ദൈവം വെല്ലുവിളിക്കുകയോ?
❓ ഖുർആനിന് തത്തുല്യമായ ഒരു ഗ്രന്ഥം കൊണ്ട് വരാൻ, അതിനോട് സമാനമായ ഒരു അധ്യായം എങ്കിലും കൊണ്ടുവരാൻ ഖുർആൻ വെല്ലുവിളിച്ചല്ലോ.
وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُوا بِسُورَةٍ مِنْ مِثْلِهِ وَادْعُوا شُهَدَاءَكُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ (23) فَإِنْ لَمْ تَفْعَلُوا وَلَنْ تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ (24:2)
أَمْ يَقُولُونَ افْتَرَاهُ قُلْ فَأْتُوا بِعَشْرِ سُوَرٍ مِثْلِهِ مُفْتَرَيَاتٍ وَادْعُوا مَنِ اسْتَطَعْتُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ (13:11)
أَمْ يَقُولُونَ افْتَرَاهُ قُلْ فَأْتُوا بِسُورَةٍ مِثْلِهِ وَادْعُوا مَنِ اسْتَطَعْتُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ (38:10)
ഈ വെല്ലുവിളി തന്നെ ദൈവം ഇല്ല എന്നതിന് തെളിവല്ലേ? ഒരു മരത്തടി പൊക്കാൻ വേണ്ടി ആന ഉറുമ്പിനെ വെല്ലുവിളിക്കുന്നത് ആനക്ക് ഉറുമ്പിനെക്കുറിച്ച് തിരിച്ചറിവില്ല എന്നല്ലേ അർത്ഥം? നോബൽ പ്രൈസ് ജേതാവായ ഒരു സാഹിത്യകാരൻ ഒന്നാം ക്ലാസുകാരനെ വെല്ലുവിളിക്കുന്നത് പരിഹാസ്യമല്ലേ?
🅰 ഇവിടെ വെല്ലുവിളിച്ചത് ആരാണ്?
ദൈവമോ അതോ മുഹമ്മദ് നബിയോ? ദൈവമാണ് എന്നാണ് വാദമെങ്കിൽ ചോദ്യം പ്രസക്തമാണ്. പക്ഷേ അതോടെ നിരീശ്വരവാദം തകരും. കാരണം ദൈവം നിഷേധികളാണല്ലോ ദൈവത്തെ ഇവിടെ സമ്മതിക്കുന്നത്. ഇനി മുഹമ്മദ് നബിയാണന്ന് പറയുകയാണെങ്കിൽ ചോദ്യം പ്രസക്തവുമല്ല. മനുഷ്യൻ മനുഷ്യനെ വെല്ലുവിളിക്കുന്നതിലെന്ത്?
യഥാർത്ഥത്തിൽ "മുഹമ്മദ് നബിയുടെ രചനയാണ് ഖുർആൻ, അത് ദൈവികമല്ല" എന്ന് വാദിക്കുന്ന നിഷേധികളെ ഇവിടെ വെല്ലുവിളിക്കുന്നത് ദൈവം നേരിട്ടല്ല, പ്രത്യുത മുഹമ്മദ് നബി തന്നെയാണ്.
