പൗരത്വം,ദേശീയത; ഇസ്‌ലാമിലെ രാഷ്ട്രീയ സമവാക്യങ്ങൾ
✍️മുഹമ്മദ് നാഫിൽ അരീക്കൽ ലോക സ്രഷ്ടാവിന്റെ മതമായ ഇസ്‌ലാമിന് മനുഷ്യ, ജീവിതത്തിലെ മുഴുവൻ ഇടപെടലുകളിലും കൃത്യമായ നിർദ്ദേശങ്ങളുണ്ട്. മനുഷ്യൻ ഒരു രാഷ്ട്രീയ ജീവിയായയത് കൊണ്ട് തന്നെ ഇസ്‌ലാമിന് സുശക്തമായ രാഷ്ട്രീയ വീക്ഷണങ്ങളുമുണ്ട്. രാഷ്ട്ര പരിധിയിൽ ജീവിക്കുന്ന പൗരന്മാർക്ക് ഇസ്‌ലാം സംരക്ഷണവും, അവകാശങ്ങളും നൽകുന്നുണ്ട്. ഇസ്‌ലാമിക രാഷ്ട്രത്തിൽ അവകാശങ്ങൾ അർഹിക്കുന്നവർ ആരൊക്കെയെന്ന് ഇസ് ലാമിൻ്റെ നിയമ വ്യവസ്ഥിതി മുന്നോട്ട് വെക്കുന്നുണ്ട്. ഇത്തരം പൗരന്മാർ രാജ്യത്തോട് പുലർത്തേണ്ട കടപ്പാടുകളും ഇസ്‌ലാം നിർദ്ദേശിക്കുന്നുണ്ട്. ഇസ്‌ലാമിക രാഷ്ട്രത്തിലെ പൗരന്മാർ ആധുനിക രാഷ്ട്ര സങ്കൽപത്തിലെ പൗരനായി പരിണമിക്കാൻ മനുഷ്യൻ ചില പെടാപാടുകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നതായി കാണാം. മനുഷ്യനാണെന്ന പരിഗണനയിൽ മാത്രം ആധുനികമായ രാഷ്ട്രീയ സങ്കൽപം ഒരിക്കലും പൗരത്വം നൽകുന്നില്ല. പകരം സാങ്കേതികതയുടെ ചുറ്റുമതിലിനുള്ളിൽ നിന്നും പാകപ്പെട്ടു വന്നാൽ മാത്രമാണ് ഞാനൊരു മനുഷ്യനാണെന്ന് ഉറക്കെ പറയാനുള്ള ഔദ്യോഗികാനുമതിയായ പൗരത്വം പോലും ലഭിക്കുന്നത്. ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ പൗരത്വം,ദേശീയത തുടങ്ങിയ പദാവലികൾ നമുക്ക് ദർശിക്കാൻ കഴിഞ്ഞെന്ന് വരില്ല. ആധുനികമായ രണ്ട് പദങ്ങൾ ഇല്ലെന്ന് കരുതി രാഷ്ട്രവും ജനങ്ങളും തമ്മിൽ അത്തരത്തിെലൊരു ബന്ധമോ വൈകാരികാവസ്ഥയോ ഇസ്‌ലാമിലില്ല എന്ന് പറയാനും കഴിയില്ല. രാഷ്ട്രത്തിന്റെ അതിർത്തിക്കുള്ളിൽ ജീവിക്കുന്നവരെ ഇസ്‌ലാം പൗരന്മാരെന്ന് നിർവചിക്കുന്നു. പൗരനാകാൻ ഇത്ര കാലം രാഷ്ട്രാതിർത്തിക്കുള്ളിൽ വസിക്കുക എന്നതു പോലെയുള്ള ആധുനിക രാഷ്ട്രസങ്കല്പം വിഭാവന ചെയ്യുന്ന സങ്കുചിതമായ നിബന്ധനകളൊന്നും ഇസ്‌ലാം മുന്നോട്ട് വെക്കുന്നില്ലെന്ന് ചുരുക്കം. അതേ സമയം ആധുനികതയുടെ കാതലായി മുന്നോട്ട് വെക്കുന്ന, പലപ്പോഴും ചീറ്റി പോകുന്ന സാഹോദര്യം ,സൗഹാർദ്ദം, സ്നേഹം എന്നിവ ഏഴാം നൂറ്റാണ്ട് മുതൽ ഇസ്‌ലാം പ്രയോഗതലത്തിൽ മുന്നോട്ട് വെക്കുന്നുണ്ട്. മനുഷ്യനെന്ന പരിഗണനയാണ് ഇസ്‌ലാം ആത്യന്തികമായി പൗരത്വത്തിന് ഉപാധിയാക്കുന്നത്. നാല് വഴികളിലൂടെയാണ് ഇസ്ലാമിക രാഷ്ട്രത്തിൽ പൗരത്വം ലഭിക്കുന്നത്. ഒന്നാമതായി മുസ്‌ലിമാവുക; രാജ്യാതിർത്തിക്കുള്ളിൽ ജീവിക്കുന്ന ഏതൊരു മുസ്‌ലിമും ഇസ്ലാമിക രാജ്യത്തെ പൗരനാണ് .