തിരുനബിയുടെ ﷺ യുടെ അടിമകളോടുള്ള സമീപനം: വസ്തുതകളും യുക്തിയും
ഇസ്‌ലാം നിത്യ നൂതന പ്രത്യയശാസ്ത്രമാണ്. പരിപൂർണ്ണവും, സമഗ്രവുമായ ഇസ്‌ലാമിന്റെ നിയമ വ്യവസ്ഥകൾ ഏതു കാലത്തും യാതൊരു രീതിയിലുള്ള മാറ്റത്തിരുത്തലിലേക്കും ആവശ്യമാവാത്ത വിധം മികച്ചു നിൽക്കുന്നതായിരിക്കും. അത്തരത്തിൽ, അടിമത്തവുമായി ബന്ധപ്പെട്ട തിരുനബിയുടെ (സ്വ) ദീർഘവീക്ഷണവും, നിലപാടുകളും, നടപടികളും നിസ്തുലമാണ്. പാടെയുള്ള അടിമ മോചനം നടപ്പിൽ വരുമ്പോഴാണ് അടിമ സമ്പ്രദായത്തിന് പൂർണ്ണാർത്ഥത്തിലുള്ള പരിഹാരം കൈവരുന്നത്. എന്നാൽ, അത്തരത്തിലുള്ളൊരു അടിമ മോചന പ്രഖ്യാപനത്തിനു മുമ്പ്
''അടിമത്തം'' എന്ന വാചകം ഉൾക്കൊണ്ടിരുന്ന അധാർമികമായ ആശയ തലങ്ങളെ വളരെ മനോഹരമായി തിരുത്തി എഴുതുക എന്നതാണ് അവിടുന്ന് ആദ്യം ചെയ്തത്. ഈ തിരുത്തലുകൾക്ക് ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിരുന്നു. അവകളെ ഓരോന്നും പ്രവാചകർ (സ്വ) കൃത്യമായി പരിഹരിച്ചു. ഘട്ടം ഘട്ടമായി അടിമകളെ സമൂഹത്തിലെ ഒരു ഭാഗമാക്കി അഥവാ അവരും “മനുഷ്യർ” ആണെന്ന് തിരുത്തി എഴുതി. അവർക്കുള്ള
അവകാശങ്ങൾ നൽകി. അവരെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചു. അവർ നേരിട്ട വിവേചനങ്ങൾക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും പ്രതികരിച്ചു. യുദ്ധത്തിലൂടെ മാത്രമേ അടിമകൾ രൂപപ്പെടാവൂ എന്ന വിധി കൊണ്ട് വന്നു. അടിമ മോചനത്തിനുള്ള അനേകം പഴുതുകൾ അധ്യാപനം ചെയ്ത് അടിമകളെ മോചിപ്പിക്കാൻ കൊതിക്കുന്ന സമൂഹത്തെ വാർത്തെടുക്കുകയും ചെയ്തു.
എന്താണ് അടിമത്തം?
ഒരു മനുഷ്യൻ ഏതെങ്കിലും രീതിയിലുള്ള അധികാരത്തിനു സമ്പൂർണ്ണമായി വിധേയമായിത്തീരുന്ന അവസ്ഥയാണ് അടിമത്തമെന്ന് ലളിതമായി നിർവചിക്കാം. അങ്ങനെ ശരീരവും, ജീവനും, കുടുംബവും അന്യന്റെ കീഴിൽ ആവുന്ന അടിമയുടെ അവസ്ഥ അധികാരത്തിന്റെ തോത് അനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമാവും. കുറഞ്ഞ രീതിയിൽ അവകാശങ്ങൾ ഉണ്ടാവുകയോ, അവകാശങ്ങൾ പാടെ നിഷേധിക്കപ്പെടുകയോ ഉണ്ടാവാം. എന്തായാലും, അടിമ ഉടമയുടെ “കേവല വസ്തു” ആണെന്നുള്ള പൊതുബോധം അടിമ സമ്പ്രദായത്തിൽ ഉടനീളം നിഴലിച്ചു കാണാൻ സാധിക്കും. തട്ടിക്കൊണ്ടുവരിക, കടം വീട്ടാതിരിക്കുക, പരസ്പര പോരിൽ പരാജയപ്പെടുക തുടങ്ങി പലകാരണങ്ങളാലും അടിമകൾ രൂപപ്പെട്ടിട്ടുണ്ട്. ഈ അടുത്ത കാലം വരെയും അടിമത്തം നിലനിന്നിരുന്നുവെന്ന് പഠനങ്ങൾ പറയുന്നുമുണ്ട്. ഇങ്ങനെ രൂപപ്പെടുന്ന അടിമകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സാമൂഹികം, കുടുംബം, യജമാനന്മാരിൽ നിന്നുള്ളവകൾ തുടങ്ങി വിശാലമായി കിടക്കുകയാണ്. അതിനു പുറമെ പ്രത്യേക പരാമർശം അർഹിക്കുന്നതാണ് അവർ നേരിടേണ്ടി വന്ന വർണ്ണ, ജാതി, വർഗ വിവേചനങ്ങൾ.
മാനുഷിക പരിഗണന ലഭിക്കാത്തത് സാമൂഹികമായി അടിമകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. അവർക്ക് ജാതിയുള്ളതായും, മതമുള്ളതായും പരിഗണിക്കപ്പെടുന്നില്ല. ബന്ധങ്ങളുമില്ല. നിയമത്തിന്റെ കണ്ണുകളിൽ അവരുടെ ഇടം പാടെ നിഷേധിക്കപ്പെടുന്നു. ഇങ്ങനെ നിഷേധിക്കപ്പെട്ടതിനാൽ ഉണ്ടായത്തീർന്ന പ്രശ്നങ്ങളിൽ വളരെ പ്രധാനമാണ് അടിമകളുടെ മാനസിക നില. മറ്റ് ബന്ധങ്ങൾ നിഷേധിക്കപ്പെട്ടപ്പോൾ ''ഉടമയാണ് എന്റെ ലോകം'' എന്ന് മുദ്രകുത്തപ്പെടും. അഥവാ, ക്രമേണ ഒരു ഉടമയിൽ നിന്നും ഓടിപ്പോകുന്ന അടിമക്ക് തന്റെ ജീവിതം ദുസ്സഹമായിത്തീരും. കുടുംബ ബന്ധമില്ലായ്മ ഈ പൊതുബോധം ദൃഢമാവാൻ ഹേതുവായി എന്ന് അനുമാനിക്കാം. അടിമകളുടെ സാമൂഹികമായ പ്രശ്നങ്ങളെ കുറിച്ച് പറയുമ്പോൾ അരിസ്റ്റോട്ടിലിന്റെ ''തിയറി ഓൺ സ്ലേവറി'' ഇവിടെ ചേർത്തു വായിക്കേണ്ടതാണ്.
