ദൈവാസ്തിക്യവും അനന്ത പശ്ചാത്ഗമനവും
പ്രപഞ്ചത്തിന്റെ ഉണ്മയുമായി ബന്ധപ്പെട്ട് മൂന്നാലൊരു സാധ്യതയാണ് നിലനിൽക്കുന്നത്.
ഒന്ന്: മുമ്പ് നിലവിലില്ലാതിരുന്ന പ്രപഞ്ചം പിന്നീട് നിലവിൽ വരിക.
രണ്ട്: അനാദിയിൽ പ്രപഞ്ചം സർവ നിശ്ചലമായി നിലകൊള്ളുകയും പിന്നീടൊരു സുപ്രഭാതത്തിൽ അത് ചലനമാരംഭിക്കുകയും ചെയ്യുക.
മൂന്ന്: അനാദിയിലേ നിലവിലുണ്ടായിരുന്ന പ്രപഞ്ചം അനന്ത ചലനങ്ങൾ പിന്നിട്ട് നിലവിലെ സ്ഥിതിയിൽ എത്തിച്ചേരുക.
രണ്ടും മൂന്നും സാധ്യതകൾ യുക്തിരഹിതമാണ്. എങ്കിൽ, പ്രപഞ്ചം മുമ്പുണ്ടായിരുന്നില്ല എന്ന് വന്നു. ഇല്ലാത്തത് തനിയെ ഉണ്മയിലേക്ക് വരില്ലെന്നു വ്യക്തം. ഇല്ലാതിരുന്ന പ്രപഞ്ചത്തെ ഉണ്മയിലേക്ക് കൊണ്ടുവന്നവനാണു ദൈവം.
രണ്ടാം സാധ്യത എന്തുകൊണ്ട് യുക്തിരഹിതമാകുന്നുവെന്ന് പരിശോധിക്കാം. അനാദിയിൽ നിശ്ചലമായി നിന്നിരുന്ന പ്രപഞ്ചം ചലിക്കാൻ തുടങ്ങിയെന്നാൽ അനാദിയായ നിശ്ചലത ഇല്ലാതായി എന്നാണർത്ഥം. എന്നാൽ ഒരു അനാദിയും ഇല്ലാതാകൽ സാധ്യമല്ല. എന്തുകൊണ്ടെന്നാൽ, അനാദി ഒന്നെങ്കിൽ, ഉണ്മ അനിവാര്യമായത് (Necessary) അല്ലെങ്കിൽ ഉണ്മയും ഇല്ലായ്മയും സാധ്യമായത് (contingent) എന്നീ രണ്ടാലൊരു ഗണത്തിലാണ് ഉൾപ്പെടുക.
ഉണ്മയും ഇല്ലായ്മയും സാധ്യമായതാണ് അതെങ്കിൽ, ഇല്ലായ്മയെക്കാൾ ഉണ്മയ്ക്ക് പ്രാമുഖ്യം നൽകിയ ഒരു കാരണം (Cause) അതിനു വേണം. ഉണ്മയുടെ കാരണം ഉണ്മയ്ക്കു ശേഷം നിലവിൽ വന്നതായിരിക്കാൻ നിർവാഹമില്ലെന്നു വ്യക്തം. എങ്കിൽ അനാദി അനാദ്യ കാരണത്താൽ നിലനിൽക്കുന്നതാകും. പ്രസ്തുത കാരണവും ഇതുപോലെയാണെങ്കിൽ മറ്റൊരു കാരണം. അതും ഇതുപോലെയാണെങ്കിൽ മൂന്നാമതൊരു കാരണം.
ഇങ്ങനെ അനന്തതയിലേക്ക് പശ്ചാത്ഗമിക്കാതിരിക്കാൻ (അനന്തപശ്ചാത്ഗമനം അസാധ്യമാണ്. കാരണം; അത് അർത്ഥമാക്കുന്നത് അനന്ത കാര്യങ്ങൾ നിലവിൽ വന്നു കഴിഞ്ഞു എന്നാണ്. അതു സാധ്യമല്ലെന്ന് വഴിയെ വിവരിക്കുന്നുണ്ട്) അനിവാര്യ ആസ്തിക്യം കൈവശമുള്ള ഒരു കാരണത്തിൽ അത് അവസാനിച്ചിരിക്കണം. അനിവാര്യ കാരണം അവലംബിച്ച് നിലനിൽക്കുന്ന ഒരു കാര്യവും ഇല്ലാതാകില്ലതാനും. കാരണം നിലനിൽക്കുമ്പോഴെല്ലാം കാര്യം നിലനിൽക്കുമെന്നതാണ് അതിനു കാരണം. അനാദി, Contingent (ഉണ്മയും ഇല്ലായ്മയും സാധ്യമായത്) ആയാൽ പോലും ഇല്ലാതാവുക സാധ്യമല്ലെന്ന് ഇപ്പോൾ സ്ഥിരപ്പെട്ടു. Necessary (ഉണ്മ അനിവാര്യമായത്) ആണെങ്കിൽ പറയാനുമില്ല.
ഇനി, പ്രപഞ്ചം അനന്ത ചലനങ്ങൾ പിന്നിട്ട് നിലവിലെ സ്ഥിതിയിൽ എത്തിച്ചേർന്നുവെന്ന മൂന്നാം സാധ്യത എങ്ങനെ യുക്തിരഹിതമാകുമെന്ന് പരിശോധിക്കാം.
