ഖുര്‍ആന്‍ വാഹകന്‍ ചരിത്ര പുരുഷനോ?
ചോദ്യം : ഖുര്‍ആന്‍ ആര്‍ക്ക് എവിടെ എപ്പോള്‍ എങ്ങനെ അവതരിച്ചതാണ് എന്നതൊക്കെ ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ?
ഉത്തരം : അതെ!
മുഹമ്മദ് നബിക്ക് (സ) 40 വയസ്സ് പൂര്‍ത്തിയായ ശേഷം റമളാന്‍ മാസം മക്കയിലെ ഹിറാ ഗുഹയില്‍ വെച്ച് ജിബ്‌രീല്‍ എന്ന മാലാഖയാണ് ഖുര്‍ആന്‍ ഓതികേള്‍പ്പിച്ച് കൊടുത്തത്. പിന്നീട് വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി അവതരണം നടന്നു. 23 വര്‍ഷം കൊണ്ട് പൂര്‍ത്തിയായി.
ചോദ്യം : ഇത് ചരിത്രപരമായി തെളിയിക്കാമോ എന്നാണ് ചോദ്യം.
ഉത്തരം : അതെ, ആദ്യം നമുക്ക് മുഹമ്മദ് (സ)എന്ന വ്യക്തിത്വത്തെ ഹൃസ്വമായി പരിചയപ്പെടാം
ചോദ്യം : അദ്ദേഹം ഒരു ചരിത്ര പുരുഷനാണ് എന്ന് ആദ്യം സമര്‍ത്ഥിക്കണം.
ഉത്തരം : വര്‍ത്തമാന ബിന്ദുവില്‍ നിന്ന് പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് ചരിത്രത്തിലൂടെ സഞ്ചരിച്ചാല്‍ മുഴുവന്‍ സമയതന്തുക്കളിലും അനുസ്മരിക്കപ്പെടുന്ന ചരിത്ര പുരുഷനാണ് മുഹമ്മദ്(സ) എന്ന് നമുക്ക് മനസ്സിലാവും.
ചോദ്യം : അതെങ്ങനെ?
ഉത്തരം : ലോകത്ത് ഇന്ന് ഏറ്റവും കൂടതല്‍ വിളിക്കപ്പെടുന്ന പേര് മുഹമ്മദ് എന്നാണ്. മുസ്‌ലിംകളില്‍ അധികപേരുടേയും തലക്കല്‍ ഒരു മുഹമ്മദ് ഉണ്ടാകും. ലോകത്തുള്ള എല്ലാ മുസ്ലിം പള്ളികളില്‍ നിന്നും അഞ്ച് നേരം മുഹമ്മദ് എന്ന നാമം ഉയരുന്നു. ഭൂമി ഉരുണ്ടതായതിനാല്‍ അനുനിമിഷം ആ നാമം ഭൂമിയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നു. ഇങ്ങനെ മറ്റാരെങ്കിലും ലോകത്തുണ്ടോ?
ചോദ്യം : ചോദ്യത്തിനല്ല ഉത്തരം പറഞ്ഞത്. ചരിത്ര പുഷനാണ് എന്ന് ഇപ്പോള്‍ തെളിഞ്ഞോ?
ഉത്തരം : ഈ നാമകീര്‍ത്തി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചരിത്രം തെളിയിക്കപ്പെടുന്ന മാനദണ്ഡങ്ങളിലൂടെ വീക്ഷിച്ചാല്‍ തന്നെ ഈ നാമത്തിന്റെ അദ്വിതീയതയും അതിന്റെ അവകാശിയുടെ സാന്നിധ്യവും കൃത്യമായി മനസ്സിലാകും. കാലത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഈ സത്യസന്ധമായ വാര്‍ത്ത ശ്രണിയെ തമസ്‌ക്കരിക്കുന്ന ഒരാള്‍ക്കും ഒരു ചരിത്രവും വിശ്വസിക്കാനാവില്ല. നെപ്പോളിയനും സോക്രട്ടീസും ജീവിച്ചിരുന്നു ശാസ്തീയമായി തെളിയിക്കാവുന്ന കാര്യമാണോ?
എന്നാല്‍ തിരുനബിയെ കാണുകയും അനുഭവിക്കുകയും ചെയ്ത ലക്ഷക്കണക്കിനാളുകള്‍ ആ തിരുസാന്നിധ്യത്തെ ലക്ഷോപലക്ഷം ആളുകളിലൂടെ കൈമാറി വന്നു എന്നതിന് പുറമെയാണ് ഞാന്‍ പറഞ്ഞ നാമകീര്‍ത്തിപ്പെരുമ.
ചോദ്യം : ചരിത്ര ഗ്രന്ഥങ്ങളിലുണ്ടോ എന്നാണ് ചോദിച്ചത്?
ഉത്തരം : അങ്ങേ അറ്റം ബാലിശമായ ചോദ്യമാണിതെന്ന് പറയുന്നതില്‍ ഖേദമുണ്ട്.
ചോദ്യം : എന്ത് കൊണ്ടാണിത് ബാലിശമായത്?
ഉത്തരം : ചരിത്ര പഠനത്തിലെ ഏറ്റവും ആധികാരികമായ തെളിവാണ് ഞാന്‍ പറഞ്ഞത്. പുതിയ ചരിത്ര പുസ്തകം കൊണ്ട് പഴയ ചരിത്രം തെളിയില്ല. അന്നത്തെ ഗ്രന്ഥമാണങ്കില്‍ ആദ്യം ആ ഗ്രന്ഥം അന്ന് എഴുതിയതാണന്ന് തെളിയണം. ഒരു ചരിത്ര പുരുഷന്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിനേക്കാള്‍ പ്രയാസമാണ് അന്ന് അങ്ങനെ ഒരാള്‍ ഒരു പുസ്തകം എഴുതി എന്ന് തെളിയല്‍. രണ്ടിനുള്ള രേഖ ആദ്യമേ സൂചിപ്പിച്ച അനേകായിരം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട അനിഷേധ്യമായ വാര്‍ത്തയാണ്.
പിന്നെ ലോകത്ത് അറേബ്യന്‍ ചരിത്രമെഴുതിയ ഒരാളും മുഹമ്മദ് നബിയെ മാറ്റി ചരിത്രം എഴുതിയിട്ടില്ല. അവിടുത്തെ ജീവിതം മാത്രമല്ല അവിടുത്തെ സത്യസന്ധതയും നിരക്ഷരതയുമെല്ലാം ഇങ്ങനെ തെളിയിക്കപ്പെട്ട കാര്യങ്ങളാണ്. ചരിത്ര പണ്ഡിതന്‍മാര്‍ക്കിടയില്‍ ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെട്ട കാര്യങ്ങളാണതെല്ലാം.