ഇങ്ങനെ ഒരു വെല്ലുവിളിയിൽ അസംഗതമായിട്ടൊന്നുമില്ല. ചോദ്യത്തിൽ സൂചിപ്പിച്ച പ്രശസ്തനായ ആ സാഹിത്യകാരൻ
ഒരു സ്കൂൾ അധ്യാപകനാണെന്ന് കരുതുക. അദ്ദേഹം തന്റെ ശിഷ്യരായ ഒന്നാം ക്ലാസുകാർക്ക് അവർക്കു മനസ്സിലാകുന്നതും എന്നാൽ അവർക്ക് ഒരിക്കലും അനുകരിക്കാനാവാത്ത വിധം വ്യത്യസ്തവും സുന്ദരവുമായ ശൈലിയിൽ ലീഡർ വശം ഒരു സന്ദേശം കൊടുത്തയച്ചുവെന്ന് സങ്കൽപ്പിക്കുക. തങ്ങളുടെ അധ്യാപകന്റെ സന്ദേശമാണിതെന്ന് കേട്ട ഉടനെ അവർ തിരിച്ചറിഞ്ഞു. എന്നാൽ അദ്ധ്യാപകന്റെ സന്ദേശം സ്വീകരിക്കാൻ വൈമനസ്യമുള്ള വിദ്യാർത്ഥികൾ, അതു ലീഡർ വ്യാജമായി നിർമിച്ചതാണെന്ന് വാദിച്ചു. ലീഡറുടെ പ്രയാസം മനസ്സിലാക്കിയ അധ്യാപകൻ ലീഡറോട് അവരെ വെല്ലുവിളിക്കാൻ ആ വശ്യപ്പെട്ടു. അപ്പോൾ തന്റെ സത്യാവസ്ഥ തെളിയിക്കാൻ ലീഡർക്കു വെല്ലുവിളിച്ചുകൂടേ? ഇത് ഞാൻ സ്വന്തമായി എഴുതിയതാണന്ന് വാദിക്കുന്നവരേ, എന്നാൽ എന്നെപ്പോലെ തന്നെയാണല്ലോ നിങ്ങളും. എന്നാൽ ഇതു പോലോത്ത ഒരു രചന നിങ്ങൾ കൊണ്ടുവരിൻ! നിങ്ങളെല്ലാവരും കൂടി വിചാരിച്ചാലും അതിന് കഴിയില്ല. അധ്യാപകന്റെ മികവും തങ്ങളുടെ നിസ്സഹായതയും ബോധ്യമുള്ള കുട്ടികൾ അങ്ങനെ ഒരു ശ്രമം നടത്തില്ല. ഇനി ഏതെങ്കിലുമൊരു മണ്ടൻ വല്ല കുറിപ്പുമായി വന്നുവെന്നിരിക്കട്ടെ, ആർക്കും മൂല്യനിർണയം നടത്താവുന്ന വിധം വളരെ താഴ്ന്ന നിലവാരത്തിലായിരിക്കുമല്ലോ അത്.
ഖുർആനിനു സമാനമായതെന്നും പറഞ്ഞു ആരെങ്കിലും വല്ല വാറോലയുമായി വന്നാലും ഇതായിരിക്കും സ്ഥിതി. ഇതിലെന്താണ് അയുക്തി? ഖുർആൻ ദൈവികമാണ് എന്ന് സമ്മതിക്കാൻ ചിലർ വിസമ്മതിച്ചു. അത് മുഹമ്മദ് എന്ന മനുഷ്യൻ സ്വയം നിർമ്മിച്ചതാണ് എന്ന് വാദിച്ചു. മനുഷ്യ നിർമ്മിതമെങ്കിൽ സമാനമായത് ആർക്കും കൊണ്ട് വരാമല്ലോ. അപ്പോൾ അദ്ദേഹം വെല്ലുവിളിച്ചു.
(ദൈവമാണ് വെല്ലുവിളിക്കുന്നത് എന്ന് ചോദ്യ കർത്താവ് വിശ്വസിക്കുന്നുണ്ടെങ്കിൽ പിന്നെ മുഹമ്മദ് നബിയുടെ രചനയാണ് എന്ന് വാദിക്കേണ്ടതില്ലല്ലോ.)
❓ ഖുർആന്റെ വെല്ലുവിളി ഏറ്റടുത്ത് ഒരാൾ ഒരു കൃതി കൊണ്ടുവന്നു എന്ന് സങ്കല്പിക്കുക.അതാര് ജഡ്ജ് ചെയ്യും? മത്സരാർത്ഥികളെക്കാൾ കഴിവുള്ളവരായിരിക്കണമല്ലോ വിധികർത്താക്കൾ?
ഈ മത്സരം ജഡ്ജ് ചെയ്യാൻ ദൈവത്തേക്കാൾ കഴിവുള്ളവർ വേണ്ടി വരില്ലേ? അങ്ങനെ വല്ലവരും ഉണ്ടോ?
🅰 ഒന്നാമത്തെ ചോദ്യത്തിന്റെ മറുപടിയോടെ ഈ ചോദ്യത്തിന്റെ മുനയൊടിഞ്ഞു. പിന്നെ മത്സരാർത്ഥികളേക്കാൾ പ്രതിഭകരമായിരിക്കണം വിധികർത്താക്കൾ എന്നത് ശരിയല്ല. ഓട്ടമത്സത്തിനും പാട്ട് മത്സരത്തിനുമൊക്കെ വിധി നിർണ്ണയിക്കുന്നവർ പാട്ടുകാരും ഓട്ടക്കാരും ആകണമെന്നുണ്ടോ?