കേവലം അതിർത്തിക്കുള്ളിൽ വസിക്കുക എന്ന നിബന്ധന കൊണ്ട് പൗരത്വം ലഭിച്ച മുസ്‌ലിംകൾക്ക് ഭാരിച്ച ഉത്തരവാദിത്തമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. എല്ലാ മുസ്‌ലിംകളെയും സൈനികരായി വിനിയോഗിക്കാനുള്ള അവകാശം രാഷ്ട്രത്തിനുണ്ടാകും. അതോടൊപ്പം ഇസ്‌ലാം മതമനുസരിച്ചുള്ള ജീവിതമാണ് അവനോട് കൽപ്പിക്കപ്പെടുന്നത്. തെറ്റു ചെയ്യുമ്പോൾ അതിനുള്ള ശിക്ഷാ മുറകൾ അനുഭവിക്കേണ്ടി വരും. അതിന് പുറമെ അവന്റെ കച്ചവടം, ഭക്ഷണം, പണം എന്നിവ അടിസ്ഥാനപ്പെടുത്തി വർഷത്തിലൊരിക്കൽ സകാത്തും നൽകേണ്ടതുണ്ട്. തത്ഫലമായി അവനുള്ള സർവ്വ സുരക്ഷയും രാജ്യം ചെയ്തു കൊടുക്കുന്നു. രണ്ടാമതായി; ദിമ്മിയ്യാവുക. പൂർവ്വ വേദക്കാരായ നസ്റാണികൾ ,യഹൂദന്മാർ തീയാരാധകരായ മജൂസികൾ എന്നിവർ അവരുടെ ശരീരത്തിന്റെയും കുടുംബത്തിന്റെയും സമ്പത്തിന്റെയും ആരാധനാലയങ്ങളുടെയും മറ്റ് വസ്തുക്കളുടെയും സംരക്ഷണത്തിന് വേണ്ട നികുതി അടയ്ക്കുമ്പോഴാണ് ദിമ്മിയാകുന്നത് .മറ്റൊരഭിപ്രായ പ്രകാരം അനറബികളായ ബിംബാരാധകരും ഈ വകുപ്പിൽ പെടുമെന്ന് പറയുന്നു. ഒരു ദിമ്മിയ് സ്വപ്രേരണയാൽ ഇസ്‌ലാമിക സൈനികനായാൽ അവനിൽ നിന്നും നികുതി ഈടാക്കില്ല. അല്ലാത്ത പക്ഷം ജിസിയ (നികുതി) അടക്കേണ്ടത്തുണ്ട്. ജിസിയ നൽകി ജീവിക്കുന്ന പൗരന്മാർക്കും രാഷ്ട്രം നിയമ വ്യവസ്ഥകൾ മുന്നോട്ട് വെക്കുന്നു. ഇസ്‌ലാമിക ആരാധന നിയമങ്ങൾ ഒഴികെയുള്ള അഭ്യന്തര നിയമങ്ങളെല്ലാം അവൻ പാലിക്കേണ്ടതുണ്ട്. അതോടൊപ്പം അവരുടെ മതനിയമങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ നിയമങ്ങൾ അവന് പിന്തുടരാം. വർഷത്തിലൊരിക്കൽ തുച്ഛമായ സംഖ്യ മാത്രമേ നികുതിയായി വാങ്ങുകയുള്ളൂ . ഇസ്‌ലാമിക പ്രബോധനത്തിന് വിലങ്ങ് നിൽക്കില്ല എന്ന ഉറപ്പുരേഖയുടെ സ്ഥാനത്താണ് ജിസിയ നിലകൊള്ളുന്നത് എന്ന് ചുരുക്കി മനസ്സിലാക്കാം. പുരുഷന്മാരിൽ നിന്നും മാത്രമാണ് ജിസ്‌യ ഈടാക്കുന്നത്. സ്ത്രീകൾ , കുട്ടികൾ, ബലഹീനർ , എന്നിവരിൽ നിന്നും ജിസ്‌യ ഈടാക്കില്ല. മാത്രമല്ല സൗജന്യമായി സുരക്ഷ നൽകുന്നതോടൊപ്പം അവരുടെ ജീവിതം ഗത്യന്തരമില്ലാതെ വരുമ്പോൾ ഭരണകൂടം ജീവിത ചിലവ് കൂടി ചില സന്ദർഭങ്ങളിൽ വഹിക്കുന്നു. ഇസ്‌ലാമിക പ്രബോധനത്തിന് തടസ്സം നിൽക്കുന്ന പ്രവർത്തനങ്ങൾ ദിമ്മിയിൽ നിന്നും ഉണ്ടാകാൻ പാടില്ല. അങ്ങനെയുള്ള രാജ്യദ്രോഹക്കുറ്റങ്ങൾ ചെയ്താൽ പൗരത്വത്തിന് ക്ഷതമേൽക്കും .