ജൻഡർ രാഷ്ട്രീയം : നമ്മൾ ഇനിയും തിരിച്ചറിയേണ്ടതുണ്ട്
എല്‍ ജി ബി ടി ക്യൂ ആക്ടിവിസം ആഗോളതലത്തില്‍ തന്നെ വലിയ രീതിയില്‍ ശക്തി പ്രാപിക്കുകയാണ്.
അവകാശസംരക്ഷണത്തിന്റെ മറപിടിച്ച് പലപ്പോഴായും അവര്‍ സ്വീകരിക്കുന്ന നയങ്ങള്‍ സാമൂഹികമായി വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. വിഭിന്ന ലൈംഗിക ത്വരകളെ കുറ്റമായി കാണാനോ അതൊരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ് എന്ന രീതിയില്‍ വ്യാഖ്യാനിക്കാനോ അല്ല ശ്രമിക്കുന്നത്. മറിച്ച്, അത്തരം തോന്നലുകളെ സാമാന്യവത്കരിക്കുന്നതും തീര്‍ഥും വ്യക്തിനിഷ്ടമായ ഇത്തരം ബോധ്യങ്ങളെ ഒരു ഐഡന്റിറ്റിയായി പരിഗണിക്കുന്നതും ധാര്‍മികമായി വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
പുതിയ കാല ജെന്‍ഡര്‍ വായനകളില്‍ പൊതുവെ സെക്‌സിനെയും ജെന്‍ഡറിനെയും വേര്‍തിരിച്ചു മനസ്സിലാക്കുന്ന പ്രവണതകാണാം. കാലുകള്‍ക്കിടയിലുള്ളതെന്തോ അതിനെ സെക്‌സെന്നും മനസ്സിലെന്താണോ ഉള്ളത് അതിനെ ജെന്‍ഡര്‍ എന്നും വര്‍ഗീകരിക്കുന്നതിലൂടെ പുതിയൊരു രീതിയിലേക്ക് ഇത്തരം സംവാദങ്ങളെ കൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നത്.
ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ പുരോഗമനത്തിന്റെ പേരു പറഞ്ഞു അവയെ സര്‍ക്കാര്‍ ചിലവില്‍ തന്നെ പ്രചരിപ്പിക്കുകയാണ് നിലവിൽ ചെയ്തു കൊണ്ടിരിക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാറിനു കീഴിലായി ഉദാരലൈംഗികത പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നിരവധി വിവാദങ്ങളാണ് സൃഷ്ടിച്ചത്. സ്‌കൂളുകളില്‍ ജെന്റെര്‍ ന്യൂട്ട്രല്‍ യൂണിഫോമുകള്‍ നടപ്പിലാക്കാനുള്ള നീക്കം അതില്‍ അവസാനത്തേതായിരുന്നു. പതിനെട്ട് വയസ്സാകുന്നതിന് മുമ്പ് ഒരാളുടെയും ജൻഡർ തീരുമാനിക്കപ്പെടാൻ പാടില്ലെന്നും, സ്കൂളുകളിൽ "സർ" വിളി പോലെ ജൻഡർ തിരിച്ചറിയുന്ന അടയാളങ്ങൾ പാടില്ലെന്നുമെല്ലാം വാദിക്കുന്നതിലൂടെ എന്ത് തരം ബോധം നിർമ്മിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ജെൻഡർ കൺഫ്യൂഷൻ വളർത്താനും അതു വഴി കുട്ടികളിൽ അപകർഷതാ ബോധമുണ്ടാക്കാനുമാണ് ഇത്തരം തീരുമാനങ്ങൾ സഹായിക്കുക. കേവല വൈകാരികതക്കപ്പുറത്ത് നിന്ന് ഗൗരവ പൂര്‍ണ്ണമായ സമീപനം ഇത്തരം വിശയങ്ങളില്‍ വലിയൊരാവശ്യം തന്നെയാണ്.