ആരെങ്കിലും കൃതി കൊണ്ടു വന്നാൽ തന്നെ അറബി ഭാഷയിൽ വ്യുൽപ്പത്തിയുള്ള ആർക്കും അതിന്റെ പോരായ്മ മനസ്സിലാക്കാവുന്നതേയുള്ളൂ.
ചരിത്രത്തിൽ പലരും അതിന് ശ്രമിച്ച് പരിഹാസ്യരായിട്ടുണ്ട്.
❓ ഖുർആന്റ വെല്ലുവിളി ഏറ്റടുത്ത് കൊണ്ട് ധാരാളം സുറത്തുക്കൾ പലരും രചിച്ചിട്ടുണ്ടല്ലോ. അതേക്കുറിച്ച് എന്ത് പറയുന്നു?
🅰 കാലങ്ങളെ അതിജീവിച്ച ആ വെല്ലുവിളി ഏറ്റടുക്കാൻ ക്രൈസ്തവരും ഭൗതികവാദികളും ഒരു കൈ ശ്രമിച്ചു നോക്കിയിട്ടുണ്ട് എന്നത് ശരിയാണ്. അറബി സാഹിത്യത്തിന്റെ നെറുകെയിൽ വിരാജിച്ച ശുദ്ധ അറബികൾക്ക് കഴിയാത്തതുണ്ടോ സാഹിത്യത്തിന്റെ നാലയലത്ത് പോലും എത്താത്തവർക്ക് കഴിയുന്നു?! വെല്ലുവിളി ഏറ്റടുത്ത പലരും ഖുർആനിലെ ചില പദങ്ങളും പ്രയോഗങ്ങളും കട്ടെടുത്ത് സ്വന്തം വക ചില പദങ്ങളും ചേർത്ത് ചില ഒപ്പിക്കൽ സൂറ:കൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറയുന്നതാകും കൂടുതൽ ശരി. അവയൊന്നും നിലനിന്നില്ല എന്ന് മാത്രമല്ല;
അറബി പ്രബന്ധ മത്സരത്തിന് പങ്കെടുപ്പിക്കാൻ പോലും നിലവാരമില്ലാത്ത തരം താണ ലേഖനങ്ങളായിരുന്നു അവ.ഖുർആൻ ഇറങ്ങിയതിന് ശേഷം ഇനി ഒരു അമുസ്ലിമും അറബിയിൽ ലേഖനം എഴുതില്ല എന്നൊന്നും ഇവിടെ ആരും വാദിച്ചിട്ടില്ലല്ലോ..
❓ ഇതൊക്കെ വീര വാദങ്ങളാണ്. സമാനമായത് കൊണ്ട് വരാൻ പറ്റാത്ത വിധം എന്താണ് ഖുർആൻ സാഹിത്യത്തെ ഇതര ഗ്രന്ഥങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്?
🅰 ഖുർആന്റെ വെല്ലുവിളിക്ക് പല മാനങ്ങളുമുണ്ട്.
1. എല്ലാവർക്കും മനസ്സിലാകുന്ന അമാനുഷികത
2. പഠനങ്ങൾക്ക് തയ്യാറുള്ള എല്ലാവർക്കും മനസ്സിലാകുന്നത്.
3.സാഹിത്യാഭിരുചിയുള്ളവർക്ക് മാത്രം മനസ്സിലാകുന്നത്
പ്രേക്ഷകരുടെ നിലവാര മനുസരിച്ച് വെല്ലുവിളിയുടെ മാനദണ്ഡങ്ങൾ വ്യത്യാസപ്പെടും. കൊച്ചു കുഞ്ഞുങ്ങളോട് രതിമൂർച്ചയുടെ ആനന്ദത്തക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലാത്ത പോലെ/ വായിലെ രസമുകുളങ്ങൾ നശിച്ചവനോട് മധുവിന്റെ മധുരത്തെക്കുറിച്ച് പറഞ്ഞാൽ തിരിയാത്ത പോലെ ഖുർആനിക സാഹിത്യ സൗന്ദര്യത്തിന്റെ അദ്വിതീയതയെക്കുറിച്ച് ഭാഷയും സാഹിത്യവും അറിയാത്തവർക്ക് ബോധ്യപ്പെടുത്തി കൊടുക്കുക എന്നത് ഏറെ ദുഷ്ക്കരമാണ്. തേനും കഷായവും എന്ത് വ്യത്യാസം എന്നവൻ ചേദിച്ച് കൊണ്ടിരിക്കും. രുചി ഭേദങ്ങളറിയാത്തവന് എന്ത് മധുരം? എന്ത് കൈപ്പ്?
