ഫ്രീ തിങ്കേഴ്സ് അടിമത്തം നിരോധിച്ചോ?
മുഹമ്മദ് ഫാഇസ് മൂർക്കനാട്
യുദ്ധനിയമങ്ങളിലെ ആധുനിക നിയമങ്ങൾ എന്നറിയപ്പെടുന്നത് ജനീവ കൺവെൻഷനിലേതാണ്. അതിൽ പറയുന്നത് യുദ്ധത്തിൽ പിടിക്കപ്പെടുന്നവരെ നിർബന്ധിത ജോലി ചെയ്യിക്കാം, തൊഴിലാളികളെ കൈമാറാം, അവർക്ക് ഭക്ഷണം വസ്ത്രം എന്നിവ നൽകാം എന്നെല്ലാമാണ്. എന്നാൽ ഇസ്‌ലാം പറയുന്നത് യജമാനൻ ഉപയോഗിക്കുന്നതിന് സമാനമായി തന്നെ നൽകണമെന്നാണ്.
ലോകത്ത് നിലനിന്നിരുന്ന അടിമത്തം വളരെ ഭീകരമായിരുന്നു, ഇസ്‌ലാം വരുന്ന സമയത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവർ നേരിട്ടിരുന്ന പ്രധാന വെല്ലുവിളി വ്യക്തിത്വപ്രതിസന്ധിയാണ്. അവരിൽ സ്വത്വബോധം ഉണർത്തുകയാണ് ഇസ്‌ലാം ആദ്യമായി ചെയ്തത്. എല്ലാവരും യജമാനനായ റബ്ബിന്റെ അടിമകളാണെന്ന സമീകരണ നയം ഇതിനായി മുന്നോട്ടുവെച്ചു.
انا خلقناكم من ذكر وأنثي…
സൃഷ്ടിപ്പിൽ എല്ലാവരും തുല്യരാണ്. വർഗ്ഗ-വർണ്ണ-ഭാഷ-ദേശ വിവേചനങ്ങൾക്ക് ഇസ്‌ലാമിൽ സ്ഥാനമില്ല. അതോടൊപ്പം അടിമകളെ കൂടപ്പിറപ്പുകളായി കാണാനും അർഹമായ പരിഗണനയും അവകാശവും നൽകുവാനും ഇസ്‌ലാം കൽപ്പിച്ചു.
ഇസ്‌ലാമിന് മുമ്പ് അടിമത്ത രൂപീകരണ മാർഗ്ഗങ്ങൾ ഏറെയുണ്ടായിരുന്നു, വിമോചന മാർഗങ്ങളാവട്ടെ ചുരുക്കവും. അതിനു വിപരീതമായി ഇസ്‌ലാം വിമോചന മാർഗങ്ങൾ വർദ്ധിപ്പിച്ചു. രൂപീകരണ മാർഗ്ഗം യുദ്ധത്തടവുകാരായി പിടിക്കപ്പെടുക എന്നതിലേക്ക് ചുരുക്കി. മുകാതബ (പണമടച്ചു സ്വാതന്ത്രനാകുന്ന രീതി) എന്ന വിമോചന മാർഗം കൊണ്ട് വന്നു. അടിമമോചനം പല അരുതായ്മകൾക്കും പ്രായശ്ചിത്തമായി നിശ്ചയിച്ചു. അടിമ മോചനത്തെ വലിയ പുണ്ണ്യമാക്കി. ഉടമയിൽ അടിമസ്ത്രീക്ക് കുട്ടി ജനിച്ചാൽ (ഉമ്മുൽവലദ്) ഉടമയുടെ മരണത്തോടെ അടിമസ്ത്രീ സ്വതന്ത്രയാവുമെന്ന നിയമം കൊണ്ട് വന്നു. അതുവഴി ഒരു തലമുറയെ തന്നെ അടിമകളല്ലാതാക്കി.
