മുഹമ്മദ് നബിയുടെ ചരിത്രത്തെ വ്യതിരക്തമാക്കുന്നതെന്ത്? പ്രവാചകത്വം

മുഹമ്മദ് നബിയുടെ ചരിത്രത്തെ വ്യതിരക്തമാക്കുന്നതെന്ത്?

By rationaleclub | 12/2/2021

ചോദ്യം : ശരി. സോക്രട്ടീസിനെയും നെപ്പാളിയനെയുമൊക്കെ പോലെ മുഹമ്മദ് നബിയും ജീവിച്ചിരുന്നിട്ടുണ്ടെന്ന് സമ്മതിക്കുന്നു. എന്നാല്‍ മുഹമ്മദ് നബിയുടെ ചരിത്രപരമായ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന വ്യതിരക്തമായ എന്തെങ്കിലും മാപിനികളുണ്ടോ?

ഉത്തരം : നല്ല ചോദ്യം. തീര്‍ച്ചയായും ഉണ്ട്. മുഹമ്മദ് നബി (സ) യുടെ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളും -അവിടത്തെ അനക്കവും അടക്കവും വാക്കും നോക്കും മൗനവും അനുവാദങ്ങളും അംഗവിക്ഷേപങ്ങളും നടത്തവും ഇരുത്തവും മൂത്രിച്ചതും തുപ്പിയതും ചിരിച്ചതും കരഞ്ഞതും എല്ലാം- രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവയെല്ലാം സ്മരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവിടത്തെ മുഖവും കണ്ണും മൂക്കും ചെവിയും മുടിയും പല്ലുകളും പുരികവും നെഞ്ചും കയ്യും കൈവിരലും നഖവും അങ്ങനെയെല്ലാം വിശദീകരിക്കപ്പെട്ടിരിക്കുന്നു. അവിടത്തെ പ്രസവവും മുലയൂട്ടലും ബാല്യകാലവും കൗമാരവും യൗവനവും വാര്‍ദ്ധക്യവും വിവാഹവും കുടുംബ ജീവിതവും രോഗവും ക്ഷീണവും യുദ്ധവും സന്ധിയും സന്തോഷവും സന്താപവുമെല്ലാം മരിക്കുന്ന അവസരത്തില്‍ താടിയില്‍ എത്ര രോമം നരച്ചിരിന്നു എന്ന് വരെ ചരിത്രത്തിലുണ്ട്.

അനുയായികളുടെയും ശത്രുക്കളുടെയും നാടും വീടും കുടുംബവുമൊക്കെ വ്യക്തമായി രേഖപ്പെട്ടുകിടക്കുന്നു. അവിടുത്തെ ഇരുപത്തഞ്ച് ഉപ്പാപ്പമാരുടെ പേരു കൂടി മുസ്ലിംകള്‍ ഓര്‍ക്കുന്നു. അവിടുത്തെ സഹചരുടെ ചരിത്രങ്ങളും ഏറെകുറെ മുഴുവനായും ലഭ്യമാണ്. അവിടുത്തോടൊപ്പം ഒന്നാം ധര്‍മ്മസമരത്തില്‍ പങ്കെടുത്ത 313 സഹചരുടെയും പേരുകളും അവരുടെ പിതാവിന്റെയും പിതാവിന്റെയും പിതാവിന്റെയും പേരുകളും കുടുംബവും ഗോത്രവും വംശവുമൊക്കെ ഒരു വലിയ വിഭാഗം മുസ്ലിംഗള്‍ക്ക് ഇന്നും മന:പാഠമാണ്. പതിനാല് നൂറ്റാണ്ട് മുമ്പ് നടന്ന ഒരു യുദ്ധത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ തങ്ങളുടെ സ്‌നേഹനിധിയായ ദൈവദൂതന്റെ സഹചരാണെന്നതിന്റെ പേരില്‍ ഒരു സമൂഹം ഇപ്പോള്‍ ഓര്‍മ്മയില്‍ വെക്കുന്നു.

ചോദ്യം : ഇത് തീര്‍ച്ചയായും അല്‍ഭുതകരം തന്നെ. ഇവ രേഖപ്പെടുത്തുന്നതിന് പ്രത്യേകമായ വല്ല രീതി ശാസ്ത്രവുമുണ്ടോ?

