ലിബറലിസം സാമൂഹിക വിപത്ത് ധാർമികത

ലിബറലിസം സാമൂഹിക വിപത്ത്

By rationaleclub | 3/2/2025

ലിബറലിസം എന്ന ആശയത്തിന്റെ പേരില്‍ സംഭവിക്കുന്ന സാമൂഹിക ദുരന്തങ്ങളെക്കുറിച്ചെഴുതുമ്പോള്‍ ചില നിഷ്‌കളങ്കര്‍ ഇടക്കു ചോദിക്കാറുണ്ട്, പാഞ്ചിയയിലോ പന്തലാസയിലോ ഒരു സ്ഥാപനത്തില്‍ ആണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതിനെക്കുറിച്ച് എന്തു കൊണ്ട് എഴുതുന്നില്ലെന്ന്? അതിനാല്‍ ഒരു 'താത്വികമായ അവലോകനം' ആണിവിടെ ഉദ്ദേശിക്കുന്നത്.

തിന്മകള്‍ രണ്ടു രീതിയില്‍ സംഭവിക്കാം.

ഒന്ന്,

വ്യക്തിയുടെ ആത്മനിയന്ത്രണമില്ലായ്മ മൂലവും തെറ്റാണെന്ന ബോധത്തോടെ ശരീരത്തിന്റെയോ മനസ്സിന്റെയോ പ്രലോഭനം കൊണ്ടും. അത് ഏതു മനുഷ്യനും സംഭവിക്കാം. എനിക്കും നിങ്ങള്‍ക്കുമൊക്കെ. എന്നാല്‍ അതു തിരുത്താന്‍ ആപേക്ഷികമായി എളുപ്പമാണ്. കാരണം, ചെയ്ത ആള്‍ക്ക് തെറ്റാണെന്ന ബോധം കാണും. കുറ്റബോധമുണ്ടാകും. മിക്കവാറും ഏതെങ്കിലും ഘട്ടത്തില്‍ ചെയ്തവര്‍ സ്വയം തന്നെ അതു തിരുത്തിയെന്നും വരും. ലൈംഗിക തിന്മകളില്‍ അഡിക്ട് ആയ പലരും സ്വയം തന്നെ മനശാസ്ത്രജ്ഞരെ സമീപിച്ചും ആത്മീയ വഴികള്‍ സ്വീകരിച്ചും അതു തിരുത്താന്‍ ശ്രമിക്കാറുണ്ട്.

രണ്ട്,

ഒരു തിന്മ നോര്‍മലാണെന്നോ, നന്മയാണെന്നോ പഠിപ്പിക്കുന്ന ഒരു ആശയത്തിന്റെ സ്വാധീനം മൂലം ചെയ്യുക. തെറ്റ് ശരിയാണെന്ന ബോധ്യത്തോടെ ചെയ്യുക, ആ തിന്മക്ക് അനുകൂലമായ സൈദ്ധാന്തിക ന്യായീകരണങ്ങളുണ്ടാവുക. അങ്ങനെ ചെയ്യുന്ന ആളുകളെ തിരുത്താന്‍ പ്രയാസമാണ്. കാരണം തെറ്റായ പ്രവര്‍ത്തി അയാള്‍ക്ക് ശരിയോ ചിലപ്പോള്‍ വലിയ ശരിയോ ആണ്. ചിലപ്പോള്‍ ആ തിന്മ അവര്‍ക്ക് വിപ്ലവം പോലുമാണ്. മാത്രമല്ല, അങ്ങനെ ചില തെറ്റുകള്‍ നോര്‍മലോ ശരിയോ ആണെന്ന വിശ്വാസം ഒരു സമൂഹത്തെ ബാധിച്ചാല്‍ ആ സമൂഹം ഒന്നടങ്കം ആ തെറ്റ് സ്വാഭാവികമായി ചെയ്യുകയും അതിന് മനസ്സില്‍ തന്നെ ന്യായീകരണം കാണുകയും ചെയ്യും. അവരാ തെറ്റിന്റെ പ്രചാരകരും അംബാസഡര്‍മാരുമാകും. ഇവിടെയാണ് നാം ലിബറലിസത്തെ കൂടുതല്‍ ജാഗ്രതയോടെ കാണുന്നത്.