“Slaves were living tools” എന്നാണ് അദ്ദേഹം പ്രസ്ഥാവിച്ചത്. ഒരു രാഷ്ട്ര തന്ത്ര പിതാവിന് അടിമകളെ സഹജീവികളായിട്ടു പോലും കാണാൻ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. അതിനോടൊപ്പമാണ് യജമാനന്മാരുടെ അതിക്രമങ്ങളും അടിമകൾ നേരിടേണ്ടി വരുന്നത്. അവർക്ക് വിദ്യ അഭ്യസിക്കാൻ അവസരം ഒരുക്കി കൊടുക്കുവാനോ, മാനുഷിക പരിഗണന നൽകുവാനോ, ഒരു കുടുംബം നൽകാനോ,അടിമവേല ഒരു ജോലിയാണെന്ന പോലെ കാണാൻ പോലും യജമാനരുടെ മാനസിക നില സമ്മതിച്ചില്ല. ചിലപ്പോയൊക്കെ സാമ്പത്തിക മേഖലയിലെ ഉയർച്ചയുടെ പ്രധാന ആശ്രയം അടിമ സമ്പ്രദായമാണ്. അത് കൊണ്ട് തന്നെ, ഉടമകൾക്ക് അടിമകളെ തന്റെ കീഴിൽ പരമാവധി സംഭരിക്കാനായിരുന്നു താല്പര്യം.
ഒരു ഉപയോഗ വസ്തു മാത്രമായി കാണപ്പെട്ടിരുന്ന അടിമകൾക്ക്, തന്റെ താല്പര്യം തീർക്കാൻ, സ്നേഹത്തോടെ ഒരു തലോടൽ ലഭിക്കാൻ, സങ്കടങ്ങൾ പങ്കു വെക്കാൻ കുടുംബ ജീവിതമില്ല. ഇത് മുഖേന മാനസികമായുള്ള വളർച്ച പോലും അവർക്ക് അന്യമാവുന്നു. പല തെറ്റുകളിലേക്കും ചെന്നെത്താൻ കാരണമാവുന്നു. ആകയാൽ, അടിമത്ത സമ്പ്രദായം ഉൾവഹിക്കുന്ന ഇത്തരം തെറ്റായ ഉള്ളടക്കങ്ങൾ തിരുത്തപ്പെടാൻ ഒരുപാട് പ്രതിസന്ധികൾ ഉണ്ടെന്നാണ് ഇത്രയും പറഞ്ഞതിൽ നിന്നും ലക്ഷ്യമിട്ടത്. ഈ പ്രശ്നങ്ങളിൽ വലിയൊരു ഭാഗം പരിഹാരിക്കപ്പെടാൻ യചമാനന്മാരെ സംസ്‌ക്കരിക്കൽ വളരെ പ്രധാനമായിരുന്നു. പ്രവാചകർ (സ്വ) ഈ വിഷയം കൈകാര്യം ചെയ്തത് എങ്ങനെയെന്ന് നോക്കാം.
സൃഷ്ടാവായ അല്ലാഹുവിൽ നിന്നും വലിയ പ്രതിഫലം ലഭിക്കുന്ന ചിലരെ തിരുനബി (സ്വ) പരിചയപ്പെടുത്തുകയുണ്ടായി. ആക്കൂട്ടത്തിൽ മൂന്നാമതായി അവിടുന്ന് പരിചയപ്പെടുത്തിയത് ഒരു യജമാനനെയാണ്. എന്തായിരുന്നു ഈ യജമാനന്റെ പ്രത്യേകത? അദ്ദേഹം ആ അടിമപ്പെണ്ണിനു മര്യാദകളെയും, ധാർമിക മൂല്യങ്ങളെയും, നിർബന്ധവും അഭിലഷണീയമായവുമായ അറിവുകളെയും പഠിപ്പിച്ചു. മാത്രവുമല്ല ആ അധ്യാപനത്തിൽ ഏറ്റവും നല്ലതും, സ്നേഹവും നിറഞ്ഞ വഴിയായിരുന്നു സ്വീകരിച്ചത്. ശേഷം ആ അടിമപ്പെണ്ണിനെ മോചിതയാക്കുകയും അദ്ദേഹം തന്നെ വിവാഹം ചെയ്യുകയും ചെയ്തു.¹ നോക്കൂ യുക്തി ഭദ്രമായ ഒരു നീക്കം നമുക്കിവിടം വീക്ഷിക്കാൻ സാധിക്കുന്നുണ്ട്. അടിമ സമൂഹം അനുഭവിക്കുന്ന, നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളെ ഉടമകളെ സംസ്കരിക്കുക വഴി ലളിതമായി തിരുനബി (സ്വ) സാധിച്ചെടുക്കുകയാണ് ഇവിടെ. മക്കൾക്ക് മാതാപിതാക്കൾ ചെയ്തു കൊടുക്കേണ്ട നിർബന്ധ ബാധ്യതകൾ പോലെ, ഉടമക്ക് തന്റെ അടിമയുടെ മേലും ചിലത് ചെയ്തു കൊടുക്കേണ്ടതുണ്ടെന്ന് പറയാതെ പറയുകയാണ് ഈ അധ്യാപനം. അറിവ് ജീവനാണല്ലോ, ഒരു മനുഷ്യനായി മാറാൻ പ്രധാന ഘടകം കൂടിയാണ് അത്. തന്റെ കീഴിലെ അടിമപ്പെണ്ണിന് മര്യാദകളും, ധാർമിക മൂല്യങ്ങളും പഠിപ്പിച്ചു കൊടുക്കാനാണ് തിരുദൂതരുടെ (സ്വ) അധ്യാപനത്തിലെ ആദ്യ കല്പ്പന. അഥവാ, അവളുടെ മാന്യത കാത്തു സൂക്ഷിക്കാൻ ഉതകുന്നതും അത് മുഖേന അവളുടെ സ്വഭാവം, പെരുമാറ്റം, മറ്റെല്ലാ പ്രവർത്തനങ്ങളും നന്മയിൽ ഊന്നിയതായി ക്രമീകരിക്കാൻ സഹായിക്കുന്നതുമായ മര്യാദകൾ.
അതോടൊപ്പം, ആരാധന വിഷയങ്ങൾ സംബന്ധിയായ നിർബന്ധ അറിവുകൾ, മറ്റ് അഭിലഷണീയമായ അറിവുകൾ, ഇടപാടുകളിൽ പാലിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയും അവർക്ക് നൽകാനും, അത് കരസ്തമാക്കാനുള്ള അവസരം ഒരുക്കി കൊടുക്കാനും ഉടമകളോട് ഇവിടെ കല്പ്പന നടത്തുന്നത്. മാത്രവുമല്ല, ഈ അധ്യാപനങ്ങളിൽ അവരോട് സ്വീകരിക്കേണ്ട രീതി ഉന്നതമായ രീതിയാവുകയും വേണം. അവരെ അടിക്കുന്നതിൽ പോലും മിതത്വം പാലിക്കണം എന്നാണ് തിരുദൂതരുടെ (സ്വ)
വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കുക.
അറിവ് പകർന്നു നൽകിയ ശേഷം പറഞ്ഞത് അവർക്ക് കുടുംബ ജീവിതം നൽകുന്നതിനെ പറ്റിയാണ്. ഇത്തരത്തിൽ ആ അടിമ പെണ്ണിനെ ഉയർത്തിക്കൊണ്ട് വന്ന്, മോചിതയാക്കുകയും ശേഷം വിവാഹം കഴിക്കുകയും ചെയ്താൽ ഉടമക്ക് രണ്ട് വണ്ണമായ പ്രതിഫലമാണ് വാഗ്ദാനം.
ആകയാൽ, ഉടമകൾക്ക് കൃത്യവും, ദൂര വ്യാപകമായ നന്മകൾക്ക് ഹേതുവാകുന്നതുമായ ഒരു മാർഗ്ഗരേഖയാണ് ഇത്തരം ഇടപെടലുകളിലൂടെ തിരുനബി (സ്വ) വരച്ചു കാണിച്ചത്.
ഇവകൾക്ക് പുറമെ, പല വിധേന അടിമ ഉടമ ബന്ധത്തെ തിരുദൂതർ (സ്വ) ധാർമിക വൽക്കരിച്ചിട്ടുണ്ട്. അടിമ വേലയെ വെറുമൊരു ജോലിയായി മാത്രം കാണാൻ ഉടമകളെ സജ്ജമാക്കുന്നതിൽ ഇസ്‌ലാം ശ്രദ്ധിച്ചു.
മാതാപിതാക്കൾക്ക് നിങ്ങൾ ഗുണം ചെയ്യണം എന്നു പറഞ്ഞ ശേഷം അതേ സൂക്തത്തിൽ തന്നെ അടിമകൾക്ക് ഗുണം ചെയ്യണമെന്നും ഖുർആൻ അധ്യായം നിസാഅ്, മുപ്പത്തി ആറാമത് സൂക്തത്തിലൂടെ കൽപ്പിക്കുന്നതായി കാണാം. പ്രസ്തുത ഗുണം ചെയ്യലിന്റെ വ്യാപ്തി അവരോടുള്ള അഭിസംബോധനയിൽ വരെ പ്രകാശിച്ചു നിൽക്കണമെന്ന് ഇസ്‌ലാം നിർദ്ദേശിച്ചു. “നിങ്ങൾ എല്ലാവരും അള്ളാഹുവിന്റെ അടിമകളായത് കൊണ്ട് തന്നെ, നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമകളെ “അടിമകൾ” എന്ന് വിളിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധ പുലർത്തണം. മറിച്ച്, മകൾ/മകൻ എന്നിങ്ങനെ വേണം വിളിക്കാം” ഇതാണ് തിരുനബി (സ്വ) യുടെ കല്പന.²
അഥവാ, അടിമകളെ ഉടമയുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ കാണുകയാണ് വേണ്ടതെന്നു പ്രവാചകർ (സ്വ). ഇത്തരം കല്പനകളോടൊപ്പം തന്നെ, എല്ലാവരും അള്ളാഹുവിന്റെ അടിമകൾ ആണെന്ന ഇസ്‌ലാമിന്റെ അടിസ്ഥാന വശം കൂടി ചേർത്ത് വെച്ചുള്ള ഇടപെടൽ ഉടമകളിൽ ഏറെ ഫലം സൃഷ്ടിച്ചു. അങ്ങനെയൊരു രു ശൈലിയിലുള്ള ഉപദേശം സ്വീകരിക്കാതിരിക്കാൻ പ്രയാസമായതാണ്. ഇത് കാരണം, ധാരാളം അടിമ മോചനങ്ങൾ നടക്കുകയും ചെയ്യും.
അടിമകൾക്ക് തന്റെ ജീവിതത്തിൽ സ്നേഹത്തോടെയുള്ള ഒരു വിളി സമ്മാനിക്കാൻ കഴിഞ്ഞതിൽ ഇസ്‌ലാമിക ഇടപെടലുകൾക്കുള്ള പങ്ക് ഏറെ വലുതാണ്. ജോലി ഭാരങ്ങൾക്കിടയിൽ, വേദനകൾക്കിടയിൽ, പ്രയാസങ്ങൾക്കിടയിൽ കരുണ നിറഞ്ഞ സമീപനം പ്രകടിപ്പിക്കാൻ ഉടമകളെ തിരുദൂദർ (സ്വ) പാകപ്പെടുത്തിക്കൊണ്ടിരുന്നു.
തിരുനബി (സ്വ) പറഞ്ഞു: “അടിമകൾ നിങ്ങളുടെ സഹോദരങ്ങളാണ്. അവർക്ക് നല്ല ഭക്ഷണവും നല്ല വസ്ത്രവും നൽകുക. അവരോട് കടുപ്പമുള്ള ജോലികൾ കൊണ്ട് കീർത്തിക്കാൻ പാടില്ല. അങ്ങനെ കൽപ്പിക്കുകയാണെങ്കിൽ താങ്കളും ആ ജോലി പൂർത്തിയാക്കാൻ അവരെ സഹായിക്കുക”.³ അടിമകൾക്കുള്ള വസ്ത്രവും, ഭക്ഷണവും ഉറപ്പാക്കിക്കൊടുക്കുന്ന ഭംഗിയുള്ള കാഴ്ചയാണ് ഇതിൽ!
കേവലം ഒരു “വസ്തു”വായി മാത്രം പരിഗണിക്കപ്പെട്ട അടിമ വിഭാഗത്തിന്റെ ജോലികളിൽ പോലും സഹായ ഹസ്തം നൽകാൻ ഉടമകളെ സജ്ജമാക്കപെടുന്നു. എത്രത്തോളമെന്നാൽ, ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അടിമയെ കൂടെയിരുത്തലും, അത് സാധിച്ചില്ലെങ്കിൽ ഉടമ തന്റെ തളികയിൽ നിന്നുള്ള കറിയിൽ ഭക്ഷണ ഉരുളകൾ മുക്കി അടിമക്ക് നൽകലും നന്മയായി തിരുനബി (സ്വ) പഠിപ്പിക്കുകയുണ്ടായി.⁴
ഉടമകളോടുള്ള തിരുനബിയുടെ (സ്വ) മറ്റൊരു കല്പ്പന ഇങ്ങനെ:
“അടിമകളുടെ കാര്യം നിങ്ങൾ സൂക്ഷിക്കണം, അവരുടെ കാര്യം സൂക്ഷിക്കുക തന്നെ വേണം. (നിങ്ങളുടെ ദൃഷ്ടിയിൽ) അവർ വല്ല തെറ്റും ചെയ്തു പോയാൽ അവരെ നിങ്ങൾ മോചിപ്പിക്കുക. ശിക്ഷിക്കാൻ തുനിയേണ്ടതില്ല”.⁵ ക്രൂരവും, പീഡനങ്ങൾ നിറഞ്ഞതുമായ സമീപനങ്ങൾക്ക് പകരം ആശ്വാസം ഉറപ്പു വരുത്തുകയാണ് തിരുനബി (സ്വ). മർദനങ്ങൾ നൽകി കൊണ്ട് അടിമകളെ തന്റെ കീഴിൽ വെക്കുന്നതിനേക്കാൾ നല്ലത് അവരെ വിട്ടയക്കലാണെന്ന് കൂടി പഠിപ്പിക്കുന്നു. ഈ വിഷയം അതീവ ഗൗരവത്തോടെ മറ്റൊരു വേള തിരുനബി (സ്വ) പഠിപ്പിക്കുന്നുണ്ട്. “അടിമകളോട് മോശമായി പെരുമാറുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല”.⁶ അടിമകൾക്കുള്ള ക്ഷേമത്തെ സ്വർഗ്ഗ പ്രവേശത്തോട് ബന്ധിപ്പിച്ചു കൊണ്ടുള്ള ഈ പ്രഖ്യാപനം തെല്ലോന്നുമല്ല മുസ്‌ലിം ഉടമകളുടെ ഹൃദയത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാവുക!
തുടർന്ന്, വിവേചന രഹിതമായ ഒരന്തരീക്ഷം കൂടി അവർക്ക് ഇസ്‌ലാം സമ്മാനിക്കുന്നു. ഖുർആൻ പറഞ്ഞു: “നിങ്ങളിൽ ഉത്തമർ ഭയഭക്തിയുള്ളവരാണ്”. (സൂറ ഹുജുറാത്ത് 13 )
തിരുദൂദർ (സ്വ) പറഞ്ഞു : “ജനങ്ങളെ, അറിയുക. നിങ്ങളുടെ നാഥനായ അല്ലാഹു ഏകനാണ്. നിങ്ങളുടെയെല്ലാവരുടെയും പിതാവ് ഒരൊറ്റയാളാണ്. നിങ്ങളെല്ലാവരും ആദമിൽ നിന്നാണ്, ആദമാവട്ടെ മണ്ണിൽ നിന്നും. അറിയുക, ഒരു അറബിക്ക് അനറബിയെക്കാൾ ഒരു സ്ഥാനവുമില്ല. അനറബിക്ക് അറബിയെക്കാളും ഒരു സ്ഥാനവുമില്ല. ചുവന്ന ശരീര പ്രകൃതമുള്ളവന് കറുത്തവനേക്കാൾ ഒരു പദവിയും ശ്രേഷ്ഠതയുമില്ല. ഒരു കറുത്തവന് ചുവന്നവനെക്കാളുമില്ല. എല്ലാ ശ്രേഷ്ഠതയും സൂക്ഷ്മ ജീവിതം നയിച്ചവർക്കു മാത്രമാണ്”.⁷
ഇസ്‌ലാമിൽ അടിമകൾ രണ്ടാം പൗരന്മാർ ആണെന്ന ആരോപണത്തെ കൂടി ഈ വിശദീകരണം അടിമുടി എതിർക്കുന്നുണ്ട്.
ലോകം നേരിടുന്ന വലിയ മനുഷ്യത്വ പ്രശ്നമായ വംശീയതക്കെതിരെയും ഇസ്‌ലാം ശക്തമായി നിലകൊള്ളുകയും, ഓരോരുത്തരുടെയും മഹത്വം നിർണ്ണയിക്കാനുള്ള മാനദണ്ഡം ഹൃദയശുദ്ധി മാത്രമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പ്രവാചകർ (സ്വ) അരുളി : “ഞാൻ നിങ്ങളോട് ഭയഭക്തി മുറുകെ പിടിക്കാനും നിങ്ങളുടെ ഭരണ കർത്താക്കളെ അനുസരിക്കാനും കൽപ്പിക്കുകയാണ്. ഭരണത്തിലുള്ളത് കറു കറുത്ത ഹബ്ശീ അടിമ ആണെങ്കിലും ഈ നിയമം ബാധകം തന്നെ”.⁸ അടിമയായത് കൊണ്ട് അവരെ മാറ്റി നിർത്തേണ്ടതില്ല, അവരും ഉയരണം, സമൂഹത്തിൽ പരിഗണിക്കപ്പെടണം എന്ന് ഇതിൽ നിന്നും വായിച്ചെടുക്കാം. ഒരേ സമയം സമൂഹത്തിനോട് വിവേചനക്കണ്ണുകൾ അടക്കാൻ പറയുമ്പോൾ, അടിമകൾക്ക് വലിയ പ്രതീക്ഷ നൽകുന്ന അധ്യാപനങ്ങൾ കൂടിയാണ് തിരുനബിയുടേത് (സ്വ) എന്ന് വളരെ വ്യക്തമാണ്. ഒരുവേള സ്വതന്ത്രന് ലഭിക്കുന്ന പ്രതിഫലത്തേക്കാൾ ഇരട്ടി പ്രതിഫലമാണ് അതേ നന്മ ചെയ്യുന്ന ഉടമക്ക് തിരുനബി (സ്വ) പ്രഖ്യാപിച്ചത്. ഇബ്ൻ ഉമറിൽ (റ) നിന്നും നിവേദനം : “ഉടമക്ക് ഗുണം ചെയ്യുകയും, പരിപാലകനായ റബ്ബിന് വേണ്ടത് പോലെ ആരാധന ചെയ്തതുമായ അടിമക്ക് രണ്ടു പ്രതിഫലമുണ്ട്, തീർച്ച!”⁹ അഥവാ, അള്ളാഹുവിനെയും ഉടമയെയും അനുസരിച്ചു ജീവിക്കുന്ന അടിമ സ്വതന്ത്രനേക്കാൾ സ്ഥാനം ഉള്ളവനാണ്. മാത്രവുമല്ല, ആ അടിമ ചെയ്യുന്ന അതേ ആരാധന കർമ്മം ചെയ്തു പോരുന്ന സ്വതന്ത്രനു ലഭിക്കുന്ന പ്രതിഫലത്തേക്കാൾ ഇരട്ടി പ്രതിഫലമാണ് അടിമക്ക് ലഭിക്കുകയെന്ന് ഈ നിവേദനത്തിൽ നിന്നും വായിച്ചെടുക്കാം. ഇത്തരം സ്ഥാനങ്ങൾ അടിമകൾക്ക് ഉള്ളത് കൊണ്ടാവണം പ്രമുഖ സ്വഹാബീ വര്യർ അബൂ ഹുറൈറ (റ) പറഞ്ഞത് : “അള്ളാഹു സത്യം, ദീനിന്റെ മാർഗത്തിലുള്ള ജിഹാദ്, ഹജ്ജ് കർമ്മം, മാതാവിന് ഗുണം ചെയ്യൽ എന്നിവ ഇല്ലായിരുന്നെങ്കിൽ ഒരടിമയായി മരിക്കാൻ ഞാൻ കൊതിക്കുന്നു”.¹⁰
ഇതുവരെ, നിലവിൽ അടിമകളായിരിക്കുന്നവരുടെ ക്ഷേമം എങ്ങനെയാണ് ഇസ്‌ലാം ഉറപ്പാക്കിയത് എന്നാണ് വായിച്ചതെങ്കിൽ, പുതിയ അടിമകൾ ഉണ്ടാവുന്ന രൂപങ്ങളിലും വലിയ മാറ്റങ്ങൾ ഇസ്‌ലാം തീർത്തിട്ടുണ്ട്. യുദ്ധത്തിലൂടെയല്ലാതെ അടിമകൾ രൂപപ്പെടരുതെന്ന് ഇസ്‌ലാം പ്രഖ്യാപിച്ചു. നിലനിന്നിരുന്ന മറ്റു മാർഗങ്ങളെ അടക്കുകയും ചെയ്തു. അബൂഹുറൈറയിൽ നിന്നും (റ) നിവേദനം: “സ്വതന്ത്രനെ അടിമയാക്കിയവൻ, അതിന് സൗകര്യം ചെയ്തവൻ ഇരുവരെയും അന്ത്യ നാളിൽ അള്ളാഹു മുഖവിലക്ക് എടുക്കുകയില്ല”.¹¹ സ്വതന്ത്രനെ അടിമയാക്കൽ നിഷിദ്ധമാണെന്നും, ഈ വിഷയം അവിതർക്കിതമാണെന്നും ഇസ്‌ലാമിക പണ്ഡിതർ പഠിപ്പിക്കുന്നു.¹² യുദ്ധത്തിലൂടെയുണ്ടാവുന്ന തടവുകാരെ തന്നെയും നിരുപാധികം മോചിപ്പിക്കാനും, ചില ഉപാധികളോടെ മോചിപ്പിക്കാനും തിരുനബി (സ്വ) പഠിപ്പിച്ചു. രണ്ടാമത്തെ രീതിയിലുള്ള പറഞ്ഞയക്കലാണ് ബദ്ർ യുദ്ധ ശേഷം നടന്നത്. ഇനി, ബന്ധികളായി പിടിക്കപ്പെടുന്ന തടവുകാരിൽ (മുസ്ലിം ആവട്ടെ, അമുസ്ലിം ആവട്ടെ) മേൽ പറഞ്ഞ രീതിയിൽ നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് അവരോട് കാണിച്ച സമീപനവും ഇവിടെ ചേർത്തു വായിക്കേണ്ടതാണ്. ഖുർആൻ പറയുന്നു : “അവർ (അള്ളാഹുവിന്റെ ഇഷ്ട ദാസന്മാർ) അള്ളാഹുവിന്റെ തൃപ്തിക്കു വേണ്ടി പാവങ്ങൾക്കും, അനാഥർക്കും, ബന്ധികൾക്കും ഭക്ഷണം നൽകുന്നവരാണ് ”. (സൂറ ഇൻസാൻ:8 ) ഈ സൂക്തത്തെ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം റാസി (റ) പറയുന്നു : അമുസ്ലിങ്ങളായ ബന്ധികളും മേൽ ഖുർആനിക വചനത്തിന്റെ പരിധിയിൽപ്പെടുമെന്ന് ഇബ്ൻ അബ്ബാസ്, ഹസനുൽ ബസ്വരീ, ഖതാദ (റ) തുടങ്ങിയ പ്രമുഖർ പ്രസ്ഥാവിച്ചിട്ടുണ്ട്. മാത്രവുമല്ല, തിരുനബി (സ്വ) അവിശ്വാസികളായ തടവുകാർക്ക് സംരക്ഷണം നൽകാനും, ആവശ്യങ്ങൾ നിറവേറ്റാനും ആളുകളെ നിയോഗിക്കാരുണ്ടായിരുന്നു എന്ന് അറിയിക്കുന്ന
നിവേദനം മേൽ പ്രസ്താവനക്ക് ബലമേകുന്നുമുണ്ട്.
ബന്ധിയാക്കപ്പെട്ടവരുടെ മേൽ നടപടി സ്വീകരിക്കുന്നതുവരെ ഭരണ കർത്താവിന് അവരുടെ ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കൽ നിർബന്ധമാണ്. ഭരണ കർത്താക്കൾ ചെയ്യുന്നില്ലായെങ്കിൽ മുസ്ലിം പൗരന്മാരുടെ മേലാണ് ആ നിർബന്ധം. മാത്രവുമല്ല, ഭക്ഷണം നൽകാൻ ബന്ധിയാക്കപ്പെട്ടത് മുസ്ലിം ആണോ അമുസ്ലിം ആണോ എന്ന് പരിശോധന നടത്തേണ്ടതില്ല. കാരണം തടവുകാർ അമുസ്ലിം ആയാൽ തന്നെ ഭക്ഷണം നൽകണം എന്നാണല്ലോ ഇസ്ലാം അധ്യാപനം ചെയ്തത്.¹³ ഇത്തരത്തിൽ പുതുതായി രൂപം കൊള്ളുന്ന അടിമകളുടെ വിഷയത്തിൽ വളരെ യുക്തി ഭദ്രവും, മാനവികവുമായ ആശയങ്ങൾ മുന്നോട്ട് വെച്ചു കൊണ്ട് തിരുനബി (സ്വ) ക്രമപ്പെടുത്തി. ക്രമേണ അടിമകളുടെ എണ്ണം കുറയുന്നതാണ് ഇതിന്റെയൊക്കെ ആത്യന്തിക ഫലം. നിലവിൽ അടിമകളായി തുടരുന്നവർ, പുതുതായി രൂപപ്പെടുന്നവർ എന്നിവർക്ക് അനുഗുണമായി അനേകം വിഷയങ്ങൾ ഇസ്‌ലാം മുന്നോട്ടു വെച്ചെങ്കിലും പൊടുന്നനെയുള്ള അടിമ നിരോധനത്തിലേക്ക് ഇസ്‌ലാം മുതിർന്നില്ല. സാമ്പത്തിക മേഖലയും മറ്റും അടിമകളിൽ ആശ്രയം കൊണ്ടിരുന്ന കാലത്ത് ഇങ്ങനൊരു നിരോധനം എത്രത്തോളം പ്രായോഗികം ആണെന്നത് ചിന്തിക്കാവുന്നതേയുള്ളൂ. മാത്രവുമല്ല പൊടുന്നനെയുള്ള നിരോധനം അടിമകൾക്ക് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതലും. ആശ്രയം മാത്രം കൈമുതലാക്കിയ അടിമ വിഭാഗത്തിനെ ഒരു വേള സ്വതന്ത്രരാക്കി വിട്ടാൽ ശേഷമുള്ള അവരുടെ പാർപ്പിടം, ഭക്ഷണം, താമസം, ദൈനന്തിന ജീവിതം വിഷയങ്ങൾ എങ്ങനെയാണ് മുന്നോട്ട് പോകുക.?! മറിച്ച്, അവർക്ക് വിജ്ഞാനം നൽകാനും, ധാർമികത പഠിപ്പിക്കാനും ആവശ്യമായ ഗുണങ്ങൾ ഉറപ്പാക്കാനും ഉടമകളെ പ്രേരിപ്പിക്കുകയും, അടിമ മോചനത്തെ ഒരു പാട് വിഷയങ്ങൾക്കുള്ള പ്രായശ്ചിത്തമായി നിശ്ചയിച്ചു കൊണ്ട് വളരെ ദീർഘ വീക്ഷണത്തോടെയുള്ള നീക്കങ്ങൾ ആയിരുന്നു അടിമകളുടെ രക്ഷക്ക് ഏറ്റവും ഉചിതവും, തിരുദൂദർ (സ്വ) കാഴ്ച വെച്ചതും.
