ആത്മഹത്യയിലേക്ക് നയിക്കുന്ന നാസ്തികത ആമുഖം

ആത്മഹത്യയിലേക്ക് നയിക്കുന്ന നാസ്തികത

By rationaleclub | 7/21/2025

അസീസ് സഖാഫി വാളക്കുളം

നിങ്ങളുടെ നാഥനിൽ നിന്നുള്ള പാപമോചനവും ആകാശ ഭൂമികളോളം വിശാലമായ സ്വർഗവും നേടാനായി ധൃതിയിൽ മുന്നോട്ടു വരിക. ഭക്തന്മാർക്കായി തയ്യാറാക്കിയതാണത് (ഖുർആൻ 3:132). നിരാശയുടെ കയത്തിൽ വീണുപോവാതെ പ്രതീക്ഷയുടെ ആകാശത്തിലേക്ക് വിശ്വാസികളെ കൈ പിടിച്ചുയർത്തുകയാണ് ഇസ്‌ലാം. ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളും തിരിച്ചടികളും മനുഷ്യനെ നിരാശയിലേക്ക് നയിക്കാം. ഇഹലോകം നശ്വരവും പരലോകം ശാശ്വതവുമാണെന്നാണ് മതം പറയുന്നത്. എന്നാൽ മരണം എല്ലാത്തിന്റെയും അവസാനമൊണെന്നാണ് നാസ്‌തിക ജൽപ്പനം. ജീവിതത്തിൽ അനുഭവിക്കുന്ന ചെറിയ വേദനകൾക്കു പോലും പരലോകത്ത് വൻ പ്രതിഫലം ലഭിക്കുമെന്ന് ഉറപ്പിക്കുന്ന വിശ്വാസി എല്ലാം പോസിറ്റീവായി മാത്രം കാണുന്നു. ഏത് പ്രതിസന്ധികളിലും തളരാതെ, അവെയല്ലാം പാരത്രിക വിജയത്തിനുള്ള അവസരമായി അവൻ ഉൾകൊള്ളുന്നു. രഹസ്യവും പരസ്യവും ഒരുപോലെ അറിയുന്ന സ്രഷ്ട‌ാവിൻ്റെ നിരീക്ഷണത്തെ അവൻ ഭയക്കുന്നു. അതിനാൽ എല്ലാതരം അരുതായ്‌മകളിൽ നിന്നും നിയന്ത്രിതനാവുന്നു. സ്വയം സമാധാനപൂർണമായ ജീവിതം നയിക്കുന്നതോടൊപ്പം സമൂഹത്തിനും മനോഹരാന്തരീക്ഷം കൈമാറാൻ വിശ്വാസിക്ക് സാധിക്കും. പരലോക വിശ്വാസം തിരസ്ക‌രിക്കുന്ന നാസ്‌തികർക്ക് ഇതെല്ലാം നഷ്ട്ടമാവുകയാണ്.