ഒന്നാമത്തെ കേസില്‍, പ്രലോഭനങ്ങളില്‍ പെട്ടു പോയി തിന്മ ചെയ്യാതിരിക്കാന്‍ പരസ്യമായും രഹസ്യമായും ഉപദേശിക്കുകയും വഅള് പറയുകയും ഉണര്‍ത്തുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷം ഉസ്താദുമാരും. എല്ലാ മതപ്രസംഗങ്ങളുടെയും ക്ലാസുകളുടെയും നല്ലൊരു ഭാഗവും അത്തരം ഉണര്‍ത്തലുകളാണ്. ലൈംഗികമായി തിന്മകള്‍ സൂക്ഷിക്കാനും അതിന്റെ സാഹചര്യം സൂക്ഷിക്കാനും നിരന്തരം ഉണര്‍ത്തുന്നവരുണ്ട്. ഞാനും ക്ലാസുകളില്‍, സാഹചര്യം വരുമ്പോള്‍ അതു ചെയ്യാറുണ്ട്. ഇനി ഇതു ചോദിക്കുന്നവര്‍ക്ക് വേണ്ടി ഇവിടെയും പറയാം, വ്യഭിചാരം പാപമാണ്, സ്വവര്‍ഗരതി പാപമാണ്, അവിഹിതമായ എല്ലാം ലൈംഗികപ്രവര്‍ത്തികളും സംസാരങ്ങളും പാപമാണ്. സ്വയം ഭോഗം പാപമാണ്. ഇതെല്ലാം വര്‍ജ്ജിക്കേണ്ടതാണ്.

എവിടെയെങ്കിലും നടന്ന തെറ്റായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് ശരിയായ ആരോപണമാവാനും തെറ്റായ ആരോപണമാവാനും ഇന്നു തുല്യ സാധ്യതയാണുള്ളത്. ചിലപ്പോഴെങ്കിലും വ്യാജ ആരോപണത്തിനു സാധ്യത കൂടുതലാണ് താനും. അതിനാല്‍ ഒരു സംഭവം കേള്‍ക്കുമ്പോഴേക്ക്, വ്യക്തികളെയോ വിഭാഗങ്ങളെയോ സ്ഥാപനങ്ങളെയോ വിമര്‍ശിച്ചെഴുതുന്നത് ശരിയെക്കാളേറെ മറ്റൊരു തെറ്റായേക്കാം. നിരപരാധികളെ ക്രൂശിക്കുന്നതിലേക്ക് നയിച്ചേക്കാം. സോഷ്യല്‍ മീഡിയാ ജഡ്ജിമാര്‍ ഏറ്റെടുത്ത, അങ്ങനെ എത്ര സംഭവങ്ങള്‍ പിന്നീട് നിരപരാധികളോടുള്ള അക്രമമാണെന്നു വെളിപ്പെട്ടിട്ടുണ്ട്!

എന്നാല്‍ അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ലൈംഗികമോ മറ്റോ ആയ തിന്മകള്‍ക്കെതിരെ പൊതുവെ ഉപദേശിക്കുകയും ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് നല്ല രീതി. അത് പ്രബോധകര്‍ നിരന്തരം ചെയ്യുന്നുമുണ്ട്. ലൈംഗിക തിന്മകളെക്കുറിച്ചുള്ള ബോധവത്കരണം വലിയവരും ചെറിയവരുമായ ധാരാളം ഉസ്താദുമാര്‍ നടത്തുന്നത് യൂടൂബില്‍ തന്നെ കിട്ടും ആവശ്യത്തിന്.