തിരിച്ചും ഒരു മുസ്ലിം മുസ്‌ലിമേതരുടെ ആരാധനാ കർമ്മങ്ങൾക്കോ മറ്റോ ബുദ്ധിമുട്ടായി നിൽക്കാൻ പാടില്ല. അനർഹമായി ഒരു ദിമ്മിയിന്റെ പൗരത്വവും ഹനിക്കാൻ ഇസ്‌ലാമിക ഭരണകൂടത്തിന് അധികാരമില്ല. മൂന്നാമതായി ; ഇതരസമൂഹങ്ങൾ രാജ്യത്തോട് കരാറിലേർപ്പെടുന്നതിലൂടെയാണ് . നാല് മാസം വരെനികുതി നൽകാതെ കരാറിലായി അവർക്ക് ജീവിക്കാം. ഒരു വർഷം കരാറിലായി ജീവിക്കുന്നതിന് നികുതി നൽകേണ്ടതുണ്ട്. ഈ കാലയളവിലെ പ്രസതുത പൗരന്റെ സർവ്വ സുരക്ഷയും ഇസ്‌ലാം ഏറ്റെടുക്കുന്നു. നിശ്ചിത കാലയളവിൽ ഈ പൗരത്വം പരിമിതമാണെങ്കിലും കരാർ വീണ്ടും പുതുക്കാവുന്നതാണ്. നാലാമതായി; ഇസ്‌ലാമിൻ്റെ ശത്രുക്കൾ ഭരണകൂടത്തിൽ അഭയം പ്രാപിക്കുന്നതിലൂടെയാണ്. അഭയം നൽകുക, കരാറിലേർപ്പെടുക എന്നിവ ഏതൊരു മുസ്‌ലിം പൗരൻ ചെയ്താലും അത് പാലിക്കാൻ ഭരണകൂടം ബാധ്യസ്ഥരാണ്. മുസ്‌ലിമിന് മതം നൽകുന്ന വലിയൊരു ബഹുമതിയാണത്, മറ്റുള്ളവരോടുള്ള മാനുഷിക പരിഗണനയും. ഒരു വിധേനയുമുള്ള ഐക്യശ്രമങ്ങൾക്കും ശ്രമിക്കാതെ ഭരണഘടനയ്ക്കെതിരെ ശാഠ്യം പിടിക്കുന്നവർക്ക് രാജ്യത്തിന്റെ സുരക്ഷ പരിഗണിച്ച് ഇസ്‌ലാം പൗരത്വം നൽകില്ല. അവരോടും ആരോഗ്യപരമായ വിമുഖതയാണ് ഇസ്‌ലാം പുലർത്തുന്നത്. ഏതൊരു രാഷ്ട്രത്തെയും പോലെ അഭ്യന്തര സുരക്ഷയ്ക്ക് ഇസ്‌ലാം ഇവിടെ പ്രാധാന്യം കൽപിക്കുന്നു. ഇസ്‌ലാമിക രാജ്യത്തെ മുസ്‌ലിമിന്റെ രക്തത്തിന് വിലയുള്ളത് പോലെ തന്നെ മുസ്‌ലിമേതര പൗരരുടെ രക്തത്തിനും വിലയുണ്ട്. രാഷ്ട്രത്തിൽ ജീവിക്കുന്ന അടിമകൾക്കും ഇസ്‌ലാം പൗരത്വം നൽകുന്നു. ഉടമയുടെ സ്വത്തായി അവനെ കണക്കാക്കുന്നുവെങ്കിലും അവനുള്ള സുരക്ഷ, അവൻ്റെ കുറ്റങ്ങൾക്കുള്ള നടപടി ക്രമങ്ങൾ എന്നിവ നിർദ്ദേശിക്കപ്പെടുന്നു. ആനുകൂല്യങ്ങൾ പകുതി ലഭിക്കുമ്പോൾ തന്നെ അവനെതിരെയുള്ള നടപടി ക്രമങ്ങളും സാധാരണക്കാരന് ലഭിക്കുന്നതിന്റെ പകുതി മാത്രമേയുള്ളൂ. എങ്കിലും സാധാരണ മനുഷ്യന്റെ ജീവതം അടിമയ്ക്കും ലഭിക്കണമെന്ന തത്വമായിരുന്നു ഇസ്‌ലാമിനുണ്ടായിരുന്നത്. അടിമ സമ്പ്രദായം നിലീനമായ ഒരു സമൂഹത്തിൽ അടിമമോചനം വഴിയുള്ള പൂർണ്ണ പൗരത്വം നൽകൽ പ്രക്രിയക്ക് ഇസ്‌ലാം ആക്കം കൂട്ടിയിട്ടുണ്ട്. പൗരന്മാർക്ക് ആവശ്യ സന്ദർഭങ്ങളിൽ ഭരണകൂടത്തോട് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരവും ഇസ്‌ലാം നൽകുന്നു. ചിലയിടത്ത് അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചിലയിടത്ത് അത് ദുർവിനിയോഗിക്കപ്പെടുകയും ചെയ്യുന്ന ആധുനിക രാഷ്ട്ര നിയമങ്ങൾക്കിടയിലാണ് ഇസ്‌ലാമിന്റെ പ്രായോഗിക ശൈലിയുടെ പ്രസക്തി. ജനാധിപത്യത്തിൻ്റെ പ്രായോഗിക രീതിയെന്ന് മറ്റൊരു രൂപത്തിൽ നമുക്കതിനെ പ്രയോഗിക്കാം. ഇസ്‌ലാമിന്റെ പൗരത്വ നിയമങ്ങൾ കർമശാസ്ത്ര ഗ്രന്ഥങ്ങൾ വായിച്ച് മനസ്സിലാക്കുന്ന അവസരത്തിൽ അതിന്റെ പ്രായോഗികത കൂടി ചരിത്രത്തിൽ നിന്നും മനസ്സിലാക്കേണ്ടതുണ്ട്. മാനവിക മൂല്യങ്ങൾ എന്നും ഉയർത്തിക്കാട്ടിയ ഇസ്‌ലാമിന്റെ പൗരത്വ വീക്ഷണങ്ങൾ ചരിത്രത്തിലെവിടെയും ഒരു അപരാധമായി നിലകൊണ്ടിട്ടില്ല. രണ്ടാം ഖലീഫ ഉമർ ബ്നു ഖത്താബ് (റ) വിന്റെ ഭരണ സമയത്ത് യുവത്വ കാലത്ത് ജിസ്‌യ നൽകിയ, വാർദ്ധക്യത്തിൽ അവശനായ ഒരു ദിമ്മിയുണ്ടായിരുന്നു. ഉമർ (റ) അയാളോട് പറഞ്ഞു: നിങ്ങളുടെ യുവത്വ കാലത്ത് ജിസ്‌യ വാങ്ങി പ്രായാധിക്യത്തിൽ ദുരവസ്ഥയിൽ ഉപേക്ഷിച്ചിടുന്നത് ശരിയല്ല. പിന്നീട് ഖജനാവിൽ നിന്നും അയാൾക്ക് ചിലവിനുള്ളത് ലഭിച്ചിരുന്നു. ബസ്റ ഗവർണ്ണർക്ക് ഉമറുബ്നു അബ്ദുൽ അസീസ്(റ) എഴുതിയ കത്തിൽ ഈ ചരിത്രമുണ്ടായിരുന്നു. ദിമ്മിയെ സൂക്ഷിക്കാൻ മുത്ത് നബി(സ) മരണാസന്ന സമയത്ത് പോലും പറഞ്ഞു. കരാറിലേർപ്പെട്ടവനും അഭയം തേടിയവനും മുത്ത് നബി പരിഗണന നൽകി. ഭരണകൂട നിഷേധികളെ കീഴടക്കിയാൽ നിശ്ചിത സംഖ്യ ഭൂനികുതിയായി അവർ നൽകിയാൽ മതി. ഇസ്‌ലാമിനോട് ശത്രുത പുലർത്തുന്നവൻ മര്യാദപൂർവം നാട് വിട്ടു പോകുമ്പോൾ അവന് വേണ്ട ചിലവ് പോലും ഇസ്‌ലാമിക ഭരണകൂടം വഹിക്കുന്നതാണ്. ഇസ്‌ലാമിക രാഷ്ട്രത്തിൽ മതകാര്യങ്ങളിൽ മുസ്‌ലിമിന് വില കൽപ്പിക്കുന്നു. അതോടൊപ്പം ,മറ്റു മതസ്ഥർക്ക് അവരുടെ മത കാര്യങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യവും നൽകുന്നു. ഇസ്‌ലാമിന്റെ ശത്രുവിന് പോലും അഭയം നൽകിയാൽ അതൊരു കടമയായി രാജ്യത്തിന് മാറുമെങ്കിൽ ആധുനിക ലോകത്തെ പീഡിതരായ അഭയാർത്ഥികളോട് മുസ്‌ലിമിനെത്ര കടപ്പാടുണ്ടെന്ന് നമുക്ക് വായിച്ചെടുക്കാം. ജിസ്‌യ സ്വീകരിക്കുക, അഭയം നൽകുക ,കരാറിലേർപ്പെടുക എന്നീ കാര്യങ്ങൾ ഭരണാധികാരിയിൽ നിക്ഷിപ്തമാണ്. കാരണം പൊതുനന്മ പരിഗണിച്ചാണ് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത് .