അക്ഷരഭ്യാസം നടത്തിയിട്ടില്ലാത്ത ആളാണ് ഖുർആൻ കൊണ്ട് വന്നത് എന്നത് പരക്കെ അറിയപ്പെട്ടതാണ്, ചരിത്ര പ്രസിദ്ധമാണ്. ഖുർആനിക അമാനുഷികത ഏത് പൊട്ടനും ബോധ്യപ്പെടുത്താവുന്ന ഒരു മാനദണ്ഡവുമാണത്. അക്ഷരം പഠിച്ചിട്ടില്ലാത്ത ഒരു വ്യക്തി എങ്ങനെ ഇത്തരം ഒരു ഗ്രന്ഥവുമായി വരും. 114 അധ്യയങ്ങൾ, 6000 ഏറെ സൂക്തങ്ങൾ. അതിൽ തന്നെ ആൽഫബറ്റുകൾ മാത്രമുള്ള സൂക്തങ്ങൾ! അവ കൊണ്ട് പുതിയ പാരായണ ശൈലി !! അക്ഷരങ്ങളുടെ ലോകം അജ്ഞാതമായിരുന്ന ഒരാൾ ഇത്തരം ഒരു കൃതിയുമായി വരുന്നു എന്നതിനർത്ഥം അത് അമാനുഷിക സ്രോതസ്സിൽ നിന്ന് വന്നതാണ് എന്ന് തന്നെയാണ്. കണ്ടന്റ് നോക്കാതെ തന്നെ ഇങ്ങനെ കൺക്ലൂഷനിലെത്താൻ ബുദ്ധിയുള്ളവർക്ക് കഴിയും. അപ്പോൾ അതിനോട് തുല്യമായ ഗ്രന്ഥം കൊണ്ടു വരൂ എന്നതിനർത്ഥം അതുപോലോത്ത ആളിൽ നിന്ന് കൊണ്ട് വരൂ എന്നാണ്. വെല്ലുവിളി എറ്റെടുക്കണ്ടവർക്ക് ഇങ്ങനെ ചെയ്യാം. ഒരാളെ അക്ഷരം പഠിപ്പിക്കാതെ വളർത്തുക. എന്നിട്ട് അയാൾ ഒരു പുസ്തകവുമായി വരട്ടേ!
ഇത് ഒരു ഒളിച്ചോട്ടമണെന്നോ അക്ഷരം പഠിച്ച ഞങ്ങളുടെ സഹിത്യസൃഷ്ടികളെ ഭയന്നിട്ടാണെന്നോ പറയരുത്. ആ നിബന്ധന മാറ്റിവെച്ചും വെല്ലുവിളി പ്രസക്തം തന്നെയാണ്. അഥവാ ഖുർആനിന് തുല്യമായ ഗ്രന്ഥം കൊണ്ട് വരാൻ ഒരു സാഹിത്യ സാമ്രാട്ടിനും കഴിയില്ല. പക്ഷേ, ഇതറിയാൽ ഖുർആന്റെ മറ്റു പ്രത്യേകതകളിലേക്ക് കടക്കേണ്ടിവരും. കുറച്ചൊക്കെ ചിന്തിക്കുന്നവർക്ക് ബോധ്യപ്പെടുന്ന ചില പ്രത്യേകതകൾ പറയാം.യുക്തിവാദി കൊണ്ടുവരുന്ന ലേഖനത്തിന് ഇത്തരം വല്ല സവിശേഷതയും ഉണ്ടോ?
1. ഇന്ന് വരേ കണ്ടെത്തിയ ഒരു ശസ്ത്രീയ / സത്യവുമായും അത് ഏറ്റ് മുട്ടുന്നില്ല.അന്നത്തെ അന്വേഷണങ്ങൾ കൊണ്ട് എത്തിപ്പിടിക്കാനാവത്ത ശാസ്തീയ സത്യങ്ങൾ ഖുർആൻ പറയുന്നുണ്ട്.
2.. ഗതാ കാല സംഭവങ്ങൾ ഭൗതിക മാധ്യമങ്ങളില്ലാതെ അനാഛാദനം ചെയ്യുന്നു.
3. അദൃശ്യമായ സംഭവങ്ങൾ വിശദീകരിക്കുന്നു.
