ഉത്തമ മനുഷ്യൻ; ഹദീസുകൾവരച്ചിടുന്ന മാലോക മാതൃകകൾ - ഭാഗം 3
പണം പരിശുദ്ധമായിരിക്കണം
മനുഷ്യൻ ഇടപെടുന്ന സർവ്വ മേഖലകളെക്കുറിച്ച് ഇസ്ലാം ചർച്ചചെയ്യുന്നുണ്ട്. ജീവിതക്രമത്തിലെ പ്രാധാന്യമേറിയ സാമ്പത്തിക തലവും ഇതിൽ നിന്ന് ഒഴിയുന്നില്ല.ആധുനിക ലോകത്ത് സാമ്പത്തിക മേഖലയിൽ സങ്കീർണ്ണമായി കിടക്കുന്ന പല പ്രശ്നങ്ങൾക്കും ഹദീസുകളിലെ സാമ്പത്തിക നിയമങ്ങൾ പരിഹാരമാകുന്നുണ്ട്. മനുഷ്യനെപ്പോലെ സമ്പത്തും ശുദ്ധമായിരിക്കണമെന്നാണ് ഹദീസുകളുടെ വീക്ഷണം. ധനസമ്പാദനത്തിനും അനുബന്ധ വിഷയങ്ങൾക്കും നബിയിൽ കണ്ട മികവാണ് ഖദീജ ബീവിയെ അവിടുത്തെ കച്ചവട ഉത്തരവാദിത്വം ഏൽപ്പിക്കുന്നതിന് പ്രേരിപ്പിച്ചത്. കാരണം ഒരു കച്ചവടക്കാരനുണ്ടായിരിക്കേണ്ട സത്യസന്ധത, വിശ്വസ്തത, ബുദ്ധി കൂർമ്മത എന്നിവയെല്ലാം നബിയിൽ ഒത്തുചേർന്നിരുന്നു. സാമ്പത്തിക വ്യവസ്ഥക്ക് ഏറെ അനിവാര്യമായ ഒന്നാണ് രാഷ്ട്രീയപരമായ സ്വാധീനമെന്ന് മനസ്സിലാക്കിയായിരുന്നു നബി വിപണിയിലേക്കിറങ്ങിയത്. പിന്തുണ രൂപപ്പെടുത്തിയെടുക്കുന്നതിൽ തിരുനബി പൂർണ്ണാർത്ഥത്തിൽ വിജയിച്ചു.
അന്ന് ജൂതന്മാരുടെയും ക്രിസ്ത്യാനികളുടേതുമായിരുന്നു നിലനിന്നിരുന്ന പല വിപണികളും. പ്രസ്തുത സാഹചര്യത്തിൽ നിലവിലുള്ള വിപണി സാധ്യതകളെ നിരുത്സാഹപ്പെടുത്താതെ ഒരു കോമ്പറ്റീഷനിലേക്ക് പുതിയൊരു ശാസ്ത്രീയ മാർക്കറ്റ് നിർമിക്കുകയായിരുന്നു തിരുനബി.
എന്നിട്ട് പറഞ്ഞു:
"هذا سوقكم، فلا ينتقصن، ولا يضربن عليه خراج
(നിവേദനം ഇബ്നു മാജ)
ഇതാണ് നിങ്ങൾക്കുള്ള വിപണി, ഇതെന്നും നിലനിൽക്കണം, ഇവിടെ നികുതി നടപ്പിലാക്കില്ല. നികുതി സംവിധാനത്തെ മാറ്റുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഏറ്റവും സുന്ദരമായ സാമ്പത്തിക നയത്തിലേക്കുള്ള മാർഗം കാണിക്കുകയായിരുന്നു മുഹമ്മദ് ﷺ. മികച്ചൊരു വിപണരീതിയെ നബി നമുക്കായി കാഴ്ച്ചവെച്ചു.
