മനുഷ്യൻ ധാർമിക ജീവിയോ? EDA's explained (Evolutionary Debunking Arguments) ധാർമികത

മനുഷ്യൻ ധാർമിക ജീവിയോ? EDA's explained (Evolutionary Debunking Arguments)

By rationaleclub | 11/27/2024

മനുഷ്യൻ ധാർമിക ജീവിയാണോ? മനുഷ്യന് ധാർമികതയുണ്ടോ? മനുഷ്യൻ ധാർമിക ജീവിയാണെങ്കിൽ മനുഷ്യന്റെ ധാർമികതയുടെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? ധാർമികതയുടെ അടിസ്ഥാനമെന്താണ്? ഫിലോസഫിയിലെ വളരെ പ്രധാനപ്പെട്ട ചർച്ചകളിലൊന്നാണ് Ethics അഥവാ ധാർമികത! ധാർമികതയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒഴിച്ചു കൂടാനാകാത്ത ഏതാനും ചില ചോദ്യങ്ങളാണ് മുകളിൽ പരാമർശിക്കപ്പെട്ടത്. ഒന്നാമതായി മനുഷ്യൻ ധാർമിക ജീവിയാണോ എന്ന ചോദ്യം നമുക്ക് പരിശോധിക്കാം. മനുഷ്യൻ ധാർമിക ജീവിയാണ് എന്നു സമ്മതിക്കണമെങ്കിൽ പ്രധാനമായും മനുഷ്യനൊരു വിശേഷപ്പെട്ട ജീവിയാണെന്നഗീകരിക്കണം! കാരണം മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ധാർമികത. അതു കൊണ്ടു തന്നെ മനുഷ്യനു മാത്രമായി എന്തു കൊണ്ടു ധാർമികതയെന്ന ഈ സവിശേഷത ലഭിച്ചു എന്ന് കണക്കാക്കണമെങ്കിൽ മനുഷ്യൻ ഒരു സവിശേഷ ജീവിയാകണം! അതല്ല ധാർമികതയുള്ളത് കൊണ്ടാണ് മനുഷ്യൻ വ്യത്യസ്തനാകുന്നത് എന്ന proposition അംഗീകരിച്ചാലും എന്തു കൊണ്ടു മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യനു മാത്രമായി ധാർമികതയെന്ന സവിശേഷത ലഭിച്ചു എന്ന ചോദ്യം വരും. ചുരുക്കത്തിൽ മനുഷ്യൻ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ജീവിയാണെന്നും, സവിശേഷ ജീവിയാണെന്നും സമ്മതിച്ചു കഴിഞ്ഞാൽ മാത്രമേ ധാർമികതയെന്ന വിഷയത്തിന് തന്നെ പ്രസക്തിയുള്ളൂ. മനുഷ്യൻ വിശേഷപ്പെട്ട ജീവിയാണോ അല്ലയോ എന്നതിലുള്ള ഇസ്‌ലാമിന്റെയും നിരീശ്വരവാദത്തിന്റെയും ലോക വീക്ഷണങ്ങളെ നമ്മുക്ക് പരിശോധിക്കാം; അല്ലാഹു പറയുന്നു, وَلَقَدْ كَرَّمْنَا بَنِي آدَمَ. ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു. ഒരു വിശദീകരണം വേണ്ടാത്ത വിധം ഈ സൂക്തത്തിൽ നിന്നും മനുഷ്യൻ ആദരവ് അർഹിക്കുന്ന വിശേഷ ജീവിയാണെന്ന് വ്യക്തമാണ്! മറ്റൊരു സൂക്തത്തിൽ അല്ലാഹു പറയുന്നു, لَقَدْ خَلَقْنَا الإنْسَانَ فِي أَحْسَنِ تَقْوِيمٍ, മനുഷ്യനെ നാം ഏറ്റവും അത്യുത്തമനായി സൃഷ്ടിച്ചിരിക്കുന്നു. അപ്പോൾ ഇസ്‌ലാമിന്റെ ലോക വീക്ഷണത്തിൽ മനുഷ്യൻ സവിശേഷ ജീവിയാണ്, തിരഞ്ഞെടുക്കപ്പെട്ടവനാണ്, പ്രത്യേകമാണ്. അഥവാ മനുഷ്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്ര കഥാപാത്രമെന്നു സാരം. ധാർമികത