പ്രവാചകത്വവാദം ചരിത്രപരമായി തെളിയിക്കാമോ?
ചോദ്യം : മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ ലഭിച്ചു എന്ന് മുസ്‌ലിംകള്‍ വാദിക്കുന്നു. അത് എങ്ങനെ തെളിയിക്കാനാണ്?
ഉത്തരം : മുഹമ്മദ് നബി (സ)ക്ക് ദൈവം അവതരിപ്പിച്ച വെളിപാട് (വഹ്‌യ്) ആണ് ഖുര്‍ആന്‍. അങ്ങനെ അവതരിപ്പിച്ചു എന്ന് മുസ്‌ലിംകള്‍ വെറുതെ വാദിക്കുന്നതല്ല. മുഹമ്മദ് നബി തന്നെ അവകാശപ്പെട്ടതാണ്. ആദ്യമായി വഹ്‌യ് അവതരിച്ച സംഭവം ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്.
അതിങ്ങനെ:
'ആഇശ (റ )പറയുന്നു: നബി തിരുമേനി (സ)ക്ക് തുടക്കത്തില്‍ ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം ഉറക്കത്തില്‍ ദൃശ്യമാകുന്ന നല്ല സ്വപ്‌നങ്ങളായിരുന്നു. അവിടുന്ന് കാണുന്ന എല്ലാ സ്വപ്‌നങ്ങളും പ്രഭാതോദയം പോലെ സ്പഷ്ടമായി പുലര്‍ന്നു കൊണ്ടേയിരുന്നു. പിന്നീട് തിരുമേനിക്ക് ഏകാന്തവാസം പ്രയങ്കരമായി തോന്നി. അങ്ങനെ ഏതാനും രാത്രികള്‍ ഹിറാ ഗുഹയില്‍ ഏകാന്തവാസം അനുഷ്ഠിച്ചു. ആ രാത്രികള്‍ക്കുള്ള ആഹാരപദാര്‍ത്ഥങ്ങളുമായി ഗുഹയിലേക്ക് പോകും. കുറെ രാത്രി ആരാധനയില്‍ മുഴുകി അവിടെ കഴിച്ചുകൂട്ടും. പിന്നെ ഖദീജ(റ)യുടെ അടുക്കലേക്ക് തിരിച്ച് വരും. വീണ്ടും ആഹാരപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കി പുറപ്പെടും. ഹിറാ ഗുഹയില്‍ വെച്ച് തിരുനബിക്ക് സത്യം വന്നു കിട്ടുന്നത് വരെ ഈ നില തുടര്‍ന്ന് പോന്നു. അങ്ങനെ മലക്ക് തിരുമേനി(സ)യുടെ മുമ്പില്‍ പ്രത്യക്ഷ്യപ്പെട്ടു. വായിക്കുക എന്ന് പറഞ്ഞു. നബി (സ) പ്രതിവചിച്ചു.'എനിക്ക് വായിക്കാനറിയില്ല'. അപ്പോള്‍ മലക് എന്നെ പിടിച്ച് ശക്തമായി ആശ്ശേഷിച്ചു. എനിക്ക് വളരെ വിഷമം അനുഭവപ്പെട്ടു.അനന്തരം എന്നെ വിട്ട് വീണ്ടും വായിക്കുക എന്ന് കല്‍പ്പിച്ചു. വായിക്കാന്‍ അറിയില്ലെന്ന് ഞാന്‍ അപ്പോഴും മറുപടി നല്‍കി. മലക്ക് എന്നെ പിടിച്ച് ശക്തമായി ആശ്ലേഷിച്ചു. എനിക്ക് വളരെ വിഷമം തോന്നി. പിന്നീട് എന്നെ വിട്ട ശേഷം വായിക്കുക എന്ന് പറഞ്ഞു. എനിക്ക് വായന അറിയില്ലെന് പിന്നെയും ഞാന്‍ പറഞ്ഞപ്പോള്‍ മൂന്നാമതും മലക്ക് എന്നെ പിടിച്ച് ശക്തിയോടെ ആശ്ലേഷിച്ചു.അനന്തരം എന്നെ വിട്ടിട്ട് പറഞ്ഞു. സ്രഷ്ടാവായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍'അലഖി'ല്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് അത്യുദാരനെ്രത. ഉടനെ പിടക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി (സ) മടങ്ങി. ഖുവൈലിദിന്റെ മകള്‍ ഖദീജയുടെ അടുക്കല്‍ കയറിച്ചെന്ന് 'എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കു' എന്ന് അഭ്യര്‍ത്ഥിച്ചു. അവര്‍ പുതച്ചു കൊടുത്തു. ആ ഭയം നിശ്ശേഷം നീങ്ങിയപ്പോള്‍ നടന്ന സംഭവങ്ങളെല്ലാം ഖദീജ ബീവിയെ ധരിപ്പിച്ചു. തന്റെ കാര്യത്തില്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയപ്പെടുന്നതായി അവിടുന്ന് മഹതിയോട് പറഞ്ഞു. അപ്പോള്‍ ഖദീജ (റ ) പറഞ്ഞു: 'ഇല്ല, അല്ലാഹുവാണ് സത്യം. അവന്‍ അങ്ങയെ ഒരിക്കലും കൈവെടിയില്ല, അങ്ങ് കുടുംബ ബന്ധം പുലര്‍ത്തുന്നു. പരാശ്രയരുടെ ഭാരം ചുമക്കുന്നു. അഗതികള്‍ക്ക് സ്വയം അധ്യാനിച്ച് സഹായം ചെയ്തു കൊടുക്കുന്നു. അതിഥികളെ സല്‍ക്കരിക്കുന്നു. വിപല്‍ഘട്ടങ്ങളില്‍ സഹായം നല്‍കുന്നു. 'പിന്നീട് തിരുനബി(സ)യെയും കൂട്ടി ഖദീജ (റ) തന്റെ പിതൃവ്യപുത്രനായ വറഖത്തുബ്‌നു നൗഫലിബ്‌നി അസദിബ്‌നി അബ്ദില്‍ ഉസ്സയുടെ അടുക്കലേക്ക് ചെന്നു. വറഖത്ത് ജാഹിലിയ്യഃ കാലത്ത് ക്രിസ്ത്യാനിയായവനും ഹിബ്രു ഭാഷയില്‍ എഴുതാന്‍ പഠിച്ചവനുമായിരുന്നു. തന്നിമിത്തം അദ്ദേഹം സുവിശേഷത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഹീബ്രുവില്‍ എഴുതിയെടുക്കാറുണ്ടായിരുന്നു. അദ്ദേഹം വയോവൃദ്ധനായി കണ്‍ക്കാഴ്ച്ച തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഖദീജ (റ)പറഞ്ഞു: 'പിതൃവ്യപുത്രാ! താങ്കളുടെ സഹോദര പുത്രന്റെ വിശേഷങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക'. വറഖത്ത്‌ചോദിച്ചു. 'എന്റെ സഹോദരപുത്രാ, നീ എന്താണ് ദര്‍ശിച്ചത്?' കണ്ട കാഴ്ചകളെല്ലാം തിരുനബി(സ) വറഖത്തിനെ അറിയിച്ചു. വറഖത്ത് പറഞ്ഞു: ഇത് അല്ലാഹു മൂസാ(അ)യുടെ അടുക്കലേക്ക് അയച്ചിരുന്ന അതേ നന്മയുടെ സന്ദേശവാഹകനാണ്. അങ്ങ് പ്രബോധനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഞാനൊരു യുവാവായിരുന്നെങ്കില്‍! അങ്ങയെ സ്വജനത സ്വദേശത്ത് നിന്ന് പുറത്താക്കുന്ന ഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍! തിരുനബി (സ)ചോദിച്ചു. 'അവര്‍ എന്നെ പുറത്താക്കുകയോ?' വറഖത്ത് പറഞ്ഞു. താങ്കള്‍ കൊണ്ട് വന്നത് പോലെയുള്ള സന്ദേശങ്ങളുമായി വന്ന ഒരു മനുഷ്യനും തന്റെ ജനതയുടെ ശത്രുതക്ക് വിധേയമാകാതിരുന്നിട്ടില്ല. താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദിവസം ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ശക്തമായ ഒരു സഹായം താങ്കള്‍ക്ക് നല്‍കുമായിരുന്നു.പക്ഷേ, പിന്നീട് അധികം കഴിഞ്ഞില്ല. വറഖത്ത് മരണമടഞ്ഞു. ദൈവിക സന്ദേശങ്ങളുടെ അവതരണം കുറച്ച് കാലത്തേക്ക് നിലക്കുകയും ചെയ്തു'. (സ്വഹീഹുല്‍ ബുഖാരി).
ചോദ്യം : ഈ കഥയില്‍ കുറേ സംശയങ്ങളുണ്ട്. ഒന്നാമതായി, ഒരു ഇസ്‌ലാമിക പുസ്തകത്തില്‍ പറഞ്ഞു എന്നതിനപ്പുറം ഇതിന് ചരിത്രപരമായ വല്ല രേഖയുമുണ്ടോ?