സാമ്പത്തിക വ്യവസ്ഥയെ നിലനിർത്താൻ ഏറെ ആവശ്യമായ മറ്റൊന്നാണ് ധാർമികമായ അടിത്തറ. ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നിന്ന് നിർധാരണം ചെയ്തെടുക്കാൻ സാധിക്കുന്നത് ധാർമികത പാലിക്കണമെന്നാണ്.
ليس الغنى عن كثرة العرض ولكن الغنى غنى النفس
ഒരുപാട് ചരക്കുകൾ ഒരുമിച്ചു കൂട്ടിയവൻ എന്നതിനപ്പുറത്ത് മാനസികമായി സംതൃപ്തനായിരിക്കുക എന്നതാണ് സമ്പന്നന്റെ ലക്ഷണം. ഇതുപോലെ മറ്റൊരു ഹദീസിൽ നബി പഠിപ്പിക്കുന്നത് കാണാം.
أَتَدْرُونَ ما المُفْلِسُ؟ قالوا: المُفْلِسُ فِينا مَن لا دِرْهَمَ له ولا مَتاعَ، فقالَ: إنَّ المُفْلِسَ مِن أُمَّتي يَأْتي يَومَ القِيامَةِ بصَلاةٍ، وصِيامٍ، وزَكاةٍ، ويَأْتي قدْ شَتَمَ هذا، وقَذَفَ هذا، وأَكَلَ مالَ هذا، وسَفَكَ دَمَ هذا، وضَرَبَ هذا، فيُعْطى هذا مِن حَسَناتِهِ، وهذا مِن حَسَناتِهِ، فإنْ فَنِيَتْ حَسَناتُهُ قَبْلَ أنْ يُقْضى ما عليه أُخِذَ مِن خَطاياهُمْ فَطُرِحَتْ عليه، ثُمَّ طُرِحَ في النّارِ
(നിവേദനം, മുസ്ലിം)
ആരാണ് മുഫ് ലിസെന്നറിയാമോ? (സാമ്പത്തിക ശേഷിയില്ലാത്തവൻ) സ്വഹാബത്ത് പറഞ്ഞു: ദിർഹമോ ചരക്കുകളോ കൈവശമില്ലാത്തവൻ.
നബി തിരുത്തി: അല്ല,അന്ത്യനാളിൽ ഒരുപാട് സൽക്കർമ്മങ്ങളുമായി വന്നിട്ടും അപരനെ വേദനിപ്പിച്ചതിന്റെ പേരിൽ സൽക്കർമ്മങ്ങളെല്ലാം അവന് കൊടുക്കേണ്ട ഗതികേട് വരുന്ന മനുഷ്യനാണ് മുഫ് ലിസ്.
ഭൗതികമായ സമ്പത്തിനപ്പുറത്ത് ആത്മീയമായൊരു ഊർജ്ജം നേടാൻ പ്രോത്സാഹിപ്പിക്കുകയാണ് തിരുനബി.
ഇത്തരമൊരു മോറൽ സെന്റിമെന്റ്സ് രൂപപ്പെടുത്തി വെക്കുക എന്നത് സാമ്പത്തിക മേഖലയിൽ ഇടപെടുന്ന ഒരാൾക്ക് അത്യാവശ്യമാണ്. എത്ര പണം നഷ്ടം വന്നാലും തളരാത്ത മനസ്സ് രൂപപ്പെടുന്നത് ഇവിടെയാണ്.
നഷ്ടം വരുന്ന കച്ചവടങ്ങളെയും മനുഷ്യന് ഉപകാരമില്ലാത്ത കച്ചവടങ്ങളെയെല്ലാം നബി വിലക്കിയത് പല ഹദീസുകളിലായി വായിക്കാം.
نهي عن البيعتين
نهي عن بيع الغرر
സാമ്പത്തികമായ നഷ്ടം സംഭവിക്കുന്നിടത്ത് നിന്നെല്ലാം ജനങ്ങളെ സംരക്ഷിക്കാൻ നബി കാണിച്ച ജാഗ്രതയാണ് നമ്മെ ഉൽബുദ്ധരാക്കുന്നത്.
