മൈൻഡ്ഫുൾനെസും ആധുനികതയും ആമുഖം

മൈൻഡ്ഫുൾനെസും ആധുനികതയും

By rationaleclub | 5/14/2025

ഒരു പക്ഷേ സിനിമയിൽ മാത്രമായിരിക്കും മനുഷ്യ മനസ്സുകളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന ജാലവിദ്യയുള്ളത്.

അക്രമണങ്ങളിലൂടെയും യുദ്ധത്തിലൂടെയും ശരീരത്തെ അതിജയിക്കാൻ കഴിഞ്ഞാലും മനസ്സിനെ കീഴ്പ്പെടുത്താനാകണമെന്നില്ല. അതിനു നമുക്ക് മുന്നിൽ ജീവിക്കുന്ന തെളിവാണ് പലസ്തീൻ ജനത! അതായത് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് നമ്മുടെ മനസ്സ്.

നേരിട്ടുള്ള കൊളോണിയലിസം അവസാനിച്ചുവെങ്കിലും അവരുടെ പ്രൊജക്ടുകളും ഉൽപ്പന്നങ്ങളും അനുദിനം വർധിക്കുകയാണ് ചെയ്തത്. നാടുകൾ പിടിച്ചെടുക്കാതെ തന്നെ വിദ്യാഭ്യാസത്തിലൂടെയും ആശയങ്ങളിലൂടെയും മനസ്സുകളെ കോളനിവൽക്കരിക്കുന്ന വിദ്യയാണ് പടിഞ്ഞാറ് സ്വീകരിച്ചത്. അതായിരുന്നു അവർക്ക് സാമ്പത്തികമായും ശാരീരികമായും കൂടുതൽ ലാഭകരം. അങ്ങനെയാണ് നമ്മുടെ കയ്യിലില്ലാത്ത പണം കൊണ്ട് നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കൾ വാങ്ങി നമുക്ക് അറിയാത്തവരെ സന്തോഷിപ്പിക്കുന്ന ഉപഭോക്തൃ സംസ്കാരത്തിന്റെ കണ്ണികളായി നാം മാറിയത്.

പറഞ്ഞു വരുന്നത് മനുഷ്യ മനസ്സിനെ കീഴ്പ്പെടുത്താനും നിയന്ത്രിക്കാനും ശാസ്ത്രീയ തന്ത്രങ്ങളാണ് ഇന്ന് വികസിത രാജ്യങ്ങളും, കോർപറേറ്റ് സ്ഥാപനങ്ങളും, മത സംഘടനകളും, രാഷ്ട്രീയ പാർട്ടികളും വരെ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ യുഗത്തെ അക്കാദമിക ലോകത്ത് (Most Distractive age in human history) "മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വ്യതിചലന കാലമെന്നാണ്" അറിയപ്പെടുന്നത്.

ആധുനിക മനഃശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട മേഖലകളാണ് മാസ്സ് സൈക്കോളജി (Mass psychology), ഉപഭോക്തൃ സ്വഭാവ പഠനം (Consumer Behavior study), അഡ്വർടൈസിങ് സൈക്കോളജി (advertising psychology) എന്നിവ. മനസ്സിനെ എങ്ങനെ വരുതിയിലാക്കാം എന്ന പഠനമാണ് ഈ മേഖലകളുടെയെല്ലാം പൊതുവായ സവിശേഷത. ഇന്ന് സോഷ്യൽ മീഡിയകളും, തെരുവുകളും പരസ്യങ്ങളാൽ (Advertisement) നിബിഢമായിക്കൊണ്ടിരിക്കുന്നത് ഇതിന്റെ ഫലമായിട്ട് കൂടിയാണ്.