എൽ ജി ബി ടി ക്യൂ വിഭാഗങ്ങൾക്ക് സമൂഹത്തിനകത്തു നിന്ന് തന്നെ ചേർത്തു നിർത്തലുകൾ അനിവാര്യമാണ്. അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ കൃത്യമായി മനസ്സിലാക്കിക്കൊടുക്കാനും, അവർക്കായുളള റിഹാബിലിറ്റേഷൻ സെന്ററുകൾ ഒരുക്കി നൽകാനും നമ്മൾ തയ്യാറാവണം. അതുപോലെ തന്നെ, ലിംഗമാറ്റ ശസ്ത്രക്രിയ പോലുള്ള മെഡിക്കൽ രംഗത്തെ വെല്ലുവിളികളെ അതിജീവിക്കാനും അവരെ ബോധവാന്മാരാക്കേണ്ടതുണ്ട്. ട്രാൻസ് ജെൻണ്ടർ വിഭാഗവും ഇത്തരത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്നവരാണ്. അവരെ സാമൂഹികപരമായി ചേർത്തു നിർത്തുമ്പോൾ തന്നെ മുമ്പ് സൂചിപ്പിച്ച എൽ ജി ബി ടി ക്യൂ മൂവ്മെന്റുകൾ ഉയർത്തുന്ന സ്വത്വബോധ നിർമ്മിതി അപകടകരമാണെന്നതിൽ സംശയമൊന്നുമില്ല. അതു കൊണ്ടു തന്നെ ഒരു വ്യക്തിയുടെ ലൈംഗികത തീരുമാനിക്കേണ്ടത് അവന്റെ ബയോളജിക്കൽ സെക്സ് അനുസരിച്ചാവൽ അനിവാര്യമാണ്. അല്ലാതെ, ഒരാളുടെ സ്വയം നിർണ്ണയാധികാരത്തിനു പുറത്ത് സംഭവിക്കുന്നതാവരുത്. അങ്ങനെ സ്വയം നിർണ്ണയാധികാരധികാരത്തിനു കീഴിലായി വരുന്നതോടെ അത് ഒരു തരത്തിൽ അരാഷ്ട്രീയതയാണ് സൃഷ്ടിക്കുന്നത്. കാരണം, അവയവമേതുമാകട്ടെ സ്വന്തം ജെൻഡറിനെ തീരുമാനിക്കുന്നത് അവനവരുടെ തോന്നലുകളിലേക്ക് മാത്രം നിക്ഷിപ്തമാക്കുന്നതും, ഇത്തരം വ്യക്തിനിഷ്ടമായ കാഴ്ചപ്പാടുകൾ ഒരു സ്വത്വമായി ഉയർന്നു വരുന്നതും അസ്ഥിര മായ സാമൂഹിക രാഷ്ട്രീയ വിചാരപ്പെടലുകളെയാണ് സൃഷ്ടിക്കുക.
ഉദാരവാദത്തിന്റെ പിമ്പലത്തിൽ കടത്തപ്പെടുന്ന അവകാശവാദങ്ങൾ ശാസ്ത്രീയ മാനദണ്ഡങ്ങളെ നിരാകരിച്ചു കൊണ്ട് മനസ്സിന്റെ തോന്നലുകൾക്കും വിചാരപ്പെടലുകൾക്കുമനുസരിച്ച് സ്വത്വം തീരുമാനിക്കുമ്പോൾ അവയെ തിരിച്ചറിയൽ സവിശേഷ ശ്രദ്ധയാകർഷിക്കുന്നതാണ്. ഒരു വ്യക്തി തന്നെ സ്വയമൊരു മൃഗമായോ, മരമായോ തിരിച്ചറിഞ്ഞാൽ അത്തരം തോന്നലുകളെ ഉദാരവാദനയത്തിന്റെ ഭാഗമായോ മറ്റോ അംഗീകരിച്ചു കൊടുത്ത് മുന്നോട്ടുപോകൽ സാധ്യമല്ലല്ലോ. അവ വകവെച്ചു കൊടുത്താൽ തന്നെയും മറ്റു തോന്നലുകളെയും ഇതുപോലെ അംഗീകരിക്കണമെന്ന ചിന്ത സ്വാഭാവികമാണ്. ഇങ്ങനെ തീർഥും വ്യക്തിനിഷ്ടമായ ഈയൊരു സങ്കൽപത്തെ ജനറലൈസ് ചെയ്യാൻ ശാസ്ത്രീയമായി പോലും സാധ്യമല്ല.വസ്തുനിഷ്ടമായ (objective) ധാർമിക വിചാരമാണ് ഒരു സമൂഹത്തെ സംബന്ധിച്ച് ആവശ്യം.