ഖുർആൻ പറയുന്നു: ‘‘അടിമകളെ മോചിപ്പിക്കലാണ് ആ പ്രയാസമേറിയ കടമ്പ”. (സൂറ:അൽ ബലദ് 13) അബൂ ഹുറൈറയിൽ (റ) നിന്നും നിവേദനം: തിരുനബി (സ്വ) “ആരെങ്കിലും ഒരടിമപ്പെണ്ണിനു മോചനം നൽകിയാൽ (മറ്റൊരു നിവേദനത്തിൽ മുസ്ലിമായ മനുഷ്യനെന്നാണ് ഉള്ളത്) മോചിപ്പിക്കപ്പെട്ടവന്റെ ഓരോ അവയവത്തിനു പകരവും മോചിപ്പിച്ചവന്റെ അവയവങ്ങളെ നരക ശിക്ഷയിൽ നിന്നും സംരക്ഷിക്കപ്പെടും”.¹⁴
ഇങ്ങനെ തുടങ്ങി അടിമ മോചനത്തെ ഇസ്‌ലാം വലിയ പുണ്യകർമ്മമായി
പ്രഖ്യാപിക്കുകയുണ്ടായി. കർമ്മ ശാസ്ത്ര പണ്ഡിതന്മാർ അടിമ മോചനത്തെ അഭിലശണീയമായ (സുന്നത്) കാര്യമാണെന്ന് വിധിയെയുതുകയും ചെയ്തു. തിരുനബിയുടെ (സ്വ) അനുചരരായ സ്വഹാബാക്കളുടെ ജീവിത ചര്യയാണ് ഇത് എന്നതാണ് ഈ വിധിക്കുള്ള അവർക്കുള്ള ആധാരം. ഇത് തിരുനബിയുടെ (സ്വ) കേവല അധ്യാപനത്തിൽ മാത്രം ചുരുങ്ങിയില്ല.
മറിച്ച്, അവിടുന്ന് അത് പ്രയോഗ വൽക്കരിക്കുകയും ചെയ്തിരുന്നു. ഹജ്ജത്തുൽ വദാഇന്റെയന്ന് മാത്രം അറുപത്തി മൂന്ന് അടിമകളെയാണ് അവിടുന്ന് മോചിപ്പിച്ചതായി പ്രമാണം പറയുന്നത്. അതിന് പുറമെ അസംഖ്യം അടിമകളെയും..! പ്രവാചകരുടെ (സ്വ) പ്രിയപത്നി ബീവി ആഇശാ (റ) അറുപത്തി ഒമ്പതോളം അടിമകൾക്കും, മഹതിയുടെ പിതാവും പ്രമുഖ സ്വഹാബീ വര്യനും സമ്പന്നനുമായ അബൂബക്കർ സിദ്ധീഖ് (റ) ധാരാളം അടിമകൾക്കും മോചനം നൽകിയിരുന്നു. അങ്ങനെ മോചനം ലഭിച്ച അടിമകളിൽ പെട്ടവരാണ് ബിലാൽ (റ). സ്വഹാബികളിൽ വലിയ സ്ഥാനം വഹിക്കുന്ന ഇബ്ൻ അബ്ബാസ് (റ) ഇരുപതോളം അടിമകളെയും, ഹകീം (റ) നൂറോളം അടിമകളെയും, ഇബ്ൻ ഉമർ (റ) ആയിരത്തോളം അടിമകളെയും മോചിപ്പിച്ചതായി രേഖകൾ പറയുന്നു. അതിനു പുറമെ ദുൽ ഖുറാ (റ) എണ്ണായിരത്തോളം അടിമകൾക്കും, സ്വഹാബികളിൽ സമ്പന്നനായ അബ്‌ദുറഹ്‌മാൻ ബ്നു ഔഫ് (റ) മുപ്പത്തിനായിരത്തോളം അടിമകൾക്കും മോചനം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ സമ്പത്തിന്റെ ഭൂരിഭാഗവും അടിമ മോചനത്തിന് ചിലവയിക്കുന്ന ഒരു സമൂഹത്തെ തിരുനബി (സ്വ) വാർത്തെടുത്തു.¹⁵
ഇസ്‌ലാം പ്രോത്സാഹിപ്പിച്ച അടിമ മോചനം മുസ്ലിമീങ്ങൾക്ക് മാത്രമാണെന്ന് വിമർശിക്കുന്നവരുണ്ട്. അത് പരിശോധിക്കാം. ഖുർആനും, അനേകം ഹദീസുകളും ഒരുപാടിടത്തിൽ അടിമകളെ മോചിപ്പിക്കാൻ പറയുന്നുണ്ട്.
“അടിമകളെ മോചിപ്പിക്കലാണ് ആ പ്രയാസമേറിയ കടമ്പ”.
(സൂറ:അൽ ബലദ് 13) “അടിമ മോചനത്തിലും പണം ചിലവയിക്കുന്നവനാണ് നന്മയുള്ളവൻ” (സൂറ : അൽ ബഖറ 177 ) “അതിന്റെ പരിഹാരം അടിമ മോചനമാണ്'' (സൂറ : മാഇദ 89 ) “ദാന ധർമ്മം നൽകേണ്ടുന്ന മറ്റൊരു ഇടമാണ് അടിമ മോചനം” (സൂറ: തൗബ 60) മറ്റൊരു വിഷയത്തിൽ പരിഹാരക്രിയയായി അടിമ മോചനത്തെ പറയുന്നുണ്ട് (സൂറ: മുജാദല 3)
കൊലയുമായി ബന്ധപ്പെട്ട് പ്രായശ്ചിത്തമായി വിശ്വാസിയായ അടിമപ്പെണ്ണിനെ മോചിപ്പിക്കാൻ കല്പ്പനയുണ്ട് (സൂറ : നിസാ 92)
പ്രമുഖ കർമ്മ ശാസ്ത്ര പണ്ഡിതൻ ഇമാം മാവർദീ (റ) പറയുന്നു :“അടിമ മോചനത്തെ രണ്ടിനമായി തരം തിരിക്കൽ സാധ്യമാണ്. ഒന്ന് നിർബന്ധമായിത്തീരുന്ന അടിമ മോചനം. ഈ ഇനം, മുസ്ലിം അടിമകളെ കൊണ്ട് പ്രത്യേകമാണ്. (ചില പരിഹാരക്രിയകളിൽ അടിമ മോചനത്തെ എണ്ണിയത് ഈ പരിധിയിൽ വരും) രണ്ട്, സുന്നത്തായ അടിമ മോചനം. ഈ വിഭാഗത്തിൽ മുസ്ലിം / അമുസ്ലിം അടിമകൾ എന്നിങ്ങനെ വേർതിരിവില്ല”.¹⁶
അഥവാ, ഏത് അടിമയെ മോചിപ്പിക്കലും സുന്നത്ത് തന്നെ. ചുരുക്കത്തിൽ അടിമ മോചനത്തെ മുസ്ലിം/ അമുസ്ലിം എന്ന വിവേചനം ഇല്ലാതെയാണ് ഇസ്ലാം പ്രോത്സാഹിപ്പിച്ചത്. നിർബന്ധമായി മുസ്ലിം അടിമകളെ മോചിപ്പിക്കേണ്ടുന്ന കാരണങ്ങൾ വളരെ വിരളമായി സംഭവിക്കുന്നതുമാണ്.
