അറഫ പ്രഭാഷണം: മാനവികതയുടെ മഹാ വിളംബരം
1952 -ൽ സമാധാന നോബൽ സമ്മാനം നേടിയ ആൽബർട്ട് ഷ്വൈറ്റ്സർ ഒരിക്കൽ ഇന്ത്യൻ ആഫ്രിക്കൻ വനാന്തരത്തിൽ നിന്നും ഏതാനും നരഭോജികളെ കണ്ടു. മനുഷ്യ സ്നേഹിയായ അദ്ദേഹം നരഭോജികളുടെ മൂപ്പനുമായി അൽപ്പനേരം സംസാരിച്ചു. വനവാസിയാണെങ്കിലും ആൽബർട്ടിന്റെ ഭാഷ മൂപ്പന് മനസ്സിലായി. 'അദ്ദേഹം ചോദിച്ചു : നിങ്ങൾ മനുഷ്യരെ കൊന്ന് തിന്നുന്നതെന്തിന്?'
ഉടനെ മൂപ്പന്റെ പ്രതികരണം, 'നിങ്ങൾ നഗരവാസികളും മനുഷ്യനെ കൊല്ലുന്നുണ്ടല്ലോ? പക്ഷേ, തിന്നുന്നില്ല. അപ്പോൾ ആവശ്യത്തിന് മാത്രം കൊല്ലുന്ന ഞങ്ങളല്ലെ നിങ്ങളെക്കാൾ നല്ലവർ!'
സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി മനുഷ്യത്വത്തിന്റെ സകല സീമകളും ലംഘിച്ച് ഇസ്റാഈൽ കൈരാതങ്ങൾ ഫലസ്തീനിൽ നിർബാധം തുടരുമ്പോൾ കാട്ടുമൂപ്പന്റ ചോദ്യം എത്രമേൽ പ്രസക്തമാണ്.
മനുഷ്യത്വവും മാനവികതയും മനുഷ്യനിൽ നിന്നും കൂടൊഴിഞ്ഞിട്ട് കാലമേറെയായി. യുദ്ധങ്ങളും സംഘട്ടനങ്ങളും പരസ്പര പോരുമല്ലേ മനുഷ്യ ചരിത്രത്തിന്റെ ആകെത്തുക. കഴിഞ്ഞ നാലായിരം വർഷത്തിനുള്ളിൽ പതിനയ്യായിരം യുദ്ധങ്ങൾ നടന്നുവത്രെ!! സൈന്യത്തെ ഒരുക്കി സ്വന്തം വർഗത്തോട് യുദ്ധം ചെയ്യുന്ന രണ്ടു വർഗമേ ഭൂമുഖത്തുള്ളൂ. മനുഷ്യനും ഉറുമ്പും!
ലോകമനസാക്ഷിയെ ഞെട്ടിച്ച ഒന്നാം ലോക മഹായുദ്ധത്തിൽ പതിനേഴ് മില്യൺ ജനങ്ങളുടെ ജീവനാണ് പൊലിഞ്ഞത്. അറുപത് മില്യൺ ജനങ്ങൾ രണ്ടാം ലോക മഹായുദ്ധത്തിലും കൊല്ലപ്പെട്ടു. അധികാരത്തിന് വേണ്ടി മനുഷ്യൻ നടത്തിയ രണ്ട് യുദ്ധങ്ങളുടെ കഥയാണിത്. ഒന്നാം ലോകമഹായുദ്ധകാലത്ത് ബർമയിലെ തൊഴിലാളികളെയും തടവുപുള്ളികളെയും ഉപയോഗിച്ച് ജപ്പാൻ റങ്കൂണിൽ നിന്ന് ഒരു റെയിൽവെ ലൈൻ നിർമിച്ചപ്പോൾ ഭക്ഷണം കിട്ടാതെ മരിച്ചത് 12399 തടവു പുള്ളികളായിരുന്നു. 2000 വർഷം മുമ്പ് റോമാ സാമ്രാജ്യത്തിന്റെ ക്രൂരതയുടെ പ്രതീകമായിരുന്നു കൊളോസിയം. വിശന്നു വലഞ്ഞ മൃഗങ്ങളുടെ വായയിലേക്ക് അടിമകളെ വലിച്ചെറിഞ്ഞും രാത്രിയിലെ വിനോദം കൊഴുപ്പിക്കാൻ പാവം അടിമകളുടെ ശരീരത്തിൽ തുണി ചുറ്റി കത്തിച്ച് വെളിച്ചമുണ്ടാക്കി ആഘോഷിച്ചതും മാനവരാശിയുടെ ചരിത്രമായിരുന്നു.