അബു ദാവൂദും തിർമുദിയും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം
لا تَبِعْ ما ليس عِندَك
സ്വന്തം അധികാരത്തിൽ ഇല്ലാത്ത ഒന്ന് വിൽക്കാൻ പാടില്ല. ഇമാം അഹ്മദും ഹാകിമും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം
أيُّ الكسبِ أطيَبُ قال عملُ الرَّجلِ بيدِه وكلُّ بيعٍ مبرورٍ
ഏത് ജോലിയാണ് ഏറ്റവും ഉത്തമമെന്ന് നബിയോട് ചോദിച്ചപ്പോൾ സ്വന്തം കൈകൊണ്ട് ചെയ്യുന്ന ജോലിയും നല്ല കച്ചവടവുമെന്നാണ് മറുപടി നൽകിയത്.
സ്വയം സമ്പാദിക്കാനുള്ള, സാമ്പത്തിക ഉയർച്ച നേടാനുള്ള പ്രോത്സാഹനമാണ് നബി നൽകുന്നത്. മറ്റുള്ളവരെ ആശ്രയിക്കാതെ സാമ്പത്തിക വിഷയത്തിൽ സ്വാശ്രയത്വം നേടിയെടുക്കുക എന്നത് ഏറെ പ്രധാനമാണ്.
ബിസിനസ് എത്തിക്സിനെക്കുറിച്ചും ധാരാളം പാഠങ്ങൾ തിരുനബിയിൽ നിന്നുണ്ട്.
ചതി / വഞ്ചന, പൂഴ്ത്തിവെപ്പ് ഇതിനെല്ലാം ഹദീസ് വിലക്കേർപ്പെടുത്തുന്നു.
മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ
ثلاثة لا يكلمهم الله، ولا ينظر إليهم يوم القيامة، ولا يزكيهم، ولهم عذاب أليم: المسبل إزاره، والمنان فيما أعطى، والمنفق سلعته بالحلف الكاذب
അന്ത്യനാളിൽ അല്ലാഹുവിന്റെ ദൃഷ്ടി പതിക്കാത്ത ഹതഭാഗ്യരെക്കുറിച്ച് പറയുന്നിടത്ത് ഒരു വിഭാഗം കള്ള സത്യം കൊണ്ട് ചരക്ക് വിൽക്കുന്നവരാണ്.
ഒരിക്കൽ ചരക്കുകൾ മറച്ചുവെക്കാതെ കച്ചവടം ചെയ്യുന്ന ഒരാളെ കണ്ടപ്പോൾ വസ്തുക്കൾക്ക് കേടുപാട് പറ്റാത്തവിധം മറച്ചുവെക്കാൻ നബി പഠിപ്പിക്കുന്നുണ്ട്.
കച്ചവടത്തിലും മറ്റും സാമ്പത്തിക വിഷയങ്ങളിലെല്ലാം അത്തരം ധാർമികതയെ മുറുകെ പിടിക്കാൻ അവിടുന്ന് സാദാ അനുചരരെ ഓർമ്മപ്പെടുത്തുന്നുമുണ്ട്.
