില്ലാത്തപ്പോൾ) അസത്യം പറയൽ വ്യർത്ഥവും അനുചിതവും യുക്തി ശൂന്യവുമാണെന്നു വ്യക്തം. അറിവില്ലായ്മ, നിവൃത്തിയില്ലായ്മ, പരാശ്രയം, വ്യർത്ഥത, അനൗചിത്യം എന്നിത്യാദി ന്യൂനതകൾ ദൈവത്തിനുണ്ടാകില്ലെന്നും വ്യക്തം. എങ്കിൽ, ദൈവത്തിന്റെ പ്രസ്താവന അസത്യമാവൽ അസാധ്യമാണ്.

സന്ദേഹം 5 :

ഖുർആൻ സൃഷ്ടി കഴിവുകൾക്ക് അതീതമാണെന്ന് എങ്ങനെ മനസ്സിലാക്കാം?

നിവാരണം :

ഖുർആന്റെ ദൈവികതയിൽ സംശയിക്കുന്നവരെ ഖുർആനിന് (ഖുർആനിലെ ഏറ്റവും ചെറിയ അധ്യായത്തിന്) സമാനമായ ഒരു വചനം കൊണ്ട് വരാൻ പതിനാല് ശതകങ്ങളായി ഖുർആൻ വെല്ലു വിളിച്ചു കൊണ്ടിരിക്കുകയാണ്.

അറബിഭാഷാ സാഹിത്യ രംഗത്തെ അഗ്രേസരൻമാർ ശത്രുനിരയിൽ അന്നുമിന്നും സുലഭമാണ്. ആധുനികവും പൗരാണികവുമായ സർഗ്ഗാത്മക ഉൽപ്പന്നങ്ങൾ കൺമുന്നിൽ കുമിഞ്ഞ് കൂടിക്കിടക്കുകയുമാണ്.

എന്നിട്ടും, ഇതാ… ഇത് ഖുർആനിനു സമാനമാണെന്നോ സമാന്തരമാണെന്നോ അവകാശപ്പെട്ട് ഒരു വിദ്വാനും ഇത:പര്യന്തം രംഗത്തു വന്നില്ല. സമീപ കാലത്ത് പ്രത്യക്ഷപ്പെട്ട, ഖുർആനേതര ഗദ്യങ്ങളുടെ ഏഴയലത്തുപോലും എത്താത്ത പിതൃശൂന്യ ചവറുകൾ പരാമർശം അർഹിക്കുന്നില്ല.

ഇതിന്, ബുദ്ധിപരമായി രണ്ടാലൊരു കാരണമാണ് പറയാനുണ്ടാവുക. ഒന്നെങ്കിൽ, ഖുർആൻ സൃഷ്ടി കഴിവുകൾക്കതീതമായ ഭാഷാ മികവ് പുലത്തുന്നു. അല്ലെങ്കിൽ, സൃഷ്ടി കഴിവുകൾക്കതീതമല്ലാതിരുന്നിട്ടും സമാനമായത് രചിക്കുന്നതിൽ നിന്നും സർവരെയും സ്രഷ്ടാവ് അസാധാരണമായി പിന്തിരിപ്പിക്കുന്നു. രണ്ടായാലും, എന്റെ പ്രവാചകത്വത്തിന് ഈ ഗ്രന്ഥം തെളിവാണെന്ന് അവകാശപ്പെടുന്ന മുഹമ്മദ് നബിﷺയെ ദൈവം ശരിവെക്കുന്നുവെന്ന് വ്യക്തം.

തിരുനബിﷺയിൽ നിന്ന് പ്രകടമായ പരസഹസ്രം ദൃഷ്ടാന്തങ്ങളെയും തിരുനബിയെ സർവഥാ അനുഗമിച്ച ഔലിയാക്കളിൽ നിന്ന് പ്രത്യക്ഷപ്പെട്ട ലക്ഷോപലക്ഷം അൽഭുത കൃത്യങ്ങളെയും

ഇതിലേക്കു ചേർക്കാം.

