ഇസ്ലാം എപിസ്റ്റമോളജി സ്രഷ്ടാവ് എങ്ങനെയാവണം?
പ്രപഞ്ചത്തിനകത്ത് സകല സൃഷ്ടികളെയും പോലെയുള്ള ഒരാളായിരിക്കണോ സ്രഷ്ടാവ്? അതോ സൃഷ്ടികൾ വിശദീകരിച്ചെത്തുന്നതിനുമപ്പുറത്തുള്ള ഒന്നായിരിക്കണോ?
അല്ലാഹുവാണ് പ്രപഞ്ച സ്രഷ്ടാവ്. ഏറ്റവും സൂക്ഷ്മമായതിനെ പോലും സൃഷ്ടിച്ചതും സദാ നിരീക്ഷിക്കുന്നതും അവനാണ്. അല്ലാഹുവിന്റെ കഴിവിനെയോ, ശക്തിയേയോ നിരൂപിക്കാൻ സൃഷ്ടികൾക്ക് ഒരിക്കലും സാധിക്കില്ല. കാരണം അവൻ സൃഷ്ടി കഴിവുകളുടെ പരിധികൾക്കെല്ലാത്തിനും അതീതനാണ്.
സ്രഷ്ടാവിനെയും സൃഷ്ടികളെയും പഠിച്ച് എന്തിനും കാരണങ്ങളന്വേഷിക്കുന്ന മനുഷ്യൻ അവസാനം കാരണങ്ങളൊന്നുമില്ലാത്ത ഒരു മഹാശക്തിയെ തിരിച്ചറിയുന്നിടത്ത് എത്തിച്ചേരുന്നു. എന്നാൽ ആ മഹാശക്തി മറ്റെല്ലാത്തിന്റെയും കാരണവുമാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സകലതിന്റെയും കാരണവുമായ അല്ലാഹു പ്രപഞ്ചാതീതനും പദാർഥാതീതനുമാകുമ്പോഴാണല്ലോ അവന്റെ ഉണ്മ പരിപൂർണമാകുന്നത്. അല്ലാത്തപക്ഷം അവനും സൃഷ്ടികളും തുല്യരായി തീരുന്നു.
അല്ലാഹുവിന്റെ സൃഷ്ടികൾ സ്ഥല-കാലാധിഷ്ഠിതമായിരിക്കും ( Time-space continuum). അല്ലാഹു സ്ഥല-കാല മാനങ്ങൾക്ക് പുറത്തുമായിരിക്കും. അതുകൊണ്ടു തന്നെ സൃഷ്ടികൾക്ക് സ്ഥല-കാലങ്ങൾക്ക് അതീതമായ അല്ലാഹുവിന്റെ 'സത്തയെ' കുറിച്ച് സ്വന്തമായ നിഗമനങ്ങൾ നെയ്തെടുക്കുവാനോ മനസ്സിലാക്കുവാനോ സാധിക്കില്ല. കാരണം സൃഷ്ടിയുടെ ബുദ്ധിയും ചിന്തകളും സ്ഥല-കാലങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.
അവനെ ദൃഷ്ടികള്‍ കണ്ടെത്തുകയില്ല; അവനാകട്ടെ ദൃഷ്ടികളെ കണ്ടെത്തുകയും ചെയ്യുന്നു. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നുവെന്ന ഖുര്‍ആനിക വചനം (6:103) സൂചിപ്പിക്കുന്നത് ഈ വസ്തുതയാണ്.
അല്ലാഹുവിന്റെ സത്തയെ കുറിച്ച് മനസ്സിലാക്കാൻ അനുയോജ്യമായ രീതിയിലല്ല മനുഷ്യബുദ്ധിയെ രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതിന് ഒരുപാട് പരിമിതികളുണ്ട്. എങ്കിലും അല്ലാഹുവിന്റെ സത്തയെ കുറിച്ച് അവൻ തന്നെ പറഞ്ഞു തന്ന കാര്യങ്ങൾ മനസ്സിലാക്കുകയും, നബി തങ്ങൾ പഠിപ്പിച്ചുതന്നവ വിശ്വസിക്കുകയും ചെയ്ത്, നമുക്ക് വിശദീകരിക്കാൻ സാധിക്കാത്തവയെ 'അല്ലാഹുവിന്നറിയാം' എന്ന് പറയുകയായിരുന്നു മുൻകാല പണ്ഡിതരുടെ രീതി. അവർക്കറിയാം അതാണ് ശരിയെന്നും. എന്നാൽ തങ്ങളുടെ യുക്തിയനുസരിച്ചു ദൈവത്തെയും സത്തയെയും വിശദീകരിക്കാൻ ഒരുങ്ങിയ ചില ബുദ്ധി ജീവികൾ അവസാനം അല്ലാഹുവിനെ കുറിച്ച് വികലവും വിചിത്രവുമായ വാദങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തത്. വാദങ്ങൾ പ്രമാണ ബദ്ധമായി തെളിയിക്കാനോ അവതരിപ്പിക്കാനോ സാധിക്കാതെ പൊതുസമൂഹത്തിൽ അവർ ഇളിഭ്യരായി. മുസ്‌ലിം സമൂഹത്തിനകത്തുള്ളവരും അല്ലാത്തവരും ഇതിൽ സമം. 'ദാത്ത്' എന്ന അറബി പദത്തിൻ്റെ മലയാളപരിഭാഷയാണ് സത്ത. അല്ലാഹുവിനെ സംബന്ധിച്ച പരാമര്‍ശങ്ങളിലൊരിടത്തും 'ദാത്ത്' എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടില്ല. മറ്റു സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പ്രയോഗിച്ച 'ദാത്തി'ന് സത്തയെന്ന വിവക്ഷയില്ലതാനും.
പ്രമാണങ്ങളെ പൂര്‍ണമായി അംഗീകരിച്ചുകൊണ്ട് അല്ലാഹുവിനെ സംബന്ധിച്ച് ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പടി വിശ്വസിക്കാൻ മാത്രമേ സൂക്ഷ്മാലുക്കള്‍ക്ക് നിര്‍വാഹമുള്ളൂ. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് പ്രപഞ്ചാതീതനായിരിക്കുമെന്നത് സരളമായ യുക്തിയാണ്. ഒരു വസ്തുവിന്റെ സ്രഷ്ടാവ് അതിനു പുറത്തായിരിക്കുമെന്ന വസ്തുത മനസ്സിലാക്കുവാന്‍ തത്ത്വശാസ്ത്രത്തിന്റെ ഊരാക്കുടുക്കുകളൊന്നും ആവശ്യമില്ല. ഈ സരളമായ വസ്തുതയാണ് പ്രപഞ്ചാതീതനായി അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്.
''ഉപരിയിലുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞുകൊണ്ടിരിക്കും. അതല്ല ഉപരിയിലുള്ളവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ വര്‍ഷം അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? എന്റെ താക്കീത് എങ്ങനെയുണ്ടെന്ന് വഴിയേ നിങ്ങള്‍ അറിഞ്ഞുകൊള്ളും''(67:16,17).