രാജ്യത്തിന്റെ സുരക്ഷയാണ് ഇവിടെയും പ്രധാനമായും പരിഗണിക്കുന്നത്. സന്ധിയിലേർപ്പെട്ടവർ ചാരപ്രവർത്തി നടത്തിയാൽ അത് ചെയ്തവർക്കെതിരെ നടപടിയുണ്ടാകും. തിരുദൂതരുടെ മദീന കരാർ അത്തരമൊരു പര്യവസാനത്തിലെത്തിയത് സന്ധിയിലേർപ്പെട്ടവർ തന്നെ കരാർ ലംഘിച്ച് ചാരപ്രവർത്തിയിലും മറ്റ് രാഷ്ട്ര ദ്രോഹങ്ങളിലും ഏർപ്പെട്ടത് കൊണ്ടായിരുന്നു. മദീന കരാർ മനുഷ്യ വംശത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു മാനവിക മുന്നേറ്റമായിരുന്നു. ജൂതരുടെ അക്രമാസക്തമായ ഇടപെടലുകൾ കാരണം എന്നും അരക്ഷിതാവസ്ഥ തുടർന്നിരുന്നു. ഭൂരിപക്ഷം ഇസ്‌ലാമിനുണ്ടെങ്കിലും തിരിച്ചടിക്ക് മുതിർന്നാൽ വികസന പ്രവർത്തനങ്ങൾക്ക് അത് ക്ഷതമേൽപ്പിക്കുമെന്ന തിരിച്ചറിവും ജൂതരോടുള്ള മാനുഷിക പരിഗണനയും കൂടിയായിരുന്നു ആ കരാർ. ഫലസ്തീനിൽ നിന്നും പാവപ്പെട്ട മുസ്‌ലിമിനെ ആട്ടിയോടിക്കുന്നതിനെ ന്യായീകരിച്ച് പ്രവാചകൻ ഇദ്റഅത്തിലേക്ക് ജൂതന്മാരെ നാടു കടത്തിയില്ലേ എന്ന് ചോദ്യമുന്നയിക്കുന്നവർ മനസ്സിലാക്കേണ്ടത് ഒരു കരാർ ലംഘനത്തിന്റെ പരിണിത ഫലമായിരുന്നു ആ നാടുകടത്തൽ എന്നാണ് .ജൂതരെ നാടുകടത്തുക എന്നതിന് പകരം പൗരർ സുരക്ഷിതരാവട്ടെ എന്നാണ് ഇസ്‌ലാം ആഗ്രഹിച്ചത്. അവർ ചെയ്ത രാജ്യദ്രോഹക്കുറ്റങ്ങളിൽ നിന്നും ചിലതിവിടെ പരാമർശിക്കാം. നിയമം കയ്യിലെടുത്ത് വിഭാഗീയതയുണ്ടാക്കി .അതിനുദാഹരണമാണ് മസ്ജിദ് ഖുബാഇനടുത്ത് പുതിയ പള്ളി നിർമ്മിച്ച് വിഭാഗീയതയ്ക്ക് ശ്രമിച്ചത്. നിരവധി തവണ ഭരണാധികാരിയായ മുത്ത്നബി (സ)യെ വധിക്കാൻ ശ്രമിക്കുകയും, ചർച്ചയ്ക്ക് പോയപ്പോൾ പാറമുകളിൽ നിന്നും തലയിൽ കല്ലുരുട്ടിയിട്ട് കൊല്ലാൻ നോക്കി . ജൂതയായ ഒരു സ്ത്രീ വിഷം കലർത്തിയ ഇറച്ചി നൽകിയപ്പോൾ പ്രവാചകന്റെ ഒരു അനുചരൻ കൊല്ലപ്പെട്ടു. പ്രവാചകർ വഹ്‌യ് മുഖേന രക്ഷപ്പെട്ടു. ഒരിക്കൽ തബൂക്കിൽ നിന്നും തിരിച്ചു വരുമ്പോൾ 12 ജൂതന്മാർ മുഖം മൂടിയണിഞ്ഞ് വധശ്രമം നടത്തി. അൽ അഹ്സാബ് എന്ന സഖ്യകക്ഷി മദീനയിൽ ആക്രമണത്തിന് ശ്രമിച്ചപ്പോൾ മദീന രാഷ്ട്രം ചുറ്റും കിടങ്ങ് കുഴിച്ച് പ്രതിരോധിച്ചു. അപ്പോൾ ജൂതന്മാർ ചാരപ്രവർത്തി ചെയ്ത് മദീനക്കാരെ ഒറ്റിക്കൊടുത്തു. മുസ്‌ലിം സ്ത്രീകളെ ശല്യം ചെയ്തു . രാഷ്ട്രത്തിന് അഭ്യന്തര ഭീഷണിയായ ഇത്തരം കൃത്യങ്ങൾ ചെയ്തതിന്റെ ഫലമായാണ് അവരുടെ പൗരത്വം റദ്ദ് ചെയ്ത് നാടു കടത്തിയത്. മദീന കരാറിന് മുമ്പ് ഇസ്‌ലാമിലേക്ക് വന്നതിൻ്റെ ഇരട്ടികളാണ് അതിന് ശേഷം വന്നവരെന്ന് അതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. യുദ്ധം പരമാവധി ഒഴിവാക്കി, കരാറിലൂടെ അന്തരീക്ഷം ശാന്തമാക്കിയ ഇസ്‌ലാമിന്റെ സമാധാന സന്ദേശമായിരുന്നു അവരുടെയൊക്കെയും ഇസ്‌ലാം അശ്ലേഷണത്തിന് വഴിത്തിരിവായത്. ഇസ്‌ലാമിക ദേശീയത ധാരാളം വിവാദങ്ങൾക്ക് തിരികൊളുത്തിയ പദമാണ് ദേശീയത .നിലവിലെ ഇന്ത്യനവസ്ഥയിൽ അതൊരു വിരട്ട് പദമായി ലോപിച്ചിരിക്കുകയാണ് . ഒരു രാജ്യത്തെ ജനങ്ങൾക്കിടയിൽ രൂപപ്പെടുന്ന രാജ്യത്തോടുള്ള കൂറ്,ഐകമത്യ ബോധം എന്നീ സ്വഭാവ ഗുണങ്ങൾ ഒരുമിച്ചു ചേരുന്ന സവിശേഷ വെെകാരികാവസ്ഥയാണ് ദേശീയത. നിരവധി വൻകിട ദേശീയതകളും ഉപദേശീയതകളും സമ്മേളിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇസ്‌ലാമിക രാഷ്ട്രത്തിലുള്ള പൗരന്മാരുടെ ദേശീയത സങ്കൽപം വിവരിക്കുന്നതിന് പുറമെ ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്ത് മുസ്‌ലിംകൾ രാഷ്ട്രത്തോട് പുലർത്തേണ്ട കൂറിനും ഇസ്‌ലാമിന് കൃത്യമായ കാഴചപ്പാടുകൾ ഉണ്ട് .ദേശീയത പ്രകടമാക്കേണ്ട രൂപങ്ങളും അത് നമ്മെ പഠിപ്പിക്കുന്നു. മുത്ത് നബി (സ) ഹിജ്റ ചെയ്ത് മദീനയിലെത്തിയ ശേഷം ഒരു രാഷ്ട്ര രൂപീകരണ യത്നത്തിലായിരുന്നു. ആദ്യമായി ആവിടെയുള്ള നിവാസികളെ ഒരു നൂലിൻമേൽ കോർത്തിണക്കാൻ ദേശീയത പ്രകടിപ്പിക്കേണ്ട രൂപങ്ങൾ പ്രഖ്യാപിച്ചു. പരസ്പരം സമാധാനത്തിന് അഹ്വാനം ചെയ്യുന്ന സലാം പറയുക, സഹോദരനെ ഭക്ഷിപ്പിക്കുക, കുടുംബ ബന്ധം ചേർക്കുക, ജനങ്ങൾ നിദ്രയിലാഴുമ്പോൾ സ്രഷ്ടാവിന് സാഷ്ടാംഗം ചെയ്യുക എന്നിവയാണ് ആ പ്രഖ്യാപനങ്ങൾ . രാഷ്ട്ര ഭദ്രതയ്ക്ക് മൂലധനമായി വർത്തിക്കേണ്ട ഒന്നാണ് സമാധാനം. അരക്ഷിതാവസ്ഥ നിലനിൽക്കുന്നിടത്ത് ഒരു വിത്ത് പോലും മുളയ്ക്കില്ല. പട്ടിണിയുള്ള ജനതയ്ക്ക് ഉത്സാഹിക്കാൻ കഴിയില്ല. ബന്ധങ്ങൾ സുഭദ്രമാകാതെ ഒരു കുടുംബം പോലും നേരെ നീങ്ങില്ല. ഒരു രാഷ്ട്ര നിലനിൽപ്പിന് ഇവയൊക്കെയും അടിസ്ഥാന ഘടകങ്ങളാണ്. പിന്നീട് പറഞ്ഞത് ഇതൊക്കെയും സാധിക്കാനുള്ള ആത്മ ധൈര്യത്തിനും ദൈവിക സഹായത്തിനും വേണ്ടിയുള്ളതാണ്. കളങ്കരഹിതമായ പ്രാർത്ഥന ഓരോ മുസ്‌ലിമും അവന്റെ രക്ഷിതാവിനോട് നടത്തേണ്ടതുണ്ട്.