ഫെമിനിസ്റ്റുകളുടെ സമത്വവും ഇസ്‌ലാമിന്റെ നീതിയും
എം മഹമൂദ് അസ്‌ലം സഖാഫി ചുങ്കത്തറ
കഴിഞ്ഞ രണ്ടു ദിവസം നാട്ടിൽ സെക്ടർ സാഹിത്യോത്സവ് നടക്കുകയായിരുന്നു.
അവസാനദിനം പ്രോഗ്രാമിൽ സംബന്ധിക്കാനാകാത്തതിനാൽ ഫൈനൽ സ്റ്റാറ്റസ് നോക്കാൻ വേണ്ടി വാട്സാപ്പ് തുറന്നതാണ്. ആകാംക്ഷയോടെ കലാ പ്രതിഭയും സർഗ പ്രതിഭയും ആരാണെന്നറിയാൻ പോസ്റ്ററുകൾ ഓരോന്നായി മറിച്ചു നോക്കിയപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത പേര് പോസ്റ്ററിൽ തെളിഞ്ഞത്…
'സർഗ പ്രതിഭ - നജ ഹാദിയ വെള്ളിമുറ്റം'. ഇത് കണ്ടപ്പോൾ പ്രത്യേകിച്ചൊരു അതിശയോക്തിയൊന്നും തോന്നിയില്ല. കാരണം കഴിഞ്ഞ വർഷ സംസ്ഥാന സാഹിത്യോത്സവ് സർഗ പ്രതിഭ ഒരു സ്ത്രീ തന്നെയായിരുന്നു. 'സ്ത്രീകൾക്കും അവസരം ഒരുക്കണമെന്നും അവരും
സമൂഹത്തിന്റെ ഉന്നതിയിൽ എത്തേണ്ടവരാണെന്നും' പ്രസംഗിച്ച സുഭാഷ് ചന്ദ്രനുള്ള മറുപടി കൂടിയായിരുന്നു അതേ വേദിയിൽ നിമിഷങ്ങൾക്ക് ശേഷമുള്ള ഈ പ്രഖ്യാപനം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്ത്രീകൾക്ക് മത്സരിക്കാൻ സാഹിത്യോത്സവ് അവസരം ഒരുക്കുന്നുണ്ട്.
അവരുടേതായ ഇടങ്ങളിൽ വെച്ച് പൂർണ്ണ സുരക്ഷയോടെ സർഗാത്മകമായ കഴിവുകളെ പ്രകടിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള പൂർണ്ണ അവസരമാണ് സാഹിത്യോത്സവ്.
സ്ത്രീ വിദ്യാഭ്യാസം, ആവിഷ്കാരം, സർഗാത്മക ഇടപെടലുകൾ ഇവ ഒന്നിനോടും എതിരല്ല ഇസ്‌ലാം. മറിച്ച്, ഒരാൾക്ക് ഏറ്റവും പ്രഥമ പ്രധാനമായി ഉണ്ടാവേണ്ടത് സുരക്ഷയാണെന്നും അത് ഉണ്ടാവുന്നതോടെ വിദ്യാഭ്യാസവും മറ്റെല്ലാ അവസരങ്ങളും നൽകണമെന്നുമുള്ള വിശാലമായ കാഴ്ച്ചപ്പാടാണ് ഇസ്‌ലാമിന്റേത്.
ഇസ്‌ലാമിൽ പുരുഷൻ - സ്ത്രീ എന്നിങ്ങനെ ഒരു പ്രത്യേക വകതിരിവുകൾ അവകാശങ്ങളിലില്ല. എല്ലാവർക്കും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. എല്ലാവർക്കും ഉത്തരവാദിത്തവും കടപ്പാടുമുണ്ട്. എങ്കിലും ഓരോരുത്തർക്കും അവരുടെ പ്രകൃതവും പ്രാപ്ത്തിയുമനുസരിചെന്ന് മാത്രം.