യുക്തിപരമായി ചിന്തിച്ചാലും പരലോകത്തിൻ്റെ പ്രസക്തി ബോധ്യപ്പെടും. മനുഷ്യരുടെ കർമങ്ങൾക്ക് പൂർണമായ രക്ഷയും ശിക്ഷയും ലഭിക്കുന്ന ഒരു നിയമവ്യവസ്ഥയോ നിയമസംവിധാനമോ ഈ ലോകത്തില്ലെന്നത് തീർച്ചയാണ്. എന്നാൽ മനുഷ്യൻ്റെ സൽകർമങ്ങൾക്ക് സമ്പൂർണമായ പ്രതിഫലം ലഭിക്കണമെന്നത് ഏതൊരു മനസ്സും വിളിച്ചുപറയും. ഈ ലോകത്ത് ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാനും മനുഷ്യ സമൂഹത്തെ നന്മയിലേക്ക് നയിക്കാനും അഹോരാത്രം പരിശ്രമിക്കുകയും പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്ത് ആ രംഗത്ത് ഉറച്ചുനിൽക്കുകയും ചെയ്ത, ലോകം കണ്ട മഹാന്മാർക്ക് അവർ ചെയ്ത പുണ്യകർമങ്ങളുടെ പരിപൂർണമായ പ്രതിഫലം ഈ ലോകത്തുവെച്ച് ലഭിച്ചുവോ? ഒരിക്കലുമില്ല. പ്രത്യുത, സമൂഹത്തിൽ നിന്ന് അവർക്ക് ഏറ്റുവാങ്ങേണ്ടിവന്നത് കൂക്കുവിളിയും കല്ലേറുകളും പരിഹാസവുമായിരുന്നില്ലേ? അതുകൊണ്ട് തന്നെ ചെയ്‌ത സൽകർമങ്ങൾക്ക് തക്ക പ്രതിഫലം അവർക്കു ലഭിക്കേണ്ടതില്ലേ? അതേസമയം ലക്ഷക്കണക്കായ മനുഷ്യരെ അകാരണമായി കൊന്നൊടുക്കിയ, ലോകം കണ്ട കൊടുംഭീകരന്മാർക്ക് അവർ ചെയ്‌ത കുറ്റകൃത്യങ്ങൾക്ക് പൂർണമായ ശിക്ഷ ഈ ലോകത്തുവെച്ച് ലഭിച്ചുവോ? ഇല്ലെന്ന് തീർച്ചയാണ്. കാരണം ഇവിടെയുള്ള നിയമസംവിധാനങ്ങൾക്കോ നീതിപീഠത്തിനോ മനുഷ്യകർമങ്ങൾക്ക് പൂർണമായ രക്ഷയോ ശിക്ഷയോ നൽകാൻ സാധ്യമല്ല. മനുഷ്യൻ്റെ നീതിബോധം പൂർണാർഥത്തിൽ നീതി സാധ്യമാകുന്നൊരു ലോകം വേണമെന്ന് ആഗ്രഹിക്കുന്നു. അതാണ് പാരത്രിക ലോകം.

മറ്റൊരു രീതിയിൽ പറഞ്ഞാൽ, മനുഷ്യനെ വിലയിരുത്തുമ്പോൾ അവന് രണ്ട് പ്രധാന കഴിവുകളുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.

  1. കാര്യത്തിൽ നിന്ന് കാരണം

    കണ്ടെത്താനുള്ള കഴിവ്. ഉദാ: മേശ കണ്ടാൽ അത് നിർമിച്ച ഒരു ആശാരി ഉണ്ടെന്ന് മനസ്സിലാക്കാം. നയനമനോഹരമായ ശിൽപ്പഭംഗി ആസ്വദിക്കുമ്പോൾ അതിൻ്റെ പിന്നിലെ ശിൽപ്പിയെ കണ്ടെത്താം. പരകോടി സൃഷ്ടികളെ കാണുമ്പോൾ അവയുടെ സ്രഷ്‌ടാവിന്റെ ഉൺമ ഗ്രഹിക്കാം. വളരെ ലളിതമായ യുക്തിയാണിത്.

  2. ലക്ഷണങ്ങളിൽ നിന്ന് ഫലം കണ്ടെത്തുക. ഉദാ: ആകാശത്ത് കാർമേഘം കറുത്തിരുണ്ട് കണ്ടാൽ ഭൂമിയിൽ മഴ വർഷിക്കാനുള്ള സാധ്യത നാം മനസ്സിലാക്കുന്നു. ഇങ്ങനെ വിശകലനം ചെയ്യുമ്പോൾ ഈ ലോകത്തിന് ശേഷം മറ്റൊരു ജീവിതം അനിവാര്യമാണെന്ന് നമുക്ക് ബോധ്യപ്പെടും.

മനുഷ്യജീവിതത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം.

  1. മാതാവിന്റെ ഗർഭാശയത്തിലുള്ള ഘട്ടം.
  2. സാധാരണഗതിയിൽ അതിനെക്കാൾ ദൈർഘ്യമേറിയ കർമലോകത്തെ

    ജീവിതഘട്ടം.

  3. കർമഫലം അനുഭവിക്കുന്ന അനന്തമായ പരലോകഘട്ടം.