രാജ്യനിവാസികൾ പാലിച്ചിരിക്കേണ്ട, പ്രകടമാക്കേണ്ട ദേശീയത സങ്കൽപമാണിത്. എല്ലാ വിധ ദേശീയത സങ്കൽപങ്ങളോടും ഞാൻ വിയോജിക്കുന്നു എന്ന് പറഞ്ഞത് നമ്മുടെ ദേശീയ കവിയും ദേശീയ പ്രസ്ഥാനാംഗവുമായ രബീന്ദ്രനാഥ ടാഗോറാണ്. മനുഷ്യ വംശത്തിന് വില കൽപിക്കാതെ കേവലം വികാര പ്രകടനങ്ങളിലൊതുങ്ങുന്ന അക്രമോത്സുക ദേശീയതയെക്കുറിച്ചാണ് ടാഗോറിത് പറഞ്ഞിട്ടുള്ളത്. സാർവ്വ ദേശീയത കാഴ്ചപ്പാട് പുലർത്തിയ ആളായിരുന്നു അദ്ദേഹത്തെ പോലുള്ളവർ . ഈയൊരു ദേശീയത കാഴചപ്പാട് ഇസ്‌ലാമിന്റെ ദേശീയത പാഠങ്ങളോട് സദൃശ്യം പുലർത്തുന്നു. മനുഷ്യത്വം എന്ന ദേശീയത സങ്കൽപത്തോടെ ലോകത്തെ സർവജനങ്ങളോടും ഇസ്‌ലാം പ്രതിബദ്ധത പുലർത്തുന്നു. അക്രമികൾക്കെതിരെ ഈയൊരു കാഴ്ചപ്പാടിൽ നിന്നും പ്രതിരോധം തീർക്കുന്നു. മദീന കരാറിൽ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് ആവശ്യമായ മദീന ദേശീയത നമുക്ക് ദർശിക്കാൻ സാധിക്കും. രാഷ്ട്രത്തെ അക്രമിക്കാൻ വരുന്നവരെ മുസ്‌ലിംകളും യഹൂദരും കൈ കോർത്ത് നേരിടുമെന്നായിരുന്നു അത്. അതേ സമയത്ത് ഗൗസ്,ഖസ്റജ് എന്നീ ഗോത്രങ്ങളുടെ വർഗ ദേശീയതയെയും അതു മൂലം നൂറ്റാണ്ടുകളായി തുടർന്ന് പോരുന്ന സംഘർഷങ്ങളെയും മുത്ത്നബി അവസാനിപ്പിച്ചു. ഇന്ന് ഇന്ത്യയിൽ പലയിടങ്ങളിലും ഉള്ളവയോട് സാമ്യത പുലർത്തുന്ന ഒരക്രമോത്സുക ദേശീയതയായിരുന്നു അത്. വ്യത്യസ്ത ഭാഷകളും വർണ്ണമുള്ളവരുമുണ്ടായിട്ടും ഐക്യത്തോടെ ജീവിച്ചു എന്നതാണ് മദീന ദേശീയത നമ്മോട് പറയുന്നത്.തന്റെ അതിർത്തിക്കുള്ളിൽ ഒരു പട്ടിണിക്കാരനും ഉണ്ടാകരുത് എന്ന നിർബന്ധിത ബുദ്ധി ഉമർ ബ്നു ഖത്താബിൽ ഉണ്ടാകുന്നത് ദൈവികമായ ഇസ്‌ലാമിക ദേശീയതയിലൂടെയാണ്. ദേശീയത അക്രമഹേതുവാകുന്ന ഒരു തരം വെെകാരികാവസ്ഥയായി മാറുന്നത് ഇസ്‌ലാം ഒരിക്കലും വെച്ചു പൊറുപ്പിക്കില്ല. അവർക്കെതിരെ ഇമാം നടപടിയെടുക്കുന്നതാണ്. ഇന്ത്യൻ ദേശീയ നേതാക്കളെല്ലാം തിരസ്കരിച്ച മേൽക്കോഴ്മ ദേശീയതയോട്(hegemonic nationalism ) ഇസ്‌ലാമും പൂർണ്ണമായി വിയോജിക്കുന്നു. ഇന്ത്യൻ മുസ്‌ലിമിന്റെ ദേശീയത പ്രകടനം വിശ്വ മാനവികതയെ ഉയർത്തിപ്പിടിച്ചു കൊണ്ടാവണം. പ്രബോധനം ജീവിതമായി മാറേണ്ട ഒരു മുസ്‌ലിമിന്റെ , സഹോദരനെക്കുറിച്ചുള്ള നിരന്തരമായ ആലോചനയും അത് മൂലമുണ്ടാക്കുന്ന പരസ്പര പ്രാർത്ഥനയുമാണ് ദേശീയത എന്ന വികാരപ്രകടനം .