എന്ത് കൊണ്ട് ഖുര്‍ആന്‍ മാത്രം? ഖുർആൻ

എന്ത് കൊണ്ട് ഖുര്‍ആന്‍ മാത്രം?

By rationaleclub | 12/2/2021

ചോദ്യം : എല്ലാ ഗ്രന്ഥങ്ങളും വായിച്ച് പഠിച്ച് വിലയിരുത്തിയതിന് ശേഷം ഒരു തീരുമാനത്തിലെത്തുന്നതല്ലേ കരണീയം?

ഉത്തരം : ലോകകത്തുള്ള എല്ലാ പുസ്തകങ്ങളും പഠിച്ച് ശരിയായ വഴിയില്‍ എത്തിച്ചേരുക എന്നത് താത്വികമായി സുന്ദരമായ ഒരാശയമായി തോന്നുമെങ്കിലും പ്രയാഗ തലത്തില്‍ നടക്കാത്ത കാര്യമാണ്. പത്ത് ജന്മങ്ങള്‍ വായിച്ചാലും ലോകത്തെ പ്രധാന ഗ്രന്ഥങ്ങള്‍ തന്നെ വായിച്ചു തീരാന്‍ കഴിയില്ല. അന്വേഷണം അവസാനിക്കും മുമ്പെ നമുക്ക് മരിക്കേണ്ടി വരും.

ചോദ്യം : അപ്പോള്‍ സത്യാന്വേഷണത്തിനുള്ള എളുപ്പവഴി എന്താണ്?

ഉത്തരം : ഈ പ്രപഞ്ചത്തിന്റെ ഉണ്‍മക്ക് പ്രപഞ്ചാതീതമായ ഒരു ശക്തിവേണം വേണം എന്നത് ഏത് ലളിത ബുദ്ധിക്കും തിരിയുന്ന സാമാന്യ യുക്തിയാണ്. എത്ര പെരും ബുദ്ധികള്‍ ഒരുമിച്ച് കൂടിയാലും അതിനെതിരെ ഒരു വാദം തെളിയിക്കാന്‍ കഴിയില്ല. അതിനാല്‍ നാസ്തിക വിശ്വാസം പ്രചരിപ്പിക്കുന്ന എല്ലാ 'ദൈവ'ങ്ങളെയും അവരുടെ ചവറുകളേയും ധീരമായി അവഗണിക്കാം. ദൈവം പ്രപഞ്ചേതരമേ ആകാവൂ എന്ന് നമുക്ക് ബോധ്യപ്പെട്ട സ്ഥിതിക്ക്(വിശദ പഠനത്തിന് അബ്ദുല്‍ ജലീല്‍ സഅദി എഴുതിയ 'ദൈവ വിശ്വാസം: സംശയങ്ങളും മറുപടികളും' വായിക്കുക) പ്രാപഞ്ചിക ഗുണങ്ങളുള്ള ദൈവത്തെ വിശ്വസിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നവരുടെ ഗ്രന്ഥങ്ങളെയും അവഗണിക്കാം. ദൈവികമാണന്ന് സ്വയം അവകാശപ്പെടാത്തതോ, ആര് എപ്പോള്‍ എവിടെ നിന്ന് എങ്ങനെ കൊണ്ടുവന്നു എന്ന് കൃത്യമായി ബോധ്യപ്പെടാത്തതോ, അവതരിപ്പിക്കപ്പെട്ടത് അതേപടി അല്ല എന്നുറപ്പുള്ളതോ ആയ ഗ്രന്ഥങ്ങളെയും മാറ്റി നിര്‍ത്താം. അങ്ങനെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ ഖുര്‍ആന്‍ മാത്രമേ ബാക്കിയുണ്ടാവൂ.

ചോദ്യം : മറ്റ് പുസ്തകങ്ങളൊന്നും വായിക്കരുതെന്നാണോ?

ഉത്തരം : അല്ല. വായനയെ ഏറ്റവും കൂടുതല്‍ േ്രപാത്സാഹിപ്പിച്ച മതമാണ് ഇസ്ലാം. വൈജ്ഞാന അന്വേഷണങ്ങളുടെ കവാടങ്ങള്‍ അത് മലര്‍ക്കെ തുറന്നിട്ടു. വായിക്കൂ എന്ന് പറഞ്ഞു കൊണ്ടാണ് ഖുര്‍ആന്‍ ആരംഭിക്കുന്നത് തന്നെ. വിജ്ഞാനം വിശ്വസിയുടെ കളഞ്ഞു പോയ സ്വത്താണ് അത് എവിടെ കണ്ടാലും നിങ്ങള്‍ കൈവശപ്പെടുത്തുക.

وَعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «الْكَلِمَةُ الْحِكْمَةُ ضَالَّةُ الْحَكِيمِ فَحَيْثُ وَجَدَهَا فَهُوَ أَحَقُّ بِهَا» . رَوَاهُ التِّرْمِذِيُّ എന്നാണ് ഹദീസുകള് നല്കുന്ന പാഠം.

ചോദ്യം : അപ്പോള്‍ ഖുര്‍ആന്‍ മാത്രം പഠിച്ചാല്‍ മതി എന്ന് പറഞ്ഞതോ?

ഉത്തരം : അങ്ങനെ പറഞ്ഞിട്ടില്ല. ദൈവം ആരാണ്, എങ്ങനെയാണ്, എന്നൊക്കെ അറിയാന്‍ ദൈവത്തില്‍ നിന്നുള്ളതാകാന്‍ സാധ്യതയുള്ള േ്രസാതസ്സിനെ അവലംബിച്ചുള്ള പഠനങ്ങള്‍ക്ക് മാത്രമേ പ്രസക്തിയുള്ളൂ എന്നാണ് പറഞ്ഞ് വന്നത്. അത്തരത്തില്‍ ഒരു സാധ്യത ഖുര്‍ആന്റെ കാര്യത്തില്‍ മാത്രമേ തെളിയുന്നുള്ളൂ.

ചോദ്യം : നമ്മുടെ ചര്‍ച്ചയില്‍ മറ്റുള്ളവയുടെ സാധ്യത ഇല്ലായ്മ മാത്രമേ തെളിഞ്ഞിട്ടുള്ളൂ. ഖുര്‍ആന്റെ സാധ്യത വ്യക്തമായി തെളിഞ്ഞിട്ടില്ല. ഖുര്‍ആന്‍ ദൈവികമാണന്ന് അവകാശപ്പെടുന്നുണ്ടെന്ന് തെളിഞ്ഞു. എന്നാല്‍ ഖുര്‍ആനിലെ ദൈവം പ്രപഞ്ചേതരനാണന്ന് തെളിഞ്ഞോ?

ഉത്തരം : തെളിയിക്കാം. ഖുര്‍ആനില്‍ പ്രപഞ്ചങ്ങളെ മുഴുവന്‍ സൃഷിച്ച് പരിപാലിക്കുന്ന (റബ്ബുല്‍ ആലമീന്‍) ദൈവത്തെയാണ് പരിചയപ്പെടുത്തുന്നത്. അവന്‍ പ്രപഞ്ചേതരനേ ആകൂ എന്നത് ലളിത യുക്തിയാണ്.