അഡ്വർട് (Advert) എന്ന വാക്കിനു ഡിക്ഷണറി നൽകുന്ന നിർവചനം തന്നെ (To turn the mind or Attention) "ശ്രദ്ധ തിരിക്കുക" എന്നതാണ്. കൂടാതെ സമൂഹ്യ മാധ്യമങ്ങളും മുഖ്യധാര മാധ്യമങ്ങളും നമുക്ക് മുന്നിൽ നിർമിക്കുന്ന വ്യാജവ്യാഖ്യാനങ്ങൾ, ശ്രദ്ധ തിരിക്കൽ (Diversion Tactics), തമസ്‌ക്കരിക്കൽ (Blackout) ഇങ്ങനെ വിവരങ്ങളുടെ കുത്തൊഴുക്കിനിടയിൽ നിർദ്ധിഷ്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് ഒരു ബാലികേറാമല തന്നെയാണ്.

ഈ ദുർഘട പ്രതിസന്ധിയെ മറികടക്കാൻ പടിഞ്ഞാറ് ബുദ്ധിസത്തിൽ നിന്നും പൊടി തട്ടിയെടുത്ത ആശയമാണ് മൈൻഡ്‌ഫുൾനെസ്സ് എന്ന് പറയുന്ന മെഡിറ്റേഷൻ പ്രാക്ടീസ്. വിഷാദം, ഉൽകണ്‌ഠ, എഡി എച്ച് ഡി എന്നിവക്കുള്ള പരിഹാരവുമായും ഇതിനെ നിർദ്ദേശിക്കുന്നവരുണ്ട്. നമ്മുടെ മോട്ടിവേഷൻ ക്ലാസ്സുകളിലും ഇന്ന് പുട്ടിനു പീര പോലെ "ബീ മൈൻഡ്‌ഫുൾ… മൈൻഡ്‌ഫുൾ എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ..?" അതുതന്നെ.

പടിഞ്ഞാറിൽ വലിയ വേരോട്ടം ലഭിച്ച ഈ ആശയം പിന്നീട് കൂറ്റൻ വ്യവസായമായി വളരുന്നതിനാണ് ലോകം സാക്ഷിയായത്. 2015 ലെ കണക്കുകൾ പ്രകാരം, വരുമാനം ഒരു ബില്യൺ ഡോളറിലേക്കെത്തിയിരുന്നു. പിന്നീട് ഇതിന്റെ അവകാശവാദങ്ങളെ സാധൂകരിക്കുന്ന പഠനങ്ങളുടെ കുത്തൊഴുക്കായിരുന്നു.

മൈൻഡ്‌ഫുൾനെസ്സ് എന്നാൽ ഭൂതകാല ചെയ്തികളെക്കുറിച്ചുള്ള ഖേദമില്ലാതെ ഭാവിയെ ഓർത്തുള്ള ഉൽകണ്‌ഠയില്ലാതെ വാർത്തമാനത്തിൽ ജീവിക്കുക എന്നതാണ്. "staying aware (paying close attention)." അപ്പോൾ എന്തിൽ ശ്രദ്ധ ചെലുത്തി എന്തിനാൽ മൈൻഡിനെ നിറക്കണം എന്നായിരിക്കും സംശയം. "സ്വന്തത്തെക്കുറിച്ച്" തന്നെ എന്നാണുത്തരം. ഒരു തരം ദിക്റുന്നഫ്‌സ് (സ്വയം സ്മരണ). ഈ ആശയത്തിന്റെ ഫിലോസഫിക്കലായ അപചയങ്ങളിലേക്കാണ് നാം ശ്രദ്ധ തിരിക്കുന്നത്.

നവോത്ഥാനന്തരം ഉടലെടുത്ത എല്ലാ ആശയങ്ങളുടെയും പ്രത്യേകത അവ ദൈവരഹിതവും മനുഷ്യ കേന്ദ്രീകൃതവുമാണ് എന്നതാണ്. ഇതും അതിൽ നിന്ന് വിഭിന്നമല്ല. എന്നാൽ ആശ്രിതനും അപൂർണ്ണനുമായ മനുഷ്യൻ എങ്ങനെയാണ് സ്വന്തത്തിൽ അഭയം പ്രാപിച്ച് ഈ പ്രത്യേക മനോഗതിയിലേക്ക് എത്തിച്ചേരുക എന്ന ചോദ്യം പ്രസക്തമാണ്. അതും ഈ പ്രപഞ്ചം ചക്ക വീണു മുയല് ചത്തപ്പോൾ രൂപപ്പെട്ടതാണെന്നും, ജീവിതത്തിനു പ്രതേക ലക്ഷ്യമൊന്നുമില്ലെന്നും വിശ്വസിക്കുന്നവർ. എങ്ങനെയാണ് അവർക്ക് മനുഷ്യൻ നേരിടുന്ന ജീവിത പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും വിശദീകരിക്കാനാവുക.