ചരിത്രവും വർത്തമാനവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. മാനവികതയുടെ മേലുള്ള കടന്നാക്രമണം ഇന്നും നിസ്സങ്കോചം തുടരുന്നു. മനുഷ്യന് പുല്ല് വിലയില്ല. മനുഷ്യനെ കൊന്നാൽ രണ്ട് വർഷവും പശുവിനെ കൊന്നാൽ പത്ത് വർഷം വരേയും ശിക്ഷിക്കാവുന്ന നിയമമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. രാഷ്ട്രീയാധിപത്യത്തിന് വേണ്ടി ഇസ്റാഈൽ കഴുകന്മാർ ഫലസ്തീനിൽ കാണിക്കുന്ന നൃശംസതകൾക്ക് കയ്യും കണക്കുമില്ല. ആഗോള സമാധാന നിയമങ്ങൾ മുഴുവൻ കാറ്റിൽ പറത്തി നിരപരാധികളായ ജനതക്ക് മേൽ ബോബ് വർഷം നടത്തുന്നു. 14500 ലധികം കുഞ്ഞുങ്ങളെയാണ് ഈ കുറഞ്ഞ കാലയളവിൽ കൊന്നു തള്ളിയത്.
മനുഷ്യാവകാശങ്ങളുടെ നഗ്ന ലംഘനങ്ങൾ തുടർക്കഥയായിട്ടും ആഗോള സമൂഹം വേട്ടക്കാരുടെ കൂടെയല്ലേ നിൽക്കുന്നത്. ഇസ്റാഈൽ രാഷ്ട്രം കാണിക്കുന്ന അക്രമങ്ങളെ ചോദ്യം ചെയ്യാൻ പോലും ആളില്ല.
വിസ്‌മൃതിയടഞ്ഞ മാനവികതയുടെ മൂല്യമറിയണമെങ്കിൽ ആയിരമാണ്ടുകൾക്കപ്പുറം അറഫാ മരുഭൂമിയിൽ ഹിജ്റ പത്താം വർഷം തിരുനബി നടത്തിയ അറഫാ പ്രസംഗം ശ്രവിക്കണം. ആധുനിക, മാനവിക മൂല്യങ്ങൾ വികസിക്കുന്നതിന്റെ നൂറ്റാണ്ടുകൾക്ക് മുമ്പ്. ഒരു ലക്ഷത്തി നാൽപതിനായിരത്തോളം അനുചരരെ സാക്ഷിയാക്കി ജബലുറഹ്മ പർവ്വതത്തിന്റെ മുകളിൽ നിന്ന് തിരുനബി മനുഷ്യാവകാശ പ്രഖ്യാപനം നടത്തി.