അത് അസമത്വമോ അനീതിയോ അല്ല. നീതിയും സമത്വവുമാണ്.
രണ്ടു ചുമട്ടു തൊഴിലാളികളുണ്ടെന്ന് വിചാരിക്കുക. ഒരാൾ 50kg ഉം മറ്റൊരാൾ 20kg മാത്രം ചുമക്കാൻ കഴിയൂ. അവരോടുള്ള മാനുഷിക പരിഗണനയുടെ പേരിൽ രണ്ടാൾക്കും 50kg ഭാരമുള്ള ചുമട് നൽകിയാൽ എന്താകും?
നീതിയാകുമോ? ഉടമ അസമത്വം കാണിച്ചു എന്ന് പറയുമോ? അപ്രകാരം തന്നെയാണ് ഇവിടേയും. മനുഷ്യനെ പടച്ച സ്രഷ്ടാവിനേക്കാൻ അവരെ കുറിച്ച് മറ്റാർക്കാണറിയുക? അപ്പോൾ അവന്റെ നിയമം അനുസരിക്കുക എന്നല്ലാതെ അതിനോട് മുഖം തിരിഞ്ഞു, പരിഹസിച്ചു, പുച്ഛിച്ച് തള്ളാൻ എങ്ങനെയാണ് സാധിക്കുക?
പുരുഷനോടെന്ന പോലെ സ്ത്രീയോടുള്ള കടപ്പാടുകൾ നിർവഹിക്കാനും വിശുദ്ധ മതം കല്പ്പിക്കുന്നുണ്ട്. സ്ത്രീ ഏറ്റവും കടപ്പെട്ടത് പുരുഷനോടാണ്, അപ്രകാരം പുരുഷൻ ഏറ്റവും കടപ്പെട്ടത് സ്ത്രീയോടുമാണ്. എന്നാൽ ഒരുഭാഗം മാത്രം മറച്ചു വെച്ച് ഇസ്‌ലാമിനെ സ്ത്രീ വിരുദ്ധ പ്രസ്ഥാനമായി മുദ്ര കുത്താനെങ്ങനെയാണ് ഫെമിനിസത്തിനു സാധിക്കുന്നത്? പൂർണ്ണതയെ അപൂർണ്ണമായി അവതരിപ്പിച്ച് നീതിയെ അനീതി വത്കരിക്കാനാണ് ഇസ്‌ലാം വിരോധികൾ എല്ലായ്പ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
പുരുഷൻ സ്ത്രീയോട് കടപ്പെട്ടിരിക്കുന്നത് അവനെ പ്രസവിച്ച് വളരെ സ്നേഹത്തോടെ പരിപാലിക്കുന്നതിനാലാണ്. അവന് ഉത്തരവാദിത്തപ്പെടുന്ന സമയം വരെ ഈ പ്രക്രിയ തുടരും. പിന്നെ അവൻ പോറ്റിവളർത്തിയ ഉമ്മയെ പരിപാലിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഒരു സ്ത്രീ അങ്ങനെയല്ല. അവളെ വിവാഹം കഴിച്ചത് മുതൽ അവളുടെ സർവ്വ ഉത്തരവാദിത്തവും പുരുഷനാണ്. വസ്ത്രം, ഭക്ഷണം, സുരക്ഷ, തുടങ്ങി എല്ലാം ഒരുക്കണം. അവളുടേതെന്നല്ല, അവളുടെ മക്കളുടെയും സർവ്വ ഉത്തരവാദിത്തവും പുരുഷനാണ്. രണ്ട് പേർക്കും പങ്കാളിത്തമുള്ള കുഞ്ഞിന് മുലപ്പാൽ നൽകിയ കൂലി പോലും ആവശ്യപ്പെട്ടാൽ പുരുഷൻ നൽകണം. എന്നാൽ തിരിച്ചൊന്നും നിർബന്ധിത ബാധ്യതയായി ചെയ്യേണ്ടതില്ല. ഹെൽപറെ ആവിശ്യമില്ലെങ്കിൽ മാത്രമേ വീട്ട് ജോലി പോലും അവൾക്ക് ചെയ്യേണ്ടതുള്ളൂ. എങ്കിലും നിർബന്ധമില്ല. എന്നാൽ സഹായിയെ ആവശ്യപ്പെട്ടാൽ നിശ്ചയിക്കൽ ഭർത്താവിന് നിർബന്ധവുമാണ്. ഇത് സ്ത്രീയെ പോലെ വളരെ സ്നേഹത്തോടെ, സന്തോഷത്തോടെ നിർവഹിക്കാൻ കഴിയുന്ന ഒന്നല്ല. ജീവിത കാലം മുഴുവൻ ചെയ്യേണ്ടതും കഠിനവുമേറിയതാണ്.