മുത്ത്നബിﷺ യുടെ അവസാന സമയങ്ങളിൽ അടിമകളെ കുറിച്ച് സംസാരിച്ചിരുന്നു; “അടിമകളെ പ്രയാസപ്പെടുത്തുന്ന ജോലികൾ ചെയ്യിക്കരുത്, അവർക്കും ഉടമയുടേതിനു സമാനമായ ഭക്ഷണം നൽകണം”. സ്വന്തം അടിമയെ രൂക്ഷമായി വിമർശിച്ച അനുയായിയോട് മുത്ത്നബിﷺ പ്രതികരിച്ചത് : നിന്നിൽ അന്ധകാരം ഉണ്ടെന്നാണ്. അബ്ദീ (എന്റെ അടിമ) എന്ന അഭിസംബോധന ഉപയോഗിക്കരുത്. മറിച്ച്, ഫതായ, ഫതാതീ (എൻ്റെ സേവകൻ) എന്നെല്ലാം ഉപയോഗിക്കാം. ഇസ്‌ലാം അടിമകൾക്ക് അവകാശങ്ങളും നിയമപരിരക്ഷയും നൽകി അവർക്കെതിരെയുള്ള ചൂഷണങ്ങൾ നിയന്ത്രിച്ച് അടിമ സംസ്കാരം പൂർണ്ണമായും മനുഷ്യാവകാശ സ്ഥിരീകരണത്തിലേക്ക് മാറ്റി. ലോകത്ത് ഇനിയും യുദ്ധം ഉണ്ടാവാനുള്ള സാഹചര്യം അതിവിദൂരമല്ല. അതിനാൽ തന്നെ അടിമത്തവും തിരിച്ചുവന്നേക്കാം. യുദ്ധം ഉണ്ടായേക്കാവുന്ന നിർബന്ധിത സാഹചര്യങ്ങളിൽ അനുവർത്തിക്കേണ്ട നിർദ്ദേശങ്ങളും നിയമങ്ങളുമാണ് അടിമത്തത്തിൽ ഇസ്‌ലാം മുന്നോട്ടുവെച്ചത്. പ്രോത്സാഹിപ്പിക്കുകയല്ല, മറിച്ച് നിരുത്സാഹപ്പെടുത്തി അടിമമോചനത്തെ പുണ്ണ്യ കർമ്മവും പ്രശംസനീയവുമാക്കി. ഇന്ന് പലയിടത്തുമുള്ള മനുഷ്യാവകാശലംഘനങ്ങളും മനുഷ്യജീവന് തീരെ വിലകൽപ്പിക്കാതിരിക്കുന്നതും കാണുമ്പോൾ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന അടിമത്തത്തെ അംഗീകരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
ഒറ്റയടിക്ക് അടിമത്തം നിരോധിക്കുകയെന്നത് ബുദ്ധിശൂന്യതയാണ്. നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥയെ തകിടം മറിക്കാൻ കാരണമാകും, മാത്രവുമല്ല ഒരുപക്ഷെ, അത് അക്കാലത്തുള്ള അടിമകളോട് ക്രൂരതയായേക്കാം. തൊഴിൽ, വരുമാനം, സുരക്ഷിതത്വബോധം എന്നിവ ഇല്ലാതാകും. മാത്രവുമല്ല,സാമ്പത്തിക വ്യവസ്ഥയിൽ വലിയ തകർച്ചയും ഇടിവും വരും. ഘട്ടംഘട്ടമായി നിരോധിച്ച അടിമത്തത്തിലേക്ക് പുതിയ അടിമകൾ വരാതിരിക്കാനുള്ള നിയന്ത്രണങ്ങളുറപ്പാക്കിയ ഇസ്‌ലാം അത് നിഷിദ്ധവുമാക്കി, അതുതന്നെയാണ് ഇക്കാലത്തെ അടിമത്ത നിരോധനം.
പരിണാമത്തിലെ ഒരു ഘട്ടത്തിൽ മാത്രം വരുന്ന മനുഷ്യൻ ഇതരഘട്ടങ്ങളിലെ ജീവികളെ പോലെ ചിന്താസ്വാതന്ത്ര്യമില്ലാത്ത ബയോ-റോബോട്ടുകൾ ആണെന്ന് പറയുന്ന സ്വതന്ത്രചിന്തകർ തന്നെ അടിമത്തവിഷയത്തിൽ മനുഷ്യന്റെ മാത്രം സ്വാതന്ത്ര്യത്തിനുവേണ്ടി അലമുറയിടുന്നത് വിരോധാഭാസമാണ്.
ഉമർ (റ) ഹജ്ജിനു പോയപ്പോൾ, ആരെയാണ് അധികാരമേൽപ്പിച്ചത് എന്ന് ചോദിക്കപ്പെട്ടു. ‘ഇബ്നു അബ്സ (റ)’യെ എന്ന് മറുപടി നൽകി. അദ്ദേഹം മുമ്പ് അടിമയായിരുന്നു. ഈ മതം മനുഷ്യരുടെ നിലവാരം ഉയർത്തുന്നു എന്ന് നീ കേട്ടിട്ടില്ല എന്നും കൂടെ ചോദിച്ചു. ഹാറൂൺ റഷീദിന് അടിമസ്ത്രീയിൽ ജനിച്ച പുത്രനാണ് മഅ്‌മൂൻ രാജാവ്.
മംലൂക് സൽതനത്തിനെ മധ്യേഷ്യയിലേക്ക് അയക്കുന്നത് ഖുത്ബുദ്ധീൻ ഐബക്കാണ്. അദ്ദേഹം തുർക്കിക്കാരനായ അടിമയായിരുന്നു. *അയച്ചത്. മംലൂക്ക് ഡൈനാസ്റ്റിയെയാണ്. അദ്ദേഹവും അടിമയായിരുന്നു.* സ്വതന്ത്രചിന്തകർ വാദിക്കുന്നത് അദ്ദേഹത്തെ അയച്ചത് അടിമ അല്ലാത്തവരായിരുന്നുവെന്നാണ്. അതായത് ജനങ്ങളുടെ ആട്ടും തുപ്പുമേൽക്കുന്ന വിതാനത്തിൽ നിന്ന് അധികാരമേൽക്കുന്ന രൂപത്തിലേക്ക് അടിമകളെ ഇസ്‌ലാം വളർത്തി. നിങ്ങളുടെ വലതു കരങ്ങൾ ഉടമപ്പെടുത്തിയവർ എന്നാണ് അവരെ ഖുർആൻ വിശേഷിപ്പിച്ചത്, നല്ല കാര്യങ്ങളിൽ വലതിനെ മുന്തിക്കണമെന്നാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. അതായത് അവർക്ക് ബഹുമാനം നൽകുന്നുവെന്നർത്ഥം. ചരിത്രത്തിൽ മുസ്‌ലിം പേരുള്ള ഏതെങ്കിലും വ്യക്തികളോ ചെയ്തുകൂട്ടിയ പരാക്രമങ്ങൾ കൊണ്ട് ഇസ്‌ലാമിന് മേൽ വിമർശനം ഉന്നയിക്കുന്നത് വ്യാപകമാണ്. ഇത് തീർത്തും യുക്തിരഹിതമാണ് മാത്രവുമല്ല, അവയൊന്നും മറുപടി അർഹിക്കുന്നുമില്ല.