ഇതിൽ ഒന്നാം ഘട്ടമായ ഗർഭകാലം പരിശോധിച്ചാൽ രണ്ടാം ഘട്ടത്തിലേക്കുള്ള തെളിവുകൾ കാണാം. അവിടത്തെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം പൂർത്തീകരിക്കപ്പെടണമെങ്കിൽ മറ്റൊരു ഘട്ടം ഉണ്ടായേ പറ്റൂ. ഉദാഹരണമായി, കണ്ണുകൾ സൃഷ്ടിക്കപ്പെട്ടത് കാണാനാണ്. മാതാവിന്റെ വയറ്റിൽവെച്ച് കുഞ്ഞിന് കാണാൻ കഴിയില്ല. അതു സാധ്യമാവാൻ വയറിന് പുറത്തുള്ള ലോകത്തു വരണം. കാലുകൾ, കൈകൾ തുടങ്ങി ഓരോ അവയവത്തെ കുറിച്ചും

ചിന്തിച്ചാൽ അവയുടെ ഉദ്ദേശ്യം പൂർത്തീകരിക്കപ്പെടാൻ ഉദരത്തിന് പുറത്തു വരണം. ജനനത്തോടെ മനുഷ്യശരീരത്തിന്റെ സൃഷ്ടിപ്പിൻ്റെ ഉദ്ദേശ്യം പൂർത്തീകരിക്കപ്പെടുന്നൊരു ലോകത്തേക്ക് എത്തിച്ചേരുകയാണ്.

ജനനത്തോടെ കർമലോകത്തെത്തുന്ന

മനുഷ്യന് രണ്ട് രൂപത്തിലുള്ള കർമങ്ങളാണ് ചെയ്യാൻ സാധിക്കുക. സൽകർമം, ദുഷ്കർമം. സൽകർമിക്ക് രക്ഷയും ദുഷ്‌കർമിക്ക് ശിക്ഷയും നിരപരാധിക്ക് നീതിയുമാണ് ലഭിക്കേണ്ടതെന്നത് മനുഷ്യന്റെ നീതിബോധത്തിൻ്റെ സ്വാഭാവിക തേട്ടമാണ്. അതിനായി അവൻ ശ്രമിക്കുന്നുമുണ്ട്. ജുഡീഷ്യറിയും മറ്റു നീതിന്യായ സംവിധാനങ്ങളും അതിൻ്റെ ഭാഗമാണ്. പക്ഷേ അതൊന്നും ലക്ഷ്യം പൂർണാർഥത്തിൽ നിർവഹിക്കാൻ പര്യാപ്‌തമല്ലെന്നത് അവിതർക്കിതമാണ്. ഒരു ഉദാഹരണം പറയാം: അർധരാത്രി ഒരു വീടിന് തീ പിടിക്കുന്നു. ഉറക്കിലായ വീട്ടുകാർ അതിൽ പെട്ടുപോവുന്നു. ഇതുകണ്ട ഒരാൾ അവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹവും പൊള്ളലേറ്റ് മരണപ്പെടുന്നു. അതേസമയം മറ്റൊരു വീട്ടിൽ മോഷണത്തിനായി കള്ളൻ കയറുന്നു. ഉണർന്ന ഗൃഹനാഥനെ അടിച്ചുകൊന്നു. ബഹളം കേട്ട് ഉണർന്ന വീട്ടിലെ മറ്റംഗങ്ങളെയും ക്രൂരമായി വധിച്ചു. ഭാര്യയെ ബലാത്സംഗം ചെയ്ത‌ ശേഷം അവളെയും കൊന്നു. പിന്നീട് എടുക്കാവുന്നത്ര സമ്പത്തും മോഷ്ട്ടിച്ച് ഓടി രക്ഷപ്പെടുമ്പോൾ ഒരു കിണറിൽ വീണ് അവനും മരിക്കുന്നു.

ഇവിടെ ഒന്നാമൻ ചെയ്‌തത് ഭൗതികമായി ചിന്തിച്ചാൽ ഒരു പാഴ്‌വേലയാണെങ്കിലും ധാർമിക വീക്ഷണത്തിൽ ഒരു സൽകർമമാണ്. സൽകർമത്തിന് പ്രതിഫലം ലഭിക്കണം. ഈ ലോകത്തുവെച്ച് അവന് പ്രതിഫലം നൽകാൻ ഏത് സംവിധാനത്തിന് സാധിക്കും? പരമാവധി ചെയ്യാനാവുക മരണാനന്തര ബഹുമതി നൽകുക എന്നതാണ്. മരണപ്പെട്ടയാൾക്ക് ബഹുമതി നൽകിയിട്ട് എന്ത് കാര്യം?!