ഒരു വസ്തു ഒരു പോയിന്റിൽ നിന്ന് എത്ര മുന്നോട്ടു ഗമിച്ചാലും അനന്തതയിലേക്ക് എത്തുകയില്ല. തഥൈവ, അനന്തതയിൽ നിന്ന് പ്രയാണം ചെയ്ത് പ്രസ്തുത പോയിന്റിൽ എത്തിച്ചേരലും സാധ്യമല്ല. കാരണം ഇവിടെനിന്ന് അങ്ങോട്ടുള്ള അതേ അകലമാണ് അവിടെനിന്ന് ഇങ്ങോട്ടുമുള്ളത്. മാത്രവുമല്ല അനന്തതയിലേക്ക് എത്തുകയെന്നാൽ അവസാനമില്ലായ്മയിൽ അവസാനിക്കുക എന്നാണർത്ഥം. തഥാ, അനന്തതയിൽ നിന്ന് പ്രയാണം ചെയ്യുകയെന്നാൽ തുടക്കമില്ലായ്മയിൽ നിന്ന് പ്രയാണം തുടങ്ങുകയെന്നാണ് അർത്ഥം. അവസാനമില്ലായ്മയിൽ അവസാനിക്കലും തുടക്കമില്ലായ്മയിൽ നിന്ന് തുടങ്ങലും വൈരുദ്ധ്യങ്ങളാണെന്നു വ്യക്തം.
അനന്ത കാര്യങ്ങൾ അസാധ്യമാണെന്ന് സ്ഥാപിക്കുന്ന പ്രഖ്യാതമായ ഒരു തെളിവ് (ബുർഹാനു ത്തത്വ്‌ബീഖ്) കൂടി ഉദാഹരണത്തിലൂടെ വിവരിച്ച് ഇതിവിടെ അവസാനിപ്പിക്കാം.
നമ്മുടെ മുന്നിൽ അനന്തമായ കസേരകൾ നിരന്നു കിടക്കുന്നുവെന്ന് കരുതുക. ഓരോ കസേരയിലും ഒരാൾ ഇരുപ്പുറപ്പിച്ചിരിക്കുന്നു. കസേരകളും ഇരുത്തക്കാരും ഇപ്പോൾ എണ്ണത്തിൽ തുല്യം. അങ്ങനെയിരിക്കെ ഇങ്ങേ അറ്റത്തെ കസേരയിൽ ഇരുന്ന കുഞ്ഞാലി എന്തോ ആവശ്യത്തിന് എഴുന്നേറ്റുപോയി. ഇതോടെ ഇരുത്തക്കാരുടെ എണ്ണത്തേക്കാൾ കസേരകളുടെ എണ്ണത്തിൽ ഒന്നിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അദ്ദേഹം എഴുന്നേൽക്കേണ്ട താമസം പിന്നിലെ കസേരയിൽ ഇരുന്നിരുന്ന കുഞ്ഞഹമ്മദ് പ്രസ്തുത കസേരയിലേക്ക് കയറി ഇരുന്നു. അപ്പോൾ തന്നെ അതിനു പിന്നിലിരുന്ന ആൾ രണ്ടാം കസേരയിലേക്കും നാലാം കസേരയിൽ ഇരുന്ന ആൾ മൂന്നാം കസേരയിലേക്കും മാറി. അങ്ങനെ എല്ലാവരും താൻ ഇരുന്നിരുന്ന കസേരയിൽ നിന്ന് മുന്നിലെ കസേരയിലേക്ക് മാറി ഇരുന്നു.
ഇപ്പോൾ അങ്ങേ ദിശയിൽ ഒന്നെങ്കിൽ ഇരുത്തക്കാരുടെ എണ്ണം കസേരകളുടെ എണ്ണത്തേക്കാൾ കുറവാണ് അല്ലെങ്കിൽ രണ്ട് എണ്ണവും തുല്യമാണ്. തുല്യമാണെന്ന് പറയാൻ നിർവാഹമില്ല. കാരണം മാറിയിരിക്കും മുമ്പ് കസേരകളുടെ എണ്ണത്തിൽ ഒന്നിന്റെ വർദ്ധനവും ഇരുത്തക്കാരുടെ എണ്ണത്തിൽ ഒന്നിന്റെ കുറവുമുണ്ടായിരുന്നുവല്ലോ. മാറിയിരുന്നതുകൊണ്ട് മാത്രം പ്രസ്തുത എണ്ണത്തിൽ മാറ്റം വരില്ലല്ലോ.
എങ്കിൽ അങ്ങേ ദിശയിൽ കസേരകളുടെ എണ്ണത്തേക്കാൾ ഇരുത്തക്കാരുടെ എണ്ണത്തിൽ ഒന്നിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. എങ്കിൽ അവിടെ എത്തുന്നതോടെ ഇരുത്തക്കാരുടെ ശൃംഖല അവസാനിച്ചു. കസേരകൾ ഇരുത്തക്കാരേക്കാൾ ഒരെണ്ണം കൂടുതലുണ്ട്. അതുകഴിയുന്നതോടെ പ്രസ്തുത ശൃംഖലയും അവസാനിക്കുകയായി. വസ്തുക്കൾ അനന്തമാണെന്ന് കരുതിയാൽ അനന്തമല്ലാതായിത്തീരുന്ന വൈരുദ്ധ്യാത്മകതയാണിത്. ഈ തെളിവ് അപ്ലൈ ചെയ്യാൻ ഒരു അനന്ത ശൃംഖലയോട് അതേ ശൃംഖലയുടെ ഭാഗമോ അല്ലാത്തതോ ആയ മറ്റൊരു അനന്തശൃംഖല ചേർത്തു വെച്ചാൽ മതിയാകും.
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി