ഉത്തമ മനുഷ്യൻ; ഹദീസുകൾവരച്ചിടുന്ന മാലോക മാതൃകകൾ - ഭാഗം 2 ആമുഖം

ഉത്തമ മനുഷ്യൻ; ഹദീസുകൾവരച്ചിടുന്ന മാലോക മാതൃകകൾ - ഭാഗം 2

By thanseehrashadi | 1/7/2025

സ്ത്രീ; സ്വാതന്ത്ര്യം, സുരക്ഷിതത്വം

സ്ത്രീത്വത്തിന് മാനുഷിക പരിഗണന പോലും നൽകാതെ, പൂർണ്ണാർത്ഥത്തിൽ സ്ത്രീകളെ അവഗണിച്ച് തള്ളിയിരുന്ന ഒരു കാലഘട്ടത്തിലേക്കാണ് മുഹമ്മദ് നബി ﷺ പ്രബോധന ദൗത്യവുമായി കടന്നുവരുന്നത്. ജനിച്ചത് പെൺകുഞ്ഞാണെന്നറിഞ്ഞാൽ മുഖം ഇരുണ്ടു പോയിരുന്ന, ജീവനോടെ കുഴിച്ചുമൂടിയിരുന്ന, സ്ത്രീകളെ അപമാനമായി കണ്ടിരുന്ന ഒരു കാടത്ത സമൂഹം. അവിടെ നബി തങ്ങൾ നടപ്പിലാക്കിയ പുരോഗമന പ്രവർത്തങ്ങളുടെ / ഹദീസുകളുടെ പശ്ചാത്തലം കൂടി മനസ്സിലാക്കിയാണ് നാം ചർച്ചയാരംഭിക്കേണ്ടത്.

ആധുനികലോകത്തും ഏറെ ചർച്ച ചെയ്യുന്നതും സമകാലികമായി ഏറെ പ്രാധാന്യമുള്ളതുമായ വിഷയമാണ് സ്ത്രീ സ്വാതന്ത്ര്യവും സുരക്ഷിതത്വവും.

എല്ലാകാലത്തേക്കുമുതകുന്ന ഏറ്റവും മാനവികമായ നിലപാടുകളായിരുന്നു ഹദീസുകളുടെ പ്രതിഫലനം. സ്ത്രീകളെ അപരിഷ്കൃത വിഭാഗമായി മാറ്റിയിരുന്ന വരോട്, ഇന്നും മാറ്റിനിർത്തുന്നവരോട് വിശുദ്ധ ഹദീസ് പ്രസ്താവിക്കുന്നതിങ്ങനെയാണ്;

ഇമാം തുർമുദിയും അബു ദാവൂദും അഹ്മദും റിപ്പോർട്ട് ചെയ്യുന്നു

إِنَّما النِّسَاءَ شَقَائِقُ الرِّجَالِ

സ്ത്രീകൾ പുരുഷന്മാരുടെ മിത്രങ്ങളാണ്.

സ്ത്രീത്വത്തെയും മാനുഷിക പരിഗണനയിൽ പുരുഷനെപ്പോലെ കാണണമെന്ന് ഹദീസ് വ്യക്തമാക്കുന്നു.

നസാഇയും അഹ്മദും റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം.

حُبِّبَ إليَّ من دُنْياكمُ النِّساءُ والطِّيبُ وجُعِلَت قُرَّةُ عَيني في الصَّلاةِ

ഭൗതിക ലോകത്ത് ഏറ്റവും പ്രിയപ്പെട്ടവയായി നബി പരിചയപ്പെടുത്തുന്നവയിൽ ഒന്ന് സ്ത്രീ വിഭാഗത്തെയാണ്.

എന്നാൽ പ്രസ്തുത ഹദീസിന്റെ സാഹചര്യത്തെയും സന്ദർഭത്തെയും കുറിച്ച് അവബോധമില്ലാത്ത ഒരു വിഭാഗം ഈ ഹദീസ് തെറ്റായി വ്യാഖ്യാനിച്ചു നബിയെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്നു.

യഥാർത്ഥത്തിൽ, സ്ത്രീകളെ മനുഷ്യരായി പോലും അംഗീകരിക്കാതിരുന്ന ഒരു കാലത്തേക്കാണ് ഈ പ്രഖ്യാപനത്തെ ചേർത്തുവായിക്കേണ്ടത്.

അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തെ ചേർത്തുപിടിക്കാൻ ഇതിലും സുന്ദരമായ മറ്റൊരു പ്രഖ്യാപനമുണ്ടോ?

സ്വഹീഹുൽ ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെയാണ്

مَن كانَ يُؤْمِنُ باللَّهِ واليَومِ الآخِرِ، فلا يُؤْذِي جارَهُ، واسْتَوْصُوا بالنِّساءِ خَيْرًا

വിശ്വാസി; അയൽക്കാരനെ ബുദ്ധിമുട്ടിക്കില്ല, സ്ത്രീകളോട് നന്മ മാത്രം പ്രവർത്തിക്കും. ഈയൊരു സാമൂഹിക പരിഗണനയെ മതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണെന്നു കൂടി പഠിപ്പിക്കുകയായിരുന്നു മുഹമ്മദ് നബി ﷺ. ഇബ്നു ഹിബ്ബാൻ റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഒരു പുരുഷന്റെ വിജയത്തിന്റെ കാരണമായി എണ്ണിപ്പറയുന്നത് സ്ത്രീയെയാണ്

أربعٌ مِن السَّعادةِ: المرأةُ الصَّالحةُ،

ആത്മീയ ഭൗതിക വിജയങ്ങളുടെ കാരണങ്ങൾ നാലെണ്ണമാണ്.

ഒന്ന് "നല്ലവളായ സ്ത്രീ". പുരുഷനെപ്പോലും പൂർണ്ണനാക്കുന്നതിൽ സ്ത്രീയുടെ പങ്ക് ഇതിൽനിന്ന് ദൃശ്യമാകും.

ദൈവികമായ ദിവ്യബോധനം (വഹ് യ്) ഇറങ്ങുന്നവരാണല്ലോ പ്രവാചകന്മാർ. അത്രമേൽ പവിത്രമായ ആ സ്ഥാനത്തിരിക്കുമ്പോഴും വഹ് യ് കൊണ്ടുവരുന്ന മലക്ക് നബിയുടെ ഭാര്യയാകുന്ന ആയിഷ ബീവിയെ പരിഗണിച്ച് സലാം പറഞ്ഞത്

ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നുണ്ട്:

يا عائِشَةُ هذا جِبْرِيلُ يَقْرَأُ عَلَيْكِ السَّلامَ

ആയിഷ… ജിബ്രീൽ നിന്നോട് സലാം പറയുന്നു. സ്ത്രീ വിഭാഗത്തെ പൂർണ്ണമായും മാറ്റിനിർത്തിയിരുന്ന ഒരു സമൂഹം എത്ര ആത്മവിശ്വാസത്തോടു കൂടിയായിരിക്കും ഇതിനെ ഉൾക്കൊണ്ടിരിക്കുക.

ഇങ്ങനെ ഹദീസുകളുടെ ഉള്ളറകൾ പരിശോധിച്ചാൽ എല്ലാ തലങ്ങളിലും 'അവൾക്ക്' വേണ്ട വിമോചനവും സ്വാതന്ത്ര്യവും നേടിക്കൊടുത്തതിന്റെ നേർചിത്രങ്ങൾ നമുക്ക് വായിച്ചെടുക്കാനാകും.

സ്ത്രീത്വത്തെ അപഹസിക്കുന്ന പ്രവണതകളോട് എല്ലാകാലത്തും ഹദീസുകൾ സംസാരിക്കുന്നതിങ്ങനെയാണ്. അവസരങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് പുരുഷന് സമാനമാകുന്ന ഒരു സ്ഥാനം സ്ത്രീക്കും തിരുചര്യ ഒരുക്കി നൽകുന്നു.

തീവ്രവാദമല്ല; സഹിഷ്ണുതയാണ് മതം.

ഏറെ ചർച്ച ചെയ്യുകയും നിരവധി പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്ത ചിന്തയാണ് മതത്തിന്റെ പേരിലുള്ള തീവ്രവാദം. തന്റേതല്ലാത്ത വിശ്വാസത്തോടുള്ള, സംവിധാനത്തോടുള്ള അസഹിഷ്ണുത അംഗീകരിക്കാൻ സാധിക്കാത്തതാണ്. നിരന്തരം ആക്രമിക്കപ്പെടുമ്പോഴും സഹിഷ്ണുതാപരമായി മുന്നോട്ടുപോകാനുള്ള അധ്യാപനങ്ങളായിരുന്നു തിരുനബിയുടേത്.

തിർമുദി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം.

لم يكن رسول الله صلى الله عليه وسلم فاحشا ولا متفحشا ولا صخابا في الاسواق ولا يجزي بالسيئة السيئة ولكن يعفو ويصفح

തിരുനബി മോശം സ്വഭാവക്കാരനായിരുന്നില്ല. തിന്മയെ തിന്മ കൊണ്ട് നേരിടുന്നവരുമായിരുന്നില്ല. എല്ലാം വിട്ടുവീഴ്ച്ച ചെയ്യുന്നവരും സഹിഷ്ണുതയുള്ളവരുമായിരുന്നു.

വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട്, വിശ്വാസികളെ ചൊടിപ്പിച്ചു വിട്ടുകൊണ്ട് തോൽപ്പിക്കാനാകില്ല, ആകരുത് എന്നാണ് ഈ ഹദീസിന്റെ ഉള്ളടക്കം. സകലമതക്കാരോടും വിട്ടുവീഴ്ച്ച ചെയ്യുന്നവരും അക്രമത്തിലേക്ക് എടുത്ത് ചാടാതിരിക്കുന്നവരുമാകണം പ്രവാചകന്റെ പിന്തുടർച്ചക്കാരായ വിശ്വാസികൾ.

