ദൈവാസ്തിക്യം: തെളിവുകൾ നയിക്കട്ടെ ആമുഖം

ദൈവാസ്തിക്യം: തെളിവുകൾ നയിക്കട്ടെ

By rationaleclub | 5/30/2025

ഡിസൈൻ ആർഗ്യുമെന്റ്

ആസൂത്രണം ഉണ്ടെങ്കിൽ ആസൂത്രകൻ വേണം

ഭൂമി ജീവഗ്രഹമായതിൻ്റെയും അതിലെ മനുഷ്യനുൾപ്പടെയുള്ള ജീവികളുടെ ഘടനയുടെയും പിറകിൽ കൃത്യമായ ആസൂത്രണം കാണാൻ കഴിയും. ബുദ്ധിയുള്ള ഒരു ആസൂത്രകൻ ഇല്ലാതെ, ഇതെല്ലാം യാദൃശ്ചികമായി തനിയെ സംഭവിക്കുന്നത് അന്ധവിശ്വാസമാണ്. ബിഗ്ബാങ്, ജൈവ പരിണാമം എന്നീ സിദ്ധാന്തങ്ങൾ കൊണ്ട് വിശദീകരിക്കാൻ കഴിഞ്ഞാൽ തന്നെ യാദൃശ്ചികമായി ഇതെല്ലാം സംഭവിക്കും എന്ന അന്ധവിശ്വാസം തെളിയിക്കപ്പെടുന്നില്ല. മനോഹരമായ ചിത്രത്തിന് പിന്നിൽ ഒരു ചിത്രകാരനും, ഭക്ഷണത്തിന് പിന്നിൽ പാചകക്കാരനും, കവിതക്ക് പിന്നിൽ കവിയും, ഗാനത്തിന് പിന്നിൽ ഗായകനും ഉണ്ടാകുമല്ലോ. എങ്കിൽ ഈ പ്രപഞ്ചത്തിലെ സകല ഡിസൈനുകൾക്ക് പിന്നിലും ഒരു ഡിസൈനറും ഉണ്ടാകണം.

എല്ലാം കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടതാണ്

സൂര്യനും ഭൂമിയും തമ്മിലെ കൃത്യമായ അകലം, വൈവിധ്യമായ കാലാവസ്ഥ സാധ്യമാക്കുന്ന ഭൂമിയുടെ ചെരിവ്, ഭൂമിയിലേക്ക് പതിക്കാൻ വരുന്ന ഉൽക്കകളെ തന്നിലേക്ക് ആവാഹിക്കുന്ന ജുപീറ്റർ എന്ന അയൽ ഗ്രഹം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അനുകൂല ഘടകങ്ങളാണ് ഭൂമിയെ മനുഷ്യവാസയോഗ്യമാക്കിയത്. മനുഷ്യ ശരീരത്തിലെ വിവിധ വ്യവസ്ഥകൾ, അവയിൽ ബന്ധിക്കുന്ന വിവിധ അവയവങ്ങളുടെ പ്രവർത്തനം, ഈ വ്യവസ്ഥകൾ തമ്മിലും അവയവങ്ങൾ തമ്മിലുമുള്ള പരസ്‌പരബന്ധം എന്നിവ ബുദ്ധിയുള്ള ആസൂത്രകന്റെ അടയാളങ്ങളാണ്.

യാദൃശ്ചികമായി ക്രമം രൂപപ്പെടില്ല

ഏതൊരു പ്രവർത്തിയും ക്രമത്തിൽ സംഭവിക്കാനുള്ളതിനേക്കാൾ സാധ്യത ക്രമരഹിതമായി സംഭവിക്കാനാണ്. ചില്ലു പാത്രം നിലത്ത് വീണാൽ ക്രമരഹിതമായല്ലേ ചിതറിതെറിക്കൂ. എന്നിട്ടും ക്രമപ്രകാരം കാര്യം നടക്കുന്നുവെങ്കിൽ അതിന് പിന്നിൽ ഒരു ബുദ്ധിയും ശക്തിയും സമ്മേളിച്ചതായി സമ്മതിക്കണം. ബ്രഡിന് മുകളിലേക്ക് ജാമിൻ്റെ പാത്രം തനിയെ ചെരിഞ്ഞാൽ വീഴുന്ന ജാം പ്രത്യേകിച്ച് ക്രമത്തിലൊന്നും ആകില്ല. എന്നാൽ ബ്രഡിൽ കൃത്യമായി 'I LOVE YOU' എന്ന് എഴുതപ്പെട്ടുവെങ്കിൽ അപ്രകാരം എഴുതണമെന്ന് കരുതിയ ഒരാളാണ് ജാമിന്റെ പാത്രം ചെരിച്ചത് എന്ന് ചിന്തിക്കലാണല്ലോ ബുദ്ധിപരം.