അവന്റെ ഇടപെടലുകൾ ഇസ്‌ലാം ഉദ്ഘോഷിക്കുന്ന തരത്തിലാവേണ്ടതുണ്ട്. പൗരത്വത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും ഇസ്‌ലാമിക കർമ്മ ശാസ്ത്രം നിലപാടുകൾ പറയുമ്പോൾ തന്നെ അതിന്റെ ചരിത്രം അതിലും മനോഹരമായി വായിച്ചെടുക്കാൻ കഴിയുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ ഒരിടത്തും ഒരു പൗരാവകാശവും വെറുതെ ഹനിക്കപ്പെട്ടിട്ടില്ല. ഒരിക്കലും വറ്റാത്ത വീട്ടു വീഴ്ച മനസ്ഗതി കഠിന ശത്രുക്കളെ പോലും വെറുതെ വിടാനിടയാക്കി. അത്യാവശ്യത്തിന്റെ മൂർദ്ധന്യതയിൽ മാത്രം യുദ്ധങ്ങൾക്ക് അനുമതി നൽകി. ഇസ്‌ലാമിക യുദ്ധങ്ങളിലെ അടിസ്ഥാന ലക്ഷ്യമായിരുന്നില്ല കൊല. മറിച്ച് ശത്രുവിന്റെ പിന്മടക്കമില്ലായ്മ മാത്രമാണ് കൊലകളിലേക്ക് നയിച്ചത്. സമാധാനം ആശീർവദിച്ചവർക്ക് തിരിച്ചും സമാധാനവും സുരക്ഷയും നൽകി. അതു കൊണ്ടായിരിക്കാം നൂറ്റാണ്ടുകൾ പിന്നിട്ട ഈ പ്രസ്ഥാനനായകരുടെ (സ) നേതൃത്ത്വത്തിൽ നടന്ന യുദ്ധങ്ങളിൽ കൊല്ലപെട്ടവർ വളരെ തുച്ഛമായിപ്പോയത്. ഇസ്‌ലാമിൻ്റെ രാഷ്ട്രീയ വീക്ഷണങ്ങൾ സമഗ്രമാണ്. മനുഷ്യൻ എന്ന സാമൂഹിക ജീവിയുടെ ദൗത്യങ്ങൾ പൂർണ്ണമായും നിർവഹിക്കേണ്ടതിന് അനിവാര്യമായ സമവാക്യങ്ങൾ ഖുർആനിലും തിരുവചനങ്ങളിലും സ്പഷ്ടമായി രേഖപ്പെടുത്തിയിരിക്കുന്നു. സങ്കീർണ്ണമായ സാഹചര്യങ്ങളെ പോലും ലാളിത്യത്തോടെ അഭിമുഖീകരിക്കാൻ ഇസ്‌ലാമിക രാജ്യത്തെ ഭരണഘടനയ്ക്ക് സാധിക്കുന്നു. എല്ലാവർക്കും തുറന്നു വെച്ച പുസ്തകമായാണ് ഇസ്‌ലാമിക നിയമാവലികളെ കാണേണ്ടത്. അതിലെവിടെയും ഒരു വിരട്ടു പദം പോലും കാണാൻ കഴിയില്ല.രാഷ്ട്രത്തിലെ ബഹുസ്വര സമൂഹങ്ങൾക്ക് സുരക്ഷിതത്വ ബോധം നൽകുകയും അതെ സമയം, പതിഞ്ഞു പോലും അരുതായ്മകൾ ചെയ്യാൻ അനുമതി നൽകാതെ, കാർക്കശ്യം പുലർത്തുകയും ചെയ്യുന്ന ഒരു ഭരണ രീതിയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. എല്ലാവർക്കും സുരക്ഷിതത്വം എന്ന തുല്യത ബോധം ഇസ്‌ലാമിക ഭരണത്തിൻ്റെ കാതലായത് കൊണ്ടാണ് നിയമനടപടികളിൽ കണിശത കാട്ടുന്നത്.അധർമ്മകാരികൾക്കും അരാചകവാദികൾക്കും ഇസ്‌ലാമിക ഭരണരീതി ദഹിക്കാതിരിക്കുന്നത് സ്വാഭാവികമാണ്. അതെ സമയം, നൈതികമായ മാനങ്ങളിലൂടെ രാഷ്ട്ര ദൗത്യത്തെ നോക്കിക്കാണുന്ന ഒരു ബഹുസ്വര സമൂഹത്തിന് ഇസ്‌ലാമിക ഭരണവ്യവസ്ഥയിലെ ഏതൊരു നിയമത്തിലും നിരവധി ദൃഷ്ടാന്തങ്ങൾ കാണാൻ സാധിക്കുന്നതാണ്.