ഹദീസിൽ കാണാം
لا يؤمن احدكم حتى يحب لاخيه ما يحب لنفسه
തന്റേതെന്ന ഭാവന അപരന്റെ വിഷയങ്ങളിലും ഉണ്ടാക്കിയെടുക്കുമ്പോഴാണ് വിശ്വാസം പൂർണ്ണമാകുന്നത്. സാമ്പത്തിക ശുദ്ധിയുള്ളവന്അല്ലെങ്കിൽ സാമ്പത്തിക ശുദ്ധിആഗ്രഹിക്കുന്നവന് എപ്പോഴുമുണ്ടായിരിക്കേണ്ട ഗുണവിശേഷമാണിത്. ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം
لا يغرس مسلم غرسا ولا يزرع زرعا فيأكل منه إنسان ولا دابة ولا شيء إلا كانت له صدقة
നമ്മുടെ കൃഷിയിടത്തിൽ നിന്ന് മനുഷ്യരോ മൃഗങ്ങളോ എന്തു ഭക്ഷിച്ചാലും ഉടമസ്ഥന് ദാനധർമ്മത്തിന്റെ കൂലിയാണ്. ഇതിൽ നിന്നെല്ലാം അപരനെ ഉൾക്കൊള്ളാനും നഷ്ടബോധം കൊണ്ട് മാനസികമായി തളരാതിരിക്കാനും വിശ്വാസിക്ക് ഊർജ്ജം ലഭിക്കുന്നു.
നമ്മുടെ സാമ്പത്തിക സ്ഥിതി ഉയർന്നുനിൽക്കാൻ ദാനധർമ്മം ശീലിക്കണമെന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്.ഹദീസിൽ കാണാം
ما نقصت صدقة من مال
ദാനം ധനത്തെ കുറക്കില്ല.
അതുപോലെ
الصدقة رد البلاء
ദാനം വിപത്തുകളെ തടയും.ഇങ്ങനെ തുടങ്ങി ധാരാളം ഹദീസുകളിൽ നമുക്ക് ചുറ്റുമുള്ളവരുടെ സാമ്പത്തികശേഷിയെക്കൂടി നാം പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം പ്രവാചക വചനങ്ങൾ വിളിച്ചോതുന്നുണ്ട്. സകാത് സംവിദാനത്തിലൂടെ അത് പ്രായോഗിക രീതിയിൽ കൊണ്ടുവരുമ്പോൾ ഏറെ സുന്ദരമായി ഇസ്ലാം മാറുന്നു.
മറ്റ് സാമ്പത്തിക സിദ്ധാന്തങ്ങൾക്ക് വിഭിന്നമായി മുഹമ്മദ് നബിയുടെ ചര്യ പലിശ സംവിധാനത്തെ നിരുത്സാഹപ്പെടുത്തുന്നു.
ഇബ്നുമാജ റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ പറയുന്നു
لَعَنَ آكِلَ الرِّبَا، وَمُوكِلَهُ، وَكَاتِبَهُ،
പലിശ വാങ്ങുന്നവരും കൊടുക്കുന്നവരും അത് രേഖപ്പെടുത്തുന്നവരുമെല്ലാം ശാപം പിടിച്ചവരാണ്. ആധുനിക സംവിധാനങ്ങളോട് ചേർത്തുവച്ച് പലിശ വ്യവസ്ഥയെ കുറിച്ച് പഠിക്കുമ്പോൾ അതിന്റെ പരാജയങ്ങൾ നമുക്ക് ബോധ്യപ്പെടും. ഇതിനെല്ലാമപ്പുറം പല സമയങ്ങളിലും തിരുനബി വൈയക്തികമായി ഓരോ വ്യക്തികൾക്കും സാമ്പത്തിക ആസൂത്രണം നടത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.
അബൂ ദാവൂദും ഇബ്നു മാജയും റിപ്പോർട്ട് ചെയ്ത ഒരു വിശാലമായ ഹദീസിൽ
عن أنس أن رجلا من الأنصار أتى النبي - صلى الله عليه وسلم - يسأله ، فقال : " أما في بيتك شيء ؟ " ، فقال : بلى حلس نلبس بعضه ، ونبسط بعضه وقعب نشرب فيه من الماء ، قال : " ائتني بهما " فأتاه بهما ، فأخذهما رسول الله - صلى الله عليه وسلم - بيده………………………………..