ഒന്നുകില്‍ ആരും സ്വവര്‍ഗ ലൈംഗികതയോ അവിഹിത ലൈംഗികതയോ കുട്ടികളെ ചൂഷണം ചെയ്യുന്നതോ പാപമാണെന്നു പറയാതിരിക്കണം, അല്ലെങ്കില്‍ അവയെ നോര്‍മലൈസ് ചെയ്യുന്ന ആശയം അത്തരം ആരോപണം ഉയരുന്ന സ്ഥാപനങ്ങളില്‍ പഠിപ്പിക്കണം. അതു രണ്ടുമില്ലാതെ, ഒരാള്‍ ഒരു തിന്മയെ വിമര്‍ശിക്കുമ്പോള്‍ നിങ്ങളെന്താ മറ്റേതിനെ വിമര്‍ശിക്കാത്തത് എന്നു ചോദിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. ഒരു തിന്മ നടന്നെങ്കില്‍ തന്നെ, അതു നടന്ന സ്ഥാപനം പുലര്‍ത്തുന്ന/ പഠിപ്പിക്കുന്ന ഏതെങ്കിലും ആശയമാവില്ല ആ തിന്മയുടെ കാരണം. മിക്കവാറും ആ സ്ഥാപനത്തിന്റെ മൂല്യങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും എതിരായി വ്യക്തികള്‍ ചെയ്യുന്ന തെറ്റുകളായിരിക്കും. വ്യക്തികളുടെ ആത്മനിയന്ത്രണമില്ലായ്മയാണ് ഇവിടെ പ്രശ്‌നം. അതിന് മുകളില്‍ പറഞ്ഞ ബോധവൽകരണവും തിന്മചെയ്‌തെന്നു ബോധ്യപ്പെടുന്നവര്‍ക്കെതിരായ ആക്ഷനുമാണ് പരിഹാരം.

സോഷ്യല്‍ മീഡിയയില്‍ ഞാനും എന്നെപ്പോലെ പലരും ഫോക്കസ് ചെയ്യുന്നത് രണ്ടാമതു പറഞ്ഞ, തിന്മകളെ നോര്‍മലൈസ് ചെയ്യുന്ന ആശയങ്ങളെ വിമര്‍ശിക്കുന്ന രീതിയാണ്. തെറ്റാണെന്നറിഞ്ഞു കൊണ്ട് ആളുകള്‍ തിന്മ ചെയ്യുന്ന സംഭവങ്ങളെ/ വ്യക്തികളെ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പൊതുവെ ചര്‍ച്ച ചെയ്യാറില്ല. ധാരാളം ആളുകള്‍ ആ രംഗത്തുള്ളതിനാലും കൂടുതല്‍ സൂക്ഷ്മത ആവശ്യമുള്ളതിനാലും ആശയങ്ങളെ വിമര്‍ശിക്കുന്നതില്‍ ചെറിയ കോണ്‍ഫിഡന്‍സ് ഉള്ളതിനാലും (അല്‍ഹംദുലില്ലാഹ്) ഇതെന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. തിന്മയെ നോര്‍മലൈസ് ചെയ്യുന്ന ആശയങ്ങളെ വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്യുന്നു. ലിബറലിസമാണ് അതിലെ പ്രധാന പ്രശ്‌നക്കാരന്‍. അതിനാല്‍ അതിനെ ഇടക്കിടെ പറയുന്നു. വിശ്വാസികള്‍ ചെയ്യുന്ന തെറ്റുകളിലും പലപ്പോഴും ലിബറലിസത്തിന്റെ സ്വാധീനമുണ്ട്. ലിബറലിസത്തിനെതിരായ നമ്മുടെ പോരാട്ടം അവയെ തിരുത്താന്‍ കൂടെ ഫലപ്പെട്ടേക്കാവുന്നതാണ്.

ലിബറലിസത്തെ പ്രതിക്കൂട്ടിലാക്കി നമ്മള്‍ പോസ്റ്റിടുന്ന, വിമര്‍ശിക്കുന്ന സംഭവങ്ങളില്‍ ആ ആശയങ്ങളുടെ വ്യക്തമായ സ്വാധീനമുണ്ട്. തിന്മയെ നോര്‍മലൈസ് ചെയ്യുന്ന ആശയങ്ങളെ വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്യുക എന്നത് നാട്ടില്‍ നന്മ നിലനില്‍ക്കാന്‍ അനിവാര്യമാണ്.

ഇനി തെറ്റുകളെ തടയാനും ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടി വരിക.