നമ്മൾ ആകരുതെന്ന് ആഗ്രഹിക്കുന്ന കാര്യം മറ്റുള്ളവരും ആകരുതെന്ന് ആഗ്രഹിക്കണം എന്നാണ് സ്വതന്ത്ര ചിന്തകരുടെ തത്വം. ഈയടിസ്ഥാനത്തിൽ അടിമത്തം പ്രായോഗികമല്ല എന്നാണ് അവർ വാദിക്കുന്നത്. യഥാർത്ഥത്തിൽ മറ്റുള്ളവരുടെ ചിന്ത സ്വാതന്ത്ര്യത്തെ നശിപ്പിക്കുകയാണ് ഈ തത്വം.
യുദ്ധനിയമങ്ങളിലെ ആധുനിക നിയമങ്ങൾ എന്നറിയപ്പെടുന്നത് ജനീവ കൺവെൻഷനിലേതാണ്. അതിൽ പറയുന്നത് യുദ്ധത്തിൽ പിടിക്കപ്പെടുന്നവരെ നിർബന്ധിത ജോലി ചെയ്യിക്കാം, തൊഴിലാളികളെ കൈമാറാം, അവർക്ക് ഭക്ഷണം വസ്ത്രം എന്നിവ നൽകാം എന്നെല്ലാമാണ്. എന്നാൽ ഇസ്‌ലാം പറയുന്നത് യജമാനൻ ഉപയോഗിക്കുന്നതിന് സമാനമായി തന്നെ നൽകണമെന്നാണ്. നമുക്കെതിരെ യുദ്ധം ചെയ്ത് പിടിക്കപ്പെട്ടവരോടാണ് ഇസ്‌ലാം ഈ നിലപാട് സ്വീകരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ട്രാൻസ്-സഹാറൻ അടിമ കച്ചവടം (trans-saharan-slave-trade) എന്നതിനെ ഇസ്ലാമിന്റെ പേരിൽ ചേർക്കുന്നത് ചരിത്രപരമായ പിഴവാണ്. യഥാർത്ഥത്തിൽ ഈ കച്ചവടം BC അഞ്ചാം നൂറ്റാണ്ടിൽ ഇസ്‌ലാമിന് മുന്നേ വ്യത്യസ്ത ഉൽപന്നങ്ങൾ വിൽക്കാനും വേണ്ടി തുടങ്ങിയതാണ്. അക്കൂട്ടത്തിൽ അടിമകളും ഉണ്ടായിരുന്നു.
അടിമകളെ ലൈംഗികമായി ഉപയോഗിക്കുക എന്നത് ഇസ്‌ലാം മുന്നോട്ട് വെച്ചതല്ല. മറിച്ച്, ഇസ്‌ലാമിനു മുന്നേ വ്യാപകമായിരുന്നു എന്ന് മാത്രമല്ല, അവരെ വേശ്യാവൃത്തിക്ക് വെച്ച് സാമ്പത്തികനേട്ടവും ഉണ്ടാക്കിയിരുന്നു. ലൈംഗികമായ ചോദനകൾ മനുഷ്യന്റെ പ്രാഥമിക അവകാശങ്ങളിൽ പെട്ടതാണ്. നിയമവിധേയമായ മാർഗങ്ങൾ ലഭ്യമല്ലാതിരിക്കുമ്പോൾ അന്യായമായ രീതികൾ സമീപിക്കേണ്ടതായി വരും. അവിടെ ഇസ്‌ലാം കൃത്യമായി ഇടപെട്ടു. ഒന്നുകിൽ അടിമസ്ത്രീകളെ വിവാഹം ചെയ്യുക, അല്ലെങ്കിൽ അവരെ മോചിപ്പിക്കുക, അല്ലെങ്കിൽ ഭാര്യമാരെ പോലെ പരിഗണിക്കുക. ഏത് സാഹചര്യങ്ങളിലായാലും അവരുടെ അവകാശങ്ങളും മാനുഷിക പരിഗണനകളും കൃത്യമായി നൽകണം എന്നാണ് ഇസ്‌ലാം അധ്യാപനം ചെയ്യുന്നത്.