ഉത്തരം : ചരിത്രമാണ് പറഞ്ഞത്. ഹി.194 (എ ഡി 810) ശവ്വാല്‍ 13 (ജൂലൈ 20) വെള്ളിയാഴ്ച ജുമുഅ: ക്ക് ശേഷം ഉസ്ബകിസ്ഥാനിലെ ബുഖാറയില്‍ ചരിത്രത്തിലേക്ക് ജനിച്ചു വീണ വിശ്വ പ്രസിദ്ധ പണ്ഡിതനാണ് അബൂ അബ്ദില്ല എന്ന് വിളിക്കപ്പെട്ട മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ എന്ന ഇമാം ബുഖാരി. അദ്ദേഹത്തിനോട് ഈ സംഭവം പറഞ്ഞത് യഹ്‌യയാണ്, അദ്ദേഹത്തോട് ലൈസ്, അദ്ദേഹത്തോട് ഉഖൈല്‍, അദ്ദേഹത്തോട് ഇബ്‌നു ശിഹാബ് അദ്ദേഹത്തോട് ഉര്‍വ, അദ്ദേഹത്തോട് ആഇശ. ഈ കണ്ണികളില്‍ എല്ലാവരുടെ ചരിത്രവും ലഭ്യമാണ്. എവിടെ ജനിച്ചു? കുടുംബമാര്? പഠനം? ജീവിതരീതി? എല്ലാവരുടെയും സത്യസന്ധത ഹദീസ് നിദാന ശാസ്ത്രത്തിന്റെ കര്‍ക്കശമായ ഉരക്കല്ലുകളുടെ ബലത്തില്‍ സ്ഥിരീകരിക്കപ്പെട്ടതാണ്. എ ഡി 810 ല്‍ (ഉദാഹരണം) ജീവിച്ച ഏതെങ്കിച്ചും ഒരു ചരിത്രകാരന്‍ തനിക്ക് 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം ഇത്ര കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്ത ഒരു പൊതു ചരിത്രം കണിക്കാമോ?
മുമ്പ് എഴുതിയ ഒരാളെ കോപ്പിയടിക്കുക, നിഗമനങ്ങള്‍ നടത്തി എഴുതുക, ഇന്റര്‍വ്യൂ നടത്തുക എന്നിവയാണ് സാധാരണ ചെയ്യാറുള്ള മാര്‍ഗ്ഗങ്ങള്‍. ഇന്റര്‍വ്യൂവിലെ ആളുകളുടെ ഒരു ചരിത്രവും ഉണ്ടാവില്ല; കോപ്പിയടിയിലും നിഗമനങ്ങളിലും തെറ്റാനുള്ള സാധ്യത ഏറെ കൂടുതലാണ്. ചരിത്രകാരന്റെ വീക്ഷണങ്ങള്‍ വേറെയും. ഇന്നലെ നടന്ന സംഭവം രണ്ട് ജേണലിസ്റ്റുകള്‍ തികച്ചും വ്യത്യസ്തമായ രണ്ട് രീതിയിലാണ് ഉദ്ധരിക്കുന്നത്. അവരില്‍ പലരും സംഭവത്തിന് ദൃക്‌സാക്ഷിയല്ല. ആണങ്കില്‍ ആരാണ് ആ ജേണലിസ്റ്റ് ആരാണന്ന് എന്ന് പോലും പലപ്പോഴും നാം അറിയുന്നില്ല. അറിഞ്ഞാല്‍ തന്നെ അയാളുടെ താല്‍പര്യങ്ങളെ കുറിച്ച് നമുക്ക് ധാരണയില്ല. നുണ ഫാക്ടറികളായ രാഷ്ട്രീയ തമ്പുരാക്കള്‍ ആ രാഷ്ടീയ േ്രപരിതമായ പത്രപ്രവര്‍ത്തനങ്ങളും നാടു വാഴുന്ന കാലത്ത് അതൊക്കെ കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ടോ? അത്തരം വാര്‍ത്തകളും മറ്റുമാണ് നാളെയുടെ ചരിത്രകാരന്മാരുടെ വിശുദ്ധ തെളിവുകള്‍.
ഇവിടെയാണ് സ്വഹീഹായ ഹദീസുകള്‍ വേറിട്ട് നില്‍ക്കുന്നത്. അത് ഇസ്ലാമിക വിശ്വാസ- കര്‍മ്മങ്ങളുടെ പ്രമാണങ്ങള്‍ മാത്രമല്ല നാലഞ്ച് തലമുറകളുടെ സത്യസന്ധമായ ചരിത്രം കൂടിയാണ്. അത് കൊണ്ടാണ് 200 കൊല്ലം ശേഷമുള്ള ഒരാള്‍ നമ്മോട് പറയുമ്പോഴും ആ കാലഘട്ടത്തില്‍ തന്നെയുള്ള ഒരാളുടെ സത്യസന്ധമായ വിവരണം ചരിത്ര വിവരണമായി അത് നമുക്ക് അനുഭവപ്പെടുന്നത്.