ലിബറൽ മൂല്യ വ്യവസ്ഥകളുടെ ചൂഷണ പാരമ്പര്യത്തെ മുൻ നിർത്തി കൂടി ഇതിനെ സമീപിക്കുമ്പോൾ ക്യൂർ ആക്ടിവിസ്റ്റുകൾ വാദിക്കുന്നത് പോലെ ഒരു ഗെയ് ജീനോ ഒരു ലെസ്ബിയൻ ഹോർമോണോ പ്രത്യേകമായി മനുഷ്യ ശരീരത്തിലില്ല. മറിച്ച്, ഒരു വ്യക്തിയുടെ ജീവിത ചുറ്റുപാടിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന ബിഹാവിയർ ആണ് ഒരു വ്യക്തിയെ ഇത്തരം അനുഭാവങ്ങളിലേക്ക് ക്ഷണിക്കുന്നത്. ഇങ്ങനെ ബിഹാവിയർ അടിസ്ഥാനമാക്കി മാത്രം identity യെ മനസ്സിലാക്കാൻ പറ്റുമോ എന്നത് ഒരു ചോദ്യമാണ്.
identity എന്നത് ഒരു കാര്യം എന്താണോ അതായിരിക്കണം (what it is ) അഥവാ അത് വസ്തുനിഷ്ടമായിരിക്കൽ നിർബന്ധമാണ്. അതൊരിക്കലും എന്താണോ ചെയ്യുക (what it does ) എന്നതിനെ കേന്ദ്രീകരിച്ചാവരുത്. അങ്ങനെ വന്നാൽ സ്വയമൊരു ചെന്നായയോ, നരഭോജിയോ ഒക്കെയായി ഒരാൾ അവകാശപ്പട്ടാൽ അവയെക്കൂടി അനുവദിച്ചു കൊടുക്കേണ്ട ഗതികേടിലേക്കായി നമ്മൾ മാറും. ലെസ്ബിയൻ, ഗെ, ബൈസെക്ഷ്വൽ, ട്രാൻസ് ജെൻഡർ, ക്യൂർ, ഇന്റർസെക്ഷ്വൽ, അസ്വക്ഷൽ തുടങ്ങി നിലവിൽ തിരിച്ചറിയപ്പെട്ട 30 ലധികം ലൈംഗിക ന്യൂനപക്ഷങ്ങളും തിരിച്ചറിയപ്പെടാത്ത ലൈംഗിക ന്യൂനപക്ഷങ്ങളും ഒരുപോലെ പരിഗണിക്കുന്നതിലൂടെ നിലവിൽ അമേരിക്കയിൽ നിന്നും മറ്റു ഇതര ഉദാരലൈംഗിക രാജ്യങ്ങളിൽ നിന്നുമെല്ലാം ഉയർന്നുവെന്നതു പോലുള്ള ചൂഷണങ്ങൾ നമ്മുടെ നാട്ടിലും സംഭവിക്കാവുന്നതേയുള്ളു. സ്ത്രീക്ക് റിസർവ് ചെയ്ത ഇടങ്ങളിൽ ഞാനൊരു സ്ത്രീയാണെന്ന് വാദിക്കുന്ന പുരുഷൻ വന്നാലുള്ള അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂ.
ചുരുക്കത്തിൽ, രാഷ്ട്രീയ, സാമൂഹിക, ധാർമിക മേഖലയെല്ലാം ഒരുപോലെ ചേർന്നു നിൽക്കുന്ന ഈയൊരു മേഖലയെക്കുറിച്ചുള്ള കൃത്യമായ അവബോധം ഉണ്ടാവൽ അനിവാര്യമാണ്. കേവല വൈകാരികതക്കു പുറത്ത് സൂക്ഷ്മമായ ചിന്തയും തിരിച്ചറിവും അനിവാര്യമാണ് താനും.
നജീബ് കാന്തപുരം MLA
കടപ്പാട് : റുശ്ദ് ദി ഖുർആൻ ജേണൽ