ഒരു ഉദാഹരണം പറയാം നിങ്ങൾ സുഹൃത്തുക്കളുമായി ഒരു ട്രിപ്പ് പോകാൻ തീരുമാനിച്ചു എന്ന് കരുതുക. എന്തെല്ലാം മുൻകരുതലുകളായിരിക്കും നിങ്ങൾ സ്വീകരിക്കുക? വസ്ത്രം, താമസം, ഭക്ഷണം, വാഹനം ഇങ്ങനെ ഭാവിയിലെ എത്രയോ കാര്യങ്ങളിൽ നിങ്ങൾ ആകുലതയുള്ളരായിരിക്കും! അതേ സമയം തന്നെ ശതകോടീശ്വരനായ നിങ്ങളുടെ മുതലാളി ഒരു യാത്രക്ക് ക്ഷണിച്ചാലോ? നിങ്ങൾക്ക് എവിടേക്കാണ് യാത്ര എന്നറിഞ്ഞില്ലെങ്കിൽ പോലും ആകുലത ഉണ്ടായിക്കൊള്ളണമെന്നില്ല. കാരണം അദ്ദേഹത്തിന്റെ പണത്തിലും പവറിലും നിങ്ങൾക്ക് വിശ്വാസമുണ്ട് എന്നതു തന്നെ. ഇനി അദ്ദേഹം ശാരീരിക വൈകല്യങ്ങളോ മാനസിക രോഗമോ ഉള്ള വ്യക്തിയാണെങ്കിലോ? തീർച്ചയായും നിങ്ങൾ മുമ്പത്തെക്കാൾ ഉൽകണ്‌ഠകുലനായിരിക്കും. അതായത് ആശ്രയിക്കുന്ന വ്യക്തിയുടെ/ വസ്തുവിന്റെ പൂർണ്ണതയ്ക്കനുസരിച്ചാണ് നമ്മുടെ മനോനില രൂപപ്പെടുക.

ജനിച്ച അന്നു മുതൽ പരാശ്രയം മുഖമുദ്രയായ മനുഷ്യന് എന്തിനെയെങ്കിലും ആശ്രയിക്കാതെ മുന്നോട്ട് പോകാനാകില്ല. അതുകൊണ്ടാണ് മനുഷ്യൻ മറ്റു മനുഷ്യർ, പണം, സ്ഥാനമാനങ്ങൾ, ലഹരി ഇത്തരം കാര്യങ്ങളിൽ അഭയം പ്രാപിക്കുന്നത്. ഇത്തരം ഭൗതിക വസ്തുക്കളാണ് പിടിവള്ളിയെങ്കിൽ അവ ന്യൂനതയുള്ളതും നശിക്കുന്നതുമാണ്. അതിലൂടെ ഒരിക്കലും ഇപ്പറയുന്ന മൈൻഡ്‌ഫുൾനെസ്സ് സാധ്യമല്ല. അതുകൊണ്ടാണ് എല്ലാ അർത്ഥത്തിലും പരിപൂർണനായ അല്ലാഹു അവന്റെ ഇഷ്ട ദാസന്മാരുടെ ഗുണവിശേഷണമായി "ദുഃഖമോ ഭയമോ" ഇല്ലാത്തവരെന്നത് സവിശേഷമായി പറഞ്ഞത്. കാരണം അവർ നിരാശ്രയനായ എന്നും നിലനിൽക്കുന്നവനായ അള്ളാഹുവിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. അവനിൽ യഥാവിധി ഭരമേൽപ്പിക്കുന്നവർക്ക് എന്തിനു നിരാശപ്പെടണം. അതായത് ദിക്റുന്നഫ്‌സിൽ (സ്വയം സ്മരണ) നിന്ന് ദിക്റുൽ ഇലാഹി (ദൈവ സ്മരണ) ലേക്ക് അഭയം പ്രാപിക്കുമ്പോഴാണ് യഥാർത്ഥത്തിൽ നാം മൈൻഡ്‌ഫുൾ ആവുക.