സാമ്പത്തിക സഹായം ചോദിച്ചു വന്ന സ്വഹാബിക്ക് എങ്ങനെ സമ്പാദിക്കണം എന്നത് കൃത്യമായി പഠിപ്പിക്കുന്നത് ഈ ഹദീസിൽ കാണാൻ സാധിക്കും.
തന്റെ പക്ഷമുള്ള സമ്പത്തിന്റെ ഒരു ഭാഗം ചിലവാക്കാനും മറ്റൊരു ഭാഗം സമ്പാദനത്തിനു വേണ്ടി മാറ്റിവെക്കാനും തിരുനബി പഠിപ്പിക്കുന്നു. അങ്ങനെ തുടങ്ങി ആ ജീവിതത്തിന്റെ നിഖില മേഖലകളിലേക്ക് കണ്ണോടിക്കുമ്പോഴും അവിടെയെല്ലാം കൃത്യമായ, ദീർഘജ്ഞാനമുള്ളൊരു സാമ്പത്തിക വിദഗ്ത്തനെ നമുക്ക് ദർശിക്കാം.
ആരോഗ്യകാര്യം
ശാരീരികവും മാനസികാവുമായ ആരോഗ്യം ഏറെ പ്രാധാന്യമേറിയ ഒന്നാണ്. സാമൂഹിക ജീവിയായ മനുഷ്യന് തന്റേതായ മേഖലകളിൽ ഇടപെടുന്നതിന് ആരോഗ്യം അനിവാര്യമാണ്. നമ്മൾ പലർക്കും കൃത്യമായി വിനിയോഗിക്കാൻ സാധിക്കാതെ പോയ അനുഗ്രഹമായിട്ടാണ് ഹദീസുകൾ ആരോഗ്യത്തെ പരിചയപ്പെടുത്തുന്നത്.
نعمتان مغبون فيهما كثير من الناس، الصحة والفراغ
(നിവേദനം, ബുഖാരി)
ആരോഗ്യം സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹദീസുകൾ കൃത്യമായി ഇടപെടുന്നുണ്ട്. ഇബ്നു ഹിബ്ബാൻ റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം
مثل المؤمن كمثل النحلة، لا تأكل الا طيباً، ولا تضعه الاطيبا
നാം എന്ത് ഭക്ഷിക്കണമെന്നതിനെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടായിരിക്കണം. അനാരോഗ്യത്തിന് കാരണമാകുന്ന ഒന്നും ഭക്ഷിക്കാതിരിക്കുകയെന്നതാണ് ഹദീസിന്റെ ഉള്ളടക്കം.
മനുഷ്യ ശരീരത്തിന് ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതോ, അനാവശ്യമായതുമായ ജോലികളിൽ ഏർപ്പെടുന്നതിനെ തൊട്ടും തിരുചര്യ വിലക്കുന്നു.
مِنْ حُسْنِ إِسْلَامِ الْمَرْءِ، تَرْكُهُ مَا لَا يَعْنِيهِ
(തിർമുദി)
മുസ്ലിം അവനാവിശ്യമില്ലാത്തതിൽ നിന്നെല്ലാം മാറിനിൽക്കണം. അനാവശ്യങ്ങളിൽ നിന്നും അനാരോഗ്യ പ്രവർത്തികളിൽ നിന്നും മാറി എപ്പോഴും പൂർണ്ണ ആരോഗ്യവാനായിരിക്കുകയെന്നതാണ് ഇസ്ലാം മുന്നോട്ടുവെക്കുന്ന ദർശനം. ഒരു ഹദീസിൽ കാണാം
من أصبح منكم معافى في جسده آمنا في سربه عنده قوت يومه فكأنما حيزت له الدنيا بحذافيرها
(ജാമിഉസ്സഈർ)
ശരീരത്തിന് പൂർണ്ണ സൗഖ്യത്തോടെ, നിർഭയനായി ഒരുത്തന്റെ പ്രഭാതം തുടങ്ങുകയെന്നത് പ്രപഞ്ചം മുഴുക്കെ ലഭിക്കുന്നതിനു തുല്യമാണ്. മനുഷ്യൻ രോഗിയാകാനുള്ള എല്ലാ സാഹചര്യങ്ങളിലും സ്വീകരിക്കേണ്ട മുൻകരുതലുകളും ഹദീസുകൾ പഠിപ്പിക്കുന്നു. ഇത്തരം ഹദീസുകളിൽ നിന്നാണ് പലപ്പോഴും ആധുനിക കാലത്തെ പല വ്യവസ്ഥകളും രൂപപ്പെടുന്നത്.