വാദം

  1. ഡിസൈൻ ചെയ്യപ്പെട്ടവക്കെല്ലാം ഡിസൈനർ വേണം
  2. പ്രപഞ്ചത്തിലും ജീവികളിലും കൃത്യമായ ഡിസൈൻ കാണുന്നുണ്ട്
  3. അതിനാൽ, പ്രപഞ്ചത്തിനും അതിലെ ജീവികൾക്കും ഡിസൈനർ വേണം. അതാണ് ദൈവം.

മറുവാദം 1. എല്ലാത്തിനെയും ഡിസൈൻ ചെയ്‌തത് ദൈവമാണെങ്കിൽ ദൈവത്തെ ഡിസൈൻ ചെയ്ത‌താര്?

പ്രപഞ്ചത്തെ ഡിസൈൻ ചെയ്‌തത് ദൈവമാണെങ്കിൽ ദൈവത്തെ ഡിസൈൻ ചെയ്‌തതാര് എന്ന് ചോദിക്കുന്നവർ, ചിത്രം വരച്ചത് ചിത്രകാരനെങ്കിൽ ചിത്രകാരനെ വരച്ചതാര് എന്ന് ചോദിക്കുമോ? 'ചിത്രകാരൻ' എന്നത് വരക്കപ്പെടുന്ന ചിത്രമല്ലാത്തതിനാൽ ചിത്രകാരനെ വരച്ചതാര് എന്ന ചോദ്യം അപ്രസക്തമായി. ഇതുപോലെ 'കവി' എന്നത് എഴുതപ്പെടുന്ന വരികളോ 'പാചകക്കാരൻ' എന്നത് പാചകം ചെയ്യപ്പെടുന്ന വിഭവമോ അല്ലാത്തതിനാൽ കവിയെ എഴുതിയതും പാചകക്കാരനെ പാചകം ചെയ്‌തതും ആരെന്നുമുള്ള ചോദ്യങ്ങളും തെറ്റായി. ഇതുപോലെ ആസൂത്രണം ചെയ്യപ്പെടേണ്ട ഒന്നല്ല ദൈവം എന്നതിനാൽ ദൈവത്തെ ആസൂത്രണം ചെയ്‌തത് ആരെന്ന ചോദ്യം നിരർത്ഥകമാണ്. ജീവിച്ചിരിക്കുന്ന ഒരാളുടെ മുഖത്ത് നോക്കി നിന്നെ കൊന്നതാര് എന്ന് ചോദിക്കും പോലെ വിഡ്‌ഢിത്തമാണ് ദൈവമെന്ന ആസൂത്രകനെ ആസൂത്രണം ചെയ്‌തതാര് എന്ന ചോദ്യവും.

മറുവാദം 2. അനേകം പ്രപഞ്ചം ഉണ്ടെങ്കിലോ?

അനേകം പ്രപഞ്ചമുണ്ടെന്നും അതിൽ ഒന്നായ നമ്മുടേതിലെ അനേകം ഗ്രഹങ്ങളിൽ ഒന്നായ ഭൂമിയിൽ മാത്രം ജീവൻ ഉണ്ടായത് യാദൃശ്ചികമാവാനാണത്രെ സാധ്യത. ഇത് സ്ഥാപിക്കാൻ വേണ്ടി യാതൊരു തെളിവുമില്ലാത്ത ബഹുപ്രപഞ്ചസിദ്ധാന്തത്തിൽ (Multiverse Theory) വിശ്വസിക്കുന്ന ദൈവനിഷേധികളുടെ കാര്യം കഷ്ടം തന്നെ. ആസൂത്രകനെ മാറ്റിനിർത്തി ഒരു പ്രപഞ്ചത്തിലെ ഡിസൈനുകൾക്ക് പോലും വിശദീകരണം നൽകാൻ കഴിയാതിരിക്കുമ്പോഴാണ് ബഹുപ്രപഞ്ച സിദ്ധാന്തത്തെ കുറിച്ച് ഇവർ പറയുന്നത്. അത് തെളിഞ്ഞാൽ കടുങ്ങുക ഇവർ തന്നെയാണല്ലോ. ഡിസൈനറെ മാറ്റിനിർത്തി ഒരു ആറ്റത്തെ പോലും വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ അനേകം പ്രപഞ്ചം ഉണ്ടെന്ന് വന്നാൽ അതിനെ എങ്ങനെ വിശദീകരിക്കും!