മറ്റൊരു ഹദീസിൽ ബഹുദൈവാരാധകർക്കെതിരെ പ്രാർത്ഥിക്കാൻ നബിയോട് ആവശ്യപ്പെടുമ്പോൾ അവിടുത്തെ മറുപടി

اني لم ابعث لعانا وانما بعثت رحمة

ഞാൻ ശപിക്കാൻ നിയോഗിക്കപ്പെട്ടവരല്ല, കാരുണ്യവാനായി ഉദയം ചെയ്തവരാണ് എന്നായിരുന്നു. ഇസ്ലാമിന്റെ ആശയങ്ങൾ എത്രമാത്രം ലളിതമായിരുന്നുവെന്ന് ഇതിൽ തെളിയും. പുതിയ കാലത്ത് പലരും ഇസ്ലാമിന്റെ പേരിലും അല്ലാതെയും മതം ഒരിക്കലും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്ത തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, അവിടെയെല്ലാം ഹദീസുകൾ എന്ത് പറയുന്നെന്ന് മനസ്സിലാക്കിയാൽ ബോധ്യമാവുന്നതെയൊള്ളൂ സത്യാവസ്ഥ.

ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസ്

المسلم من سلم الناس من لسانه ويده

ഒരാളുടെ നാവിൽ നിന്നും കയ്യിൽ നിന്നും അപരൻ രക്ഷപ്പെടുമ്പോൾ മാത്രമാണ് അവൻ മുസ്ലിമായി മാറുന്നത്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന ഒരു സംവിധാനവും ഇസ്ലാമിന്റേതല്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ആയുധങ്ങൾ കൊണ്ടോ, വാക്കുകൾ കൊണ്ടോ ഒരു മനുഷ്യനെ വേദനിപ്പിക്കാൻ ഇസ്ലാം പ്രചോദിപ്പിക്കുന്നില്ല.

ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഹദീസിൽ കാണാം.

من أشار إلى أخيه بحديدة فإن الملائكة تلعنه حتى ينتهى وإن كان أخاه لأبيه وأمه

ആയുധംകൊണ്ട് ഒരുത്തനിലേക്ക് ആഗ്യം കാണിക്കുമ്പോഴേക്കും മലക്കുകൾ അവനെ ശപിക്കും. ആയുധത്തിന്റെ ചലനങ്ങൾ കൊണ്ടു പോലും അപരനെ വേദനിപ്പിക്കുന്നതിൽ നിന്ന് ഇസ്ലാം എങ്ങനെ മനുഷ്യരെ പിന്തിരിപ്പിക്കുന്നുവെന്നത് നാം ദീർഘമായി ചിന്തിക്കണം.

ദാറഖുത്നി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ മറ്റൊരാളെ പേടിപ്പിക്കൽ പോലും പാടില്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

لا يحل لمسلم أن يروع مسلما

'ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനെ പേടിപ്പിക്കാൻ പോലും അർഹതയില്ല'.

തീവ്രവാദത്തെയും അക്രമത്തെയും അതിലേക്കുള്ള എല്ലാവിധ വാതിലുകളെയും ഇസ്ലാം എത്രമാത്രം സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു എന്നത് ഹദീസുകളിൽ പരന്നു കിടക്കുന്നുണ്ട്. അബുദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം

لَيْسَ مِنَّا مَنْ دَعَا إِلَى عَصَبِيَّةٍ وَلَيْسَ مِنَّا مَنْ قَاتلَ عَلَى عَصَبِيَّةٍ وَلَيْسَ مِنَّا مَنْ مَاتَ عَلَى عَصَبِيَّةٍ

പക്ഷപാതത്തിലേക്ക് ക്ഷണിക്കുന്നവനും അതിന്റെ പേരിൽ കൊല നടത്തുന്നവനും, അതിലായി മരിക്കുന്നവനും നമ്മുടെ കൂട്ടത്തിൽ പെട്ടവനല്ല. അപരനോട് പകയുണ്ടാകാനുള്ള, അവനെ അക്രമിക്കാനുള്ള മുഴുവൻ പഴുതുകളെയും ഇസ്ലാം തുടച്ച് മാറ്റുന്നു. തികച്ചും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ലോകമാണ് ഇസ്ലാം ഹദീസുകളിലൂടെ പഠിപ്പിക്കുന്നത്. അക്രമവും അനീതിയും സ്ഥിരം പല്ലവികളായി മാറുന്ന നവകാലത്തേക്കുള്ള ഏറ്റവും നല്ല സന്ദേശമാണ് ഹദീസുകൾ അഥവാ തിരുചര്യകൾ കൈമാറുന്നത്.

സഹിഷ്ണുതാപരമായ ഒരു ലോകത്തെയാണ് ഹദീസുകളിലൂടെ രൂപപ്പെടുത്താനാകുന്നത്.

ഭാഗം 3