ക്രൂരതകളുടെ പരമ്പര ചെയ്‌തു മരണപ്പെട്ട രണ്ടാമന് അർഹമായ ശിക്ഷ നൽകാൻ കഴിയുന്ന സംവിധാനം ഈ ലോകത്തുണ്ടോ? ജഡത്തിനെതിരെ എന്ത് നിലപാട് സ്വീകരിക്കാൻ കഴിയും? അവൻ്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട നിരപരാധരായ വീട്ടുകാർക്ക് നീതി ലഭിക്കേണ്ടതില്ലേ? ഈ ലോകത്ത് അതെങ്ങനെ സാധ്യമാകും?

സൽകർമിക്ക് പ്രതിഫലം നൽകുക, അപരാധി ശിക്ഷിക്കപ്പെടുക, നിരപരാധികൾക്ക് നീതി എന്ന മനുഷ്യ ധാർമികബോധത്തിന്റെ സ്വാഭാവിക തേട്ടം സാധ്യമാവാൻ മറ്റൊരു ലോകം അനിവാര്യമാണ്. അത് സാധ്യമാവുന്ന ഇടമാണ് പരലോകം. ഇവിടെ കിണറിൽ നിന്നു കള്ളന്റെ ജഡം പുറത്തെടുത്താൽ അതിനെ ശിക്ഷിക്കില്ല. കാരണം കള്ളൻ ചത്തുപോയി. അഥവാ അവൻ്റെ 'സത്ത്' പോയി. മനുഷ്യൻ്റെ സത്തിനെ (ആത്മാവിനെ) ശിക്ഷിക്കാനും രക്ഷിക്കാനും ഉതകുന്നൊരു ലോകം വേണമെന്നാണ് മനുഷ്യയുക്തി തേടുന്നത്. അതാണ് പരലോകം.

ഭൗതിക ലോകത്ത് സാധ്യമായ ശിക്ഷതന്നെ നീതിപൂർവകമാവില്ല എന്നതാണ് മറ്റൊരു വസ്തുത. ഉദാഹരണം പറയാം: 1941-45 കാലഘട്ടങ്ങളിൽ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറിൻ്റെ നേതൃത്വത്തിൽ നാസികൾ കൊന്നുതള്ളിയത് ആറ് മില്യൻ മനുഷ്യരെയാണ്. നിരപരാധിയായ ഒരു വ്യക്തിയെ വധിച്ച കൊലയാളിയെയും ഹിറ്റ്ല‌റെയും ഭൗതിക കോടതിക്കു മുന്നിലെത്തിച്ചാൽ ഇരുവർക്കും ഇവിടെ പരമാവധി നൽകാവുന്നത് വധശിക്ഷയാണ്. ഇതെങ്ങനെ പൂർണ നീതിയാകും? മരണത്തിൻ്റെ കൈപ്പേറിയ വേദന ഹിറ്റ്ലർ ലക്ഷക്കണക്കിന് തവണ അനുഭവിക്കേണ്ടതല്ലേ? എന്നാൽ ഒന്നിലേറെ തവണമരണവേദന അനുഭവിപ്പിക്കാൻ വകുപ്പില്ലാത്ത ഈ ലോകത്ത് സമ്പൂർണനീതി അസാധ്യമാണെന്നത് സുവ്യക്തമല്ലേ?

അപ്പോൾ തിന്മയുടെ തോതനുസരിച്ച് ശിക്ഷയുടെ തോത് കൂടിയും കുറഞ്ഞുമിരിക്കണം. നന്മയുടെ തോതനുസരിച്ച് പ്രതിഫലത്തോതും വ്യത്യാസപ്പെടണം. കെട്ടിച്ചമച്ച തെളിവുകൾ ശരിവെച്ച് ഭൗതിക കോടതി ശിക്ഷിച്ച നിരപരാധിക്കും ശരിയായ നീതി കിട്ടണം. ഇതെല്ലാം സാധ്യമാവുന്ന മറ്റൊരു ലോകം അനിവാര്യമാണെന്ന് യുക്തി വിളിച്ചുപറയും.