മറുവാദം 3. ആസൂത്രണത്തിൽ പാളിച്ചകളില്ലേ?

രോഗം, വൈകല്യം, മരണം, പ്രകൃതിദുരന്തങ്ങൾ എന്നിവ ആസൂത്രണത്തിലെ പാളിച്ചകളാണെന്നും, ഒരു ബുദ്ധിയുള്ള ആസൂത്രകനിൽ നിന്നും ഇതു സംഭവിക്കില്ലെന്നും, അതിനാൽ ആസൂത്രകനില്ലെന്നും വാദിക്കുന്ന നിഷേധികൾക്ക് വലിയ അബദ്ധം പിണഞ്ഞിരിക്കുന്നു. ഏതൊരു ആസൂത്രകനും തന്റെ ലക്ഷ്യത്തിനനുസരിച്ചാണ് ആസൂത്രണം നിർവഹിക്കുക. ദൈവമെന്ന ആസൂത്രകൻ പ്രപഞ്ചത്തെയും അതിലെ മനുഷ്യരടക്കമുള്ള ജീവികളെയും ഈ രീതിയിൽ ആസൂത്രണം ചെയ്തത് ഇച്ഛാസ്വാതന്ത്ര്യം നൽകപ്പെട്ട മനുഷ്യൻ എന്ന ജീവിവർഗത്തെ പരീക്ഷിക്കാൻ വേണ്ടിയാണ്. രോഗവും വൈകല്യവും മരണവും പ്രകൃതി ദുരന്തങ്ങളും പരീക്ഷണത്തിൻ്റെ അവിഭാജ്യഘടകങ്ങളാണ്.

മറുവാദം 4. ശാസ്ത്രം എല്ലാത്തിനെയും വിശദീകരിക്കുന്നുണ്ടല്ലോ?

ബിഗ്ബാങ് തിയറി പ്രപഞ്ചത്തിൻ്റെയും പരിണാമ സിദ്ധാന്തം ജീവിവർഗങ്ങളുടെയും ഉത്ഭവത്തെയും വികാസത്തെയും വിശദീകരിക്കുന്നുണ്ട്. അതിനാൽ ഇവയെ വിശദീകരിക്കാൻ ഒരു ദൈവത്തിന്റെ ആവശ്യമില്ല എന്നതാണ് വാദം. ശാസ്ത്രം കേവലം വിശദീകരിക്കുക മാത്രമേ ചെയ്യൂ എന്നും ഒരിക്കലും പ്രപഞ്ചത്തെയോ അതിലെ ജീവിവർഗങ്ങളെയോ സൃഷ്ടിക്കുകയോ പരിപാലിക്കുകയോ ചെയ്യുന്നില്ലെന്നും വിമർശകർ മനസ്സിലാക്കണം. എങ്ങനെ സംഭവിക്കുന്നു എന്നതിന് വിശദീകരണം ലഭിച്ചു എന്നതിനർത്ഥം അതിന് പിന്നിൽ ആരും പ്രവർത്തിച്ചിട്ടില്ല എന്നല്ല. തിളച്ച വെള്ളത്തിൽ ചായപ്പൊടി അലിയുമ്പോൾ ചായ ഉണ്ടാകുന്നു എന്ന് മനസ്സിലാക്കി എന്നത് കൊണ്ട് ചായ തനിയെ ഉണ്ടായി എന്നർത്ഥമില്ലല്ലോ.

കോസ്മോളജിക്കൽ വാദങ്ങൾ

കോസ്മോസ് എന്നാൽ പ്രപഞ്ചം എന്നാണർത്ഥം. പ്രപഞ്ചത്തെ നിരീക്ഷിച്ച് ദൈവത്തിൻ്റെ അനിവാര്യത സ്ഥാപിക്കുന്ന തെളിവുകളാണ് കോസ്മോളജിക്കൽ വാദങ്ങൾ. പ്രപഞ്ചത്തിന് തുടക്കമുണ്ട്, അതിനാൽ തുടക്കക്കാരനായ ദൈവം വേണം. ഇതാണ് കലാം കോസ്മോളജിക്കൽ വാദം. ഇൽമുൽ കലാമിൻ്റെ പണ്ഡിതരുടെ സംഭാവനയായത് കൊണ്ടാണ് പ്രസ്തുത നാമകരണം. അതുപോലെ, പ്രപഞ്ചം ആശ്രിതവും സംഭവ്യവുമായ അസ്തിത്വമാണ്. അതിനാൽ അനിവാര്യ അസ്തിത്വമായ ദൈവം വേണം. ഇതാണ് കണ്ടിൻജൻസി ആർഗ്യുമെന്റ്. പ്രപഞ്ചത്തിൻ്റെ തുടക്കമുള്ളത്, മറ്റുള്ളവയെ ആശ്രയിക്കുന്നത് എന്നീ വിശേഷണങ്ങൾ മനസ്സിലാക്കി അതിന്റെ യഥാർത്ഥ വിശദീകരണം ലഭിക്കണമെങ്കിൽ ദൈവത്തിന്റെ ഉണ്മയെ അംഗീകരിക്കണം എന്ന് സമർത്ഥിക്കുന്നത് കൊണ്ടാണ് ഈ രണ്ട് വാദങ്ങൾക്കും കോസ്മോളജിക്കൽ ആർഗ്യുമെന്റ് എന്ന് പേര് ലഭിച്ചത്.