ആദ്യം പറഞ്ഞ രീതിയിലുള്ള തെറ്റുകള്‍, അഥവാ തെറ്റാണെന്ന ബോധത്തോടെ, പ്രലോഭിതരായി ചെയ്യുന്ന തെറ്റുകള്‍ തടയാന്‍ ഏറ്റവും നല്ല മാര്‍ഗം അതിലേക്കു നയിക്കുന്ന സാഹചര്യങ്ങള്‍, പ്രലോഭനം ഉണ്ടാവാനുള്ള മാനസികാവസ്ഥ എന്നിവ ഇല്ലാതാക്കുക എന്നതാണ്. പ്രലോഭനമുണ്ടായാല്‍ തന്നെ ചെയ്യാന്‍ കഴിയാത്ത സാമൂഹികമായ ചിട്ടകളും ചട്ടക്കൂടുകളും ഉണ്ടാക്കുക എന്നതാണ്. അതിനെ മറികടന്ന് ചെയ്യുന്നവരെ, മേലില്‍ അവര്‍ക്കോ മറ്റുള്ളവര്‍ക്കോ ചെയ്യാന്‍ തോന്നാത്ത വിധത്തിലുള്ള നിയമങ്ങള്‍ നടപ്പിലാക്കുക എന്നതാണ്. അതിനാണ് മതവും മതവിശ്വാസികളും നിരന്തരം ശ്രമിക്കുന്നത്.

അത്തരം പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കുക മാത്രമല്ല, അത്തരം ശ്രമങ്ങള്‍ തന്നെ കടുത്ത തെറ്റാണെന്ന രീതിയില്‍ മതബോധത്തെ തന്നെ ഇല്ലായ്മ ചെയ്യാനാണ് ലിബറല്‍ കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. സ്വയം തിന്മകള്‍ക്ക് നിലമൊരുക്കുക മാത്രമല്ല, തിന്മകള്‍ക്കെതിരായ ധാര്‍മിക സമൂഹങ്ങളുടെ ശ്രമങ്ങളെ കൊല്ലാന്‍ ശ്രമിക്കുക കൂടെയാണ് ലിബറലിസം. അതാണ് ലിബറലിസത്തോടു നമുക്കുണ്ടാകുന്ന കടുത്ത ശത്രുതയുടെ കാരണം.

രണ്ടാമത് പറഞ്ഞ വിഭാഗത്തിലെ തെറ്റുകളെ തടയാന്‍ ആദ്യം ആ ആശയത്തെ തന്നെ എതിര്‍ക്കുകയും തിരുത്തുകയും വേണ്ടതുണ്ട്. തെറ്റുകളെയും തിന്മകളെയും നോര്‍മലൈസ് ചെയ്യുന്ന ആശയങ്ങളെ തിരുത്താതെ വ്യക്തികളെ തിരുത്താന്‍ കഴിയില്ല. അതിനാല്‍ ആ ആശയങ്ങള്‍ തെറ്റാണെന്നു യുക്തിപരമായും അനുഭവത്തിന്റെ അടിസ്ഥാനത്തിലും സ്ഥാപിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധം. അവിടെയും ലിബറലിസത്തിനെതിരായ സമരം തന്നെയാണ് ഇന്നു ഏറ്റവും പ്രധാനം.

ആയതിനാല്‍, ലിബറല്‍ ആശയങ്ങള്‍ മൂലം സമൂഹത്തിലുണ്ടാകുന്ന ദുരന്തങ്ങളെ നിരന്തരം ബോധവൽകരിക്കേണ്ടതുണ്ട്. ധാര്‍മിക ആശയങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഇടങ്ങളിലോ സമൂഹങ്ങളിലോ നിന്നു വ്യക്തികള്‍ ചെയ്യുന്ന തിന്മകളെ തിരുത്താനും ജാഗ്രത വേണ്ടതുണ്ട്. അവ നടക്കുന്നുമുണ്ട്. അതിന്റെ പേരില്‍ ലിബറലിസത്തിനെതിരായ പോരാട്ടം നിര്‍ത്തിവെക്കാനൊന്നും ആരും ഉപദേശിക്കേണ്ടതില്ല. ധാര്‍മിക സമൂഹങ്ങളിലെ വ്യക്തികളെ പോലും തിന്മകളിലേക്ക് കൊണ്ടു പോകുന്നതിലും തിന്മയോടുള്ള ഗൗരവം കുറക്കുന്നതിലും ലിബറലിസത്തിന് വലിയ റോളുള്ളത് കൊണ്ട് വിശേഷിച്ചും.

  • മുഹയിദ്ധീൻ ബുഖാരി