ഭൗതിക ലോകത്ത് അഭിപ്രായ വ്യത്യാസങ്ങൾ അസംഖ്യമാണ്. പ്രപഞ്ചത്തിന് സ്രഷ്‌ടാവ് ഉണ്ടെന്ന് ഉറപ്പിക്കുന്ന വിശ്വാസികളും സ്രഷ്ടാവിന്റെ അസ്‌തിത്വം നിഷേധിക്കുന്ന നിരീശ്വരവാദികളുമുണ്ട്. കൂടാതെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കിടയിൽ അവസാനിക്കാത്ത അഭിപ്രായ ഭിന്നതകൾ കാണാം. ഇവക്കെല്ലാം ആത്യന്തികമായൊരു പരിഹാരം ഈ ലോകത്ത് സാധ്യമല്ലെന്നത് സുനിശ്ചിതമാണ്. പക്ഷേ, അഭിപ്രായ ഭിന്നതകൾ നീങ്ങി ഐക്യം നിലവിൽ വരണമെന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. അത്തരത്തിൽ എല്ലാവരെയും സത്യം ബോധ്യപ്പെടുത്തുന്ന ഒരു ലോകം വേണമെന്നതാണ് യുക്തി സമർഥിക്കുന്നത്.

നാസ്‌തികത നയിക്കുന്നതെങ്ങോട്ട്?

25, 27 വയസ്സുള്ള ഒരേ വീട്ടിലെ രണ്ടുപേർ. ഒരാൾ അന്യസ്ത്രീകളെ ഉപദ്രവിക്കാതെ തന്റെ വൈകാരിക ചിന്തകളെല്ലാം അടക്കിപ്പിടിച്ച് ധാർമിക മൂല്യങ്ങൾക്ക് വിലകൽപ്പിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയി അവസാനം മരണപ്പെട്ടു. രണ്ടാമൻ തൻ്റെ വൈകാരിക ചിന്തകളും താൽപര്യങ്ങളും കയറൂരി വിട്ട് കണ്ണിൽ കണ്ട സ്ത്രീകളെയെല്ലാം ഉപദ്രവിച്ചു. ലൈംഗികദാഹം തീർക്കാൻ അവരെ ബലാൽക്കാരത്തിന് വിധേയരാക്കി. സാധ്യമായ വിധത്തിലെല്ലാം മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു. അന്യൻ്റെ സമ്പത്ത് കവർന്നു. കൊടും ക്രിമിനലായി ജീവിതം ആർമാദിച്ച് തീർത്തു. ധാർമിക മൂല്യങ്ങൾ പൂർണമായും കാറ്റിൽ പറത്തിയ ഇയാളെ പോലെ ആർമാദിച്ച് ജീവിതം തുലക്കാൻ ഒന്നാമനും അവസരമുണ്ടായിരുന്നു.

നന്മ-തിന്മകളനുസരിച്ച് രക്ഷ-ശിക്ഷകളില്ലെന്ന്

വിശ്വസിക്കുന്ന നാസ്‌തികനെ സംബന്ധിച്ചിടത്തോളം ധാർമിക മൂല്യങ്ങൾ സൂക്ഷിച്ച് കളങ്കരഹിത ജീവിതം നയിച്ച ഒന്നാമൻ പടുവിഡ്ഡിയാണ്. രണ്ടാമൻ തികഞ്ഞ ബുദ്ധിമാനും. മരണത്തോടെ എല്ലാം അവസാനിക്കുമെന്ന് വന്നാൽ സൽകർമിയും ദുഷ്‌കർമിയും ഇഹലോക ജീവിതത്തിനു ശേഷം തുല്യരാവും. എങ്കിൽ പിന്നെ എന്തിന് ധാർമികത പുലർത്തണമെന്ന് ആളുകൾ ചിന്തിച്ചേക്കാം. പരമാവധി കുറ്റകൃത്യങ്ങൾ ചെയ്യാൻ, ആസ്വദിക്കാൻ അവന്റെ യുക്തിചിന്ത അവനെ പ്രേരിപ്പിക്കും. മറ്റുള്ളവരുടെ ധനം എത്രമേൽ അപഹരിക്കുന്നുവോ, എത്ര പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നുവോ അത്രയും ലാഭമെന്ന് അവർ ചിന്തിക്കും. ലൈഫ് ഫോർ എൻജോയ്മെന്റ് (ജീവിതം ആസ്വദിക്കാനുള്ളതാണ്) എന്ന തത്ത്വത്തിലേക്ക് സമൂഹം എത്തിച്ചേരും.