സന്ദേഹം 6 :

ഖുർആനിനു സമാനമായ വചനം കൊണ്ട് വരാൻ സൃഷ്ടികളെ അല്ലാഹു വെല്ലുവിളിക്കുകയെന്നാൽ പ്രശസ്തനായൊരു എഴുത്തുകാരൻ തന്റെ ലേഖനത്തിനു സമാനമായത് കൊണ്ടു വരാൻ കൊച്ചു കുട്ടികളെ വെല്ലു വിളിക്കുന്നത് പോലെയല്ലെ? ഇതൊരു ദൈവത്തിന് അനുയോജ്യമാണോ? ഖുർആൻ ദൈവ വചനമല്ലെന്ന് ഇത് സൂചന നൽകുന്നില്ലേ? ഇനി ആ വെല്ലുവിളി സീകരിച്ച് ഖുർആനിനു സമാനമായതുമായി ആരെങ്കിലും വന്നുവെന്നിരിക്കട്ടെ, മൂല്യ നിർണയം ആരു നിർവഹിക്കും?

നിവാരണം :

ഉപര്യുക്ത എഴുത്തുകാരൻ ഒരു അധ്യാപകനാണെന്ന് കരുതുക. അദ്ദേഹം കൊച്ചു വിദ്യാർത്ഥികൾക്ക്, അവർക്കു ഗ്രാഹ്യവും എന്നാൽ അപ്രാപ്യവുമായ ശൈലിയിൽ ഒരു സന്ദേശം ലീഡർ മുഖാന്തരം കൊടുത്തയച്ചുവെന്നും വിചാരിക്കുക.

മാഷിന്റെ സന്ദേശമാണെന്ന് ശൈലി കണ്ട മാത്രയിൽ അവർ തിരിച്ചറിഞ്ഞെങ്കിലും, അതു സ്വീകരിക്കാൻ വൈമനസ്യമുള്ള കൂട്ടുകാർ, അത് ലീഡർ എഴുതിയുണ്ടാക്കിയ വ്യാജ സന്ദേശമാണെന്നു വാദിക്കുന്നു.

ഈ സന്ദർഭത്തിൽ, തന്റെ സത്യസന്തത തെളിയിക്കാൻ, നിങ്ങളും ഇതു പോലൊരെണ്ണം എഴുതിയുണ്ടാക്കൂ… എന്ന് ലീഡർക്കു വെല്ലുവിളിക്കാം. സന്ദേശം വളരെ സുപ്രധാനമാണെങ്കിൽ വിശേഷിച്ചും.

വെല്ലുവിളിക്കാൻ അധ്യാപകൻ തന്നെ തന്റേതായ ശൈലിയിൽ ലീഡർക്കു നിർദ്ദേശം നൽകിയെന്നും വരാം. അധ്യാപകന്റെ മികവും തങ്ങളുടെ നിസ്സഹായതയും ബോധ്യമുള്ള കുട്ടികൾ അതിനു ശ്രമിക്കില്ല.

ഇനിയെങ്ങാനും പ്രസ്തുത സന്ദേശത്തിനു സമാനമാണെന്ന് അവകാശപ്പെട്ട് ഏതെങ്കിലുമൊരു വിരുതനായ വിദ്യാർത്ഥി വല്ല കുറിപ്പുമായി വന്നുവെന്നിരിക്കട്ടെ, ആർക്കും മൂല്യനിർണയം നടത്താൻ കഴിയുമാറ് അത്രമേൽ താണ നിലവാരമായിരിക്കും അതു പുലർത്തുക. വിശുദ്ധ ഖുർആനിനു സമാനമായതു കൊണ്ടുവരാനുള്ള ശ്രമവും ഇതിൽനിന്ന് വ്യത്യസ്തമല്ല.

വിശുദ്ധ ഖുർആന്റെ അസംഖ്യം വ്യതിരേകങ്ങൾ വളരെ കൃത്യമായി വിദഗ്ധർ രേഖപ്പെടുത്തിയിട്ടുമുണ്ട്. വേണ്ടി വന്നാൽ ആർക്കും അതവലംബിച്ച് മൂല്യനിർണയം നടത്താം.

അബ്ദുൽ ജലീൽ സഅദി രണ്ടത്താണി