കലാം കോസ്മോളജിക്കൽ ആർഗ്യുമെന്റ്

  1. തുടക്കമുള്ള എന്തിനും തുടക്കക്കാരൻ വേണം
  2. ആ തുടക്കക്കാരന് മറ്റൊരു തുടക്കം ഉണ്ടാകാൻ പാടില്ല
  3. പ്രപഞ്ചത്തിന് തുടക്കമുണ്ട്
  4. അതിനാൽ, പ്രപഞ്ചത്തിന് ഒരു തുടക്കക്കാരൻ വേണം. അതാണ് ദൈവം.
  5. തുടക്കമുള്ള എന്തിനും തുടക്കക്കാരൻ വേണം

ഇല്ലായ്‌മക്ക് ശേഷം ഉണ്മ പ്രാപിക്കുന്നതിനെയാണ് തുടക്കം എന്ന് പറയുക. ഇല്ലായ്‌മക്കും ഉണ്മക്കും തുല്യ സാധ്യത ആയിരിക്കെ ഉണ്മ തിരഞ്ഞെടുക്കപ്പെട്ടത് എങ്ങനെ എന്ന അന്വേഷണം സ്വാഭാവികമാണല്ലോ. തുടക്കക്കാരൻ ഇല്ലാതെ ഒരു തുടക്കവും സംഭവിക്കില്ല. അതിനാൽ തുടക്കമുള്ള എന്തിനും തീർച്ചയായും ഒരു തുടക്കക്കാരൻ വേണം. അതായത് ഇല്ലായ്‌മക്ക് ശേഷം ഉണ്മ പ്രാപിച്ച സകലതിനെയും ഉണ്ടാക്കിയ ഒരാൾ വേണം. അതാണ് ദൈവം.

ഇല്ലായ്മ‌ക്ക് ശേഷം ഉണ്മ പ്രാപിക്കലിന് പരമാവധി 4 സാധ്യതകൾ മാത്രമേ ഉണ്ടാവൂ.

  1. ഒരു വസ്തു അതിനെ തന്നെ ഉണ്ടാക്കുക സാധ്യമല്ല. ഒരു സ്ത്രീക്ക് അവളെ തന്നെ പ്രസവിക്കാൻ കഴിയാത്ത പോലെ.
  2. രണ്ട് വസ്തുക്കൾ പരസ്‌പരം ഉണ്ടാക്കുക എന്നതും സാധ്യമല്ല, എന്നെ പ്രസവിച്ചത് അമ്മ, അമ്മയെ പ്രസവിച്ചത് ഞാൻ എന്ന് പറഞ്ഞാൽ നമുക്ക് അംഗീകരിക്കാൻ കഴിയില്ലല്ലോ.
  3. ഒരു വസ്തുവിനെ, ഉണ്ടാക്കപ്പെട്ട മറ്റൊരു വസ്തു ഉണ്ടാക്കുക എന്ന സാധ്യതയെയും അംഗീകരിക്കാനാകില്ല. കാരണം, ഉണ്ടാക്കപ്പെട്ട ആ വസ്തുവിനെ ആരുണ്ടാക്കി എന്ന ചോദ്യം ബാക്കിയാണല്ലോ.
  4. എങ്കിൽ പിന്നെ, എല്ലാ വസ്തുക്കളെയും ഉണ്ടാക്കിയത് മറ്റൊന്നിനാൽ ഉണ്ടാക്കപ്പെടാത്ത ഒന്നാകണം.
  5. ആ തുടക്കക്കാരന് മറ്റൊരു തുടക്കം ഉണ്ടാകാൻ പാടില്ല