അവനവന്റെ ആസ്വാദനം മാത്രം ലക്ഷ്യമാവുമ്പോൾ സഹജീവികളോടുള്ള

കരുണ, സഹവർത്തിത്വം, മനുഷ്യത്വം, കുലീനത, ധാർമികത, സാമൂഹിക അച്ചടക്കം തുടങ്ങിയ മൂല്യങ്ങൾക്ക് വിലയുണ്ടാവില്ല. മറ്റുള്ളവരെ വേദനിപ്പിച്ചും നേട്ടം കൊയ്യുക എന്ന സ്വാർഥതയുടെ പാരമ്യത്തിലേക്ക് അവനെത്തും. കൊള്ള, കൊല, ലൈംഗികാതിക്രമം എന്നിവ ജീവിതലക്ഷ്യമായി മാറും. തീരുമാനിച്ചതിലും കുറവ് അതിക്രമങ്ങൾക്ക് മാത്രം ഒരു ദിവസം സാധ്യമായാൽ ഇത്തരക്കാർക്ക് വലിയ നിരാശയായിരിക്കും! ഇതു ന്യായമാണോ?

ആത്മഹത്യയിലേക്ക്

ഇഹലോകം നശ്വരമൊണെന്നും പരലോകമാണ് ശാശ്വതമെന്നും വിശ്വസിക്കുന്നയാളെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ അഭിമുഖീകരിക്കുന്ന തിരിച്ചടികളെ നേരിടാൻ അവന് സാധിക്കും. ഇവിടെ വെച്ചനുഭവിക്കുന്ന വേദനകൾക്കെല്ലാം പരലോകത്ത് മധുരിക്കുന്ന ഫലങ്ങൾ

കാത്തിരിക്കുന്നുവെന്നത് അവനെ കൂടുതൽ ശക്തനാക്കും. കാലിലൊരു മുള്ള് തറച്ചാൽ പോലും പരലോകത്ത് ഉയർന്ന പ്രതിഫലം ലഭിക്കുമെന്ന് ഉറപ്പുള്ള വിശ്വാസിക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും ഉലയാതെ പിടിച്ചുനിൽക്കാൻ കഴിയും. എന്നാൽ ഭൗതിക ജീവിതമാണ് ആത്യന്തികമെന്നും ഇവിടത്തെ വിജയപരാജയങ്ങൾ അന്തിമമാണെന്നും വിശ്വസിക്കുന്നവർക്ക് അത് സാധിക്കില്ല. ഇവിടെ വെച്ചുണ്ടാകുന്ന നഷ്‌ടങ്ങളും നേരിടേണ്ടി വരുന്ന ദുരന്തങ്ങളും അവനെ ദുർബലനാക്കിക്കൊണ്ടേയിരിക്കും. വ്യക്തിജീവിതത്തിലും സാമൂഹിക

ജീവിതത്തിലും നേരിടുന്ന ഓരോ പ്രതിസന്ധിയും അവനെ നിരാശയുടെ കയത്തിലേക്ക് തള്ളിവിടും. അത്തരക്കാർ ജീവിതത്തിൽന്ന് ഒളിച്ചോടി മരണം വരിക്കാനുള്ള വ്യഗ്രത കാണിക്കും. മതവിശ്വാസം വെച്ചുപുലർത്തുന്ന രാഷ്ട്രങ്ങളിൽ, അല്ലാത്ത രാജ്യങ്ങളെക്കാൾ ആത്മഹത്യാ നിരക്ക് കുറവാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഇതിനോട് ചേർത്തു വായിക്കുക.

മതം വിശ്വാസികൾക്ക് ലക്ഷ്യബോധം നൽകുന്നുണ്ട്. ലോകത്തേറ്റവും സന്തോഷമുള്ള രാജ്യങ്ങളായി കൊട്ടിഘോഷിക്കുന്ന സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ പക്ഷേ ആത്മഹത്യ നിരക്കുകൾ വർധിതമാണ്. പൗരന്മാർക്ക് പ്രത്യേക ലക്ഷ്യബോധമില്ലാത്തതാണ് കാരണം. അത്തരക്കാർ ചെറിയ തിരിച്ചടികളുണ്ടാകുമ്പോഴേക്ക് സ്വയംഹത്യയിൽ അഭയം പ്രാപിക്കും.