ഒരു മുസ്ലിമായി ജീവിക്കുക എന്ന് പറഞ്ഞാൽ തന്നെ നിങ്ങൾ മൈൻഡ്‌ഫുള്ളായി ജീവിക്കുക എന്ന് കൂടിയാണ്. ജീവിക്കുന്നതിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ്, ലഭിക്കുന്ന ഓരോ നിമിഷവും ബോണസ് ആണെന്ന് മനസ്സിലാക്കിയുള്ള ജീവിതം. അവനിവിടെ ഒഴിവ് സമയം എന്നൊന്നില്ല. അവന്റെ ഓരോ നിമിഷത്തിലേയും കർമ്മങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക മാലാഖമാരും അതിനെക്കുറിച്ച് ചോദ്യം ചെയ്യാൻ ഒരു പരലോകവും ഉണ്ടെന്ന് വിശ്വസിക്കുന്നതോടെ എത്ര മാത്രം അർത്ഥ പൂർണ്ണമാകുകയാണ് ഓരോ നിമിഷവും. കൂടാതെ ഉറങ്ങുമ്പോൾ, ഉണരുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെ ഓരോ കർമ്മങ്ങളിലുമുള്ള പ്രാർത്ഥകൾ അവനെ ചെയ്യുന്ന കാര്യങ്ങളിൽ മൈൻഡ്‌ഫുള്ളായി നിലനിർത്തുന്നു. "ഉദ്ദേശ്യമാണ് കർമ്മങ്ങളുടെ സ്വീകാര്യത തീരുമാനിക്കുന്നത്" എന്ന നബി വചനത്തോടെ ലോക മാന്യത, അസൂയ, അഹങ്കാരം എന്നീ രോഗങ്ങൾ നിർമ്മാർജനം ചെയ്യാൻ അവൻ നിർബന്ധിതനുമാകും. അതോടെ മനുഷ്യരുടെ വിലയിരുത്തലുകൾക്ക് മുഖം കൊടുക്കാതെ ദൈവ പ്രീതിയെ മാത്രം കാംക്ഷിച്ച് നന്മയിൽ വ്യാപൃതനാകാൻ കഴിയും.

അതിലെല്ലാമുപരി ഏത് നിമിഷവും തന്നെ പുൽകാവുന്ന മരണം ഒന്നിന്റെയും ഒടുക്കമല്ല പലതിന്റെയും തുടക്കമാണെന്ന് വിശ്വസിക്കുന്നതോടെ മൈൻഡ്‌ഫുൾനെസ്സ് അവന്റെ സന്തതസഹചാരിയായി മാറും. "സുഖഭോഗങ്ങളെ നശിപ്പിക്കുന്ന മരണത്തെ നിങ്ങൾ പതിവായി സ്മരിക്കുക" എന്ന പ്രവാചക കല്പന അതിനെ ജ്വലിപ്പിച്ചു നിർത്താൻ കെൽപുള്ളതുമാണ്. അതായത് മൈൻഡ്‌ഫുൾ എന്ന ആശയം കെട്ടി ഉയർത്തിയിരിക്കുന്നത് വലിയ ശൂന്യതക്ക് മുകളിലാണ്. മനുഷ്യന് സ്ഥായിയായ ലക്ഷ്യമോ പ്രചോദനമോ സമ്മാനിക്കാനില്ലാത്ത കേവലം തൊലിപ്പുറത്തുള്ള ചികിത്സ. ഇസ്ലാമാണ് പരിഹാരം. മുസ്ലിമായി ജീവിക്കുന്നതിന്റെ ഉപോൽപന്നമാണ് മൈൻഡ്‌ഫുൾനെസ്സ്.

  • നിസാമുദ്ദീൻ ആലുവ