എന്തും അനന്തമായി പുറകോട്ട് പോകൽ (ഇൻഫിനിറ്റ് റിഗ്രസ്) യുക്തിരഹിതമാണ്. ലീവ് കിട്ടണമെങ്കിൽ മാനേജർ അനുവദിക്കണം. പക്ഷെ മാനേജർക്ക് സ്വന്തമായി അനുവാദം നൽകാനാകില്ല, തൻ്റെ മേലുദ്യോഗസ്ഥനോട് ചോദിക്കണം. അയാൾക്ക് അനുവാദം നൽകണമെങ്കിൽ അയാളുടെ മേലുദ്യോഗസ്ഥനോട് ചോദിക്കണം. ഈ ചങ്ങല ഇങ്ങനെ നീണ്ടാൽ ഒരിക്കലും ലീവ് കിട്ടില്ല. ഇനിയെങ്ങാനും ലീവ് കിട്ടിയാലോ, മറ്റൊരാളുടെ അനുമതി ആവശ്യമില്ലാതെ, സ്വന്തമായി ലീവ് അനുവദിക്കാൻ അധികാരമുള്ള ഒരാൾ ആ കമ്പനിയിൽ ഉണ്ടെന്ന് മനസ്സിലാക്കണം, നാം അയാളെ കാണുന്നില്ലെങ്കിലും. മറ്റൊരാളുടെ അനുവാദത്തിൻ്റെ ആവശ്യം ഇല്ലാതെ സ്വന്തമായി അവധി നൽകാൻ അധികാരമുള്ള ഒരാൾ ഉണ്ടെങ്കിലെ ലീവ് കിട്ടൂ എന്നത് പോലെ സ്വന്തമായി നിലനിൽക്കുന്ന ഒരു തുടക്കക്കാരൻ ഉണ്ടെങ്കിലേ മറ്റെല്ലാത്തിനും തുടക്കം ഉണ്ടാവൂ.

  1. പ്രപഞ്ചത്തിന് തുടക്കമുണ്ട്

പ്രപഞ്ചം ഏതൊരു വസ്തുവിനെയും പോലെ എപ്പോഴും ചലനം, നിശ്ചലനം എന്നീ രണ്ടാലൊരു അവസ്ഥയിലാകും. ചലനത്തിനു മുൻപ് നിശ്ചലതയും നിശ്ചലതക്ക് മുൻപ് ചലനവും ഉണ്ടാകുമല്ലോ. എന്നാൽ ചലനനിശ്ചലനങ്ങൾ അനന്തമായി പശ്ചാത്ഗമിക്കുക എന്നത് ബുദ്ധിപരമല്ല. അതിനാൽ ആദ്യ ചലനം സംഭവിക്കും മുൻപ് പ്രപഞ്ചത്തിന് നിശ്ചലാവസ്ഥ ഉണ്ടാകാൻ പാടില്ല. അതായത്, പ്രപഞ്ചത്തിന് തുടക്കം ഉണ്ടാകണം. കാരണം, യാഥാർഥ്യ ലോകത്ത് അനന്തത അസാധ്യമാണ്. അനന്തമായ മിഠായികളുള്ള പാത്രത്തിലേക്ക് ഒരു ലക്ഷം മിഠായികൾ ഇട്ടാലും പാത്രത്തിലെ മിഠായികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായില്ലെന്ന് കരുതൽ ബുദ്ധിശൂന്യതല്ലാതെ മറ്റെന്ത്?

പ്രപഞ്ചത്തിന് തുടക്കമുണ്ട് എന്ന വസ്തുത തെളിയിക്കാൻ ശാസ്ത്ര സിദ്ധാന്തങ്ങളും നമ്മെ സഹായിക്കും. അങ്ങനെയൊരു തുടക്കത്തെ കുറിച്ചാണ് ബിഗ്ബാങ് തിയറി സംസാരിക്കുന്നത്.

  1. അതിനാൽ, പ്രപഞ്ചത്തിന് ഒരു തുടക്കക്കാരൻ വേണം. അതാണ് ദൈവം.

കണ്ടിൻജൻസി ആർഗമെന്റ്റ്

  1. ഉണ്മ/ അസ്തിത്വം യഥാർഥ്യമാണ്. അതിന് പരമാവധി മൂന്ന് സാധ്യതകളാണ് ഉള്ളത്. (സംഭവ്യം, അസംഭവ്യം, അനിവാര്യം)
  2. സംഭവ്യമായ അസ്തിത്വങ്ങൾ ഉണ്ടെങ്കിൽ അനിവാര്യ അസ്തിത്വം എന്തായാലും ഉണ്ടാകണം.
  3. പ്രപഞ്ചം സംഭവ്യ അസ്തിത്വമാണ്
  4. അതിനാൽ, അനിവാര്യ അസ്തിത്വമായ ദൈവം എന്തായാലും ഉണ്ടാകണം.
  5. ഉണ്മ/ അസ്തിത്വം യഥാർഥ്യമാണ്. അതിന് പരമാവധി മൂന്ന് സാധ്യതകളാണ് ഉള്ളത്. (സംഭവ്യം, അസംഭവ്യം, അനിവാര്യം)