തുഹ്ഫത്തുൽ മുഹ്താജ്, ഫത്ഹുൽ മുഈൻ തുടങ്ങിയ പ്രശസ്ത കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇത്ഖിനെ (അടിമ മോചനത്തെ) നിർവ്വചിച്ചത് ''മനുഷ്യനിൽ നിന്നും അടിമത്തത്തെ നീക്കം ചെയ്യൽ'' എന്നാണ്. മുസ്ലിമായ അടിമയിൽ നിന്നും അടിമത്തം നീക്കം ചെയ്യലാണ് ''ഇത്ഖ്'' എന്ന് ചില നിർവചനത്തിൽ ഉണ്ട്. അവിടെ 'മുസ്ലിം' എന്ന പ്രയോഗം കേവല ഉദാഹരണം മാത്രമാണെന്നും, മുസ്ലിങ്ങളോടുള്ള സംബോധന പരിഗണിച്ചു കൊണ്ടും പറഞ്ഞതാണെന്ന് ഇസ്‌ലാമിക പണ്ഡിതൻമാർ തന്നെ വിശദീകരണം നൽകിയിട്ടുണ്ട്.
അടിമ മോചനത്തിനു ഇസ്‌ലാം പഠിപ്പിച്ച മാർഗങ്ങളിൽ ചിലതാണ് തദ്ബീർ,മുകാതബ. ഉടമയുടെ മരണത്തോടു കൂടി അടിമക്ക് മോചനം ലഭിക്കുന്ന പ്രക്രിയയാണ് തദ്ബീർ. ഇമാം മാലിക് (റ) ഇമാം ഷാഫിഈ (റ) എന്നിവരിൽ നിന്നും നിവേദനം : “ഇബ്ൻ ഉമർ (റ) തന്റെ കീയിലുള്ള രണ്ട് അടിമകളെ തദ്ബീർ ചെയ്തിരുന്നു”¹⁷ തദ്ബീർ ചെയ്ത കാലത്ത് അടിമ പെണ്ണുമായുള്ള ലൈംഗിക ബന്ധം ഉടമക്ക് അനുവദനീയമാണ്. അടിമ പെണ്ണിൽ ഉടമക്ക് കുട്ടി ജനിക്കുന്നതിലൂടെ പ്രസ്തുത അടിമ സ്ത്രീ സ്വതന്ത്രയാവുകയും, തദ്ബീർ അസാധു ആവുകയും ചെയ്യും.
തദ്ബീറിനു വിധേയപ്പെട്ട സ്ത്രീ, തന്റെ ഉടമ മരിക്കുന്ന സമയം ഗർഭിണിയാണെങ്കിൽ അവളുടെ കുട്ടിയും മാതാവിനൊപ്പം സ്വതന്ത്രമാവും. ഗർഭിണിയായ നിലക്കാണ് അവൾ തദ്ബീർ ചെയ്യപ്പെടുന്നതെങ്കിൽ ഈ വ്യവസ്ഥ ആ കുട്ടിക്കും ബാധകമാണ്. ഉടമ മരിക്കുന്നതിന് മുമ്പാണ് പ്രസവം നടന്നത് എങ്കിലും നിയമമിങ്ങനെ തന്നെയാണ്, തദ്ബീർ സമയത്ത് കുട്ടിയെ ഒഴിവാക്കിയതായി വ്യക്തമാക്കിയാലൊയികെ. തദ്ബീർ ചെയ്യപ്പെട്ട കാലത്ത് ഉടമക്ക് അടിമയുടെ മേലുള്ള ബാധ്യതകൾ നീങ്ങിപ്പോകുന്നുമില്ല.
മോചന പത്രം എഴുതപ്പെട്ട അടിമകളെയും തദ്ബീർ ചെയ്യൽ സാധ്യമാണ്, മോചന പത്രം എഴുതപ്പെട്ട കാരണം അനുഭവിക്കേണ്ടി വരുന്ന ഒരുപാട് പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടി ഇതിലൂടെ സാധ്യമാവുന്നുണ്ട്.
മുകാതബ എന്ന സംവിധാനത്തെ ഖുർആൻ തന്നെ പരിചയപ്പെടുത്തുന്നുണ്ട്.
