മതം ഒരു ആവശ്യമല്ല, കടപ്പാടാണ് ആമുഖം

മതം ഒരു ആവശ്യമല്ല, കടപ്പാടാണ്

By rationaleclub | 6/19/2025

ഇക്കാലത്ത് ഏറ്റവും കൂടുതൽ നാം കേൾക്കുന്ന ചോദ്യമാണ് “എന്തിനാണ് മതം? മതനിയമങ്ങൾ?”. ഇതൊക്കെ നിസ്സാരമായ കാര്യങ്ങളാണെന്നും, മനുഷ്യർ തന്നെ അവർക്കുവേണ്ട ശരിയും തെറ്റും തീരുമാനിക്കട്ടേ എന്നുമാണ് ലിബറലിസം പറയുന്നത്. ചോദ്യങ്ങൾക്കപ്പുറത്തേക്ക് വിഷയങ്ങളെ കൃത്യമായി പഠിക്കാൻ ഇവരാരും തയ്യാറാവുന്നില്ല എന്നതാണ് സത്യം. ഇല്ലെങ്കിൽ ഇവർക്കു തന്നെ ഇതിന്റെ ഉത്തരം ലഭിക്കുമായിരുന്നു.

എന്താണ് മതം?

കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാം "മതമെന്നത് അറിവുള്ളവർക്ക് അവരുടെ ഇച്ഛാനുസൃതമായി, അവരുടെ യഥാർത്ഥ നന്മയിലേക്ക് നയിക്കുന്ന ദൈവീക സംവിധാനമാകുന്നു." മതം ഒരു മനുഷ്യൻ്റെ നന്മയിലേക്കുള്ള മാർഗമാണ്. അപ്പോൾ ഏതാണ് നന്മ? ഏതാണ് തിന്മ? എന്നത് ഒരു മനുഷ്യന് തിരഞ്ഞെടുക്കാൻ സാധിക്കുകയില്ല. നന്മയും തിന്മയും മനുഷ്യരിലേക്ക് ചേർത്ത് നോക്കുമ്പോൾ ആപേക്ഷികമായിരിക്കും. ഇവിടെയാണ് ഒരു സ്രഷ്ടാവിൻ്റെയും മതത്തിൻ്റെയും റോൾ മനസ്സിലാക്കാൻ കഴിയുന്നത്. ഇവിടെയാണ് ലിബറലിസം പരാജയപ്പെടുന്നതും അവരുടെ പല വാദങ്ങൾക്കും മറുപടിയില്ലാതാകുന്നതും.

നന്മ-തിന്മകളുടെ വിഷയത്തിൽ മനുഷ്യർ ഒരേ അഭിപ്രായത്തിൽ ഒന്നിക്കില്ല. നിങ്ങളുടെ ശരികൾ എന്റെ പക്കൽ തെറ്റും, നിങ്ങളുടെ തെറ്റുകൾ എന്റെ പക്കൽ ശരിയുമാകാം. മതമില്ലെങ്കിൽ മനുഷ്യൻ സ്വാർത്ഥതയിലേക്ക് ചുരുങ്ങുമെന്ന് ചുരുക്കം. കാരണം പരലോക ജീവിതത്തിൽ വിശ്വസിക്കുന്നവർ പ്രതിഫലം കാംക്ഷിച്ചാണ് നന്മകൾ ചെയ്യുന്നത്. ആ ഒരു വിശ്വാസമില്ലെങ്കിൽ പരസ്പര സഹായം ഉണ്ടാവുകയില്ല; അസമത്വവും ആരാജകത്വവും വർദ്ധിക്കും. അതുവഴി സാമൂഹിക ഘടന തന്നെ ആകെ താറുമാറാകും.

മനുഷ്യന് പ്രതീക്ഷകളുണ്ടാകുമ്പോഴാണ് ജീവിക്കാൻ ആഗ്രഹം ജനിക്കുന്നത്. ഇവിടെയാണ് മതത്തിൻ്റേയും വിശ്വാസത്തിൻ്റേയും പ്രസക്തി.

ഒരു മനുഷ്യൻ അനുഭവിക്കുന്ന പ്രതിസന്ധികൾക്കും പ്രയാസങ്ങൾക്കും പകരം ലഭിക്കുമെന്ന വിശ്വാസം മതം അവനു നൽകുന്നു. ഏതു പ്രയാസത്തെയും പ്രതിസന്ധികളെയും തരണം ചെയ്തു നല്ല രൂപത്തിൽ ജീവിക്കാൻ അവിടെ മനുഷ്യന് പ്രതീക്ഷ കൈവരുന്നു.

മത രഹിതരുടെ അവസ്ഥ നോക്കുമ്പോൾ, അവർ പലപ്പോഴും ജീവിതം അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നു. ലോകത്തിലെ ആത്മഹത്യ നിരക്ക് പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ മതരഹിത രാജ്യങ്ങളിൽ നിന്നാണ്. ഈ കാര്യങ്ങൾ പരിശോധിച്ചാൽ, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം വ്യക്തമായിരിക്കും. മതം നമ്മുടെ ഒരാവശ്യമല്ല, അതൊരു കടപ്പാടാണ്. ഒരു സ്രഷ്ടാവ് ഉണ്ടെന്ന് വിശ്വസിക്കുന്നവരോട് നമുക്ക് ഈ മറുപടി പറയാം.

എല്ലാ സുഖ സൗകര്യങ്ങളും, നല്ല ആരോഗ്യവും, ആശ്വാസത്തോടെയുള്ള ജീവിതവുമെല്ലാം നൽകിയ സ്രഷ്ടാവിനോടുള്ള കടപ്പാടാണ് മതം.

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രയാസങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിലും ആ കടപ്പാടിനെ മറന്നുപോകരുത്.

നമ്മുടെ മാതാവിനെ നമ്മൾ നോക്കുന്നത്, ചിലപ്പോൾ ഭാര്യക്കും സഹോദരന്മാർക്കും ഇഷ്ടമാകില്ല. അവർ നിരന്തരം പരാതി പറയുകയും ചെയ്യും. എന്നാൽ, അതിനാൽ മാതാവിനോടുള്ള കടപ്പാടിനെ നമ്മൾ നിർവ്വഹിക്കാതിരിക്കുമോ?

ഇതുപോലെയാണ് സ്രഷ്ടാവിൻ്റേയും കാര്യങ്ങൾ. പ്രയാസങ്ങളിലേക്കോ ബുദ്ധിമുട്ടുകളിലേക്കോ നോക്കാതെ, അദ്ദേഹം നൽകുന്ന അനുഗ്രഹങ്ങളിൽ തൃപ്തിപ്പെട്ട് ജീവിക്കുക. പരലോകത്ത് പ്രതിഫലത്തിന്റെ മഹത്വം അതിനാൽ വർദ്ധിക്കും. മതം എന്നത് വ്യക്തിയെ മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും ശാസ്ത്രീയ ശൃംഖലയിലേക്കാണ് നയിക്കുന്ന ഒന്നാണ്. ഓരോ മതവും അതിന്റെ അനുകരണീയമായ ചട്ടങ്ങളിലൂടെ സമൂഹത്തിലെ അഴിമതി, അക്രമം, അനീതികൾ എന്നിവയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. മതം ഇല്ലാത്തിടത്ത് മനുഷ്യൻ നിയന്ത്രണമില്ലാത്ത സ്വതന്ത്രതയുടെ പേരിൽ മറ്റു മനുഷ്യർക്കെതിരെ ക്രൂരമായും സ്വാർത്ഥമായും മാറുന്നതാണ് ചരിത്രത്തിൽ നാം കണ്ടത്.

ആധുനിക സാമൂഹിക പ്രശ്നങ്ങളായ കുടുംബഛിദ്രത, മാനസിക അസ്വസ്ഥതകൾ, ലഹരിമരുന്ന് ഉപയോഗം, ആത്മഹത്യാ പ്രവണത എന്നിവയുടെ വേരുകൾ പലപ്പോഴും ശൂന്യതയിലാണ്. മതം ഈ ശൂന്യതക്ക് മരുന്നാകുന്നു. ആത്മാവ് അടിയന്തരമായി ആവശ്യപ്പെടുന്ന സംരക്ഷണവും ഉദ്ദേശബോധവും മതം നൽകുന്നു. അതാണ് നമ്മുടെ യാഥാർത്ഥ്യ ജീവിതത്തിൽ മതത്തിന്റെ അടിയന്തിരതയും അനിവാര്യതയും.

അതുകൊണ്ടാണ് മതം ആവശ്യമല്ല, അതൊരു കടപ്പാടാണെന്ന് പറയുന്നത്. നമുക്ക് ചുറ്റുമുള്ള പ്രകൃതിയും ജന്തുജാലങ്ങളും നമ്മുടെ പൂർവ്വികരും

അതിനെ മനസ്സിലാക്കി; സ്രഷ്ടാവിനോടുള്ള കടപ്പാട് തിരിച്ചറിഞ്ഞു. അവർ സ്രഷ്ടാവിനെ സ്മരിച്ച്, അവന്റെ കല്പനകൾക്ക് കീഴിൽ ജീവിക്കാൻ ശ്രമിക്കുന്നു, ആ ശ്രമമാണ് മതം.

നാം ഏതെല്ലാം സന്തോഷങ്ങളും അനുഗ്രഹങ്ങളും അനുഭവിക്കുമ്പോഴും, അതിന് പിന്നിലുള്ള ആളെക്കുറിച്ച് നമ്മൾ ഓർക്കുന്നില്ലെങ്കിൽ അത് കൃതജ്ഞതയുടെ അഭാവമാണ്. സ്രഷ്ടാവിനോടുള്ള കൃതജ്ഞത, കടപ്പാട്, ആരാധന ഇവയുടെ സംയോജിത രൂപമാണ് മതം. അതിനാൽ, മതം ഒരു ഓപ്ഷൻ അല്ല, അത് ഒരു ബാധ്യതയാണ്, കടപ്പാടാണ്.

  • മുഹമ്മദ് ഫഹീം സഖാഫി