അസംഭവ്യമായ അസ്തിത്വം(Impossible Existence): ഉണ്ടാകാൻ ഒരു തരത്തിലും സാധ്യതയില്ലാത്തവ. ഇവയുടെ ഇല്ലായ്‌മ മറ്റൊന്നിനെയും ആശ്രയിക്കുന്നില്ല. രാത്രിയും പകലും ഒരുമിച്ചുവരിക, ചതുരാകൃതിയിലുള്ള വൃത്തം എന്നിവയാണ് ഉദാഹരണം.

സംഭവ്യമായ അസ്തിത്വം (Possible Existence): ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാധ്യതയുള്ളവയാണവ. ഉണ്മക്കും ഇല്ലായ്മക്കും തുല്യ സാധ്യത ആയിട്ടും അവ ഉണ്ടായെങ്കിൽ ഉണ്ടാകുക എന്ന സാധ്യതയെ തിരഞ്ഞെടുത്ത ഒരു ശക്തി (മുറജ്ജിഹ്) വേണം. അങ്ങനെയൊരു ശക്തിയുടെ ഇടപെടൽ ഇല്ലെങ്കിൽ അവ ഒരിക്കലും ഉണ്മ പ്രാപിക്കുമായിരുന്നില്ല. അതായത് സംഭവ്യ അസ്തിത്വങ്ങൾക്ക് അവയുടെ ഉണ്മക്കും ഇല്ലായ്മക്കും മറ്റൊന്നിൻ്റെ ആശ്രയം ആവശ്യമുണ്ട്. നമ്മളീ കാണുന്ന പ്രപഞ്ചവും അതിലുള്ള സകലതും സംഭവ്യ അസ്തിത്വം തന്നെയാണ്.

അനിവാര്യ അസ്തിത്വം (Necessary Existence): അസംഭവ്യ അസ്തിത്വത്തിന്റെ നേർ വിപരീതമാണ് അനിവാര്യ അസ്തിത്വം. അത് ഉണ്ടാവാതിരിക്കാൻ ഒരു തരത്തിലും സാധ്യതയില്ല. അതിനാൽ തന്നെ അതിൻ്റെ ഉണ്മക്ക് മറ്റൊന്നിൻ്റെയും ആശ്രയം ആവശ്യവുമില്ല. ഉദാ- ദൈവം.

  1. സംഭവ്യമായ അസ്തിത്വങ്ങൾ ഉണ്ടെങ്കിൽ അനിവാര്യ അസ്തിത്വം എന്തായാലും ഉണ്ടാകണം.

പ്രപഞ്ചത്തിന് ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും തുല്യ സാധ്യത ആയിരിക്കെ ഉണ്ടാവുക എന്ന സാധ്യതക്ക് മുൻതൂക്കം ലഭിക്കുമ്പോഴാണ് അത് ഉണ്മ പ്രാപിക്കുക. ഇത് തനിയെ സംഭവിക്കില്ല. അതിന്, ഉണ്ടാവൽ അനിവാര്യമായ ഒന്നിൻ്റെ ഇടപെടൽ (തർജീഹ്) ആവശ്യമാണ്. അതിനാൽ, സംഭവ്യമായ അസ്തിത്വങ്ങൾ ഉണ്ടെങ്കിൽ അനിവാര്യ അസ്തിത്വം എന്തായാലും ഉണ്ടാകണം.

  1. പ്രപഞ്ചം സംഭവ്യ അസ്തിത്വമാണ്

കസേരയുടെ നിറമോ വലിപ്പമോ ആകൃതിയോ മറ്റുപലതും ആകാമായിരുന്നിട്ടും നിലവിൽ ഒരു പ്രത്യേക രീതിയിൽ ആയത് ഉണ്ടാക്കിയ ആശാരി തീരുമാനിച്ചതിനാലാണല്ലോ. കസേരക്ക് സ്വയം അതു നിശ്ചയിക്കുക അസാധ്യമാണ്. ഇതു പോലെ, പ്രപഞ്ചം മറ്റൊരു രീതിയിലും ക്രമീകരിക്കപ്പെടാവുന്നതാണ്. ഒന്നിലധികം ഉള്ള എന്തും പല രീതിയിൽ ക്രമീകരിക്കപ്പെടാം. ആറ്റങ്ങൾ ചേർന്നാണ് പ്രപഞ്ചം ഉണ്ടായത്. ആറ്റങ്ങളാകട്ടെ ഏതു രീതിയിലും ക്രമീകരിക്കപ്പെടാം. എന്നിട്ടും ഒരു പ്രത്യേക രീതിയിൽ ക്രമീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിനൊരു വിശദീകരണം വേണം. ഒരിക്കലും ആ ക്രമം ആറ്റങ്ങൾക്ക് സ്വയം തിരഞ്ഞെടുക്കാനാകില്ല. ചുരുക്കത്തിൽ പ്രപഞ്ചം സംഭവ്യ അസ്തിത്വമാണ്.