പ്രതിസന്ധികൾ തരണം ചെയ്‌ത്‌ മനുഷ്യനെ പോസിറ്റീവ് മനോഭാവത്തിലേക്ക് നയിക്കാൻ മതത്തിന് മാത്രമേ സാധിക്കൂ. മതശാസനകൾക്ക് പ്രാധാന്യം നൽകാതെ സാമ്പത്തിക ഭദ്രതയുണ്ടായതുകൊണ്ട് മാത്രം പൗരന്മാരെ രക്ഷിക്കാൻ രാഷ്ട്രത്തിനാവില്ല. സമ്പന്ന രാഷ്ട്രങ്ങളിലും ആത്മഹത്യ വർധിക്കുന്നത് ഇതുകൊണ്ടാണ്.

ലോകാരോഗ്യ സംഘടനയുടെ 2019ലെ കണക്കുപ്രകാരം ആത്മഹത്യാ നിരക്ക് ഉയർന്ന സമ്പന്ന രാഷ്ട്രങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

  1. ദക്ഷിണ കൊറിയ 28.6
  2. ജപ്പാൻ 23.5
  3. സ്വറ്റ്സർലൻഡ് 18.3
  4. ഫിൻലൻഡ് 17.3
  5. ഐസ്‌ലൻഡ് 17.2
  6. സ്വീഡൻ 16.5
  7. ഡൻമാർക്ക് 16.3
  8. നോർവെ 15.8
  9. യുഎസ് 14.5
  10. കാനഡ 13.9

മതം ഈടുവെപ്പാണ്

സമൂഹത്തിൽ എനിക്കാരുമില്ല, ഞാൻ ഒറ്റപ്പെട്ടവനാണ്, എന്നെക്കൊണ്ട് ഒരു ഉപകാരവുമില്ല എന്ന തോന്നലാണ് പലരെയും മരണത്തിലേക്ക് ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നത്. സമ്പന്ന രാഷ്ട്രങ്ങളിൽ ഏകാന്ത മരണം വർധിക്കുന്നുവെന്നാണ് പഠനം. ജപ്പാനിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 40000 പേർക്കാണ് ഏകാന്ത മരണം സംഭവിച്ചത്. ആരോടും പ്രതിബദ്ധത വേണ്ടതില്ലെന്ന നാസ്‌തിക ചിന്തയാണ് പ്രധാന വില്ലൻ.

നാസ‌ികർക്ക് സമൂഹത്തോടോ കുടുംബത്തോടോ പ്രത്യേകിച്ചൊരു കടപ്പാടുണ്ടാവേണ്ടതില്ല. ഒരു മരണവീട്ടിൽ ചെന്നാൽ നാസ്‌തികൻ എന്ത് പറഞ്ഞാണ് വീട്ടുകാരെ സമാധാനിപ്പിക്കുക? സാമൂഹിക പാരസ്പ‌ര്യത്തിൻ്റെ അകക്കാമ്പ് നഷ്ട‌പ്പെട്ടവരായി മാറുകയേ അത്തരക്കാർക്ക് നിർവാഹമുള്ളൂ. മതം പേരിന് മാത്രമുണ്ടാവുകയും ഉള്ളം ലിബറലാവുകയും ചെയ്‌താലും ഇങ്ങനെതന്നെ. ജീവിതത്തിനൊരു ഉദ്ദേശ്യം/ലക്ഷ്യം നിർണയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡിപ്രഷനുണ്ടാകും. അപ്പോൾ ആന്റി ഡിപ്രഷൻ മരുന്നുകൾ വേണ്ടിവരും! ഈ ലോകം ആത്യന്തികമാണെന്ന് ഉദ്ഘോഷിക്കുന്ന നാസ്‌തികത സത്യത്തിൽ വഴിചൂണ്ടുന്നത് ആത്മഹത്യയിലേക്കാണ്. ജീവിത മുന്നേറ്റത്തിൻ്റെ വഴിയടയുമ്പോൾ ജീവത്യാഗം ചെയ്യാമെന്നാണ് പഠിപ്പിക്കുന്നത്. പരലോകമാണ് ശാശ്വതമെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം സമാധാനത്തിലേക്കാണ് മാനവനെ വഴിനടത്തുന്നത്.