4. പ്രവചനങ്ങൾ നടത്തുന്നു
5.. ഗണിത വിസ്മയങ്ങൾ:
ഏറെ പണിപ്പെടാതെ തന്നെ മനസ്സിലാക്കാവുന്ന ചില പ്രത്യേകതകൾ കൂടി പറയാം.
1. കാലാതിവർത്തിയായി നിലനിൽക്കുന്നു.
2. ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്നു.
3. ഏറ്റവും കൂടുതലായി മന: പാഠമാക്കപ്പെടുന്നു
4. എന്നും പുതുപുത്തനായി നിലനിൽക്കുന്നു
5..ഇങ്ങനൊക്കെ ആയിരിക്കെ ഒരു ജീവിത സംഹിതയായി മാറുന്നു.
ഭൗതികവാദി കൊണ്ടുവന്ന വാറോലകളിൽ ഈ പ്രത്യേകതകൾ വല്ലതുമുണ്ടോ?
എന്നാൽ ഖുർആന്റെ ഏറ്റവും വലിയ അമാനുഷികത വിസ്മയിപ്പിക്കുന്ന സാഹിത്യ സൗന്ദര്യമാണ്. പക്ഷേ അറബി ഭാഷയിൽ നല്ല കഴിവും സവിശേഷമായ സാഹിത്യ ഭിരുചിയും ഉള്ളവർക്ക് മാത്രമേ അത് മനസ്സിലാകൂ. അത്തരക്കാർക്ക് കേൾക്കുന്ന മാത്രയിൽ തന്നെ ഖുർആനിക സൗന്ദര്യവും അനുഭവവേദ്യമാകും. ഇക്കാര്യത്തിൽ ശത്രുക്കളുടെ സാക്ഷ്യം തന്നെ ധാരാളമുണ്ട്. (قصة وليد) മുസൈലിമ കൊണ്ട് വന്ന സൂറ:കളെ ശത്രു സമൂഹം തന്നെ പുഛിച്ച് തള്ളിയത് വെറുതെയല്ല.
എന്നാൽ സാഹിത്യവുമായി ബന്ധപ്പെട്ട ഖുർആനിക സൗന്ദര്യങ്ങളുടെ ചില പ്രത്യേകക ൾ കൂടി പറയാം. ഇതിൽ ഏതെങ്കിലും ഒന്ന് പോലും മറ്റെവിടെയും കാണാൻ കഴിയില്ല എന്ന് വാദിക്കുന്നില്ല.എന്നാൽ താഴെ പറയുന്ന സവിശേഷതകളെല്ലാം അടങ്ങിയ സാഹിത്യകൃതി മനഷ്യൻ കൊണ്ട് വരിക എന്നത് അസാധ്യമാണ്. നടേ പറഞ്ഞ പത്ത് പ്രത്യേകതൾക്ക് പുറമെയാണിത്.
1. പാരായണഭേദങ്ങൾ
2. അനനുകരണീയമായ ഗദ്യവും പദ്യവുമല്ലാത്ത ശൈലി.
3. കൃത്യമായ പദപ്രയോഗങ്ങൾ
4. അൽഭുതകരമായ പാരസ്പര്യം
5. ശബ്ദ സംവേദനം
6. നസ്ഖ്
7. ലിപി പരമായ സവിശേഷതകൾ
8. ശാസ്ത്ര സാഹിത്യം
9. ആശയ ബഹുലത
10. വൈരുധ്യങ്ങളുടെ അഭാവം
11. തെറ്റുകളിൽ നിന്ന് മുക്തം
12. സംഗീതാത്മകത
13. ഔഷധ മൂല്യം
14. വിഷയവൈവിധ്യം
15. പുത്തൻ ആവിഷ്കാരങ്ങൾ
16. ഉപാലങ്കാരങ്ങളുടെ വശ്യത
17. ആവർത്തനകളുടെ സൗന്ദര്യം
18. മൗനഭാഷണം
19. വശ്യത
20. അതീന്ദ്രിയ വിഷയങ്ങൾ
ഈ ലിസ്റ്റ് നീളും.ഇതൊന്നും യുക്തിവാദി കൊണ്ട് വന്ന ഈ സൂറ:കളിൽ ഇല്ല. ഖുർആനിലെ ഏറ്റക്കുറെ എല്ലാ സുറയിലും മേൽപറഞ എല്ലാം ഉണ്ട്. വല്ലതും ഉണ്ടെങ്കിൽ അത് ഖുർആനിൽ നിന്ന് അപ്പടി കോപ്പിയടിച്ചത് മാത്രം.
ആ വെല്ലുവിളി ഇപ്പോഴും അജയ്യമായി നില നിൽക്കുന്നു.
നാം നമ്മുടെ അടിമയുടെ മേൽ ഇറക്കിയ ഗ്രന്ഥത്തിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അതിനോട് തത്തുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടു വരൂ. അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സഹായികളേയും വിളിച്ചേക്ക്;നിങ്ങൾ സത്യവാന്മാരെങ്കിൽ!
നിങ്ങൾക്ക് സാധിച്ചിട്ടില്ലങ്കിൽ ഇനി സാധിക്കുകയുമില്ല. ജനങ്ങളും കല്ലുകളും കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങൾ ഭയന്ന് കൊള്ളൂ.അത് സത്യനിഷേധികൾക്കായി തയ്യാറാക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു.(അൽബഖറ:23,24)
❓ യുക്തിവാദി കൊണ്ടുവന്ന സൂറത്തുകളിൽ ഖുർആൻറെ അമാനുഷിക സവിശേഷതകൾ ഒന്നും തന്നെ ഇല്ല എന്ന് വ്യക്തമായി. എന്നാലും ഇവർ കൊണ്ടുവന്ന ചില 'സൂറത്തുകൾ ' വിശകലനം ചെയ്തു കൂടെ? ഏറെ പ്രചരിപ്പിക്കപ്പെട്ട ഒരു ഒരു സൂറത്താണ് ഇൽഹാദ് . ഇതിനെ ഒന്ന് ഖുർആനിലെ ഏതെങ്കിലും സൂറ: യുമായി കമ്പയർ ചെയ്യാമോ?
🅰 ഒരു രസത്തിന് വേണ്ടി യുക്തിവാദിയുടെ ഇൽഹാദിനെ ഖുർആനിലെ ഒരു സൂറയുമായി കമ്പയർ ചെയ്ത് നോക്കാം. എളുപ്പത്തിന് വേണ്ടി ഏതാനും ആയതുകൾ മാത്രം എടുക്കാം. ഇൽഹാദിലെ ആദ്യ വാചകം തുടങ്ങുന്നത് പോലുള്ള ഒരു വാചകം സൂറ: അൽ ബഖറ: യിലെ ഒരു ആയത്തിൽ ഉണ്ട്. ആ സൂക്തത്തെയാണ് താരതമ്യത്തിന് വേണ്ടി പരിഗണിച്ചിരിക്കുന്നത്. ഒരു സൂറ: കൊണ്ട് വരാനാണ് ഖുർആന്റെ വെല്ലുവിളി.
ആയത് ഇതാ
يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِنْ نَفْعِهِمَا وَيَسْأَلُونَكَ مَاذَا يُنْفِقُونَ قُلِ الْعَفْوَ كَذَلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ (219 سورة البقرة)
ഇതിനോട് തുല്യമെന്നോണം കൊണ്ട് വന്ന യുക്തിവാദ സാഹിത്യ വൈകൃതമിതാ.
و يسألونك عن الإلحاد قل فيه منافع كثيرة للناس.. قل إنه فكر حضاري متطور قائم على مبادئ حقوق الإنسان وتكافؤ الفرص و العلمانية .. قل هو بلسم و شفاء لمن أصابه عمى التدين و عجز الخرافات و عاهة الإيمان الغيبي .. إنما الصرع و الهلوسة و الإيمان بالغيبيات و رؤية الجان و معاشرة الرحمن ؛ بالإضافة إلى العنف و الانفعال و التسلط و الترهيب والإرهاب؛ أعراض داء الإدمان المرضي على التدين البليد التي يعتني بعالجها الإلحاد ( من سورة الإلحاد)
പല കാരണങ്ങളാൽ യുക്തിവാദി നിർമിച്ച ഈ 'സൂക്തങ്ങൾ ' ഖുർആനിനോട് തുല്യമല്ല?
1. തിരുനബിയെ പോലോത്ത അക്ഷരജ്ഞാനമില്ലാത്ത ഒരാൾ അല്ല സൂറ: ഇൽ ഹാദ് കൊണ്ടുവന്നത്. അക്ഷരജ്ഞാനമില്ലാത്ത നബിയാണ് ഖുർആനുമായി വന്നത്.