  1. അതിനാൽ അനിവാര്യ അസ്തിത്വമായ ദൈവം എന്തായാലും ഉണ്ടാകണം.

സംഭവ്യ അസ്തിത്വമായ പ്രപഞ്ചം ഇവിടെ ഉള്ളതിനാൽ അനിവാര്യ അസ്തിത്വമായ ദൈവം എന്തായാലും ഉണ്ടാകണം. അനിവാര്യ അസ്തിത്വം ഒന്നിലധികം ആകുക സാധ്യമല്ല. ഒന്നിലധികം ആകുമ്പോൾ അവ മറ്റൊരു രീതിയിലും ക്രമീകരിക്കാൻ കഴിയും. അനിവാര്യ അസ്തിത്വം ഭാഗങ്ങൾ ചേർന്ന ഒന്ന് ആകുകയും സാധ്യമല്ല. കാരണം ആ ഭാഗങ്ങളും മറ്റൊരു രീതിയിലും ക്രമീകരിക്കപ്പെടാനുള്ള സാധ്യത ഉണ്ട്. അനിവാര്യ അസ്തിത്വം പണ്ടുമുതലേ ഉള്ളവനും എന്നെന്നും മാറ്റമില്ലാതെ നിലനിൽക്കുന്നവനും ആകണം. അവനു തുടക്കമോ ഒടുക്കമോ പാടില്ല.

അനിവാര്യ അസ്തിത്വത്തെ കാണണമെന്നില്ല

ഒരു കടൽ കാണുമ്പോൾ അതിൻ്റെ ഏറ്റവും അടിയിൽ ഒരു തട്ട് (അടിത്തട്ട്) ഉണ്ടാകുമെന്ന് മനസ്സിലാക്കാൻ കടലിന്റെ അടിയിൽ പോയി തട്ട് കാണണമെന്നില്ലല്ലോ. വെള്ളത്തിന് ഒരു പ്രതലമായി സ്വയം നിലനിൽക്കാൻ കഴിയില്ല എന്ന അറിവുള്ള ഏതൊരാൾക്കും ഇത് ബോധ്യമാകും. ഏറ്റവും മുകളിലത്തെ ജലപാളി തൊട്ട് താഴെയുള്ളതിൻ്റെ മേലാണ് നിൽക്കു ന്നത്. അങ്ങനെ താഴോട്ട് പോയാൽ ഏറ്റവും അവസാനത്തെ ജലപാളി എങ്ങനെ നിലനിൽക്കും. തീർച്ചയായും അതിന് ഒരു പ്രതലം ആവശ്യമാണ്, നാം അതിനെ കാണുന്നില്ലെങ്കിലും.

ഇപ്രകാരം, പ്രപഞ്ചം സംഭവ്യമാണെന്ന് ബോധ്യമായാൽ മതി അനിവാര്യ അസ്തിത്വം ഉണ്ടെന്ന് മനസ്സിലാവാൻ.

അനന്തമായി പുറകോട്ട് പോയാൽ

ഒരു വസ്തു മറ്റൊരു വസ്തുവിനെ ആശ്രയിക്കുന്നു, ആ വസ്തു മറ്റൊരു വസ്തുവിനെയും. ഇങ്ങനെ ചങ്ങല അനന്തമായി പുറകോട്ട് പോകുന്നു എന്ന് കരുതുമ്പോൾ അനേകം പ്രശ്‌നങ്ങൾ വരും. അനന്തത എന്നാൽ അവസാനമില്ലാത്തത് എന്നാണല്ലോ അർത്ഥം. അപ്പോൾ അനന്തമായ ചങ്ങലക്ക് ശേഷം ഒരു കാര്യം സംഭവിക്കുക എന്നതിൻ്റെ അർഥം, അവസാനമില്ലാത്തത് അവസാനിച്ച ശേഷം ഒരു കാര്യം സംഭവിക്കുക എന്നാണ്. അവസാനമില്ലാത്തത് എങ്ങനെ അവസാനിക്കും. അപ്പോൾ ഒരു കാര്യവും സംഭവിക്കില്ല.