ചോദ്യം : ഇമാം ബുഖാരിയല്ലാതെ മറ്റൊരങ്കിലും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ടോ?
ഉത്തരം : അതെ. ധാരാളം പേര്‍. ഉദാ:.മുസ്ലിം (ഹി. 261)ഹദീസ് നമ്പര്‍: 250, ഇബ്‌നുഹിബ്ബാന്‍ (ഹി 354) ഹദീസ് നമ്പര്‍:33, ഹാകിം 4843. മുസ്‌നദ് അഹ്മദ് ഹി. 241,ഹദീസ് നമ്പര്‍:25959,..
ചോദ്യം : ശരി. ആഇശയാണല്ലോ ഈ സംഭവം ഉദ്ധരിക്കുന്നത്. അവര്‍ ഇതിന് ദൃക്‌സാക്ഷിയാണോ? അന്ന് അവര്‍ കൊച്ച് കുഞ്ഞായിയിരുന്നില്ലേ?
ഉത്തരം : മുഹമ്മദ് നബിയുടെ പത്‌നിയല്ലേ ആഇശ (റ)? ഭര്‍ത്താവിന്റെ അനുഭവം ഭാര്യ പറയുമ്പോള്‍ അത് ഭര്‍ത്താവ് പറഞ്ഞതാണന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധി വേണോ?
മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ ലഭിച്ചിട്ടുണ്ട് എന്നതിന് തെളിവ് നമ്മുടെ മുമ്പിലുള്ള ഖുര്‍ആന്‍ തന്നെയാണ്. ഞാന്‍ നിങ്ങളിലേക്ക് അയക്കപ്പെട്ട ദൂതനാണെന്നും ഈ ഗ്രന്ഥം എനിക്ക് അവതരിപ്പിക്കപ്പെട്ടു പെട്ട ഗ്രന്ഥമാണെന്ന് ഖുറാനിലൂടെ നബി ലോകത്തോട് പറഞ്ഞു.
മുഹമ്മദ് നബി ദൈവദൂതന്‍ ആണെന്ന് എന്ന് സാക്ഷ്യപ്പെടുത്തുന്ന സൂക്തങ്ങള്‍ വേറെയുമുണ്ട്. കൊണ്ടുവന്ന ആളില്ലാതെ കൊണ്ടുവരപ്പെട്ട സാധനം ഉണ്ടാവുകയില്ലല്ലോ.
قُلْ يَاأَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ لَا إِلَهَ إِلَّا هُوَ يُحْيِي وَيُمِيتُ فَآمِنُوا بِاللَّهِ وَرَسُولِهِ النَّبِيِّ الْأُمِّيِّ الَّذِي يُؤْمِنُ بِاللَّهِ وَكَلِمَاتِهِ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ (7: 158)
مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا (33:40)
مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِنَ اللَّهِ وَرِضْوَانًا سِيمَاهُمْ فِي وُجُوهِهِمْ مِنْ أَثَرِ السُّجُودِ ذَلِكَ مَثَلُهُمْ فِي التَّوْرَاةِ وَمَثَلُهُمْ فِي الْإِنْجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَى عَلَى سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُمْ مَغْفِرَةً وَأَجْرًا عَظِيمًا (48: 29)
قُلْ مَا كُنْتُ بِدْعًا مِنَ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ وَمَا أَنَا إِلَّا نَذِيرٌ مُبِينٌ (46: 9 )
قُلْ إِنَّمَا يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَهَلْ أَنْتُمْ مُسْلِمُونَ (21: 108)
ഖുര്‍ആന്റെ ഉറവിടം ദൈവിക സ്രോതസ്സ് ആണെന്നും അതുമായി വന്ന മുഹമ്മദ് നബി അവകാശപ്പെട്ടു. അതിന് വ്യക്തമായ തെളിവുകളും നല്‍കി. പ്രസ്തുത ഗ്രന്ഥത്തില്‍ കര്‍ത്തൃത്വം മറ്റാരും അവകാശപ്പെട്ടിട്ടില്ല. തെളിവ് സഹിതം മറ്റൊരാളുടെ പേരിലും അത് ആരോപിക്കപ്പെട്ടിട്ടുമില്ല.ചിലര്‍ പറഞ്ഞ ആരോപണങ്ങള്‍ തെളിവുകളില്ലാത്ത വാചോടാപങ്ങള്‍ മാത്രമായിരുന്നു. ആരോപിക്കപ്പെട്ട ആരും അങ്ങനെ ഒന്ന് ഏറ്റെടുത്തിട്ടില്ല, അതിനെ സാധൂകരിക്കുന്ന സങ്കല്‍പിക്കാവുന്ന തെളിവുകള്‍ പോലുമില്ല.