2.എത്ര പ്രചാരണം നടത്തിയിട്ടും സാഹിത്യ ലോകമോ പൊതുജനമോ ശത്രുക്കൾ പോലുമോ ഇൽഹാദ് ഏറ്റടുത്തില്ല. ജനിച്ച ഉടനെ മരിക്കേണ്ട ദുർവിധിയാണ് ഈ പാവം സൂറത്തിന് ഉണ്ടായത്. എന്നാൽ ഖുർആനിലെ സൂക്തങ്ങളാവട്ടെ പതിനാല് നൂറ്റാണ്ടുകൾക്ക് ശേഷവും കോടിക്കണക്കിന് ജനങ്ങളുടെ ചുണ്ടിലും ഹൃദയങ്ങളലും പ്രവർത്തനങ്ങളിലും നിറഞ്ഞുനിൽക്കുന്നു. അവരുടെ ജീവിത വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നു
3. ഇൽഹാദ് ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നാൽ മദ്യത്തിലും ചൂതാട്ടത്തിലും ജീവിതം തുലച്ച ഒരു ജനതയെ ലഹരിയുടെ ദംഷ്ട്രകളിൽ നിന്ന് മോചിപ്പിച്ച്, അതിന്റെ ശത്രുക്കളാക്കി തീർക്കുകയും ചരിത്രത്തിൽ മദ്യ മുക്തമായ സമൂഹത്തെ വാർത്തെടുക്കുകയും ചെയ്തു
4. ഗദ്യമോ പദ്യമോ അല്ലാത്ത ശൈലിയിലാണ് ഖുർആൻ. എന്നാൽ ഒരു നിലവാരമില്ലാത്ത ആധുനിക അറബി ഗദ്യത്തിന്റെ ഒരു പാഴ് കഷ്ണം മാത്രമാണ് ഇൽഹാദ്
5. ഖുർആൻറെ സംഗീതത്മ ഒട്ടുംതന്നെ ഈ രചനക്കില്ല എന്നത് എന്നത് വ്യക്തമാണ്.
6. ഖുർആനിക സൂക്തം സാഹിത്യ ഭംഗികൊണ്ട് സമൃദ്ധമാണ്.طباق، حذف،إيجاز التفات എന്നിങ്ങനെ പല സാഹിത്യ സങ്കേതങ്ങളും ഖുർആനിക സൂക്തത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഇൽഹാദിൽ ഒരു ചുക്കമില്ല
7. 'അവർ ചോദിക്കുന്നു' ' നീ പറയുക 'എന്നത് ഖുർആന്റെ ഒരു ആഖ്യാന ശൈലിയാണ്.അത് ഖുർആന്റെ പുത്തൻ ആവിഷ്കാരവുമാണ്. എന്നാൽ ഇയാൾ അത് അപ്പാടെ കോപ്പിയടിച്ചിരിക്കുന്നു.
8. അവിടെ ഓരോ സർവ്വനാമങ്ങൾക്കും യാഥാർത്ഥമായ ഒരു അസ്തിത്വമുണ്ട്. ആ ചോദ്യങ്ങളൊക്കെ നടന്നതുമാണ്. എന്നാൽ ഇവിടെ ആരാണ്? അത് സത്യമാണോ?
9. ഖുർആൻ ഒരു സൂക്തത്തിൽ തന്നെ രണ്ട് വിഷയങ്ങളെക്കുറിച്ച് രണ്ട് കാര്യങ്ങൾ പറയുന്നു. എന്നിട്ട് അവയെ താരതമ്യം ചെയ്ത് ധാർമ്മോപദേശം നൽകുന്നു. എന്നാൽ യുക്തി വാദി എല്ലാ ആയതിലും കൂടി ഒരു വിഷയത്തെക്കുറിച്ച് ഒരു കാര്യം മാത്രം പറയുന്നു.
10. ചൂതാട്ടത്തെക്കുറിച്ചും കള്ളിനെ കുറിച്ചും ഖുർആൻ പറയുന്ന കാര്യങ്ങൾ സത്യമാണ്. യുക്തിവാദി പറയുന്നത് നുണയാണ്.
11. ഇൽഹാദിൽ ആവർത്തന വിരസത ചടപ്പിക്കുന്നു; ഖുർആൻ വിഷയ വൈവിധ്യം കൊണ്ട് ത്രസിപ്പിക്കുന്നു.