എന്നാൽ തിരിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ലാത്തതും.
പ്രസവമെന്നത് സ്ത്രീക്ക് മാത്രം സാധ്യമാകുന്നതും പുരുഷന് സാധ്യമാകാത്തതുമാണ്. എന്നാൽ പുരുഷന്റേത് അങ്ങനെയല്ല, അതെല്ലാവർക്കും ചെയ്യാം. എങ്കിലും അത് പുരുഷന്റെ മേലിലുള്ള ബാധ്യതയായിട്ടാണ് മത കല്പന. എന്നിട്ടും പിതാവിനെക്കാൾ കൂടുതൽ കടപ്പെട്ടത് മാതാവിനോടാണെന്ന് പ്രവാചാകധ്യാനത്തിൽ മൂന്ന് തവണ ആവർത്തിച്ചു പറയുന്നുണ്ട്.
അതിനും പുറമെ
രണ്ട് പേർക്കും ഒരു പോലെ ബെനിഫിറ്റുള്ള വിവാഹത്തിൽ പുരുഷൻ മഹർ നൽകണം, എല്ലാ ഉത്തരവാദിത്തങ്ങളും പുരുഷനായിരിക്കെ സ്ത്രീക്കും അനന്തര സ്വത്തിൽ അവകാശവുമുണ്ട്. ഇങ്ങനെ വരുമ്പോൾ ബുദ്ധിയുള്ളവർക്ക് ഇസ്‌ലാം സ്ത്രീ വിരുദ്ധ മതമാണെന്ന് പ്രഖ്യാപിക്കാനാവുമോ?
ഇസ്‌ലാം ഒരു സ്ത്രീപക്ഷ മതമാണെന്നല്ലേ വരുക, എന്നാൽ അങ്ങനെ പറയാനാവില്ല, കാരണം ഇത് പ്രപഞ്ചവും അതിലുള്ളതും പടച്ച സ്രഷ്‌ടാവിന്റെ നിയമമാണ്. അത് ഓരോരുത്തരുടെ പ്രകൃതവും കഴിവും പരിഗണിച്ചു കൊണ്ടായിരിക്കും. പ്രകൃതിയിൽ തുല്യമല്ലാത്ത രണ്ട് വിഭാഗത്തിന്റെ നിയമത്തിലും തുല്യമാകുന്നത് നീതിയാകില്ല. ഓരോരുത്തർക്കുമനുരിച്ച് നിയമം നടപ്പാക്കുമ്പോഴാണ് നീതിയാവുക. അപ്പോൾ ഇത് സമത്വമല്ലങ്കിലും നീതിയാണ്. കാരണം സ്രഷ്‌ടാവിനെക്കാൾ സൃഷ്ടികളെ അറിയുന്നവൻ മറ്റാരുമില്ല.
അവൻ സൃഷ്ടികളുടെ കർമങ്ങൾ അറിയുന്നവനാണ് (സൂറത്തു ഹജ്ജ് 68). അവൻ ജ്ഞാനിയും നിപുണനുമാണ്(സൂറത്തു തൗബ 28).