സ്ഥാപിക്കുവാൻ ആധാരമായ മനുഷ്യൻ വിശേഷ ജീവിയാണോ എന്ന ചോദ്യത്തിനുള്ള ഇസ്‌ലാമിന്റെ ഉത്തരം, അതേ മനുഷ്യൻ സവിശേഷ ജീവിയാണ് എന്നു തന്നെയാണ്! ഇനി നിരീശ്വരവാദത്തിലേക്ക് വരാം. ഒരു നിരീശ്വരവാദിയെ സംബന്ധിച്ച് മനുഷ്യനുണ്ടായത് പരിണാമത്തിലൂടെയാണ്. എന്നാൽ പരിണാമ സിദ്ധാന്തമനുസരിച്ചു മനുഷ്യൻ സവിശേഷ ജീവിയാണോ? അല്ല! Theory of Evolution അനുസരിച്ചു, എല്ലാ ഓരോ ജീവിയുടെയും അതിജീവിനത്തിനു കാരണം ആ ജീവിയുടെ ചില ഗുണങ്ങൾ (traits) മാത്രമാണ്. ഉദാഹരണത്തിനു Cretaceous Period എന്നറിയപ്പെടുന്ന കാലഘട്ടത്തിൽ ഭീമമായ ഒരു ഉൽക്ക ഭൂമിയിൽ പതിക്കുകയും, അന്ന് ഭൂമിയിൽ ഉണ്ടായിരുന്ന 75% ജീവജാലങ്ങളും ഈ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകുകയും ചെയ്തുവെന്നു കരുതപ്പെടുന്നു. എന്നാൽ എലികൾക്ക്‌ ഈ പ്രതിസന്ധി അതിജീവിക്കുവാൻ കഴിഞ്ഞു. അതിനു സഹായകമായതാകട്ടെ എലികളുടെ mobilize ചെയ്യാൻ തക്കവണ്ണമുള്ള ചെറിയ ശരീരമായിരുന്നു. താരതമ്യേനെ എലികൾ ചെറിയ ജീവികൾ ആയിരുന്നതിനാൽ തന്നെ അവക്ക് ഉൽക്ക ഭൂമിയിൽ പതിച്ചതു കാരണമുണ്ടായ താപത്തെ അതിജീവിക്കാൻ ഭൂമിയുടെ അടിയിൽ ചെറിയ പൊത്തുകൾ ഉണ്ടാക്കി അതിലേക്ക് മാറാൻ കഴിഞ്ഞു. ഇവിടെ എലികൾ സവിശേഷ ജീവിയായതു കൊണ്ടല്ല അതിജീവിച്ചത്, മറിച്ച് ചെറിയ ശരീരമെന്ന trait ആയിരുന്നു എലികളെ അതിജീവിക്കാൻ സഹായിച്ചത്. തന്നെക്കാൾ ഭീമന്മാരായ Dinosaurs ഉരുകി ഉരുകി നിലം പതിക്കുമ്പോൾ ബലഹീനനായ എലികൾ അതിജീവിക്കുകയായിരുന്നു. ഇപ്രകാരം തന്നെ പരിണാമ സിദ്ധാന്തമനുസരിച്ചു, ഒരു ജീവിയെ അതിജീവിക്കാൻ സഹായിക്കുന്ന ഗുണമെന്താണോ അത് ആ ജീവിയുടെ surviving trait മാത്രമാണ്. അതിൽ കവിഞ്ഞു ഒരു ജീവിക്കും മറ്റൊരു പ്രത്യേകതയും പരിണാമപരമായി കണക്കാക്കാൻ കഴിയില്ല. എലികൾക്ക്‌ ചെറിയ ശരീരമാണ് ഈ ഗുണമെങ്കിൽ, മനുഷ്യനത് വികസിതമായ തലച്ചോറാണ്. എലികൾക്ക് അതിജീവിക്കാൻ എലികളുടെ ശാരീരിക പ്രകൃതിയെന്ന ഗുണം സഹായിച്ചതു പോലെ, മറ്റുള്ള ജീവജാലങ്ങൾക്ക് അവയുടെ അതിജീവനത്തിനുള്ള ഗുണങ്ങൾ അവയെ അതിജീവിക്കാൻ സഹായിക്കുന്നതു പോലെ, മനുഷ്യന്റെ അതിജീവനത്തിന് വേണ്ടിയുള്ള ഗുണമെന്നത് മനുഷ്യന്റെ തലച്ചോറാണ്. അതു കൊണ്ടു തന്നെ വികസിതമായ തലച്ചോർ ഉണ്ടെന്നത് കൊണ്ടു പരിണാമപരമായി മനുഷ്യൻ സവിശേഷ ജീവിയാകുന്നില്ല, തലച്ചോർ എന്നത് മനുഷ്യന്റെ വെറും surviving trait മാത്രമാണ്. അഥവാ എലികളെ പോലെ, തവളകളെ പോലെ, പുഴുക്കളെ പോലെ, കഴുതകളെ പോലെ, വെറുമൊരു ജീവജാലം മാത്രമാണ് മനുഷ്യൻ. അതിജീവനത്തിനു സഹായകമാകുന്ന ചെറിയ ശരീരമെന്ന trait എലികളെ സവിശേഷ ജീവിയാക്കുന്നില്ല എന്നതു പോലെ തന്നെ, ഇരപിടിയരിൽ നിന്നും രക്ഷിക്കുന്ന ഓട്ടം അണ്ണാനെ സവിശേഷ ജീവിയാക്കുന്നില്ല എന്നതു പോലെ തന്നെ, ഇരപിടിക്കാൻ സഹായിക്കുന്ന ചാട്ടം തവളയെ സവിശേഷ ജീവിയാക്കുന്നില്ല എന്നതു പോലെ, മനുഷ്യനെ അതിജീവിക്കാൻ സഹായിക്കുന്ന cerebral capacity, അഥവാ തലച്ചോർ മനുഷ്യനെ ഒരു സവിശേഷ ജീവിയാക്കുന്നില്ല. ഇപ്രകാരം തന്നെ, മറ്റെല്ലാ ജീവികളെയും പോലെ പ്രകൃതിനിര്‍ദ്ധാരണത്തിന്റെ (Natural Selection) ഭാഗമായി, വളരെ ആകസ്മികമായി (random) ഉരുത്തിരിഞ്ഞു വന്ന കേവലമൊരു ജീവിമാത്രമാണ് മനുഷ്യനെന്ന് വിശ്വസിക്കുന്ന നിരീശ്വരവാദിക്ക്‌ എങ്ങനെയാണ് ധാർമികതയവകാശപ്പെടാനാകുക? പരിണാമപരമായി യാതൊരു വിധ പ്രത്യേകതയോ സവിശേഷതയോ അവകാശപ്പെടാനില്ലാത്ത മനുഷ്യൻ എങ്ങനെയാണ് നിരീശ്വരവാദത്തിൽ ധാർമിക ജീവിയാകുക? എന്നാൽ പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യൻ ധാർമിക ജീവിയല്ലെന്ന് മാത്രമല്ല, മനുഷ്യൻ ധാർമിക ജീവിയാണെന്ന വാദം പരിണാമത്തിനെതിരാകുന്നുണ്ട് താനും. കാരണം പരിണാമപരമായി ജീവജാലങ്ങളുടെ മൗലികമായ കർത്തവ്യമെന്നത് അതിജീവനവും (Survival), പ്രത്യുല്‍പാദനവുമാണ് (Reproduction). അതിനാൽ തന്നെ പരിണാമ സിദ്ധാന്തമനുസരിച്ച് ഒരു ജീവിയെ അതിജീവിക്കാൻ സഹായിക്കുന്ന, പ്രത്യുല്‍പാദനം ലളിതമാകാനുതകുന്ന ഏതൊരു കാര്യവും പരിണാമപരമായി ശരിയാണ്. അഥവാ ധാർമികമായി തെറ്റും ശരിയും വേർതിരിച്ചറിയലല്ല മനുഷ്യന്റെ ലക്ഷ്യം, മറിച്ചു അതിജീവിക്കുകയും പരമാവധി പ്രത്യുല്‍പാദനം നടത്തുകയും ചെയ്യുകയെന്നതാണ്. ഉദാഹരണത്തിനു നാം അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്ന റേപ്പ് പരിണാമപരമായി പുരുഷന്റെ പ്രത്യുല്‍പാദനത്തിനു സഹായിക്കുന്ന ഒരു evolutionary trait ആണ്. റേപ്പ് പുരുഷന്റെ evolutionary trait ആയതു കൊണ്ടു തന്നെ പരിണാമപരമായി റേപ്പ് തെറ്റല്ലാതെയാകുന്നു. ഇപ്രകാരം തന്നെ പരിണാമത്തിലൂടെയാണ് മനുഷ്യൻ ഉരുത്തിരിഞ്ഞു വന്നതെന്ന് വിശ്വസിക്കുന്ന നിരീശ്വരവാദിയെ സംബന്ധിച്ച്, മനുഷ്യനെ അതിജീവിക്കാൻ സഹായിച്ച ഇത്തരം അധാർമികതകൾ ശരിയാണെന്നു സമ്മതിക്കുകയേ നിവൃത്തിയുള്ളൂ. ഇതിനെയാണ് Evolutionary Debunking Argument Against Moral Realism എന്നു പറയുന്നത്. ഒരു നിരീശ്വരവാദിക്ക് പരിണാമ സിദ്ധാന്തത്തെ നിരാകരിക്കാനുമാകില്ല, എന്നാൽ പരിണാമ സിദ്ധാന്തം അംഗീകരിച്ചു കഴിഞ്ഞാൽ മനുഷ്യന്റെ അതിജീവനത്തിനും പ്രത്യുല്‍പാദനത്തിനും സഹായകമായ റേപ്പ് അടക്കമുള്ള അധാർമികതകൾ ശരിയാണെന്നു സമ്മതിക്കേണ്ടതായി വരുകയും ചെയ്യും.