12. ഖുർആനിലുള്ളത് സാമൂഹ്യ നന്മക്കാവശ്യമായ സാരോപദേശങ്ങൾ.(ലഹരി,ചൂതാട്ടം, എന്നീ സാമൂഹൃ തിന്മകളോട് ചെറുത്ത്നിൽപ്പ്, സ്വ കുടുംബത്തെ പരിപാലിക്കുന്നതോടൊപ്പം മറ്റുള്ളവർക്കായി ചെലവഴിക്കണമെന്ന നിർദ്ദേശം) ഇൽ ഹാദിലുള്ളതോ ജനങ്ങളെ തോന്ന്യാസികളാക്കുന്ന വിഷവാദങ്ങൾ മാത്രം
13. ഖുർആൻ മനഃശാസ്ത്രപരമായി ജനങ്ങളോട് സംവദിക്കുന്നു. ലഹരിയുടെ ഗുണം സമ്മതിച്ച് ആദ്യം പ്രേക്ഷകരെ അനുനയിപ്പിച്ച് ദോഷം ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കുന്നു. എന്നാൽ അന്ന്ധമായ ആക്ഷേപമാണ് ഇൽഹാദിൽ.
14. ഈ ഖുർആനിക സൂക്തങ്ങൾ ചരിത്രത്തിൽ അൽഭുതം സൃഷ്ടിച്ചു; എന്നാൽ യുക്തിവാദിയുടേത് മനുഷ്യർ അറിഞ്ഞിട്ടുപോലുമില്ല.
15. പതിനാല് നൂറ്റാണ്ട് കഴിഞ്ഞിട്ടും പരകോടി വിശ്വാസികളുടെ മനസ്സിൽ ഭവ്യതയോടെ ഈ സൂക്തങ്ങൾ ഹൃദിസ്ഥമാണ്. എന്നാൽ കർത്താവിന് പോലും ഇൽഹാദ് അറിയണമെന്നില്ല.
16. ഖുർആനിക സൂക്തത്തിൽ ഒരു പാട് കാര്യങ്ങൾ പറയാതെ പറയുന്നുണ്ട്; എന്നാൽ ഇൽ ഹാദിൽ പല ഒരേ കാര്യം പല രൂപത്തിൽ പറഞ്ഞ് വെറുപ്പിക്കുന്നു.
17. و،كثيرة, قل, بلسم , عجز الخرافات, و عاهة الإيمان الغيبي .. الصرع ، الهلوسة، الإيمان بالغيبيات و رؤية الجان ،معاشرة الرحمن ؛ العنف و الانفعال و التسلط و الترهيب
എന്നിവയിൽ പല പദങ്ങളും അനാവശ്യങ്ങളാണ്. ഖുർആനിൽ അനാവശ്യം ഒന്നുമല്ല.
18. يعتني بعالجها الإلحاد
എന്നതിൽ ഭാഷാ പരമായി പ്രശ്നങ്ങളുണ്ട്. ഖുർആനിൽ പ്രശ്നങ്ങളേതുമില്ല.
19. സൂറ: അൽ ബഖറ: യിലാണ് മേൽ സൂക്ത മുള്ളത്. അതിൽ അന്നത്തെ ശാസ്ത്രത്തിന് എത്തിപ്പെടാനാവാത്ത പല ശാസത്രാൽഭുതങ്ങളുണ്ട്. എന്നാൽ ഇൽഹാദിൽ ഇന്നത്തെ ശാസ്ത്രം എത്തിപ്പെടാത്ത ഒരു ശാസത്ര ജ്ഞാനവുമില്ല; എത്തിപ്പെട്ടത് തന്നെയില്ല.
20. സുറ: അൽ ബഖറ:യിൽ നബിക്ക് ഭൗതിമായി അറിയാൻ മാർഗ്ഗമില്ലാതിരുന്ന പല ചരിത്രങ്ങളും പറയുന്നുണ്ട്. യുക്തിവാദി തന്നെ പടച്ചുണ്ടാക്കിയ ചില വ്യക്തിവിശേഷങ്ങൾ മാത്രമേ ഇൽ ഹാദിലുള്ളൂ..
21. സൂറ: ബഖറ:യിൽ ആയിരത്തോളം പെരുമാറ്റ ചട്ടങ്ങളുണ്ട്; ഇൽ ഹാദിൽ ഒരു വ്യവസ്ഥയുമില്ല; വ്യവസ്ഥ വേണ്ട; തോന്ന്യാസം മതി എന്നതിന്റെ പേരാണല്ലോ യുക്തിവാദം.