“നിങ്ങളുടെ അടിമകൾ മോചന പത്രം എഴുതാൻ ആവശ്യപ്പെട്ടാൽ, അവരിൽ നന്മകളാണ് നിങ്ങൾ കാണുന്നതുമെങ്കിൽ, അവർക്ക് നിങ്ങൾ മോചന പത്രം നൽകുക”. (സൂറ: അനൂർ 33) നിരുപാധികം അടിമകളെ വിട്ടൊയിയാൻ ഉടമകൾക്ക് സാധിച്ചുകൊള്ളണം എന്നില്ല. അടിമകളെ വലിയ സാമ്പത്തിക സത്രോതസ്സായൊക്കെ കാണുന്നത് കൊണ്ടാണിത്. മുകാതബ സംവിധാനത്തെ (അടിമ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും) സുന്നത്തായ കർമ്മമായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അടിമ ഉടമയോട് മോചന പത്രം എഴുതാൻ ആവശ്യപ്പെട്ടാൽ ഉടമക്ക് അത് നിർബന്ധം ആവുമെന്ന് പറഞ്ഞ പണ്ഡിതന്മാരുമുണ്ട്. ആ മോചനം നിശ്ചിത സംഖ്യയുടെ മേൽ നിബന്ധന വെക്കപ്പെട്ടതുമാവും. എന്നാൽ, നിശ്ചയിക്കപ്പെടുന്ന സംഖ്യ അടിമകൾക്ക് ഭാരമല്ലേ? പരിഹാരം ഇസ്‌ലാം തന്നെ പറയുന്നുണ്ട്. ഖുർആൻ പറയുന്നു: “ദാന ധർമ്മം നൽകേണ്ടുന്ന മറ്റൊരു ഇടമാണ് അടിമ മോചനം''(സൂറ: തൗബ 60) ഈ സൂക്തത്തിന്റെ പരിധിയിൽ , മോചന പത്രം എഴുതപ്പെട്ട അടിമയെ പണം കൊടുത്തു സഹായിക്കലും പെടുമെന്ന് പണ്ഡിതർ പഠിപ്പിക്കുന്നു.¹⁸ തിരുനബി (സ്വ) അരുളി : മോചന പത്രം എഴുതപ്പെട്ടവനെ സഹായിച്ചവന് പരലോകത്ത് തണൽ ലഭിക്കുന്നതാണ്.¹⁹
നടേ പരാമർശിച്ച സൂക്തത്തിൽ മോചന പത്രം എഴുതാൻ ഖുർആൻ പറഞ്ഞ നിബന്ധനയാണല്ലോ അടിമകളിൽ നന്മ കാണുകയെന്നത്. അടിമകളിൽ കാര്യബോധവും, വിശ്വസ്ഥതയും, ജോലി ചെയ്യാനുള്ള കഴിവും ഉണ്ടാവുക എന്നാണ് ഇത് കൊണ്ടുള്ള താല്പര്യം.²⁰ ജോലി ചെയ്യാൻ കഴിവില്ലാതെ അടിമ ബുദ്ധിമുട്ടുകയാണെങ്കിൽ ഉടമക്ക് ഈ കരാർ പിൻവലിക്കാനും, തദ്ബീറിലേക്ക് മാറാനും അവസരം ഉണ്ട്. മറ്റൊരു മോചന മാർഗം അടിമ സ്ത്രീ ''ഉമ്മു വലദ്'' ആവൽ. ഉടമയുടെ കുട്ടി അടിമപ്പെണ്ണിൽ ജനിക്കുന്നത്തോടു കൂടി അവൾ ഉമ്മു വലദാവുകയും, ഉടമയുടെ മരണത്തോട് കൂടി സ്വതന്ത്രയാവുകയും ചെയ്യും. ഉടമക്ക് തന്റെ കീഴിലുള്ള അടിമ സ്ത്രീയുമായി ലംഗീകമായി ബന്ധപ്പെടാനുള്ള അനുവാദം നൽകുന്നതിലെ യുക്തി വളരെ വ്യക്തമാണ്. ഒരുപാട് തെറ്റുകളിലേക്കുള്ള സാഹചര്യം കൂടിയാണിവിടെ ഇല്ലാതാവുന്നത്.
ഉടമ മരണപ്പെട്ടാൽ, അദ്ദേഹത്തിന്റെ സ്വത്തിൽ നിന്നും ആദ്യം വീട്ടേണ്ട ബാധ്യത ഈ അടിമപ്പെണ്ണിന്റെ മോചനമാണ് എന്ന് ഇസ്‌ലാം അധ്യാപനം ചെയ്യുന്നു. ഉമ്മു വലദായ പെണ്ണിനെയും, അവളുടെ കുട്ടിയെയും, വിൽക്കുവാനോ, പണയം വെക്കുവാനോ പാടില്ല എന്നാണ് നിയമം. അവളെ മറ്റൊരാൾക്ക് കല്യാണം ചെയ്തു കൊടുക്കാവുന്നതാണ്. രണ്ടാം കല്യാണത്തിൽ ഉണ്ടാവുന്ന കുട്ടികളും സ്വതന്ത്രർ തന്നെ.!
ഇത്തരത്തിൽ വളരെ പ്രായോഗിക രീതിയിലൂടെ പ്രത്യക്ഷമായും, പരോക്ഷമായും ഘട്ടം ഘട്ടമായി അടിമത്തത്തെ തിരുദൂതർ (സ്വ) നിരുത്സാഹപ്പെടുത്തി. പൂർണ്ണ നിരോധനം അടിമകൾക്കും ഉടമകൾക്കും ഒരുപോലെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതകളും ഏറെയാണ്. ഇതുവരെ ഉടമകളെ ആശ്രയമായിക്കണ്ട അടിമകൾക്ക് പൊടുന്നനെ ആശ്രയമറ്റു പോയാലുള്ള ഫലം എത്രയാവും.?! അമേരിക്കയുടെ അടിമ നിരോധന ചരിത്രത്തിൽ ഇത്തരം സംഭവം വായിക്കാൻ സാധ്യമാണ്.
അടിമകളെ തന്റെ സമ്പത്തിന്റെ പ്രധാന മാധ്യമമായി കണ്ടിരുന്ന ഉടമകൾ ഇസ്ലാമിനോട് അകലാനും ഇത് കാരണമാവും. മാത്രവുമല്ല അങ്ങനൊരു നിരോധനം നിലവിൽ വന്നാൽ ലോകത്തു കടുത്ത വംശീയത ഉടലെടുക്കുകയും ചെയ്യും. അടിമകൾ നേരിടേണ്ടി വരുന്ന വംശീയതയെ ഇസ്ലാം കൈകാര്യം ചെയ്തത് നമ്മൾ നേരത്തെ വായിച്ചതാണ്.
അഥവാ, സാമൂഹിക പ്രത്യാഖാതങ്ങളില്ലാതെയുള്ള മാർഗം കൂടിയാണ് ഈ വിഷയത്തിൽ തിരുനബി (സ്വ) മുന്നോട്ട് വെച്ചത്.
¹ നിവേദനം; മിശ്കാതുൽ മസ്വാബീഹും വിശദീകരണമായ ഫത്ഹുൽ ഇലാഹും ചേർത്തി വായിക്കുക.
² സ്വഹീഹ് മുസ്‌ലിം , മുസ്‌നദ് അഹ്‌മദ്
³ സ്വഹീഹ് മുസ്‌ലിം
⁴ ഫൈളുൽ ഖദീർ: ഇമാം മുനാവി
⁵ ജാമിഉ സ്വഗീർ
⁶ സുനനു ഇബ്നു മാജ
⁷ സ്വഹീഹ് മുസ്‌ലിം
⁸ മുസ്‌നദ് അഹ്‌മദ്, അബൂ ദാവൂദ്
⁹ സ്വഹീഹ് മുസ്ലിം
¹⁰ സ്വഹീഹ് മുസ്ലിം
¹¹ സ്വഹീഹ് ബുഖാരി
¹² അൽ മുഹദ്ദബ് ഇമാം നവവിയുടെ (റ) വ്യാഖ്യാനത്തോടൊപ്പം
¹³ തഫ്സീർ റാസി
¹⁴ സ്വഹീഹ് മുസ്ലിം, സ്വഹീഹ് ബുഖാരി
¹⁵ തർശീഹുൽ മുസ്തഫീദീൻ: സയ്യിദ് അഹ്മദ് സഖാവ്
¹⁶ അൽ ഹാവീ അൽ കബീർ
¹⁷ അൽ മുവത്വ: ഇമാം മാലിക്
¹⁸ തഫ്സീർ ജലാലൈനി
¹⁹ തുഹ്ഫതുൽ മുഹ്താജ്: ഇബ്നു ഹജർ ഹൈതമി
²⁰ തഫ്സീർ റാസി