ഉത്തമ മനുഷ്യൻ; ഹദീസുകൾവരച്ചിടുന്ന മാലോക മാതൃകകൾ - ഭാഗം 1
ഇസ്ലാമിൽ വിശുദ്ധ ഖുർആനിന് ശേഷമുള്ള ആധികാരിക പ്രമാണം ഹദീസുകളാണ്. തിരു റസൂൽ ﷺ യുടെ വാക്കുകളും പ്രവർത്തികളും മൗനാനുവാദങ്ങളും ചേർന്ന തിരുചര്യകളെയാണ് ഹദീസ് എന്നു പറയുന്നത്. തിരുനബിയുടെ ജീവിതം ഇത്രമേൽ സമ്പൂർണ്ണതയോടെ അതിലേറെ കൃത്യതയോടെ ശേഖരിച്ചു വെക്കാനും രേഖപ്പെടുത്താനും ഇസ്ലാമിക പണ്ഡിതന്മാരെ പ്രചോദിപ്പിച്ചത്, അല്ലാഹുവിന്റെ ദൂതർ എന്ന നിലയിൽ മുഹമ്മദ് ﷺ യുടെ ജീവിതം, ദർശനം, പ്രവർത്തികൾ തുടങ്ങിയവ മുസ്ലിമീങ്ങൾക്ക് എത്രത്തോളം പ്രാധാന്യമാണ് എന്ന് മനസ്സിലാക്കിയാണ്. നബിയുടെ ജീവിതമാണ് വിശ്വാസിയുടെ മാനിഫെസ്റ്റോ. അവിടുത്തെ സ്വഭാവത്തെക്കുറിച്ച് ആയിഷ ബീവിയോട് ചോദിച്ചപ്പോൾ ഖുർആനായിരുന്നു അവിടുത്തെ സ്വഭാവമെന്ന മറുപടിയിലെ പൊരുളും വിരൽ ചൂണ്ടുന്നത് അതിലേക്കുതന്നെയാണ്. മനുഷ്യർക്ക് സന്മാർഗ ദർശനമായി ഇറങ്ങിയ ഖുർആനിന്റെ ആശയ തലങ്ങളെ, അല്ലാഹു സൃഷ്ട്ടിയിൽ ആഗ്രഹിച്ച വിശേഷ ഗുണങ്ങളെ കൃത്യമായി ജീവിച്ചു കാണിക്കുകയായിരുന്നു മുഹമ്മദ് നബി ﷺ.
പ്രാമാണികതയുടെ തലത്തിൽ നിന്ന് മുഹദ്ദിസുകൾ ഹദീസിനെ പ്രബലം, ദുർബലം എന്നിങ്ങനെ പലതായി തരം തിരിച്ചിട്ടുണ്ട്. ഹദീസുകളെ ഇങ്ങനെയൊരു തരംതിരിവിന് വിധേയമാക്കാൻ പാടില്ല. അതിൽ തള്ളേണ്ടതും കൊള്ളേണ്ടതുമില്ല. എന്നാൽ അവിടുത്തെ വഫാത്തിന്റെ വർഷങ്ങൾക്കുശേഷമാണ് ഇവകൾ ക്രോഡീകരിക്കപ്പെട്ടത് എന്നതിനാൽ, അത് രേഖപ്പെടുത്തുകയും ശേഖരിക്കുകയും ചെയ്തവരിൽ നിന്ന് വല്ലതും വിട്ടു പോവുകയോ, സംശയാസ്പദമായി രേഖപ്പെടുത്തുകയോ ചെയ്യാനുള്ള സാധ്യത മുൻനിറുത്തി കൊണ്ടാണ് സാങ്കേതികമായി പ്രബലം ദുർബലം എന്നെല്ലാം തരംതിരിക്കുന്നത്.
ആദ്യകാലത്ത്, ഹദീസുകൾ രേഖപ്പെടുത്തണോ വേണ്ടയോ എന്നതിൽ ഗൗരവമായ ചർച്ചകൾ നടന്നതായി കാണാം. ഹദീസുകൾ എഴുതിവെക്കുന്നത് ആദ്യകാലത്ത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസിൽ കാണാം നബി(സ) പറഞ്ഞു: എന്നിൽ നിന്ന് നിങ്ങൾ ഖുർആനല്ലാതെ മറ്റൊന്നും എഴുതിവെക്കരുത്. എന്നെ ഉദ്ധരിച്ച് ഖുർആൻ അല്ലാതെ വല്ലതും എഴുതിവച്ചിട്ടുണ്ടെങ്കിൽ അത് മായ്ച്ചു കളയണം. ഖുർആനുമായി തന്റെ വാക്കുകൾ കൂടിക്കലരരുതെന്ന കണിശതയും ഫലക മുദ്രണത്തേക്കാൾ ഹൃദയമുദ്രണത്തിന് നബി കൊടുത്ത പ്രാധാന്യവുമായിരുന്നു ഇതിൻ്റെ കാരണം. ഹദീസുകളെ കളവുകളിൽ നിന്ന് സംരക്ഷിക്കാൻ ഇസ്ലാമിക പണ്ഡിതലോകം എത്രത്തോളം കണിശത കാണിച്ചു എന്നതിനുള്ള ഉദാഹരണങ്ങളാണ് ഇവ.
മക്കയും മദീനയും വിട്ട് ലോക ഭൂപടത്തിന്റെ വിവിധ ദേശങ്ങളിലേക്ക് വികസിച്ച ഇസ്ലാമിക ഭൂപടത്തിന്റെ നാനാ ദിക്കുകളിൽ നിന്നും ഹദീസുകൾ കേൾക്കാനും കേട്ടത് സ്രോതസ്സുകളിൽ നിന്ന് ഉറപ്പുവരുത്തി രേഖപ്പെടുത്താനും വേണ്ടി മുഹദ്ദിസുകൾ ലോകസഞ്ചാരങ്ങൾ നടത്തി. ഇമാം ബുഖാരിയുടെ താരീഖുൽ കബീറിലും മറ്റും ഇത്തരം യാത്രകളുടെ ഹൃദയഭേദകമായ വിശദീകരണങ്ങൾ കാണാം.
മനുഷ്യകുലത്തിന്റെ മാനിഫെസ്റ്റോ
മനുഷ്യത്വത്തിന്റെ സർവ്വമാനങ്ങളും ഒത്തുചേർന്ന സമ്പൂർണ്ണ വ്യക്തിത്വമാണ് മുഹമ്മദ് ﷺ. ജനനം മുതൽ മരണംവരെ ഒരു മനുഷ്യൻ അനുവർത്തിക്കേണ്ട ജീവിതരേഖയാണ് ആ ധന്യ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആ ജീവിതത്തെ മനുഷ്യകുലത്തിന്റെ മാനിഫെസ്റ്റോയായി പരിഗണിക്കാനാകും അല്ല, നബി ജീവിതത്തെ തന്നെയാണ് പരിഗണിക്കേണ്ടത്. ജീവിതത്തിലെ സകല ചലന നിശ്ചലനങ്ങളും വിശ്വാസികൾ പകർത്തേണ്ടതുകൊണ്ടു തന്നെ എല്ലാം കൃത്യവും വ്യക്തവുമായി രേഖപ്പെടുത്തി എന്നതാണ് വാസ്തവം.
ആധുനിക മനുഷ്യൻ എന്തുചെയ്യണമെന്നറിയാതെ വ്യാകുലനാകുന്ന വ്യത്യസ്തങ്ങളായ സന്ദർഭങ്ങളുണ്ട് നമുക്കു മുമ്പിൽ. ഇത്തരം സന്ദർഭങ്ങളിലേക്കുള്ള പുതിയകാല തത്വങ്ങൾ പഠിപ്പിക്കുന്ന സമീപന രീതിശാസ്ത്രങ്ങളിൽ പലതിൻ്റെയും അടിസ്ഥാന ആശയം ഹദീസുകളിലൂടെ കണ്ണോടിച്ചാൽ നമുക്ക് മനസ്സിലാക്കാനാകും. ഹദീസുകൾ മനുഷ്യന്റെ സാമൂഹികവും വൈയക്തികവുമായ നിഖില മേഖലകളിലും കൃത്യമായ കയ്യൊപ്പ് ചാർത്തുന്നുണ്ട്. സാമൂഹിക ജീവിയായ മനുഷ്യനെക്കുറിച്ച് സംസാരിക്കുമ്പോൾ സാമൂഹികതയെക്കൂടി പരിഗണിക്കേണ്ടതുണ്ട്. ഇബ്നു ഹിബ്ബാനും ത്വബ്റാനിയും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം.
خيرُ الناسِ أنفعُهم للناس
ജനങ്ങളിൽ ഏറ്റവും ഉത്തമൻ പരോപകാരിയായ മനുഷ്യനാണ്.
സമൂഹത്തോടുള്ള മനുഷ്യന്റെ പ്രതിബദ്ധതയെ ഈ ഹദീസിന്റെ വെളിച്ചത്തിൽ നമുക്ക് വായിച്ചെടുക്കാനാകും. തന്റെ സ്വകാര്യ ജീവിതത്തെ മാത്രം കുറ്റമറ്റതാക്കിയതുക്കൊണ്ട് ഒരു വിശ്വാസിയുടെ ബാധ്യതകൾ തീരുന്നില്ല എന്നു ചുരുക്കം. തന്റെ ചുറ്റുപാടുമുള്ള സമൂഹത്തോടും പ്രകൃതിയോടും സാമൂഹിക വ്യവസ്ഥിതികളോടും അവന് ഉത്തരവാദിത്തങ്ങളുണ്ട്.
അയൽപക്കക്കാരോടും കുടുംബക്കാരോടുമുള്ള ബാധ്യതകളെ കുറിച്ച് മറ്റു ഹദീസുകളിൽ വന്നതായി കാണാം.
خيارُكم خيرُكم لأهلِه
നിങ്ങളിൽ ഉത്തമർ കുടുംബത്തോട് ഏറ്റവും നല്ല രീതിയിൽ പെരുമാറുന്നവരാണ്.
ഹാകിം റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഹദീസ്
ليس المؤمن الذي يشبع وجاره جائع إلى جنبه
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറക്കുന്നവർ നമ്മിൽ പെട്ടവനല്ല എന്നാണ്.
ഇങ്ങനെ തുടങ്ങി ഓരോ ഹദീസുകളും മാതൃക ജീവിതത്തിന്റെ കൃത്യമായ രേഖയാണ് നമുക്കു മുമ്പിൽ തുറന്നുവെക്കുന്നത്. വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ മനുഷ്യൻ ഇടപെടേണ്ട എല്ലാ മേഖലകളിലും ഇത്തരത്തിൽ ഹദീസുകളുടെ ഉപദേശനിർദ്ദേശങ്ങൾ വായിച്ചെടുക്കാനാകും. അത്തരം ഹദീസുകളിൽ ചിലതിന്റെ(സ്ത്രീ സ്വതന്ത്ര്യം,തീവ്രവാദം,സാമ്പത്തികം,ആരോഗ്യം) കാലിക വായനയാണ് ഇവിടെ ലക്ഷ്യം വെക്കുന്നത്.