ഉത്തരം : ഇന്ന് പ്രവാചകന്റെ ഒരു വാക്ക് ഒരു ഗ്രന്ഥത്തില്‍ നിന്ന് നാം (ഉദാ: ബുഖാരി, മുസ്ലിം, അബൂദാവുദ്) വായിക്കുമ്പോള്‍ ആ ഗ്രന്ഥകാരന്‍ ആ വാക്ക് ആരില്‍ നിന്ന് കേട്ടു എന്നും ,അദ്ദേഹം അത് ആരില്‍ നിന്ന് കേട്ടു എന്നും, അദ്ദേഹം ആരില്‍ നിന്ന് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെ അവസാനം അത് തിരുനബിയില്‍ ചെന്ന് ചേരുന്നു, ഇങ്ങനെ പ്രവാചക വചനങ്ങള്‍ നിവേദനം ചെയ്യുന്നവര്‍ക്ക് 'റാവി'മാര്‍ എന്നും ഈ നിവേദനപരമ്പരക്ക് 'സനദ് 'എന്നും വിളിക്കുന്നു. ഒരു നബിവചന(ഹദീസ്)ത്തെ കുറിച്ച് 'അത് ശരിയാണ് '(സ്വഹീഹ് )എന്ന് ഒരു ഗ്രന്ഥ കര്‍ത്താവ് (ഉദാ: ബുഖാരി) വിധിക്കണമെങ്കില്‍ നബി (സ്വ) തങ്ങള്‍ വരെ മുട്ടുന്ന സനദിലെ മഴുവന്‍ റാവിമാരെ കുറിച്ചും ശരിക്കും പഠിച്ചിരിക്കണം.അവര്‍ കള്ളം പറയുന്നവരാണോ? അവന്‍ ചതിക്കുന്നവരാണോ ? സത്യസന്ധരാണോ? മുന്‍ റാവിയില്‍ നിന്ന് നേരിട്ട് കേണ്ടിട്ടുണ്ടോ? കേള്‍ക്കാന്‍ സാധ്യതയുണ്ടോ? എന്നെല്ലാം പരിശോധിച്ച ശേഷമാണ് ഹദീസുകള്‍ രേഖപ്പെടുത്തിട്ടുള്ളത്. ഈ അന്വേഷണം ഒരു വിജ്ഞാന ശാഖയായി വികസിച്ചു. അങ്ങനെ നബിവചനം ഉദ്ധരിച്ച ഓരോ വ്യക്തിയുടെയും ചരിത്രം േ്രകാഡീകരിക്കപ്പെട്ടു. അയാളുടെ ജീവിതം, ജനനം, മരണം, വിദ്യഭ്യാസം, ജീവിതരീതി, ബന്ധങ്ങള്‍, സ്വഭാവം, ശൈലി, കഴിവ്, ഓര്‍മ്മ ശക്തി, വിശ്വസ്തത എല്ലാം. ഇതേ കുറിച്ച് മാത്രം വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ തന്നെ നിരവധിയാണ്. അങ്ങനെ ഒരാളുടെ ജീവിത ചരിത്രം പഠിക്കാന്‍ വേണ്ടി മൂന്നാല് തലമുറകളുടെ ചരിത്രം മുഴുവന്‍ പഠനവിധേയമാക്കുക! അതിന്ന് വേണ്ടി അസ്മാഉ രിജാല്‍ എന്ന വിജ്ഞാന ശാഖ തന്നെ പിറവിയെടുത്തു. ഓരോന്നും ഒരു ഡസനിലേറെ വാള്യങ്ങള്‍. ചരിത്രത്തില്‍ ഇങ്ങനെ ഒരു ചരിത്രം എഴുതപ്പെട്ടിട്ടില്ല. ഇങ്ങനെ കടഞ്ഞുകിട്ടിയ വചനങ്ങളാണ് സ്വഹീഹായ ഹദീസുകള്‍. ഒരു സ്വഹീഹായ ഹദീസ് വായിക്കുമ്പോള്‍ പതിനാല് നൂറ്റാണ്ട് മുമ്പ് ജീവിച്ച പ്രവാചകന്‍ (സ്വ) നമ്മോട് നേരിട്ട് സംസാരിക്കുന്ന പോലെ അനുഭവപ്പെടും!

ചോദ്യം : ഇത് ഏറെ കൗതുകകരമാണ്. ചരിത്രപരതയെ നിര്‍ണയിക്കുന്ന മറ്റു വല്ല ഘടകങ്ങളുമണ്ടോ?

ഉത്തരം : ഉണ്ട്, ധാരാളം

  1. അന്നത്തെ പുരോഹിതരുടെയും രാജാക്കളുടെ സാക്ഷ്യപ്പെടുത്തലുകള്‍
  2. മുന്‍വേദങ്ങളിലെ പ്രവചനങ്ങള്‍
  3. ഖുര്‍ആന്‍ എന്ന കാലാതിവര്‍ത്തിയായ സാഹിത്യവിസ്മയം
  4. മുസ്ലിം ഉമ്മ: എന്ന ജീവിക്കുന്നസാക്ഷൃം
  5. പാശ്ചാത്യവും പൗരസ്ത്യവുമായ എണ്ണമറ്റ ചരിത്രകാരന്മാരുടെ സാക്ഷ്യപ്പെടുത്തലുകള്‍.
  6. ഈയ്യടുത്തായി ഈ വിഷയത്തില്‍ സജീവമായി ചെയ്യപ്പെട്ട രേഖയാണ് ബെര്‍മിംഗ്ഹാം മാനുസ്‌ക്രിപ്റ്റ്. വിശദ പഠനത്തിന് അല്‍ജവാബ് ആപ്പില്‍ ഈ വിഷയകമായി സജീര്‍ ബുഖാരി എഴുതിയ ലേഖനം വായിക്കുക.