"ഓ ജനങ്ങളെ .. എന്റെ വാക്കുകളെ ശ്രദ്ധാപൂർവ്വം കേൾക്കുക. ഇനി ഒരിക്കൽ കൂടി നിങ്ങളുമായി സന്ധിക്കാനും സംസാരിക്കാനും സാധിക്കുമോ എന്നറിയില്ല. ഈ മാസവും ദിവസവും സ്ഥലവും പവിത്രമായത് പോലെ നിങ്ങളുടെ രക്തവും ധനവും അഭിമാനവും പവിത്രമാണ്. ഓ കൂട്ടുകാരേ... നിങ്ങളിൽ വല്ലവരുടെയും കൈവശം സൂക്ഷിപ്പ് സ്വത്തുണ്ടെങ്കിൽ അതിന്റെ അവകാശികളിലേക്ക് തിരിച്ചേൽപ്പിക്കുക. ജാഹിലിയ്യാ കാലത്തെ എല്ലാ അനാചാരങ്ങളും നാം ദുർബലപ്പെടുത്തിയിരിക്കുന്നു. അനിസ്‌ലാമിക കാലത്തെ എല്ലാ കുടിപ്പകകളും നാം നിർത്തലാക്കിയിരിക്കുന്നു. ആദ്യമായി റബീഅത്തു ബ്നു ഹാരിസിന്റെ പ്രതികാരം നാം ദുർബലപ്പെടുത്തുന്നു. എല്ലാവിധ പലിശ ഇടപാടുകളും ഇന്ന് മുതൽ റദ്ദ് ചെയ്യുന്നു. എന്റെ പിതൃവ്യൻ ഇബ്നു അബ്ബാസിനുള്ള പലിശ ആദ്യമായി റദ്ദ് ചെയ്യുന്നു. മൂലധനമല്ലാതെ മറ്റൊന്നും നിങ്ങൾക്ക് അവകാശമില്ല. ഓ സുഹൃത്തുക്കളേ... നിങ്ങൾക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്. അവർക്ക് നിങ്ങളോടുമുണ്ട്. നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അവരെ സ്പർശിക്കാൻ ഭാര്യമാർ അനുവദിക്കരുത്. നീചകൃത്യങ്ങളെ തൊട്ടും ഭാര്യമാരെ സൂക്ഷിക്കണം. അങ്ങനെ വല്ലതും അവർ ചെയ്യുന്ന പക്ഷം മുറിവ് പറ്റാത്ത വിധം അടിക്കുക. ശരിയായ രീതിയിൽ അവർക്ക് ഭക്ഷണവും വസ്ത്രവും നൽകി പരിരക്ഷിക്കുക. സ്ത്രീകളോട് നിങ്ങൾ ദയാപുരസ്സരം മാത്രം പെരുമാറുക. അള്ളാഹുവിന്റെ സമ്മാനമായിട്ടാണ് നിങ്ങൾ അവരെ സ്വീകരിച്ചത്".
"അറിയുക, ഓരോ വിശ്വാസിയും അപരന് സഹോദരനാണ്. അവൻ പൂർണ്ണതൃപ്തിയോടെ തരുന്നതല്ലാതെ ഒന്നും നിങ്ങൾക്ക് അനുവദനീയമല്ല. തൊഴിലാളിയുടെ വിയർപ്പ് വറ്റുന്നതിന്റെ മുമ്പ് വേതനം നൽകണം. പരസ്‌പരം സംഘർഷത്തിൽ ഏർപ്പെടാതിരിക്കുക. അങ്ങനെ ചെയ്താൽ നിങ്ങൾ സത്യ നിഷേധികളാകും. തീർച്ച. മാന്യജനങ്ങളേ... വളരെ വ്യക്തമായി കാര്യങ്ങൾ ഏൽപ്പിച്ചാണ് ഞാൻ പോകുന്നത്. അള്ളാഹുവിന്റെ ഗ്രന്ഥവും തിരുചര്യയും അവ രണ്ടും മുറുകെ പിടിക്കുന്ന കാലം നിങ്ങൾ വഴി പിഴക്കില്ല. അറിയണം, നിങ്ങളുടെ സൃഷ്ടാവ് ഏകനാണ്. എല്ലാവരും ആദമിന്റെ മക്കളാണ്. ആദമോ മണ്ണിൽ നിന്നും. അറബിക്ക് അനറബിയെക്കാളോ തിരിച്ചോ ശ്രേഷ്‌ഠതയില്ല, ദൈവഭക്തികൊണ്ടല്ലാതെ".
മാനവികതയുടെ ചരിത്രത്തിലെ തുല്ല്യതയില്ലാത്ത പ്രഖ്യാപനമായിരുന്നു ഇത്. ആധുനിക ലോകം നേരിടുന്ന എല്ലാ സമസ്യകൾക്കുമുള്ള പരിഹാരമുണ്ട് ഈ വാക്കുകളിൽ . ആ ചരിത്ര സന്ധിയെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ നാന്ദിയായി വേണം കരുതാൻ. ആധുനിക മനുഷ്യാവകാശ നിയമങ്ങളുടെ മാഗ്നാകാർട്ടയായി വേണം ഹജ്ജത്തുൽ വദാഇലെ പ്രഖ്യാപനത്തെ കാണാൻ. ഇത് അനുചരവൃന്ദം ഏറ്റെടുത്തു. അതാണ് പിന്നീട് ലോകം ഖലീഫമാരുടെ ഭരണത്തിലൂടെ കണ്ടത്. ഖലീഫ ഉമറിന്റെ ഭരണം ഉദാഹരണം. ഒട്ടകത്തെ പഴിചാരിയതിന്റെ പേരിൽ വർഷങ്ങളോളം പൊരുതിയിരുന്ന ജനത മാനവികതയുടെ മുദ്രാവാക്യം ഏറ്റുപാടി. സകാത്തിന്റെ വിഹിതം സ്വീകരി ക്കാൻ ആളില്ലാത്ത വിധം ജനങ്ങൾ സ്വയം പര്യാപ്തരായി.
1948-ൽ പാരീസിൽ വെച്ച് യു എൻ ഒ പാസാക്കിയ യൂണിവേഴ്‌സൽ ഡിക്ലേറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ആണ് ആധുനിക മനുഷ്യാവകാശങ്ങളുടെ മാർഗ്ഗരേഖ. ജനകീയ സമരങ്ങളെ തുടർന്ന് 1521-ൽ ഇംഗ്ലീഷ് രാജാവ് ജോൺ രണ്ടാമൻ നൽകിയ മാഗ്നാകാർട്ടയാണ് ഇതിന് ആധാരം. മനുഷ്യനെ സംബോധന ചെയ്യുന്ന കൊളോണിയൽ ചരിത്രബോധം നിർമ്മിക്കപ്പെടുന്നതിന്റെ എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പാണ് തിരുനബിയുടെ പ്രഖ്യാപനമെന്ന് ഓർക്കണം. മുസ്ലിംകൾ പരിപാവനമായി കാണുന്ന അറഫയിലെ സംഗമത്തിന്റെ അത്ര തന്നെ പ്രാധാന്യം മനുഷ്യ ജീവനും അഭിമാനത്തിനുമുണ്ട് എന്ന പ്രഖ്യാപനം മാനവികതയുടെ ഔന്നിത്യത്തെയാണ് പ്രകാശിപ്പിക്കുന്നത്. മാനവിക മൂലങ്ങൾക്ക് ഇസ്ലാം നൽകുന്ന ഊന്നൽ എത്രത്തോളം വലുതാണ് എന്നുകൂടി ഇത് പഠിപ്പിക്കുന്നു.
ഫലസ്തീൻ ജനതയുടെ മേൽ ഇസ്രാഈൽ രാഷ്ട്രം കാണിക്കുന്ന ക്രൂരതക്ക് മുമ്പിൽ ഐക്യരാഷ്ട്രസഭ പോലും നോക്കുകുത്തിയായി നിൽക്കേണ്ടി വരുന്നത് ആധുനിക മനുഷ്യാവകാശ നിയമങ്ങളുടെ പരാജയമാണ്. കാമ്പസുകളിൽ നിന്ന് ഉയരുന്ന മുദ്രാവാക്യങ്ങൾ വലിയ പ്രതീക്ഷയാണ്. മാറുന്ന ലോകക്രമത്തിന്റെ സൂചനകളാകട്ടെ അതെന്ന് പ്രത്യാശിക്കാം.
-ശംസുദ്ദീൻ സാഖാഫി പെരിഞ്ചേരി