പ്രപഞ്ചം സ്വയം നിലനിൽക്കുന്നതാണെങ്കിൽ പിന്നെ മറ്റൊന്നിന്റെ ആവശ്യമുണ്ടോ?

  1. പ്രപഞ്ചത്തിലെ ഒരു വസ്തുവും സ്വയം നിലനിൽക്കുന്നതല്ല. അതിനാൽ ഈ ഭാഗങ്ങളെല്ലാം ചേർന്ന പ്രപഞ്ചവും ഒരിക്കലും സ്വയം നിൽക്കുന്നതാണെന്ന് കരുതാൻ പറ്റില്ല.
  2. പ്രപഞ്ചത്തിന് നില നിൽക്കാൻ സ്ഥലവും സമയവും വേണം. നിലനിൽപ്പിനായി മറ്റുള്ളവയെ ആശ്രയിക്കുന്ന ഒന്നിനും സ്വയം നിലനിൽക്കാനാകില്ല.
  3. പ്രപഞ്ചത്തിന് വേണമെങ്കിൽ മറ്റൊരു രീതിയിലും നിലനിൽക്കാനാകും, മറ്റൊരു രീതിയിലും നിലനിൽക്കാൻ സാധ്യതയുള്ള ഒന്ന് ഒരു പ്രത്യേക രീതിയിൽ മാത്രം നിലനിൽക്കുന്നുവെങ്കിൽ ആ രീതി അതിന് സ്വയം തിരഞ്ഞെടുക്കാനാകില്ല. കസേര ഏതു വലിപ്പത്തിലും ആകാമെന്നിരിക്കെ ഒരു നിശ്ചിത വലിപ്പം അതിനുണ്ടെങ്കിൽ ഒരിക്കലും ആ കസേര സ്വയമല്ലല്ലോ ആ വലിപ്പം നിശ്ചയിക്കുക. അതിനാൽ പ്രപഞ്ചത്തിൻ്റെ നിലവിലെ രീതിയെ നിശ്ചയിച്ച ഒരു അനിവാര്യ അസ്തിത്വം നിർബന്ധമായും ഉണ്ടാകണം.

അനന്തമായി നിലനിൽക്കുന്ന ഒരു ഭൗതിക കണം അനിവാര്യ അസ്തിത്വമായാലോ?

ഭൗതികകണത്തിന് നിലനിൽക്കണമെങ്കിൽ ഭൗതികമായ സവിശേഷതകളെ ആശ്രയിക്കണം. നിലനിൽപ്പിനായി മറ്റൊന്നിനെ ആശ്രയിക്കുന്ന ഒന്നും അനിവാര്യ അസ്തിത്വമാകില്ല. ഇനി ഈ ഭൗതിക ഗുണങ്ങളോട് കൂടിയാണ് കണം അനിവാര്യ അസ്തിത്വമാവുന്നത് എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ അനേകം പ്രശ്‌നങ്ങൾ വരും. ആ കണമാണ് പ്രപഞ്ചമായി മാറിയത് എങ്കിൽ ഇപ്പോൾ അത് നിലനിൽക്കുന്നില്ല. ഇപ്പോൾ നിലനിൽപ്പ് പോലുമില്ലാത്ത ഒന്ന് അനിവാര്യ അസ്തിത്വമാകില്ല. ആ കണത്തിന് മാറ്റം സംഭവിച്ചാണ് പ്രപഞ്ചം ഉണ്ടായത് എങ്കിൽ, പുറത്തുനിന്നുള്ള ഇടപെടൽ ഇല്ലാതെ എങ്ങനെയാണ് മാറ്റം സംഭവിച്ചത് എന്ന ചോദ്യം വരും. ആ കണം സ്വയം മാറ്റം സ്വീകരിക്കാതെ ഇന്നും നിലനിൽക്കുകയും പ്രപഞ്ചത്തെ സൃഷ്ടിക്കുകയും സദാ നിലനിർത്തുകയും ചെയ്യുന്നുവെന്നാണ് വാദമെങ്കിൽ പ്രശ്‌നമില്ല. അനിവാര്യ അസ്തിത്വത്തെ വിശ്വാസികൾ ദൈവം എന്ന് വിളിക്കുമ്പോൾ അതിന് മനസ്സ് സമ്മതിക്കാത്തവർ കണം എന്ന് തെറ്റായി വിളിക്കുന്നു എന്ന് മാത്രം