പകർച്ചവ്യാധി പടർന്നാൽ നാം സ്വീകരിക്കേണ്ട ക്വാറന്റൈൻ സിസ്റ്റത്തെക്കുറിച്ച് 14 നൂറ്റാണ്ട് മുമ്പ് തിരുനബി സംസാരിച്ചിട്ടുണ്ട്.
إذا سمعتم بهذا الوباء ببلد، فلا تقدموا عليه، وإذا وقع وأنتم فيه فلا تخرجوا فرارًا منه
(ബുഖാരി)
ഒരു നാട്ടിൽ പകർച്ചവ്യാധി ഉണ്ടെന്നു കേട്ടാൽ അവിടേക്ക് പോകരുത്. നിങ്ങളുള്ള നാട്ടിലാണ് പടർന്നതെങ്കിൽ അവിടെ നിന്ന് പുറത്തു പോകരുത്. എത്ര കൃത്യമായാണ് മുഹമ്മദ് നബി ﷺ കാര്യങ്ങൾ പഠിപ്പിച്ചത്. ഹദീസുകളുടെ ഉൾസാരങ്ങളിലേക്ക് ഇറങ്ങുമ്പോൾ മനുഷ്യാരോഗ്യ സംരക്ഷണം എത്രത്തോളം പ്രാധാന്യമായി ഇസ്ലാം പഠിപ്പിക്കുന്നവെന്ന് ബോധ്യപ്പെടും.
ചുരുക്കത്തിൽ, ഹദീസുകൾ മനുഷ്യകുലത്തിന്റെ തികഞ്ഞ മാനിഫെസ്റ്റോയാണ്. ആധുനികലോകം നേരിടുന്ന സർവ്വ വെല്ലുവിളികൾക്കുമുള്ള പരിഹാരം ഹദീസുകളിലുണ്ടെന്നത് മുകളിൽ സൂചിപ്പിച്ച ഉദാഹരണങ്ങളിൽ നിന്നും മനസിലാക്കാം. ഇസ്ലാമിന്റെ ശരിയായ രീതികൾ മനസ്സിലാക്കേണ്ടതും ഹദീസുകളുടെ വെളിച്ചത്തിലാണ്. ഇസ്ലാം പ്രാവർത്തികമാക്കി കാണിച്ചുതന്ന തിരുദൂതരുടെ ജീവിതരീതികളുടെ രേഖയാണല്ലോ ഹദീസുകൾ. ആ ജീവിതരേഖകൾ ലോകം നേരിടാനിരിക്കുന്ന സർവ്വ മേഖലകളോടും സംവദിച്ചുവെന്നതാണ് വാസ്തവം. ഇവിടെ ചർച്ച ചെയ്ത വിഷയങ്ങൾക്കുമപ്പുറം മനുഷ്യൻ ഇടപെടുന്ന നിഖില മേഖലകളിലേക്കുമായി ഹദീസുകളുടെ ലോകം വിശാലമായി കിടക്കുന്നു. ഒരേസമയം ഭരണാധികാരിയും, കുടുംബനാഥനും, അധ്യാപകനും എല്ലാമെല്ലാമായി ജീവിച്ചുതീർത്ത ആ ധന്യ ജീവിതത്തിലെ ചര്യകളെ ചേർത്തു പിടിക്കലിലാണ് മാനവകുലത്തിന്റെ വിജയം.