കരുത്ത് മതി, കർമം സഫലം
കർമങ്ങളുടെ സ്വീകാര്യത ഉദ്ദേശ്യ ശുദ്ധിയിലാണ്. അതായത് നിയ്യത്ത് ശരിയായില്ലങ്കിൽ കർമങ്ങൾ സ്വീകാര്യമാകില്ല. ഇബാദത്ത് എന്നത് അവയവങ്ങൾ കൊണ്ടുള്ള കേവല പ്രകടനങ്ങളല്ല. മറിച്ച് മനസ്സും ശരീരവും ചേർന്നു കൊണ്ടുള്ള, ബോധപൂർവ്വമുള്ള പ്രവർത്തിയാകണം. ഇക്കാര്യം നവവി ഇമാമിന്റെ അർബഈന ഹദീസിന്റെ ശറഹായ ഫത്ഹുൽ മുബീനിൽ ഇബ്നു ഹജർ ഹൈതമി(റ) രേഖപ്പെടുത്തുന്നുണ്ട്. ഇമാം ബൈഹഖി ഉദ്ധരിക്കുന്നു: കർമം എന്നത് നാവുകൊണ്ടോ, ഹൃദയം കൊണ്ടോ, അവയവങ്ങൾ കൊണ്ടോ ആകാമെങ്കിലും അതിൽ പ്രഥമവും പ്രധാനവും ഹൃദയം കൊണ്ടാണ്. കാരണം എല്ലാത്തിന്റേയും അടിത്തറ നിയ്യത്തും ബാക്കിയുള്ളതെല്ലാം അതിനെ തുടർന്നുണ്ടാകുന്നതുമാണ്.
നിയ്യത്തെന്നത് അത്രമേൽ പ്രധാന്യമുള്ളതാണ്. ജീവിതത്തിന്റെ മുഴുവൻ തുടിപ്പുകളെയും ചലന - നിശ്ചലനങ്ങളെയെല്ലാം പ്രതിഫലാർഹമാക്കി മാറ്റിയെടുക്കാൻ നിയ്യത്ത് കൊണ്ട് സാധ്യമാകും.
നിയ്യത്തില്ലങ്കിൽ നോമ്പ് പട്ടിണിയും നിസ്കാരം കേവല ആക്ടിങ്ങും ഇഹ്‌തികാഫ് വെറും ഇരുത്തവുമാകും. അതേ സമയം തെറ്റ് ചെയ്തുവെന്നത് കൊണ്ട് മാത്രം ഒരാൾ ശിക്ഷക്ക് അർഹനാകുന്നില്ല. മറിച്ച് അത് മനപ്പൂർവമാവുകയും കൂടി വേണം. പുതിയ കാലത്തെ പല കോപ്രായത്തങ്ങളെയും അനുഗരിക്കുന്ന നവതലമുറയുടെ പ്രവർത്തനങ്ങളേക്കാൾ ഭയാനകം അവരെ വഴി നടത്തുന്ന ചിന്താധാരകളാണ്.
അതിനാൽ മനസാന്നിദ്ധ്യം എന്നത് പോസറ്റീവ് ആൻഡ് നെഗറ്റീവ് ഇമ്പാക്ട് സൃഷ്‌ടിക്കാൻ ശേഷിയുള്ള ആയുധമാണ്. അതിനെ നന്മയിൽ വഴി നടത്താൻ കഴിയുന്നിടത്താണ് ഒരു വിശ്വാസിയുടെ വിജയുമുള്ളത്.
ഒരാളുടെ ഉദ്ദേശ്യം കൊണ്ട് മാത്രം അയാൾക്ക് പ്രതിഫലം ലഭിക്കും. അതെ സമയം തിന്മയോ? അത് ചെയ്യാൻ ഉദ്ദേശിച്ചാൽ മാത്രം പോരാ, ചെയ്യുക കൂടി വേണം. അല്ലങ്കിൽ അബദ്ധത്തിൽ ചെയ്തു പോയാൽ പോരാ, മനസാന്നിധ്യം കൂടി ഉണ്ടാകണം.
സ്വർഗം സമ്പാദിക്കാൻ നായക്ക് വെള്ളം കൊടുത്താൽ മതിയെങ്കിൽ നരകം ലഭിക്കാൻ വെറുതെ നടക്കുന്ന പൂച്ചയെ കെട്ടിയിടണം, മറ്റുള്ളവന്റെ മുതൽ പാട്പെട്ട് അപഹരിക്കണം, പണം കൊടുത്ത് കള്ള് വാങ്ങണം, സാഹസപ്പെട്ട് ലൈംഗികതയിൽ ഏർപ്പെടണം.
എന്നിട്ടും നമ്മൾ തെറ്റുകൾ ആവർത്തിച്ചു ചെയ്യുന്നു എന്ന് പറയുമ്പോൾ എത്ര വിഡ്ഢിത്തം!
എന്നാൽ നന്മ അങ്ങനെയല്ല.
നാം എന്നും ചെയ്യുന്നത് മാത്രം ചെയ്‌താൽ മതി. അതായത് ബ്രഷ് ചെയ്‌താൽ മതി, ചെരുപ്പ് ധരിച്ചാൽ മതി, താടിയും മുടിയും ചീകിയാൽ മതി, വീട്ടിൽ നിന്ന് പുറത്തിറങ്ങലും അകത്തേക്ക് കയറലും മതി, ജോലി ചെയ്യൽ മതി, വീട്ടുകാരോട് സലാം ചൊല്ലൽ മതി, ഭക്ഷണം കഴിക്കലും പാകം ചെയ്യലും മതി, അലക്കലും കുളിക്കലും പത്രം കഴുകലും അടിച്ചു വാരലും മതി, ഉറങ്ങലും ഉറക്കിൽ നിന്ന് ഉണരലും മതി.
ഇനി ഇത് ഒന്നുമില്ലങ്കിൽ മിണ്ടാതെ കുത്തിയിരിന്നാലും മതി. ചുരുക്കത്തിൽ ഒരു വിശ്വസിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന മുഴുവൻ നിമിഷങ്ങളും ഇബാദത്താണ്, പുണ്യമാണ്, പ്രതിഫലാർഹമാണ്.
പക്ഷെ ഒരു കാര്യം മാത്രം
നിയ്യത്ത് ശരിപ്പെടുത്തുക, ഉദ്ദേശ്യ ശുദ്ധിയുണ്ടാവുക. റബ്ബിന്റെ നോട്ടം നമ്മുടെ ഹൃദയങ്ങളിലേക്കാണ് എന്ന ബോധ്യത്തിലെത്തുക. എങ്കിൽ ഈ ജീവതമെത്ര ധന്യം.
- എം മഹമൂദ് അസ്‌ലം സഖാഫി ചുങ്കത്തറ